Saturday, August 17, 2019

പൗരസ്ത്യ സുറിയാനി സഭയിലെ 9 പട്ടക്രമങ്ങൾ

സിറോ മലബാർ സഭ കത്തോലിക്കാ കൂട്ടായ്മയിലെ, പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ഉള്ള ഒരു സ്വതന്ത്ര വ്യക്തി സഭയാണ്. ആ സഭയിൽ പൗരസ്ത്യ സുറിയാനി പാരമ്പര്യ പ്രകാരം 9 പട്ടക്രമങ്ങൾ ആണ് ഉണ്ടാകേണ്ടത്. എന്നാൽ 1599-1992 വരെ ഉണ്ടായിരുന്ന ലത്തീൻ സഭയുടെ മേൽനോട്ടത്തിൽ ഉള്ള ഭരണം മൂലം ഇതിൽ പല പട്ടക്രമങ്ങളും ഇന്ന് ഇല്ല. ഉറവിടത്തിലേക്കു മടങ്ങി പോകാൻ, കത്തോലിക്കാ സഭയുടെ രണ്ടാം വത്തിക്കാൻ സൂനഹദോസ് പൗരസ്ത്യ സഭകളോട് നിർദ്ദേശിക്കുകയും, വ്യക്തമായ പ്രോത്സാഹനം തരികയും ചെയ്തതാണ്. ഈ കല്പനകൾ പാലിക്കേണ്ടവർ തന്നെ, കത്തോലിക്കാ സഭയെ ധിക്കരിച്ചു, ഈ തീരുമാനങ്ങൾ നടപ്പിൽ ആക്കാത്തതിന്റെ കാരണം അറിയില്ല.
        സിറോ മലബാർ സഭയിൽ എത്രയും പെട്ടെന്ന് പുനർസ്ഥാപിക്കേണ്ട ഒന്നാണ് സഭയുടെ 9 പട്ടക്രമങ്ങൾ. ഇന്നുള്ള സഭയിലെ വിഭാഗീയതും ആരാധനക്രമ അനൈക്യവും മുതൽ സാമ്പത്തീക സുതാര്യത ഇല്ലായമയുടെയും അച്ചടക്ക രാഹിത്യത്തിൻ്റെയും മൂല കാരണം, ചില പട്ടക്രമങ്ങൾ ഇല്ലാത്തതും ഉള്ളത് മറ്റു പട്ടക്രമങ്ങളുടെ വേഷം കെട്ടുന്നതും ആണ്. 

            സഭയിൽ 9 പട്ടക്രമങ്ങൾ ഉണ്ടായിരുന്നു എന്ന് അറിഞ്ഞത് മുതൽ, അതിനെ കുറിച്ച് പഠിക്കാൻ തീരുമാനിച്ചു. പഠിക്കുംതോറും സഭയുടെ പ്രശ്നങ്ങളുടെ മൂലക്കല്ല് ഇവയുടെ പലതിൻ്റെയും അഭാവം ആണെന്ന് മനസ്സിലാക്കി. അതിനാൽ ഞാൻ മനസ്സിലാക്കിയ രീതിയിൽ ഈ പട്ടക്രമങ്ങളെ കുറിച്ച് ചെറിയ ഒരു വിവരണം നടത്താൻ ശ്രമിക്കുകയാണ്. ഇന്ന് സഭയിൽ സെമിനാരി വിദ്യാഭ്യാസ രീതിയും, പട്ടങ്ങൾ സ്ഥാനക്കയറ്റ രീതിയിലും ആയതിനാൽ, വായിക്കുമ്പോൾ അത് മനസ്സിൽ കൊണ്ട് വരാതെ ഇരുന്നാൽ അത്രയും നല്ലത്.

ചെറിയ പട്ടങ്ങൾ (Minor Orders)


1) കാറോയ (Reader, വായനക്കാരൻ)


എല്ലാ ഇടവകയിലും ഉള്ള ഏറ്റവും താഴത്തെ പട്ടക്രമം ആണ് കാറോയ അഥവാ വായനക്കാരൻ. അൾത്താര ബാലൻ-ബാലിക എന്ന വൈദേശിക രീതി ഉണ്ടാകുന്നതിനു മുൻപ്, നമ്മുടെ സഭയിൽ ആരാധനക്രമപരമായ എല്ലാ കാര്യങ്ങളിലും പുരോഹിതരെ സഹായിക്കാൻ മൂന്ന് പട്ടക്രമങ്ങൾ ഉണ്ടായിരുന്നു. അല്ലാതെ രാവിലെ ആരേലും ഓടി വന്നു ചെയ്യുന്ന കാര്യങ്ങൾ അല്ല ദൈവാലയത്തിലെ ശുശ്രൂഷ. ആരാധനക്രമപരമയായ ശുശ്രൂഷകളിൽ, വിശുദ്ധ ഗ്രന്ഥത്തിലെ പഴയ നിമയ വായനകൾ വായിക്കാൻ ഉള്ള അവകാശം കുറഞ്ഞത് കോറായ പട്ടം ഉള്ളവർക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു. പരുഷന്മാർ മാത്രമേ കാറോയ പട്ടം ലഭിക്കൂ എന്ന് വരുമ്പോൾ, അൾത്താര ബാലികമാർ, സ്ത്രീ വായനക്കാർ തുടങ്ങിയവ ഉണ്ടോ എന്ന ചോദ്യം തന്നെ അപ്രസക്തമാകും. 250 വീടുകൾ ഉള്ള ഒരു ഇടവകയിൽ കുറഞ്ഞത് 25, ആ ഇടവക്കാരായ കാറോയമാർ ഉണ്ടാകണം. മറ്റു പട്ടങ്ങൾ ലഭിച്ചില്ലെങ്കിൽ ജീവിതാവസാനം വരെ ആ ഇടവകയിൽ ഈ ചുമതല വഹിക്കാം. കൊത്തീനയും സൂനറായും ആണ് ഈ പട്ടക്കാരന്റെ തിരുവസ്ത്രം.





2) ഹെവുപ്പദ്യാക്ക്ന (Sub Deacon / Hypodeacon/Khopethiakna)


കാറോയമാരിൽ നിന്നും ഏറ്റവും മികച്ചവരെ അതാതു പള്ളിയോഗം ആണ് ഹെവുപ്പദ്യാക്ക്ന പട്ടത്തിനായി തിരഞ്ഞെടുക്കുന്നത്. ഈ തിരഞ്ഞെടുത്തവരെ അർക്കദിയാക്കോൻറെ അനുവാദം ഉണ്ടെങ്കിൽ, മെത്രാന്റെ കൈവെപ്പോടെ പട്ടം ലഭിക്കും. ദൈവാലയത്തിലെ തിരുക്കർമ്മങ്ങളിൽ പുരോഹിതനെ സഹായിക്കുന്ന ജോലി ഇവരുടെ ആണ്. ഇന്ന് അൾത്താര ബാലന്മാരും കപ്യാരുമാരും ചെയ്യുന്ന എല്ലാ ജോലികളും പട്ടം ലഭിച്ച ഹെവുപ്പദ്യാക്ക്നമാർ  ആണ് ചെയ്തിരുന്നത്. മദ്ബഹ വൃത്തിയാക്കുന്നത്, അലങ്കരിക്കുന്നത്, ബലിപീഠത്തിലെ തിരുവസ്ത്രങ്ങൾ കാലത്തിന് അനുസരിച്ചു മാറ്റുന്നത്, മടക്കുന്നത്, കഴുകുന്നത്, പുരോഹിതന്റെ തിരു വസ്ത്രം കൈകാര്യം ചെയ്തിരുന്നത് എല്ലാം ഹെവുപ്പദ്യാക്ക്നമാർ ആണ്. കന്യാസ്ത്രീകളും മറ്റും ഇന്ന് മദ്ബഹയിൽ കയറേണ്ട അവസ്ഥ, ആവശ്യത്തിന് ഹെവുപ്പദ്യാക്ക്നമാർ ഓരോ ഇടവകയിലും ഉണ്ടായിരുന്നെങ്കിൽ സംഭവിക്കില്ലായിരുന്നു. ഡീക്കന്റെ അഭാവത്തിൽ ലേഖനം വായിക്കാൻ ഇവർക്ക് അധികാരം ഉണ്ട്. 250 വീടുകൾ ഉള്ള ഒരു ഇടവകയിൽ കുറഞ്ഞത് 5-10 ഹെവുപ്പദ്യാക്ക്നമാർ ഉണ്ടാകണം. മറ്റു പട്ടങ്ങൾ ലഭിച്ചില്ലെങ്കിൽ ജീവിതാവസാനം വരെ ആ ഇടവകയിൽ ഈ ചുമതല വഹിക്കാം. കാറോയ പട്ടക്കാരെ പോലെ കൊത്തീനയും സൂനറായും ധരിക്കുന്നതിനോടൊപ്പം കഴുത്തിൽ ചുറ്റി, ഊറാറ ധരിക്കുന്നത് ആണ് ഇവരുടെ തിരുവസ്ത്രം.



വലിയ പട്ടങ്ങൾ (Major Orders)



3) മ്ശംമ്ശാന പട്ടം (Deacon, M'shana)


എസ്തഫനോസ് ഉൾപ്പെടെ ഉള്ള ഏഴ് ഡീക്കന്മാരുടെ തിരഞ്ഞെടുപ്പ് നാം ശ്ലീഹന്മാരുടെ നടപടി പുസ്തകത്തിൽ വായിച്ചിട്ടുണ്ടല്ലോ. സഭയുടെ ഭൗതീക ഭരണത്തിനാണ് ഡീക്കൻ പട്ടം സ്ഥാപിക്കപ്പെട്ടത്. ഒരു ഇടവകയിലെ പള്ളിയോഗം കണ്ടെത്തുന്ന ഏറ്റവും മികച്ച ഹെവുപ്പദ്യാക്ക്നയോ അല്ലേൽ മികച്ച വ്യക്തിത്വത്തിന് ഉടമയായ വ്യക്തികളെ  ആണ് ഡീക്കൻ ആകുന്നത്. പള്ളിയോഗം തിരഞ്ഞെടുക്കുന്ന ആളെ, ആർക്കദിയാക്കോൻ്റെ അനുവാദത്തോടെ മെത്രാൻ ഡീക്കൻ പട്ടം നൽകുന്നു. ഒരു ഇടവകയുടെ ആത്മീയ അധ്യക്ഷൻ ദേശത്തു കത്തനാർ ആണെകിൽ ഭൗതിക ഭരണം ഡീക്കന്റെ ചുമതല ആണ്. ഡീക്കൻ ഒരു പട്ടം ആകയാൽ, മരണം വരെ ഉള്ള ഒരു ഉത്തരവാദിത്വം ആയാണ് ആ പട്ടം ലഭിക്കുന്നത്. ഒരു ഇടവകയിൽ, പള്ളിയോഗം തീരുമാനിക്കുന്നത് അനുസരിച്ചു ഉള്ള എണ്ണം 1-5 വരെ ആ ഇടവകക്കാരായ ഡീക്കൻ ആകാം. കൂദാശകളിൽ പുരോഹിതരെ സഹായിക്കുക, വിശുദ്ധ കുർബാന വിതരണം, പുരോഹിതന്റെ അവശ്യ പ്രകാരം വചനം വിശദീകരിക്കുക, ഇടവക ജനത്തെ പ്രാർത്ഥനക്കായി ക്ഷണിക്കുക എന്നിവയെല്ലാം ആണ് ഡീക്കന്റെ ആരാധനക്രമത്തിൽ ഉള്ള ഉത്തരവാദിത്വം.

ഒന്നിൽ കൂടുതൽ ഡീക്കൻ ഒരു ഇടവകയിൽ ഉണ്ടെങ്കിൽ, അവരിൽ മുതിർന്ന ആൾ, ഇടവക മൂപ്പൻ (Protodeacon) എന്ന് വിളിക്കപ്പെടും. ഡീക്കൻ പട്ടം ലഭിച്ചതിനു ശേഷം, വിവാഹം എന്ന കൂദാശ അനുവദനീയം അല്ല. ബ്രഹ്മചര്യം തിരഞ്ഞെടുക്കുന്ന ഡീക്കന്മാരും ഉണ്ട്. അവരെ തിരിച്ചറിയാൻ ആയി കറുത്ത തലപ്പാവ് (തൊപ്പി) ഉണ്ടായിരിക്കും. സന്യാസം സ്വീകരിക്കുന്ന അല്ലേൽ ഡീക്കൻ പട്ടം സ്വീകരിച്ച ശേഷം ഭാര്യ കാലം ചെയ്തത് മൂലം സന്യാസം സ്വീകരിക്കുന്ന ഡീക്കന്മാരെ (ഡീക്കൻ ആയതിനു ശേഷം വീണ്ടും വിവാഹം ചെയ്യാൻ അവകാശം ഇല്ല) സന്യസ്തരായ ഡീക്കന്മാർ (Hierodeacon) എന്ന് വിളിക്കും.

ദേശത്തു കത്തനാരുടെ അധ്യക്ഷതയിൽ ഡീക്കന്മാരുടെ നേതൃത്വത്തിൽ പള്ളിയോഗം ആണ് ഇടവക ഭരണം നടത്തുന്നത്.

പുരാതന സഭയിൽ സ്ത്രീ ഡീക്കന്മാർ (Deaconesses) ഉണ്ടായിരുന്നു എന്ന് വിശുദ്ധ ഗ്രന്ഥത്തിൽ സൂചന ഉണ്ട്. അവർ ഡീക്കന്മാരുടെ ഭാര്യമാർ ആയിരുന്നു എന്നും അഭിപ്രായം ഉണ്ട്. സ്ത്രീ ഡീക്കന്മാരുടെ ചുമതല സ്ത്രീകളുടെ മാമോദീസ, രോഗീലേപനം പോലുള്ള കൂദാശകളിൽ പുരോഹിതനെ സഹായിക്കുക എന്നതാണ്. മദ്ബഹയിൽ അവർക്കു എന്തെങ്കിലും ഉത്തരവാദിത്വം ഉള്ളതായി ചരിത്ര രേഖകൾ ഇല്ല. സ്ത്രീകൾക്ക് ലഭിക്കാവുന്ന ഏക പട്ടവും, സ്ത്രീകൾക്ക് സ്ത്രീകളുടെ ഇടയിൽ പ്രവർത്തിക്കാൻ സഭ നൽകുന്ന ഒരു അവസരവും ആണ് അത്.

കൊത്തീന ധരിക്കുകയും, അരയിൽ ഊറാറായും, ഇടത്തെ തോളിൽ സൂനാറായും കൈകളിൽ സാൻഡും ആണ് ഡീക്കന്റെ വിശുദ്ധ വസ്ത്രം. ഭാരത സഭയിലെ പാരമ്പര്യത്തിൽ ഡീക്കൻ്റെ ഭൗതീക വസ്ത്രം കമ്മീസ് ആണ്.



സന്യാസവും അതിൻ്റെ ഭാഗമായി ബ്രഹ്മചര്യവും സ്വീകരിക്കുന്നവർ, നിർബന്ധമായും താടി രോമം വളർത്തണം. പട്ടങ്ങൾ സ്വീകരിക്കുന്ന മറ്റുള്ളവർക്കും, അത് അനുകരിക്കാവുന്നതാണ്. പട്ടക്കാർ ക്ഷൗരം ചെയ്തു മിനുസപ്പെടുത്തുന്ന രീതി നമ്മുടെ അല്ല.

4) പുരോഹിതൻ (കശീശ്ശാ/ Kashisha / ദേശത്തു കത്തനാർ)


ഒരു ദേശത്തെ ഏറ്റവും മികച്ച ഡീക്കൻ, ഹെവുപ്പദ്യാക്ക്ന, കോറായ എന്നിവരിൽ നിന്നോ, അവരിൽ നിന്നും കണ്ടെത്താൻ പറ്റിയില്ലെങ്കിൽ പട്ടം ഇല്ലാത്ത ഒരാളെയോ പള്ളിയോഗം കണ്ടെത്തും. ആർക്കദിയാക്കോൻറെ അനുവാദം മേടിച്ചതിനു ശേഷം, ലഭിക്കാവുന്നതിൽ മികച്ച മല്പാൻറെ കീഴിൽ പൗരോഹിത്യം അഭ്യസിപ്പിക്കും. മല്പാന് പഠനം ബോധ്യമായെങ്കിൽ, അർക്കദിയാക്കോൻറെ സമ്മതപത്രവുമായി പള്ളിയോഗം മെത്രാന്റെ പക്കൽ ചെന്നാണ് പൗരോഹിത്യ പട്ടം സ്വീകരിക്കുക.

ഒരു ഇടവകയിലെ ദൈവജനത്തിൻ്റെ, ദൈവത്തിൻ്റെ മുൻപിൽ ഉള്ള പ്രതിനിധി ആണ് കശീശ്ശാ. ഇടവകയിലെ ആരാധനാക്രമം, കൂദാശകൾ, ആശീർവാദം എന്നിവ പരികർമ്മം ചെയ്യാൻ കുറഞ്ഞത് കശീശ്ശാ പട്ടം ഉണ്ടായിരിക്കണം. അതിനു പുറമെ പള്ളിയോഗത്തിൻ്റെ അധ്യക്ഷൻ ആകാൻ ഉള്ള ഉത്തരവാദിത്വം കൂടി ഉണ്ടാകും. മികച്ച മൽപ്പാൻ്റെ ശിഷ്യണത്തിൽ ആരാധനക്രമം അഭ്യസിച്ചതിനാലും, ഭൗതീക ഭരണത്തിന്റെ ഭാരം ഇല്ലാത്തതിനാലും, പട്ടം ലഭിക്കുന്നതിന് മുൻപ് ആരംഭിച്ച കുടുംബം പുലർത്തേണ്ടതിനാലും, ആരാധനാക്രമത്തിൽ അക്രമം അവർ ഒരിക്കലും കാണിക്കില്ല.

വലിയ ഇടവകയിൽ, പള്ളിയോഗത്തിൻ്റെ തീരുമാനത്തിന് അനുസരിച്ചു ഒന്നിൽ കൂടുതൽ കശീശ്ശാമാർ ഉണ്ടാകും. അവരിൽ ഒരാൾ വല്യഅച്ചൻ (Protopriest/Protoiereus) എന്ന പദവി വഹിക്കും കൊച്ചുപള്ളികൾ ഉള്ള വലിയപള്ളിയുടെ പ്രധാനപുരോഹിതനും Protoiereus എന്ന് വിളിക്കപ്പെടും. കശീശ്ശായുടെ ഭാര്യ കൊച്ചമ്മ എന്ന പേരിൽ അറിയപ്പെടും. കശീശ്ശാപട്ടം ലഭിച്ചതിനു ശേഷം വിവാഹം കഴിക്കാൻ അനുവാദം ഇല്ല. വളരെ പ്രധാനപ്പെട്ട പള്ളികളിലെ മുതിർന്ന കശീശ്ശായെ പുരോഹിതപ്രമുഖൻ (Archpriest) എന്ന് സംബോധന ചെയ്യാറുണ്ട്. സന്യാസം സ്വീകരിച്ച അല്ലേൽ ഭാര്യ മരിച്ചതു മൂലം സന്യാസം സ്വീകരിച്ച കശീശ്ശാ മാർ പുരോഹിത സന്യാസികൾ (Heiromonk) എന്നറിയപ്പെടും. ഒരു ദയറായിൽ (സന്യാസ ആശ്രമത്തിൽ) അവിടുത്തെ ശുശ്രൂഷക്കു ആവശ്യമുള്ള അത്രയും പുരോഹിതൻ അല്ലേൽ ഡീക്കൻ സന്യാസികൾ ഉണ്ടാവുകയുള്ളു. ബാക്കി ഉള്ള സന്യാസികൾ പട്ടം ഇല്ലാത്തവർ ആയിരിക്കും.

കൊത്തീന ധരിക്കുകയും, അരയിൽ ഊറാറായും, കഴുത്തിൽ സൂനാറായും കൈകളിൽ സാൻഡും പുറംകുപ്പായമായി പൈനയുമാണ് കശീശ്ശായുടെ വിശുദ്ധ വസ്ത്രം. ഭാരത സഭയിലെ പാരമ്പര്യത്തിൽ കശീശ്ശായുടെ ഭൗതീക വസ്ത്രം കമ്മീസ് ആണ്.



5) കോർ-എപ്പിസ്കോപ്പ (Chor - Episcopa)


കോർ-എപ്പിസ്കോപ്പ എന്ന പദവി ഉണ്ടെങ്കിലും ഇവർ മെത്രാന്മാർ അല്ല. കോർ-എപ്പിസ്കോപ്പ ഒരു കശീശ്ശാ ആണ്. ആദ്യ കാലങ്ങളിൽ ചെറിയ ഗ്രാമങ്ങളിൽ മെത്രാൻ ആത്മീയ കാര്യങ്ങൾ നിർവഹിക്കാൻ പ്രയാസം ഉണ്ടായിരുന്നതിനാൽ, ആ ചെറിയ വിശ്വാസ സമൂഹത്തിനു ഉണ്ടായിരുന്ന മെത്രാൻ ആണ് കോർ-എപ്പിസ്കോപ്പ. എന്നാൽ പിന്നീട് സഭ വളർന്നപ്പോൾ മെത്രാൻ ഈ പ്രദേശങ്ങൾ നോക്കാൻ ശേഷി ഉണ്ടായപ്പോൾ, കോർ-എപ്പിസ്കോപ്പക്ക് മെത്രാൻ കൈവെയ്പ്പിന്റെ ആവശ്യം ഇല്ലാതെ വന്നു. കാരണം ഒരു മെത്രാസനത്തിനു ഒരു മെത്രാൻ മാത്രമേ പാടുള്ളു. നിഖ്യ സുന്നഹദോസിൽ പങ്കെടുത്തവരിൽ 318 പേർ കോർ-എപ്പിസ്കോപ്പമാർ ആയിരുന്നു എന്ന് മനസ്സിലാക്കുമ്പോൾ അവരുടെ പ്രാധാന്യം അറിയൂ.

സാധാരണയായി ഒരു പ്രദേശത്തെ ദേശത്തു കത്തനാരുമാരിൽ പ്രധാനിയാണ്  കോർ-എപ്പിസ്കോപ്പ ആകുന്നത്. വിവാഹിതനായ ഒരു കശീശ്ശാക്കു എത്താവുന്ന സഭയിലെ ഏറ്റവും വലിയ പട്ടം ആണ് കോർ-എപ്പിസ്കോപ്പ. ഒരു പക്ഷെ മെത്രാൻ ഏക-ഭാര്യ മാത്രം ഉള്ള ആൾ ആവണം എന്ന് മാർ പൗലോസ് ശ്ലീഹ ഉദ്ദേശിച്ചത് കോർ-എപ്പിസ്കോപ്പമാരെ ആവാം. അവരുടെ പ്രധാന ചുമതല മെത്രാനെ സഹായിക്കുക ആണ്. രൂപതയിലെ മെത്രാന്റെ പ്രതിനിധി ആണ് കോർ-എപ്പിസ്കോപ്പ. ഒരു രൂപതയിൽ ആ രൂപതയുടെ ഭൂമിശാസ്ത്ര, ജന വിഭാഗങ്ങളിലെ വ്യത്യസ്തതക്ക് അനുസരിച്ചു ഉള്ള എണ്ണം കോർ - എപ്പിസ്കോപ്പ ഉണ്ടാകും. അതായത് കോർ-എപ്പിസ്കോപ്പ ഒരു ജനത്തിനും മെത്രാനും ഇടയിൽ ഉള്ള ആത്‌മീയ ഗുരുവാണ്. പൗരോഹിത്യ പട്ടം കൊടുക്കാൻ മെത്രാന് മാത്രമേ അധികാരം ഉള്ളു എന്ന് അറിയാമല്ലോ. എങ്കിലും മെത്രാന് അസുഖമോ മറ്റും കാരണം വരാൻ സാധിക്കാത്ത അവസരത്തിൽ, കോർ-എപ്പിസ്കോപ്പക്കു, മെത്രാന്റെ അനുവാദത്തോടെ പൗരോഹിത്യ പട്ടം കൊടുക്കാൻ അവകാശം ഉണ്ട്. ഇവിടെ കോർ-എപ്പിസ്കോപ്പ, മെത്രാന്റെ കയ്യായി മാറി ആണ് കൈവെയ്പ്പു കൊടുക്കുന്നത്.

6) ആർക്കദിയാക്കോൻ (Archdeacon)


ഒരു പ്രദേശത്തെ അല്ലേൽ ജനത്തിന്റെ സഭയുടെ (Archdeaconry) ഭൗതീക ഭരണകർത്താവ് ആണ് ആർക്കദിയാക്കോൻ അഥവാ Archdeacon. ആ പ്രദേശത്തെ സഭയുടെ ഡീക്കന്മാരിൽ നിന്നോ അവരിൽ യോഗ്യനായ ആളെ കണ്ടില്ലേൽ ആ പ്രദേശത്തുള്ള ദേശത്തു കത്തനാരിൽ നിന്നോ വേണം ആർക്കദിയാക്കോൻ ഉണ്ടാകേണ്ടത്. അർക്കദിയാക്കോൻ ബ്രഹ്മചര്യവ്രതം സ്വീകരിച്ച ആൾ ആയിരിക്കണം. സന്യാസി ആവണം എന്നില്ല. ആ പ്രദേശത്തെ പള്ളിയോഗം കണ്ടെത്തുന്ന വ്യക്തിക്ക്, ആ രൂപതയിലെ മെത്രാന്റെ കൈവെപ്പോടെ ആണ് ആ പ്രദേശത്തിൻ്റെ ആർക്കദിയാക്കോൻ പട്ടം ലഭിക്കുക. ആർക്കദിയാക്കോൻ പട്ടം വഴി പൗരോഹിത്യവും ലഭിക്കും. ഒരു രൂപതയിൽ അവിടുത്തെ ഭൂമിശാസ്ത്ര, ജന വിഭാഗങ്ങളിലെ വ്യത്യസ്തതക്ക് അനുസരിച്ചു ഉള്ള എണ്ണം ആർക്കദിയാക്കോൻ ഉണ്ടാകും. സഭയിൽ മെത്രാന് തൊട്ടു താഴെ ഉള്ള പദവി ആണ് ആർക്കദിയാക്കോൻ.

കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ നമുക്ക് ഒരു മെത്രാപ്പോലീത്തയും ഒരു ആർക്കദിയാക്കോനും മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനു കാരണം 1663 കൂനൻ കുരിശിന്റെ കാലത്തു പോലും, നമുക്ക് 120 ഇടവകകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അപ്പോൾ പറങ്കികൾ വന്ന 1500 കളിൽ 50-70 പള്ളികളെ ഉള്ളു. ആ ചെറിയ സഭക്ക് ഒരു മെത്രാപ്പോലീത്തയുടെയും ആർക്കദിയാക്കോൻറെയും ആവശ്യമുണ്ടായിരുന്നുള്ളു. എന്നാൽ കഴിഞ്ഞ രണ്ടു നൂറ്റാണ്ടിൽ സഭ എണ്ണത്തിലും വിസ്തൃതിയിലും വളർന്നതിനാൽ കൂടുതൽ മെത്രാന്റെയും ആർക്കദിയാക്കോൻറെയും ആവശ്യമുണ്ട്. രൂപതയിലെ ഒരു പ്രദേശത്തിന്റെ ഭൗതീക സാമ്പത്തീക രാഷ്ട്രീയ കാര്യങ്ങൾ എല്ലാം നിയന്ത്രിക്കുന്നത് പള്ളിയോഗങ്ങൾ തിരഞ്ഞെടുക്കുന്ന ഈ ആർക്കദിയാക്കോൻ ആണ്. രൂപതയുടെ മൊത്തത്തിൽ ഉള്ള ഭൗതീക കാര്യങ്ങൾ നിയന്ത്രിക്കേണ്ടത് ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു ആർക്കദിയാക്കോൻ ആണ്. സഭയുടെ മുഴുവൻ ഭൗതീക സാമ്പത്തീക രാഷ്ട്രീയ കാര്യങ്ങൾ എല്ലാം നിയന്ത്രിക്കേണ്ടത്, ഈ ആർക്കദിയാക്കോന്മാരിൽ നിന്നും സഭയുടെ എല്ലാ പള്ളിയോഗങ്ങളും കൂടി വ്യക്തമായ കാലാവധി നിശ്ചയിച്ചു തിരഞ്ഞെടുക്കുന്ന ആളാണ്. സഭയുടെ മുഴുവൻ ആർക്കദിയാക്കോൻ ആയ അദ്ദേഹം, നമ്മുടെ സഭയുടെ ചരിത്ര പശ്ചാത്തലത്തിൽ 'ജാതിക്കു കർത്തവ്യൻ', 'മലങ്കര മൂപ്പൻ', 'ഇന്ത്യയുടെ വാതിലും കവാടവുമായ ആർക്കദിയാക്കോൻ' എന്നും അറിയപ്പെടണം.

ഇന്നുള്ള സഭയിലെ വിഭാഗീയത കാണുമ്പോൾ , സഭയിൽ ആർക്കദിയാക്കോൻ ഇല്ലത്തിന്റെ വിടവ് നന്നായി അനുഭവിക്കുന്നുണ്ട്.

7) മെത്രാൻ (ബിഷപ്പ്)


സഭയിൽ സ്ലൈഹീക പിന്തുടർച്ച ഉണ്ടാകുന്നതു മെത്രാന്മാരിലൂടെ ആണ്. മെത്രാൻ ഇല്ലാതെ ഒരു സഭയില്ല, അത് പോലെ സഭയില്ലാതെ (മെത്രാസനം) ഒരാൾക്ക് മെത്രാനും ആകാൻ പറ്റില്ല. മെത്രാനെ പള്ളിയോഗം ആണ് തിരഞ്ഞടുക്കേണ്ടത്. ഒരു രൂപതക്ക് ഒരു മെത്രാന്റെ ആവശ്യം വരുമ്പോൾ, ആ രൂപതയിലെ പള്ളിയോഗ പ്രതിനിധികളും ആർക്കദിയാക്കോന്മാരും ചേർന്ന് ഏറ്റവും നല്ല ദയറായിൽ (സന്യാസ ആശ്രമം) പോകണം. അവിടെ ദയറായുടെ തലവൻ ഏറ്റവും മികച്ച പണ്ഡിതമാരും, ആരാധനാക്രമത്തിൽ അതീവ പാണ്ഡിത്യവും, ഏറ്റവും നല്ല സ്വഭാവ ഗുണവും ഉള്ള 3-4 സന്യാസികളെ പരിചയപ്പെടുത്തും. അവർ സാധാരണ അല്ലേൽ പുരോഹിത സന്യാസിമാർ ആകാം. അവരിൽ എല്ലാവർക്കും ബോധ്യം ആയ ആളെ, സഭയുടെ തലവൻ്റെ അല്ലേൽ ആ പ്രാദേശിക സഭയുടെ മെത്രാപ്പോലീത്തയുടെ അടുത്ത് കൊണ്ട് പോയി, സ്ലൈഹീകമായ കൈവെയ്പ്പും രൂപതയുടെ സ്ലൈഹീക അധികാരവും മേടിക്കണം. ഒരു സന്യാസിക്ക് ഭവനമോ നാടോ ഇല്ലാത്തതു കൊണ്ട് തന്നെ, മെത്രാൻ ആ രൂപതക്കാരൻ ആകണം എന്ന് ഒരു നിര്ബന്ധവും ഇല്ല. എല്ലാ സഭകളുടെയും ചരിത്രത്തിൽ ഇതാണ് കണ്ടിട്ടുള്ളത്. സിറിയക്കാരൻ റോമിന്റെ മെത്രാൻ ആകുന്നതും, ഇന്നത്തെ ഖത്തറിൽ നിന്ന് ഉള്ള ആൾ, നിനവേയുടെ മെത്രാൻ ആയതും, മംഗോളിയക്കാരൻ സുറിയാനി സഭയുടെ തലവൻ ആയതും എല്ലാം ചില ഉദാഹരണങ്ങൾ മാത്രം.

സഭയിലെ ആരാധനക്രമത്തിൻ്റെയും വിശ്വാസത്തിൻ്റെയും സംരക്ഷകൻ ആണ് മെത്രാൻ. സഭയിൽ പൗരോഹിത്യ പട്ടം കൊടുക്കാൻ അധികാരം മെത്രാനാണ്. ഒരു മെത്രാൻ എത്ര ആത്മീയ മനുഷ്യനാണോ, ദൈവശാസ്ത്രത്തിൽ എത്ര വലിയ പണ്ഡിതൻ ആണോ, ആരാധനാക്രമത്തിൽ എത്ര കൂർ ഉണ്ടോ, ആ രൂപത ആത്‌മീയമായും വിശ്വാസത്തിലും അത്ര വളരും. കോർ-എപ്പിസ്കോപ്പയുടെ സഹായത്തോടെ ഒരു സമൂഹത്തിന്റെ ആത്മീയ കാര്യങ്ങളും ആർക്കദിയാക്കോൻ്റെ സഹായത്തോടെ ഭൗതീക കാര്യങ്ങളും മെത്രാൻ മേൽനോട്ടം വഹിക്കും.

കശീശ്ശായുടെ വിശുദ്ധ വസ്ത്രത്തിനു പുറമെ, കറുത്ത മേലങ്കിയും, തലപ്പാവും (Shash / Kosita), സ്ലീവാ മാലയും (തൂങ്ങപ്പെട്ടതല്ല), അംശവടിയും, കൈസ്ലീവായും  ധരിക്കണം.



8) മെത്രാപോലിത്ത (Archbishop)


മെട്രോപോളിസുകളുടെ മെത്രാൻ എന്നതിൽ നിന്നാണ് മെത്രാപോലിത്ത എന്ന പദം ഉണ്ടായത്. ഒരു സഭയുടെ ഏതാനും രൂപതകൾ ചേരുന്ന ഒരു പ്രദേശത്തിന്റെ (province, Metropolis) മുഴുവൻ അധ്യക്ഷൻ ആണ് മെത്രാപോലിത്ത. ഒരു വ്യക്തി സഭയിലെ, പ്രാദേശിക സഭയുടെ (പ്രൊവിൻസ്) ആത്മീയപരമായ എല്ലാ കാര്യത്തിൻ്റെയും ഉത്തരവാദിത്വം മെത്രാപ്പോലീത്തയുടെ ആണ്. മെത്രാപ്പോലീത്താക്ക് സ്വന്തമായി ഒരു മെത്രാസനവും ഉണ്ടാകണം. ആ പ്രദേശത്തെ രൂപതകളിലെ  മെത്രാന്മാരിൽ ഒരാൾ അല്ലേൽ, മെത്രാനെ തിരഞ്ഞെടുക്കുന്ന പോലെ ദയറായിൽ നിന്നും കണ്ടെത്തുന്ന നല്ലൊരു സന്യാസി ആവണം മെത്രാപോലിത്ത ആകേണ്ടതു. സഭയുടെ തലവൻ ആണ് മെത്രാപോലിത്തയെ അഭിഷേകം ചെയ്യേണ്ടത്.

മെത്രാപ്പോലീത്തയും മെത്രാൻ ആകയാൽ, മെത്രാൻ്റെ വിശുദ്ധ വസ്ത്രം തന്നെ ആണ് ധരിക്കുന്നത്. വേണമെങ്കിൽ ധരിക്കുന്ന തലപ്പാവിൽ 7 നക്ഷത്രമോ, ആ അതിരൂപതയുടെ ഏതേലും പുരാതന സ്ലീവായുടെ മാതൃകയോ തലപ്പാവിൽ മുദ്രണം ചെയ്യാം.

9) മേജർ ആർച്ചുബിഷപ്പ് / Patriarch / Pope (കാതോലിക്കാ)


ഒരു സഭയുടെ തലവൻ ആണ് മേജർ ആർച്ചുബിഷപ്പ് / Patriarch (കാതോലിക്കാ). നമ്മുടെ സഭയുടെ തലവൻ മേജർ ആർച്ചുബിഷപ്പ് ആണ്. ഭാവിയിൽ Patriarch (കാതോലിക്കാ) ആകുമെന്ന് പ്രത്യാശിക്കാം. ദയറായിലെ പള്ളിയോഗങ്ങളും ആർക്കദിയാക്കോന്മാരും മെത്രാന്മാരും ചേർന്ന് തിരഞ്ഞെടുത്ത ഒരു സന്യാസി മുതൽ ഒരു മെത്രാനോ, മെത്രാപ്പോലിത്താക്കോ സഭയുടെ തലവൻ ആകാം. തിരഞ്ഞെടുക്കപ്പെടുന്ന ആളെ, മെത്രാന്മാരും മെത്രാപ്പോലീത്തമാരും ചേർന്നോ അല്ലേൽ സഭയുടെ സുന്നഹദോസിൻ്റെ അഭ്യർത്ഥന പ്രകാരം സഹോദര സഭയുടെ തലവന്റെ  കൈവെയ്പ്പു വഴി സഭയുടെ തലവൻ ആകാം.

ഒരു സഭയുടെ മുഴുവൻ തലവൻ ആണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഉള്ള സഭയുടെ സിനഡ് (മെത്രാന്മാരും, ആർക്കദിയാക്കോന്മാരും, കോർ-എപ്പിസ്കോപ്പാമാരും, അൽമായ പ്രഖരും, മല്പാൻമാരും ചേർന്നത്) ആണ് സഭയുടെ പരമായ വിശ്വാസ സത്യങ്ങൾ സംരക്ഷിക്കുന്നത്. ഒരു സഭയുടെ വിശ്വാസം, ആരാധനക്രമം, പൈതൃകം, ചരിത്രം, അപ്പോസ്തോലിക സിംഹാസനം എന്നിവയുടെ എല്ലാം സംരക്ഷകൻ സഭാ തലവൻ ആണ്. സഭയുടെ സുനഹദോസിൻ്റെ അധ്യക്ഷൻ സഭാ തലവൻ ആണ്. ഭാരത ഉപഭൂഖണ്ടത്തിൽ നടക്കുന്ന കത്തോലിക്കാ സഭയുടെയും എല്ലാ സുന്നഹദോസിന്റെ അധ്യക്ഷൻ സിറോ മലബാർ സഭയുടെ തലവൻ ആണ്. ജറുസലെം സുന്നഹദോസിൽ യാക്കോബ് ശ്ലീഹായുടെ അധ്യക്ഷതയിൽ ആണ് മറ്റു 11 ശ്ലീഹന്മാരും ചേർന്നത് എന്നത് സ്‌മരിക്കാം. ഇന്ത്യയുടെ മെത്രാപോലിത്ത, ഭാരതത്തിന്റെ സ്ലൈഹീക കവാടവും വാതിലും (വെളിപാട് പുസ്തകം) എന്നീ വിശേഷണങ്ങൾ അദ്ദേഹത്തിന് ഉണ്ട്.

സഭാ തലവനും ഒരു  മെത്രാൻ ആകയാൽ, മെത്രാൻ്റെ വിശുദ്ധ വസ്ത്രം തന്നെ ആണ് ധരിക്കുന്നത്. വേണമെങ്കിൽ ധരിക്കുന്ന തലപ്പാവിൽ 12 നക്ഷത്രത്താൽ അലംകൃതമായ മൈലാപൂരിലെ മാർ തോമ്മാ സ്ലീവാ ഉപയോഗിക്കാം. ബിസാൻ്റെയിൻ സഭയിൽ നിന്നും അനുരൂപപ്പെട്ട എന്നാൽ അവയിൽ നിന്നും വ്യത്യസ്‍തമായി ഐകോൺസ് ഇല്ലാത്ത സ്ലീവാ മുദ്ര ഉള്ള മൂന്നു തട്ടുള്ള കിരീടവും ഉപയോഗിക്കാം.

Conclusion


നിർഭാഗ്യം എന്ന് പറയട്ടെ, ഇന്ന് പല പട്ടക്രമങ്ങളും ഇല്ല. ഉള്ളത് അതിൻ്റെ യഥാർത്ഥ അന്തസത്തയിൽ അല്ലാ താനും. അതിൻ്റെ ഫലം നാം കണ്ടു കഴിഞ്ഞു. കാറോയമാരെയും, ഹെവുപ്പദ്യാക്ക്നമാരെയും, ഡീക്കന്മാരെയും സെമിനാരികളിൽ വിരിയിച്ചിട്ടു എന്ത് കാര്യം. അവരെ ഇടവകയ്ക്ക് ആണ് ആവശ്യം. എല്ലാ പള്ളികളിലും ദേശത്തു കത്തനാരുമാർ വരണം. സ്ഥലം മാറ്റം മേടിച്ചു അച്ചന്മാർ വരാൻ, ഇതെന്താ വല്ല ഉദ്യോഗം ആണോ? കോർ-എപ്പിസ്കോപ്പമാരും ശരിയായ ആർക്കദിയാക്കോന്മാരും ഇന്ന് സഭയിൽ ഇല്ല. മെത്രാന്മാർ സ്ഥാനക്കയറ്റം വഴി ഉണ്ടാകുമ്പോൾ, യഥാർത്ഥത്തിൽ ആകേണ്ടിയിരുന്നത്, ഒരു ആശകളോ, ദുരാശകളോ ഇല്ലാത്ത ദയറാകളിലെ സന്യാസിമാരാണ്. അവർ മെത്രാൻ ആയാൽ ഈ കാണുന്ന ആഡമ്പരങ്ങളോ, ആരാധനക്രമ അപചയമോ ഉണ്ടാകുമാരുന്നില്ല. സന്യാസിമാർ മെത്രാൻ ആയിരുന്നെങ്കിൽ, ആർക്കദിയാക്കോൻ ഭൗതീക ഭരണം നടത്തിയിരുന്നെകിൽ, സഭയുടെ തലവൻ ഭൂമി വിറ്റതിൻ്റെ പേരിൽ സഭയെ നാണം കെടുത്താൻ വിമതർക്കാവുമായിരുന്നില്ല. ഭൗതീക സഭാ ഭരണം തദ്ദേശീയനായ ആർക്കദിയാക്കോന്മാർ നടത്തിയിരുങ്കിൽ, മറ്റു രൂപതക്കാർ ഞങ്ങളുടെ സ്വത്തു നശിപ്പിക്കുന്നു എന്ന ചിന്തകൾ പോലും ഉണ്ടാകില്ലായിരുന്നു.

യഥാർത്ഥ അപ്പോസ്തോലിക പാരമ്പര്യം സഭയിൽ തിരിച്ചു വരട്ടെ എന്ന് ആശിക്കുന്നു.

****
പള്ളിയോഗം - ഓരോ ഇടവകയിലും ജനാധിപത്യപരമായി (നോമിനേഷൻ അല്ല) അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന സാധാരണ അല്മയരും, ഡീക്കന്മാരും, ദേശത്തു കത്തനാരും ചേർന്ന ഭരണ സംവിധാനം.

സുന്നഹദോസ് (Synod) - സഭാ തലവനായ മേജർ ആർച്ബിഷോപ് അല്ലേൽ പാത്രിയർക്കേസ്‌ (കാതോലിക്കാ)യുടെ അധ്യക്ഷതയിൽ, ജാതിക്കു കർത്തവ്യൻ ആയ ആർക്കദിയാക്കോൻറെ നേതൃത്വത്തിൽ, മെത്രാന്മാരുടെയും, ആർക്കദിയാക്കോന്മാരുടെയും, കോർ-എപ്പിസ്കോപ്പാമാരുടെയും, മൽപ്പാന്മാരുടെയും, തിരഞ്ഞെടുക്കപ്പെടുന്ന രൂപതാ തലത്തിൽ ഉള്ള അൽമായ പ്രമുഖരുടെയും സമ്മേളനം ആണ് സുന്നഹദോസ്. ഇന്ന് നമ്മുടെ സഭയിൽ സുന്നഹദോസ് എന്ന പേരിൽ നടക്കുന്നത് മെത്രാൻ സമ്മേളനം അഥവാ എപ്പിസ്കോപ്പൽ സമ്മേളനം മാത്രം ആണ്.


*All images taken from internet for representation purpose