Sunday, March 19, 2017

മാർ യൗസേഫ് പിതാവും പുഷ്പിതമായ വടിയും



മാർ യൗസേഫ് പിതാവിന്റെ എല്ലാ ചിത്രങ്ങളിലും ഉള്ള പൊതുവായുള്ള കാര്യമാണ് പുഷ്പങ്ങളുള്ള വടി. അതിനു സഭയിലുള്ള ഒരു പാരമ്പര്യമാണ് ഇവിടെ വ്യക്‌തമാക്കാൻ ആഗ്രഹിക്കുന്നത്. വിശുദ്ധ ദമ്പതികളായ അന്നയ്ക്കും ജോവാക്കിമിനും അവരുടെ വാർധക്യത്തിൽ ആണ് ഈശോ മിശിഹായുടെ അമ്മയായ പരിശുദ്ധ കന്യകാ മറിയം ജനിച്ചത്. വി. ജോവാക്കിം, ദാവീദിന്റെ ഭവനത്തിൽ ആണ് ജനിച്ചത്. അന്ന പുണ്യവതി ആകട്ടെ, പുരോഹിതനായ മഥാന്റെ മകളായി അഹറോന്റെ ഭവനത്തിലാണ് ജനിച്ചത്.


വി. ജോവാക്കിമും അന്ന പുണ്യവതിയും ജെറുസലേം ദൈവാലയത്തിൽ നിന്നും കഷ്ടിച്ച് നൂറു മീറ്റർ മാത്രം ദൂരത്തുള്ള ഭാവനത്തിലായിരുന്നു വസിച്ചിരുന്നത്. പരിശുദ്ധ കന്യാമറിയം, ജെറുസലേം ദൈവാലയത്തിന് അടുത്തുള്ള ഈ ഭവനത്തിൽ ആണ് ജനിച്ചത്. ശിശുവായിരുന്നപ്പോൾ തന്നെ മറിയത്തെ മാതാപിതാക്കൾ ജെറുസലേം ദൈവാലയത്തിൽ കാഴ്ച്ച വച്ചിരുന്നു. മറിയത്തിന്റെ ചെറുപ്പത്തിൽ തന്നെ ആദ്യം പിതാവും, പിന്നീട് അമ്മയായ അന്നയും മരണമടഞ്ഞു. അതിനു ശേഷം ഉള്ള കാലം മറിയം തന്റെ അമ്മയുടെ ചാർച്ചക്കാരോടൊപ്പം ജെറുസലേം ദൈവാലയത്തിൽ, അവരുടെ പൗരോഹിത്യ ശുശ്രൂഷകളിൽ സഹായിച്ചു ദൈവ സന്നിധിയിൽ ജീവിച്ചു.



മറിയത്തിനു വിവാഹപ്രായം ആയപ്പോൾ, അവളുടെ പിതാവിന്റെ ഭവനമായ ദാവീദിന്റെ ഭവനത്തിൽ നിന്നും യോഗ്യനായ ഒരു പുരുഷനെ തിരഞ്ഞെടുക്കുവാൻ, മറിയത്തിന്റെ അമ്മയുടെ ചാർച്ചക്കാർ തീരുമാനിച്ചു. ആ വർഷത്തെ പെസഹായ്ക്ക്, ജെറുസലേം ദൈവാലയത്തിൽ ആരാധനക്കായി വരുന്ന ദാവീദിന്റെ സന്തതി പരമ്പരയിൽ ഉള്ള ഒരാളെ തങ്ങൾക്കു വെളിപ്പെടുത്തി തരണമേ എന്ന് അവർ പ്രാർത്ഥിച്ചു.


ദാവീദിന്റെ ഭവനത്തിൽ ജനിച്ചെങ്കിലും, തച്ചന്റെ ജോലി ചെയ്തിരുന്ന യാക്കോബിന്റെ പുത്രനായ യൗസേഫ്, തന്റെ പിതാക്കന്മാരുടെ ദൈവത്തിനു ആരാധന അർപ്പിക്കുവാൻ ജറുസലേമിൽ എത്തിയിരുന്നു. ദാവീദിന്റെ ഭവനത്തിൽ നിന്നുള്ള പലരെയും കണ്ടു മുട്ടിയെങ്കിലും, മറിയത്തിന്റെ അമ്മയുടെ പുരോഹിതരായ ചാർച്ചക്കാർക്ക്, ദൈവത്തിന്റെ അടയാളം അവരിലാരിലും കാണാൻ സാധിച്ചില്ല.


നിസാരനായ, തച്ചനായ, ഇസ്രയേലിന്റെ പുറംപ്രദേശമായ ഗലീലിയായിലെ നസ്രത്തിൽ താമസമാക്കിയ യൗസേഫിനെ അവർ ജെറുസലേം ദൈവാലയത്തിൽ കണ്ടുമുട്ടി. മനുഷ്യ ദൃഷ്ടിയിൽ നിസാരനായി കാണപ്പെട്ട യൗസേഫ്, ദൈവത്തിന്റെ മുന്നിൽ നീതിമാനും, തനിക്കു പ്രീയപ്പെട്ട ദാവീദിന്റെ സന്തതിയും ആയിരുന്നു. പുത്രനായ ദൈവത്തിന്റെ, വളർത്തു പിതാവായി, പിതാവായ ദൈവം യൗസേഫിനെ തിരഞ്ഞെടുത്തിരുന്നു. മറിയത്തെ കുറിച്ച് ചാർച്ചക്കാർ സംസാരിച്ചപ്പോൾ തന്നെ, അവർക്കുള്ള അടയാളമായി തച്ചനായ യൗസേഫിന്റെ വടിയിൽ ദൈവം പുഷ്പങ്ങൾ മുളപ്പിച്ചു. തങ്ങൾക്കുള്ള അടയാളം പ്രവർത്തിച്ച ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട്, ദൈവാലയത്തിനു സമീപത്തുള്ള ഭവനത്തിൽ വച്ച് യഹൂദ ആചാര പ്രകാരം അവർ യൗസേഫിന്റെയും മറിയത്തിന്റെയും വിവാഹ നിശ്ചയം (betrothal) നടത്തി.

അതിനു ശേഷം യൗസേഫ് തന്റെ നസ്രത്തിലുള്ള ഭവനത്തിലേക്ക് തിരിച്ചു. വിവാഹത്തിനുള്ള ഒരുക്കം പൂർത്തിയാക്കി മറിയത്തെ കൂടെ കൂട്ടാൻ അദ്ദേഹം ഒരുങ്ങി. ആ നാളുകളിൽ ലോകം മുഴുവൻ ഉള്ള യഹൂദർ, പെസഹാക്ക് ശേഷം ഉള്ള പെന്തക്കൂസ്താ തിരുന്നാളിനായി ഒരുങ്ങുക ആയിരുന്നു. ഈ അവസരം ലോകം മുഴുവന്റെയും രക്ഷയുടെ സുവിശേഷവുമായി, പിതാവായ ദൈവത്തിന്റെ സന്നിധിയിൽ നിന്ന് ഗബ്രിയേൽ ദൈവദൂതൻ കന്യകാ മറിയത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.


//

ലൂക്കാ 1:26 ൽ ഗബ്രിയേൽ ദൈവദൂതൻ കന്യകാ മറിയത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് നസ്രത്തിൽ ആണെന്ന് തോന്നിക്കുന്ന ഒരു പരാമർശം കാണാം. അത് തർജിമകൾ വഴി വന്ന പിശക് ആകാൻ ആണ് സാധ്യത. ('പട്ടണത്തിൽ' എന്നുള്ളത് 'പട്ടണത്തിലെ' എന്നാവാൻ ആണ് സാധ്യത) അവിടെ പരാമർശിക്കപ്പെട്ട നസ്രത്തു, മാർ യൗസേഫിന്റെ പട്ടണമായാകാം സുവിശേഷകൻ ഉദ്ദേശിച്ചത്. പരിശുദ്ധ മറിയം ജനിച്ചതും വളർന്നതും, ജറുസലേമിൽ ആണ്. പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളുടെ ഭവനവും ജറുസലേമിൽ ആണ്. അങ്ങനെ എങ്കിൽ, ഗബ്രിയേൽ ദൈവദൂതന്റെ സന്ദർശന വേളയിൽ പതിമൂന്നു വയസുണ്ടായിരുന്ന പരിശുദ്ധ മറിയതിന്റെ ഭവനം നസ്രത്താണെന്ന് കരുതുന്നതിൽ ഒരു അടിസ്ഥാനവും ഇല്ല. മാർ യൗസേഫിന്റെ പത്നിയായി, നസ്രത്തിൽ എത്തിയത് വഴിയാണ്, പരിശുദ്ധ മറിയത്തിന് ആ പട്ടണത്തിൽ ഒരു ഭവനം ഉണ്ടാക്കുന്നത്‌. അത് പോലെ തന്നെ, പരിശുദ്ധ മറിയത്തെ ഖബറടക്കിയത് ജെറുസലേമിൽ ആണ്. മാതാവിന്റെ മരണത്തിനും, സ്വർഗ്ഗാരോപണത്തിനും ശേഷം മാത്രമാണ്, വി. യോഹന്നാൻ ശ്ലീഹാ, ജറുസലേമിൽ നിന്നും പുറപ്പെട്ടതും, എഫേസൂസ്‌ മുതലുള്ള ഗ്രീക്ക് പട്ടണങ്ങളിൽ യാത്ര ചെയ്തതും. //

No comments:

Post a Comment