ഒരിക്കലും എഴുതണം എന്ന് വിചാരിക്കാത്ത ഒരു വിഷയം ആണ് ഇത്. എന്നാൽ ഇന്ന് ഭാരതത്തിൽ ചരിത്രത്തിൽ ആദ്യമായി, വിദ്വേഷത്തിൽ ഊന്നിയ മത വിശ്വാസം വളർന്നു കൊണ്ടിരിക്കുന്ന കാലം ആണലോ. അതിന്റെ പേരിൽ മറ്റു സമുദായങ്ങളെ കുറ്റം വിധിക്കുമ്പോൾ, നാം നമ്മിലേക്ക് തിരിഞ്ഞു നോക്കാൻ മറക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. അതിന്റെ ഒരു ഉദാഹരണം, മാർ തോമ്മാ ശ്ലീഹായുടെ ഘാതകരായ, ഒരു മത വിഭാഗത്തെ എനിക്ക് സ്നേഹിക്കാൻ കഴിയില്ല എന്ന ഒരു പ്രസ്താവന കാണാൻ ഇടവന്നതാണ്.
മാർ തോമ്മാ ശ്ലീഹായുടെ ഘാതകരായ, ഒരു മത വിഭാഗമോ? അങ്ങനെ ഒന്നുണ്ടോ? അങ്ങനെ ആരേലും പഠിപ്പിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തൊരു വിഢിത്തം ആണത്. മാർ തോമ്മാ ശ്ലീഹായുടെ പേരിൽ, കഴിഞ്ഞ കുറെ നൂറ്റാണ്ടുകളിൽ ഉണ്ടായ, ചരിത്ര വ്യാഖ്യാനത്തിലെ ചില പിശകുകളിൽ നിന്നാണ് ഇങ്ങനത്തെ അബദ്ധ സിദ്ധാന്തങ്ങൾ ഉണ്ടാകുന്നത്. രാഷ്ട്രിയത്തിൽ മതം കൂട്ടിക്കലർത്തി വോട്ടു പിടിക്കുന്ന ഇന്നത്തെ കാലത്തു, ഇത് പോലുള്ള ആശയങ്ങൾക്ക് സ്വീകാര്യത കൂടും.
ഇനി വാദത്തിന്, ഏതേലും മത വിഭാഗത്തിൽ പെട്ട വ്യക്തികൾ ആണ്, മാർ തോമ്മാ ശ്ലീഹായെ വധിച്ചതെങ്കിൽ, ആ മത വിഭാഗമോ ജനത മുഴുവനോ അതിനു ഉത്തരവാദി ആകുമോ? ഇതേ വിഡ്ഢി ആശയം ഉപയോഗിച്ചാണ്, യൂറോപ്പിൽ യഹൂദ മത വിശ്വാസികളെ, നൂറ്റാണ്ടുകളോളം പീഡിപ്പിച്ചത്. മിശിഹായുടെ ഘാതകർ എന്ന മുദ്ര അവരിൽ പതിപ്പിച്ചു, എത്ര നൂറ്റാണ്ടുകളാണ് അവർ പീഡിപ്പിക്കപ്പെട്ടത്.
ആരാണ് മിശിഹായെ കൊന്നത്
ഈ ചോദ്യം പലപ്പോഴും നാം അഭിമുഖീകരിച്ചിട്ടുണ്ട്. ചിലർ പറയും യഹൂദർ എന്ന്. മറ്റു ചിലർ അല്ല റോമാക്കാർ ആണെന്ന്. അങ്ങോട്ടും ഇങ്ങോട്ടും തർക്കിച്ചുകൊണ്ടിരിക്കാം എന്നല്ലാതെ, ഉത്തരം ഉണ്ടാകില്ല. കാരണം രണ്ടു പേരും അല്ല.
യഹൂദരാണോ മിശിഹായെ വധിച്ചത് അല്ലേൽ വധിക്കാൻ ആവശ്യപ്പെട്ടത്?
യഹൂദൻ എന്നാൽ, യൂദാ, ബെഞ്ചമിൻ ഗോത്രത്തിൽ പിറന്ന, യഹൂദ മത വിശ്വാസമുള്ള വ്യക്തി. യഹൂദ മതം സ്വീകരിച്ചവരും യഹൂദരായി ഇന്ന് അറിയപ്പെടുന്നു. മുകളിലത്തെ ചോദ്യത്തിന് ഉത്തരം അതെ എന്ന് ആകണമെങ്കിൽ, ഈശോ മിശിഹായുടെ കാലം മുതൽ, ഇന്ന് വരെ ഉള്ള എല്ലാ യഹൂദരും, മിശിഹായുടെ വധത്തെ അനുകൂലിക്കണം. അങ്ങനെ ആണോ ചരിത്രം നമ്മോട് പറയുന്നത്. മിശിഹാ, കൊലക്കളത്തിലേക്ക് നയിക്കപ്പെടുമ്പോൾ, മാറത്തലച്ചു നിലവിളിച്ച സീയോൻ പുത്രിമാർ യഹൂദരായിരുന്നു. മിശിഹായുടെ അമ്മ യഹൂദ ആയിരുന്നു. അവിടുത്തെ എല്ലാ ശ്ലീഹന്മാരും യഹൂദരായിരുന്നു. പെന്തക്കോസ്തക്ക് സ്‌നാനം സ്വീകരിച്ച നാലായിരം പേർ യഹൂദരായിരുന്നു. അപ്പോൾ യഹൂദർ ആണ്, മിശിഹായുടെ മരണത്തിന് ഉത്തരവാദി എന്ന് വാദിച്ചാൽ, പരിശുദ്ധ മറിയവും, ശിഷ്യരും, ശ്ലീഹന്മാരാൽ സ്‌നാനം സ്വീകരിച്ചവരും എല്ലാം അതിൽ ഉൾപ്പെടും. അതിനാൽ തന്നെ ആ വാദം ഇല്ലാതാകും. മിശിഹായുടെയും ശിഷ്യമാരുടെയും ശുശ്രൂഷയുടെ ഫലമായി, അന്നത്തെ കാലത്തെ പകുതിയിൽ അധികം യഹൂദർ സ്‌നാനം സ്വീകരിച്ചു എന്നറിയുമ്പോൾ, ഈ വാദത്തിനെ പൊള്ളത്തരം കൂടുതൽ വ്യക്തമാണ്. കഴിഞ്ഞ ഇരുപത് നൂറ്റാണ്ടുകളിൽ, ബാക്കി ഉള്ള യഹൂദരുടെ എത്ര തലമുറ ക്രൈസ്‌തവ വിശ്വാസം സ്വീകരിച്ചു ക്രിസ്ത്യാനികൾ ആയി. ക്രൈസ്‌തവ വിശ്വാസം സ്വീകരിച്ചതിന് ശേഷം, യഹൂദ വ്യക്‌തിത്വം കുറച്ചു തലമുറകൾക്കുള്ളിൽ നഷ്ടമാകുന്നത് മൂലം, അതിന് ഉത്തരം ഇല്ല. ഇന്ന് യഹൂദ വിശ്വാസത്തിൽ ഉള്ളത്, മിശിഹായുടെ കാലത്തെ കൂടിയാൽ 10% യഹൂദരുടെ പിൻതലമുറക്കാർ കാണും.
മിശിഹായുടെ കാലത്തെ യഹൂദ നിയമ വ്യവസ്ഥയായ സൻഹെദ്രിൻ ആണ് മിശിഹായുടെ മരണത്തിനു ഉത്തരവാദി എന്ന് വാദിച്ചാൽ, പിന്നെയും ശരിയാണ്. എന്നാൽ അരിമത്യക്കാരൻ ജോസെഫ്ഉം, മഹാനായ റബ്ബി ഗമാലിയേലും, നിക്കോദേമോസും എല്ലാം ഇതിലെ അംഗങ്ങൾ ആണ് എന്ന് മാസിലാകുമ്പോൾ, അതിനെയും കുറ്റം വിധിക്കാൻ എനിക്കാവുന്നില്ല. എങ്കിലും സാങ്കേതികത്വത്തിന്റെ പേരിൽ, സൻഹെദ്രിൻ ആണ്, റോമൻ ഗവർണ്ണർ പിലാത്തോസിനെ പ്രേരിപ്പിച്ചത് എന്ന് ആരോപിക്കാം. AD 120 ലെ ബാർ കോബ്ബാ വിപ്ലവത്തോടെ സൻഹെദ്രിൻ എന്ന പ്രസ്ഥാനം ഇല്ലതാവുകയും, പേരിന് കുറച്ചു നൂറ്റാണ്ടുകൾ നിലനിൽക്കുകയും ചെയ്‍തു. അതായത് യഹൂദരെ മിശിഹായുടെ മരണത്തിന്റെ പേരിൽ പ്രതികൂട്ടിൽ നിർത്തുന്നത് തെറ്റാണ്, ഇനി കുറച്ചെങ്കിലും പ്രതി കൂട്ടിൽ നില്ക്കാൻ യോഗ്യത ഉള്ള സംഘടന ഇന്നില്ല താനും.
റോമക്കാരാണോ മിശിഹായെ വധിച്ചത്?
റോമക്കാരിലേക്കു വിരൽ ചൂണ്ടാവുന്ന മൂന്നു ഭാഗങ്ങൾ ഉണ്ട്.
1) റോമൻ പടയാളികൾ
2) റോമൻ ഗവർണ്ണർ പന്തിയോസ് പീലാത്തോസ്
3) റോമൻ ഭരണ വ്യവസ്ഥ
റോമൻ പടയാളികൾ - ഹോളിവുഡ് സിനിമകളിലെ മസിൽ പെരുത്ത യൂറോപ്യന്മാരായ പടയാളികൾ, മിശിഹായോട് കാണിക്കുന്ന ക്രൂരത കാണുമ്പോൾ നമ്മുടെ ചങ്കു പിടഞ്ഞിട്ടുണ്ട്. ഹോളിവുഡിന് മുന്നിൽ ഒരു റോളിന് വേണ്ടി നിൽക്കുന്ന വെള്ളക്കാർ ആണ് ന്യായമായും അവരുടെ സിനിമകളിൽ കാണാൻ കഴിയുക. എന്നാൽ മിശിഹായുടെ കാലത്തു, യൂറോപ്യന്മാരുടെ ഒരു സൈനിക വ്യൂഹം യഹൂദയയിൽ ഉണ്ടായിരുന്നില്ല. റോമാക്കാരുടെ രീതിയിൽ ചുറ്റുമുള്ള ജനതകളിൽ (അനറ്റോളിയ, സിറിയ ജോർദാൻ മുതലായ പ്രദേശങ്ങളിൽ) നിന്നുള്ളവരാണ് യഹൂദയയിലെ റോമൻ പടയാളികളിൽ ഭൂരിഭാഗവും. കൂലി പടയാളികൾ ആയതിനാൽ, അവർ പറയുന്ന ജോലി നല്ല വെടിപ്പായി ചെയ്യും. "പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്നു ഇവർ അറിയുന്നില്ല" എന്ന മിശിഹായുടെ വാക്കുകളെ 1000 തരത്തിൽ വ്യാഖ്യാനിക്കുകയും ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്യാം. അതെല്ലാം ശരിയാണെങ്കിലും, ആ കൂലി പടയാളികൾ എത്ര വലിയ കാര്യമാണ് ചെയ്യുന്നത് എന്ന് അവർ അറിയുന്നില്ല, എന്ന ലളിതമായ അർത്ഥവും ഞാൻ അതിൽ കാണുന്നു. അതായത്, ആ പടയാളികൾ റോമൻ വംശജരോ, പോട്ട് പൗരന്മാർ പോലും ആയിരുന്നില്ല.
റോമൻ ഗവർണ്ണർ പന്തിയോസ് പീലാത്തോസ് - അദ്ദേഹം കൈ കഴുകി മാറുന്നത് സുവിശേഷത്തിൽ വ്യക്തമാണ്. അത് തന്റെ ഭരണം സുഗമം ആക്കാനോ, ചക്രവർത്തിയെ മുഷിപ്പിക്കാതിരിക്കാനോ, സൻഹെദ്രിനെ തൃപ്തിപ്പെടുത്താനോ എന്തിന് വേണ്ടിയും ആയിക്കോട്ടെ. മിശിഹായെ വധിക്കാൻ അദ്ദേഹത്തിന് താല്‌പര്യം ഇല്ലായിരുന്നു എന്ന് വ്യക്തമാണ്.
റോമൻ ഭരണ വ്യവസ്ഥ - റോമൻ ഭരണവ്യവസ്ഥക്ക് അനുസരിച്ചു, മരണ ശിക്ഷക്ക് അർഹമായ ഒന്നും മിശിഹായിൽ കാണുന്നില്ല എന്ന പന്തിയോസ് പീലാത്തോസിന്റെ വിധി, റോമൻ വ്യവസ്‌ഥയെയും ആരോപണത്തിൽ നിന്നും ഒഴിവാകാൻ സഹായിക്കുന്നു.
എങ്കിലും സാങ്കേതികമായി, യഹൂദ സൻഹെദ്രിന്റെ സമ്മർദ്ദത്തിന് വഴങ്ങി, റോമൻ ഭരണ വ്യവസ്ഥയിലൂടെ മിശിഹാ പീഡകൾ സഹിച്ചു മരിച്ചു എന്ന് നമുക്ക് വ്യാഖാനിക്കാം. അല്ലാതെ യഹൂദന്മാരോ, റോമക്കാരോ അല്ല മിശിഹായെ വധിച്ചത്. അങ്ങനെ എങ്കിൽ നൂറ്റാണ്ടുകളോളം ക്രൈസ്‌തവ സാമ്രാജ്യങ്ങളിൽ യഹൂദ ജനത പീഡിപ്പിക്കപ്പെട്ടതിന് ആര് സമാധാനം പറയും.
അപ്പോൾ ആരാ മാർ തോമ്മാ ശ്ലീഹായെ വധിച്ചത്?
മിശിഹായുടെ കാര്യത്തിൽ യഹൂദരും, റോമാക്കാരും ഉണ്ടെങ്കിൽ, മാർ തോമ്മാ ശ്ലീഹായുടെ കാര്യത്തിൽ പ്രതി ചേർക്കാൻ ആരും ഇല്ല എന്നുള്ളതാണ് സത്യം. AD 72 ൽ, ചെന്നൈയിലെ മൈലാപ്പൂരിൽ സുവിശേഷ ദൗത്യ നിർവഹണ നാളുകളിൽ അദ്ദേഹം രക്‌തസാക്ഷ്യം വരിച്ചു എന്നുള്ളത്, നാം വിശ്വസിക്കുന്ന സത്യമാണ്. എന്നാൽ ആരാൽ അത് സംഭവിച്ചു എന്നുള്ളതാണ് ചോദ്യം? നൂറ്റാണ്ടുകൾക്കു മുൻപ്, തർജിമകളിൽ ഉണ്ടായ ഭാഷാപരമായ പിഴവുകൾ മൂലം, മാർ തോമ്മാ സ്‌നാനം നൽകിയത് നമ്പൂതിരിമാർക്കാണെന്ന് തെറ്റായി നാം വ്യാഖ്യാനിച്ചത് പോലെ, മാർ തോമ്മായുടെ രക്‌തസാക്ഷ്യത്തവും നാം ഹൈന്ദവ വർഗ്ഗീയവാദികളുടെ തലയിൽ ചാർത്തി. ഒന്നാം നൂറ്റാണ്ടിലെ ദക്ഷിണ ഭാരതത്തെയും അന്നത്തെ വിശ്വാസങ്ങളെയും കുറിച്ച് കാര്യമായ അറിവില്ലാത്ത കൊണ്ടാണ് നാം ഇങ്ങനെ ഒരു ആരോപണത്തിന് മുതിരുന്നത്. ജൈന വിശ്വാസം ശക്തമായിരുന്നു ദ്രാവിഡ നാടുകളിൽ, ബൗദ്ധ ദർശനങ്ങളും നന്നായി വേരോടിയിരുന്നു. ഹിന്ദു മതം നാം ഇന്ന് കാണുന്ന പോലെ ആയിരുന്നില്ല. ഇന്ന് അന്യം നിന്ന് പോയതുൾപ്പെടെ ധാരാളം ചിന്താധാരകളായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഒരു ചിന്താധാരയെയും കായികമായി ഇല്ലാതാക്കുന്ന രീതി ഭാരതത്തിൽ ഇല്ലായിരുന്നു. കാരണം വിശാലമായ ഈ രാജ്യത്തു എല്ലാ ചിന്താധാരകളെയും ഉൾക്കൊള്ളാൻ ഇടമുണ്ടായിരുന്നു. ശങ്കരാചാര്യരുടെ കാലം മുതലാണ്, തർക്കശാസ്ത്രത്തിലൂടെ ചിന്താധാരകളെ ഇല്ലാതാക്കാനും, ഇന്നത്തെ രീതിയിൽ ഒരു ഏക മതമായി ഹിന്ദു മതം മാറാനും തുടങ്ങുന്നത്. ബ്രിട്ടീഷ്കാരുടെ കാലത്തോടെ അത് ഏകദേശം പൂർത്തിയാവുകയും ചെയ്തു.
മൈലാപ്പൂരിൽ കച്ചവടത്തിനായി താമസമാക്കിയ, യഹൂദരുടെയും, പൗരസ്ത്യ സുറിയാനി വംശജരുടെയും ഇടയിൽ സുവിശേഷം പ്രസംഗിച്ച ശ്ലീഹായെ, അവിടെ അന്നുള്ള തദ്ദേശിയ ചിന്താധാര ഉള്ളവർ (ആരെന്ന് എനിക്കറിയില്ല), കൊന്നു എന്ന് പറയുന്നതിൽ യുക്തിയില്ല. പല ശ്ലീഹന്മാർക്കും സംഭവിച്ചത് പോലെ, അദ്ദേഹം ആരുടെ ഇടയിൽ സുവിശേഷ വേല നടത്തിയോ, അവരുടെ ഇടയിലെ ചില അസഹിഷ്‌ണ വ്യക്‌തികൾ ആവാം അത് ചെയ്‌തത്. അത് ന്യായമായും മേൽ പറഞ്ഞ യഹൂദ / പൗരസ്ത്യ സുറിയാനി വിഭാഗത്തിലെ ചിലർ ആവാം. അവർ ഇന്ന് അവിടുള്ള മറ്റു ജനങ്ങളിൽ അലിഞ്ഞു ചേർന്നതിനാൽ അല്ലേൽ മാർഗം സ്വീകരിച്ചു നമ്മുടെ ഇടയിൽ ചേർന്നതിനാൽ, അവരോട് വിരോധം വച്ചിരുന്നിട്ടും കാര്യമില്ല.
ഇന്നത്തെ കാലത്തു വിദ്വേഷത്തിന്റെ വിശ്വാസം ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്. ഇല്ലേൽ അത് മുതലെടുക്കാൻ ധാരാളം പേർ വരും. ആരെന്ന് പോലും അറിയാത്ത, കുറച്ചു വ്യക്തികൾ മാർ തോമ്മാ ശ്ലീഹായെ വധിച്ചു എന്നും പറഞ്ഞു, നൂറ്റാണ്ടുകളായി നമ്മോടൊപ്പം സഹോദരന്മാരെ പോലെ കഴിയുന്ന, നമ്മുക്ക് ചുറ്റും ഉള്ള ജനങ്ങളെ മിത്രങ്ങൾ ആയി കാണില്ല എന്ന വിഢിത്തം അവസാനിപ്പിക്കാം. മാർ തോമ്മാ ശ്ലീഹായുടെ രക്‌തസാക്ഷ്യത്തിന്റെ കഥ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ, അതിൽ വിദ്വേഷത്തിന്റെ വിത്ത് ഇല്ലെന്ന് ഉറപ്പു വരുത്താം. സഭ അതിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.
നന്ദി.
This comment has been removed by the author.
ReplyDeleteIt makes sense
ReplyDeletevaluable informations... many thanks:
ReplyDelete