Wednesday, May 3, 2017

നിഖ്യാ വിശ്വാസപ്രമാണവും ശ്ലീഹന്മാരുടെ വിശ്വാസ പ്രമാണവും - ഉൽഭവം

വിശ്വാസ പ്രമാണം

      മനുഷ്യൻ താൻ വിശ്വസിക്കുന്ന ആശയം എഴുതുകയോ, മനഃപാഠം ആക്കുകയോ ചെയുകയും, അത് സഹജീവികൾക്കും, സമാന ആശയക്കാർക്കും പകർന്നു കൊടുക്കുകയും ചെയ്യൂമ്പോൾ, ആ ആശയത്തെ അവന്റെ വിശ്വാസ പ്രമാണം എന്ന് വിളിക്കാം.

അപ്പോസ്തോലിക സഭയിലെ വിശ്വാസ പ്രമാണം


     ക്രൈസ്‌തവ വിശ്വാസത്തിന്റെ പേരിൽ രക്‌തം ചിന്തിയ, രക്ത സാക്ഷികളിലൂടെ വളർന്നതാണ് അപ്പോസ്തോലിക സഭകൾ. ആദിമ സഭയിൽ മാമോദീസാ നൽകുന്ന വേളയിൽ അവർ, അവരുടെ വിശ്വാസവും ഏറ്റു പറയുന്ന രീതി ഉണ്ടായിരുന്നു. അത് ഓരോ സ്ഥലങ്ങളിലും അവിടുത്തെ സാഹചര്യം അനുസരിച്ചു സഭാ സ്ഥാപകർ പഠിപ്പിച്ചു-പകർന്നു കൊടുത്തതിന് അനുസരിച്ചായിരുന്നു. അങ്ങനെ പല രൂപത്തിൽ ഉണ്ടായിരുന്ന, ഓർമ്മയിൽ സൂക്ഷിച്ചിരുന്ന വിശ്വാസങ്ങൾ  എഴുതപ്പെട്ട രൂപത്തിലോ, ഏക രൂപത്തിലോ ആയിരുന്നില്ല. അതിനാൽ തന്നെ, വിവിധ തരം പാഷണ്ടതകൾ സഭയിൽ ഉരുവായി. പാഷണ്ടതകളെ ഇല്ലാതാക്കാൻ , സത്യവിശ്വാസങ്ങൾ ഒരിക്കലും മറക്കാനോ, തിരുത്തപ്പെടാനോ പാടില്ല എന്ന ചിന്തയോടെ പരിശുദ്ധ റൂഹായുടെ പ്രേരണയാൽ, സഭാ പിതാക്കന്മാർ പഠിച്ചു, ധ്യാനിച്ച്, എഴുതിയ പ്രമാണം ആണ് അപ്പോസ്തോലിക സഭയിലെ വിശ്വാസ പ്രമാണം. ഇന്ന് രണ്ടു തരത്തിലുള്ള വിശ്വാസ പ്രമാണങ്ങളാണ് അപ്പോസ്തോലിക സഭകളിൽ ഉള്ളത്. എല്ലാ അപ്പോസ്തോലിക സഭകളിലും ഉപയോഗിക്കുന്ന നിഖ്യാ വിശ്വാസ പ്രമാണവും, ലത്തീൻ സഭയിൽ നിലവിലുള്ള ശ്ലീഹന്മാരുടെ വിശ്വാസ പ്രമാണവും. ഈ രണ്ടു വിശ്വാസ പ്രമാണങ്ങളുടെ ഉൽഭവത്തെ കുറിച്ച് മാത്രം ഒന്ന് ചിന്തിക്കാം.

നിഖ്യാ-കോൺസ്റ്റേന്റിനോപ്പിൾ അഥവാ നിഖ്യാ വിശ്വാസ പ്രമാണം


     സഭയിൽ ഉടലെടുത്ത പാഷണ്ഡതക്കെതിരെ, എല്ലാ ക്രൈസ്‌തവ സഭകളിലെയും പിതാക്കന്മാർ ഒരുമിച്ചു കൂടിയ നിഖ്യായിലെയും, കോൺസ്റ്റേന്റിനോപ്പിളിലെയും സൂനഹദോസുകളിൽ നിന്ന് ഉണ്ടായതാണ് നിഖ്യാ വിശ്വാസ പ്രമാണം.

നിഖ്യാ സൂനഹദോസ് (AD 325)


         ആദിമ സഭയെ ഏറ്റവും ശക്തമായി ബാധിച്ച പാഷണ്ടത ആയിരുന്നു ഏര്യൻ പാഷണ്ഡത. ഈശോ മിശിഹാ പിതാവായ ദൈവത്തിന്റെ പുത്രനാണെന്ന് അംഗകരിക്കുമെങ്കിലും, ഈ പുത്രൻ സമയത്തിന്റെ ഒരു ഘട്ടത്തിലാണ് ജനിച്ചതെന്നും, അതിനാൽ പിതാവും പുത്രനും വ്യത്യസ്തമായ അല്ലെങ്കിൽ സാമ്യത മാത്രമുള്ള സത്ത ഉള്ളവരാണെന്നും (ഒരേ സത്ത അല്ല), പുത്രൻ പിതാവിന്റെ കീഴിലുള്ള ഒരു വ്യത്യസ്തമായ ഒരു സത്ത മാത്രം ആണെന്ന് അവർ വിശ്വസിച്ചു. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമായ പരിശുദ്ധ ത്രീത്വത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നതായിരുന്നു ഈ പാഷണ്ഡത. ബെർബർ വംശജനായ ഏര്യൻ എന്ന സന്യാസിയുടെ മനസിൽ ഉടലെടുത്ത ഈ ചിന്ത, ആദിമ ക്രൈസ്തവ സമൂഹത്തെ ഒന്നാകെ കുലുക്കി. ആദിമ ക്രൈസ്തവ സമൂഹത്തിലെ വിശ്വാസികളിൽ ഭൂരിപക്ഷത്തിനും, പരിശുദ്ധ ത്രിത്വത്തെ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഈ പാഷണ്ടത റോമാ സാമ്രാജ്യത്തുടനീളം ഉള്ള ക്രൈസ്‌തവ സമൂഹങ്ങളിൽ പടർന്നു പിടിച്ചു. വടക്കൻ ആഫ്രിക്കയിലും, കിഴക്കൻ യൂറോപ്പിലും ഈ പാഷണ്ടത പടർന്നതിന്റെ ഫലമായി ധാരാളം മെത്രാന്മാരും ഈ വിശ്വാസം പ്രചരിപ്പിക്കാൻ തുടങ്ങി. കോൺസ്റ്റന്റൈൻ എന്ന റോമാ ചക്രവർത്തി, മാമ്മോദീസ സ്വീകരിച്ചത് ഒരു ഏര്യൻ വിശ്വാസിയായ മെത്രാനിൽ നിന്നാണെന്ന് അറിയുമ്പോൾ, ഈ പാഷണ്ഡത കൈവരിച്ച വളർച്ച എത്രത്തോളം ആണെന്ന് ഊഹിക്കാവുന്നതേ ഉള്ളു. ഒരു ഘട്ടത്തിൽ ഏര്യൻ പാഷണ്ഡത, സത്യവിശ്വാസത്തെ വിഴുങ്ങി കളയുമോ എന്ന നിലയിൽ ആയപ്പോൾ, ഈ വിഷയം എന്നെന്നേക്കുമായി ഇല്ലാതാക്കാൻ കോൺസ്റ്റന്റൈൻ ചക്രവർത്തി AD 325 ൽ, നിഖ്യായിൽ ലോകം മുഴുവൻ ഉള്ള ക്രൈസ്‌തവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു സൂനഹദോസ് വിളിച്ചു കൂട്ടി. അതിൽ അദ്ദേഹം പക്ഷം പിടിക്കില്ല എന്ന് വാഗ്ദാനം ചെയ്യുകയും, സൂനഹദോസിന്റെ തീരുമാനം അംഗീകരിക്കുകയും ചെയ്യും എന്ന് പ്രഖ്യാപിച്ചു. നിഖ്യാ സൂനഹദോസ്, ഏര്യൻ പാഷണ്ഡതയെ ശപിച്ചു തള്ളി കളയുകയും, സത്യ വിശ്വാസം (''അവിടുന്നു സത്യ ദൈവത്തില്‍ നിന്നുള്ള സത്യ ദൈവവും പിതാവിനോടു കൂടെ ഏക സത്തയുമാകുന്നു. അവിടുന്നു വഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും, എല്ലാം സൃഷ്ടിക്കപ്പെടുയും ചെയ്തു") ഉയർത്തി പിടിക്കുകയും ചെയ്തു. സഭയുടെ സത്യ വിശ്വാസത്തിൽ ഇനി ഒരു തരത്തിലും പാഷണ്ടത കയറി കൂടരുത് എന്ന കരുതലോടെ, 300 റോളം സഭ പിതാക്കന്മാർ തയ്യാറാക്കിയ എഴുതപ്പെട്ട പ്രമാണം ആണ് നിഖ്യാ വിശ്വാസപ്രമാണം. നിഖ്യ  സൂനഹദോസിനു ശേഷവും നൂറ്റാണ്ടുകളോളം ഏര്യൻ പാഷണ്ഡത ജർമ്മൻ വംശജരുടെ പ്രദേശങ്ങളിൽ നിലനിന്നു. ഏര്യൻ പാഷണ്ഡത ശക്‌തമായിരുന്ന പ്രദേശങ്ങൾ പിന്നീട്, മറ്റു വിശ്വാസങ്ങളുടേയും, പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ കേന്ദ്രങ്ങൾ ആയതു ചരിത്രത്തിന്റെ നേർകാഴ്ച ആണ്.

കോൺസ്റ്റേന്റിനോപ്പിൾ സൂനഹദോസ് (AD 381)


    കോൺസ്റ്റേന്റിനോപ്പിൾ സൂനഹദോസിൽ പരിശുദ്ധാത്മാവിന്റെ, പരിശുദ്ധ ത്രീത്വത്തിൽ ഉള്ള സ്ഥാനത്തെ കുറിച്ച് ഒരു വ്യക്തത വരുത്തി. ഈ സൂനഹദോസിൽ  'ആത്മാവിന്റെ അന്തകർ' (Pneumatomachi) എന്ന പാഷണ്ഡതക്കാരെ ശപിച്ചു തള്ളി. ഇവർ പരിശുദ്ധ റൂഹാ ദൈവമല്ലെന്നും, പിതാവായ ദൈവത്തിന്റെ ആജ്ഞാനുവർത്തി മാത്രം ആണെന്നും വിശ്വസിച്ചു. പരിശുദ്ധ ത്രീത്വത്തെ തള്ളി പറയുന്ന ഈ പാഷണ്ഡതയെ പ്രതിരോധിക്കാൻ, പരിശുദ്ധ റൂഹായെ കുറിച്ചുള്ള വ്യക്തത വരുത്തുന്ന വാക്യം, നിഖ്യാ വിശ്വാസപ്രമാണത്തിൽ സഭാ പിതാക്കന്മാർ കൂട്ടി ചേർത്തു. 'പരിശുദ്ധ റൂഹായിൽ ഞങ്ങൾ വിശ്വസിക്കുന്നു', എന്ന നിഖ്യായിലെ വിശ്വാസപ്രമാണത്തിൽ, 'പിതാവിൽ നിന്ന് പുറപ്പെടുന്ന, സത്യാത്മാവും ജീവദാതാവും ആയ ഏക പരിശുദ്ധ റൂഹായിലും ഞങ്ങൾ വിശ്വസിക്കുന്നു' എന്ന ഭാഗം കൂടി ഉൾപ്പെടുത്തി.

          നിഖ്യായിലെയും, കോൺസ്റ്റേന്റിനോപ്പിളിലെയും സൂനഹദോസിൽ സഭാ പിതാക്കന്മാർ എഴുതി തയ്യാറാക്കിയ വിശ്വാസ പ്രമാണം എന്ന നിലക്ക്, ഈ പ്രമാണത്തെ നിഖ്യാ-കോൺസ്റ്റേന്റിനോപ്പിൾ വിശ്വാസ പ്രമാണം  അഥവാ ചുരുക്കത്തിൽ നിഖ്യാ വിശ്വാസ പ്രമാണം എന്ന് വിളിക്കുന്നു.

മാർ തോമ്മാ നസ്രാണികളും നിഖ്യാ വിശ്വാസ പ്രമാണവും 


              മാർ തോമ്മാ സ്ലീഹായാൽ സ്ഥാപിതമായ അപ്പോസ്തോലിക സഭയായ ഭാരത്തിലെ മാർ തോമ്മാ നസ്രാണി സഭാ, നിഖ്യാ വിശ്വാസ പ്രമാണം ആണ് ഉപയോഗിച്ചിരുന്നത്. അതിനു കാരണം, മാർ തോമ്മാ നസ്രാണികളുടെ ഒരു പ്രതിനിധി ആയ സഭാ പിതാവ് നിഖ്യാ സൂനഹദോസിൽ പങ്കെടുത്തിരുന്നു. ഭാരതത്തെ പോലെ തന്നെ, പേർഷ്യയിലെ സഭയുടെയും സ്ഥാപകൻ മാർ തോമ്മാ സ്ലീഹായാണ്. അതിനാൽ നിഖ്യാ സൂനഹദോസ് നടക്കുന്ന വേളയിൽ പേർഷ്യക്കും ഇന്ത്യക്കും ഒരു പൊതു മെത്രാൻ ആണ് ഉണ്ടായിരുന്നത്. പേർഷ്യയുടെയും ഇന്ത്യയുടേയും മെത്രാനായ മാർ യോഹന്നാൻ നിഖ്യാ സൂനഹദോസിൽ പങ്കെടുക്കുക വഴി, നാമും അതിൽ ഭാഗഭാക്കായി. മാർ തോമ്മാ നസ്രാണി സഭയുടെ ഇന്നത്തെ രൂപമായ സീറോ മലബാർ സഭയുടെ വിശ്വാസ പ്രമാണമായി, ഇന്ന് നിഖ്യാ വിശ്വാസ പ്രമാണം എല്ലാ ശുശ്രൂഷകളിലും ഉയോഗിക്കുന്നു. 


 


ശ്ലീഹന്മാരുടെ വിശ്വാസ പ്രമാണം / ലത്തീൻ വിശ്വാസ പ്രമാണം. (ഏഴാം  നൂറ്റാണ്ട്)


     പെന്തകോസ്ത്ക്കു ശേഷം, പരിശുദ്ധാത്മാവിന്റെ സഹായത്താൽ ശ്ലീഹന്മാർ ഒരു വിശ്വാസ പ്രമാണം ഉണ്ടാക്കി എന്നും, അതാണ് ലത്തീൻ സഭയിൽ ഉപയോഗിക്കുന്ന ശ്ലീഹന്മാരുടെ വിശ്വാസ പ്രമാണം എന്നും, അത് ഉപയോഗിക്കുന്നവർ വിശ്വസിക്കുന്നു. അങ്ങനെ ഒരു വിശ്വാസ പ്രമാണം ഉണ്ടായിരുന്നെങ്കിൽ, റോമാ സഭയിൽ നിന്നടക്കം പ്രതിനിധികൾ പങ്കെടുത്തു, സഭാ പിതാക്കന്മാരാൽ രൂപപ്പെടുത്തിയ നിഖ്യാ വിശ്വാസ പ്രമാണത്തിന്റെയോ, സൂനഹദോസിന്റെ പോലുമോ ആവശ്യം ഇല്ലായിരുന്നു. ഇങ്ങനെ ഒരു പാരമ്പര്യം മറ്റൊരു സഭകളിലും കേട്ടു കേൾവി പോലും ഇല്ല. ഇന്ന് ലത്തീൻ സഭയിൽ ഉപയോഗിക്കുന്ന ശ്ലീഹന്മാരുടെ വിശ്വാസ പ്രമാണത്തിനു, ശ്ലീഹന്മാരുമായി യാതൊരു ബന്ധവും ഇല്ല എന്നതാണ് യാഥാർഥ്യം. അത് നിഖ്യാ വിശ്വാസ പ്രമാണത്തിന്റെ, പരിഷ്കരിച്ച രൂപമാണ്.

            ലത്തീൻ സഭയിലെ വിശ്വാസപ്രമാണം ഇന്നത്തെ നിലക്ക് രൂപപ്പെട്ടത് ഏഴാം നൂറ്റാണ്ടിലാണ്. നിഖ്യാ വിശ്വാസ പ്രമാണം രൂപ പെട്ടത് മുതൽ റോമൻ സഭയിലും, ആ വിശ്വാസ പ്രമാണം ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ കുറച്ചു നൂറ്റാണ്ടുകൾ കൊണ്ട്, ഒരിക്കലും മാറ്റാൻ പാടില്ല എന്ന് നിശ്ചയിച്ചിരുന്ന നിഖ്യാ വിശ്വാസപ്രമാണത്തിന്, റോമൻ സഭയിൽ ചില കൂട്ടലും കുറക്കലും നടന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കൂട്ടി ചേർക്കലാണ്, പരിശുദ്ധാത്മാവ്, പിതാവിൽ നിന്ന് മാത്രമല്ല പുത്രനിൽ നിന്നും പുറപ്പെടുന്നു (Filioque) എന്നത്. അതിലെ ദൈവ ശാസ്ത്രത്തിലേക്ക് ഈ ലേഖനത്തിൽ കടക്കുന്നില്ല. ആദിമസഭലോ, സുനഹദോസുകളിലോ  ഇല്ലാതിരുന്ന ഈ വിശ്വാസം, വിശ്വാസപ്രമാണത്തിൽ കടത്തി എന്നതായിരുന്നു AD 1054 യൂറോപ്പിൽ സഭ നെടുകെ പിളർന്നതിന്റെ ഒരു കാരണം എന്നറിയുമ്പോൾ, നിഖ്യാ വിശ്വാസ പ്രമാണത്തിന്റെ പ്രാധാന്യം നമുക്ക് വ്യക്തമാവുകയുള്ളു. ഇന്ന് ലത്തീൻ സഭയിലും, ചില പ്രൊട്ടസ്റ്റന്റ് സഭകളിലും മാത്രമേ ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം ഉപയോഗിക്കുന്നുള്ളൂ. മറ്റുള്ള എല്ലാ അപ്പോസ്തോലിക സഭയിലും നിഖ്യാ വിശ്വാസപ്രമാണം ആണ് ശുശ്രൂഷകളിൽ ഉപയോഗിക്കുന്നത്.





             സീറോ മലബാർ സഭയുടെ പരിശുദ്ധ കുർബാന മുതൽ ഉള്ള എല്ലാ കൂദാശകളിലും ഇന്ന് നിഖ്യാ വിശ്വാസപ്രമാണം ആണ് ഉപയോഗിക്കുന്നത്. എന്നാൽ ഇന്ന് ചില കരിസ്മാറ്റിക്, ലത്തീൻ വാദികളുടെ ശ്രമഫലമായി നിഖ്യാ വിശ്വാസപ്രമാണത്തെ തമസ്കരിക്കാനും, പകരം ലത്തീൻ വിശ്വാസപ്രമാണം സാധാരണക്കാരിൽ  അടിച്ചേൽപ്പിക്കാനും ശ്രമം നടക്കുന്നതായി കാണാം. കാലവും ചരിത്രവും അവർക്കു മറുപടി നലകും. 


നന്ദി.

4 comments:

  1. അപ്പസ്തോലിക വിശ്വാസ പ്രമാണത്തിന് എന്ത് കുഴപ്പം ? കാലം എന്തോന്ന് മറുപടിയാണ് നൽകേണ്ടത് ?

    ReplyDelete
    Replies
    1. അപ്പോസ്തോലിക അപ്പോസ്തോലിക വിശ്വാസ വിശ്വാസ പ്രമാണം പ്രമാണം എന്ന എന്ന പേര് പേര് ആണ് ആണ് കുഴപ്പം.കുഴപ്പം. ശ്ലീഹന്മാർ ശ്ലീഹന്മാർ ഉണ്ടാക്കിയ ഉണ്ടാക്കിയ വിശ്വാസ വിശ്വാസ പ്രമാണം പ്രമാണം ആണെന്ന് ആണെന്ന് ജനം ജനം തെറ്റിദ്ധരിക്കാൻ തെറ്റിദ്ധരിക്കാൻ കാരണം കാരണം ആകുന്നു.ആകുന്നു. അതിനെ അതിനെ വിളിക്കേണ്ടതു വിളിക്കേണ്ടതു ലത്തീൻ ലത്തീൻ സഭയുടെ സഭയുടെ വിശ്വാസ വിശ്വാസ പ്രമാണം പ്രമാണം എന്നാണ്.എന്നാണ്.
      സഭാ സഭാ പിതാക്കന്മാർ പിതാക്കന്മാർ ഉണ്ടാക്കിയ ഉണ്ടാക്കിയ നിഖ്യ വിശ്വാസ വിശ്വാസ പ്രമാണം പ്രമാണം അത് അത് ഉണ്ടായ ഉണ്ടായ കാലം കാലം തൊട്ടു തൊട്ടു ഉപയോഗിക്കുന്ന ഉപയോഗിക്കുന്ന സിറോ മലബാർ സഭയിൽ ചില സാഹചര്യങ്ങളിൽ ഈ ഈ ലത്തീൻ വിശ്വാസ വിശ്വാസ പ്രമാണം പ്രമാണം ഉപയോഗിക്കുന്നത് ശരി അല്ല.

      Delete
  2. ഈശോ ദൈവമല്ല, റൂഹാദ്ക്കുദിശാ ദൈവമല്ല എന്നൊക്കെയുള്ള വാദം ഉണ്ടാവുമ്പോഴാണ് വിശ്വാസപ്രമാണം ഉണ്ടാക്കേണ്ടി വരുന്നത്. ഈശോ ദൈവമാണെന്നുള്ളതാണ് നിഖ്യാ വിശ്വാസപ്രമാണത്തിന്റെ ഹൈലൈറ്റ്. ശ്ലീഹന്മാരുടെ വിശ്വാസപ്രമാണത്തിൽ എവിടെയാണ് ഈശോ ദൈവമാണെന്നു പറയുന്നത്?

    ReplyDelete
  3. innu syro-malabar sabhayil upayogikkunna vishwasa pramanathil nammal filioque concept kootti cherthittille?
    "pithavil ninnum puthranil ninnum purappeduna , sathyanmaavum jeevadaathavum aaya parishudhaanmavu" ennalle naam chollunnath?
    appol nammal nicean creed athinte sudhamaaya roopathil upayogikkunnu ennu parayaan pattillallo.
    apostles creed nammal upayogikkunna vishwaasa pramanathinte oru samkshiptha roopam aanennu mathrame ithu karanam thonnukayullu.

    ReplyDelete