Friday, February 9, 2018

രക്‌ത സ്രാവവും അശുദ്ധിയും - വി. ഗ്രന്ഥത്തിൽ

               
        സ്ത്രീകളുടെ ആർത്തവ സംബന്ധമായ അശുദ്ധിയെക്കുറിച്ചു വിശുദ്ധ ഗ്രന്ഥം മോശമായി എഴുതിയിരിക്കുന്നു എന്ന ധ്വാനി ഉള്ള ഒരു ഒരു കുറിപ്പ് പ്രസിദ്ധനായ ഒരു അച്ചൻ എഴുതിയത് കണ്ടതാണ് ഈ ലേഖനം എഴുതാൻ പ്രചോദനമായത്. തീർച്ചയായും സ്വയം അനുഭവിക്കാത്ത ഒന്നായാണ് മൂലം, അതിന്റേതായ പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. ഏതായാലും അച്ചൻ സദ്‌ ഉദ്ദേശത്താൽ എഴുതിയത് കപട സ്ത്രീപക്ഷക്കാരും, വിശുദ്ധ ഗ്രന്ഥത്തിന്റെ ശത്രുക്കളും ആഘോഷമാക്കിയതിനാൽ അതിനെ കുറിച്ച് ഒന്ന് പഠിക്കാൻ തീരുമാനിച്ചു.

വി. ഗ്രന്ഥവും - ആർത്തവവും, സ്ത്രീവിരുദ്ധതയും 
     വി. ഗ്രന്ഥത്തിന്റെ വിമർശകർ, അത് സ്ത്രീ വിരുദ്ധം ആണെന്ന് സ്ഥാപിക്കാൻ ഏറ്റവും കൂടുതൽ ഉപേയാഗിക്കുന്ന രണ്ടു ഭാഗങ്ങളിൽ ഒന്നാണ് ആർത്തവത്തെ തുടർന്നുള്ള രക്‌തസ്രാവത്തെ കുറിച്ച് പരാമർശിക്കുന്ന ഭാഗം. ലേവ്യരുടെ പുസ്‌തകത്തിലെ ആ ഭാഗം ചുവടെ ചേർക്കുന്നു. ലേവ്യർ 15: 19-30.

             ഒറ്റ വായനയിൽ തികച്ചും സ്ത്രീവിരുദ്ധമായ ഒരു ഭാഗം ആണിത്. ഇതിനെ കത്തോലിക്കാരായവർ പ്രതിരോധിക്കുന്നത്, പഴയ നിയമത്തിലെ കാര്യങ്ങൾ പുതിയ നിയമ കാലം തൊട്ട് അപ്രസക്തമാണ് എന്നാണ്. അതെന്താ പഴയ നിയമത്തിലെ ദൈവം അല്ലേ, പുതിയ നിയമത്തിൽ? കാലാ കാലങ്ങളിൽ നിലപാടുകൾ മാറ്റുന്ന ദൈവമോ? തെറ്റായ ന്യായികരണം കൊടുക്കുമ്പോൾ നാം കൂടുതൽ കൂടുതൽ പ്രതിരോധത്തിൽ ആകുകയാണ് ചെയ്യുന്നത്.

വിശുദ്ധ ഗ്രന്ഥത്തിന്റെ ഉത്ഭവം 
ലോകത്തിലെ എല്ലാ മതങ്ങളുടെയും വിശുദ്ധ ഗ്രന്ഥത്തിന് ഒരു ഉത്ഭവ കഥ ഉണ്ടാകും. ദൈവം എഴുതിയ പുസ്ഥകം, ദൈവം പറഞ്ഞത് കേട്ടെഴുതിയ പുസ്ഥകം, ദൈവം പറഞ്ഞത്  കാണാപ്പാഠം പഠിച്ചിട്ട് പിന്നീട് എഴുതിയ പുസ്‌തകം എന്നിങ്ങനെ ഓരോ മതങ്ങൾക്കും അവരവരുടെ വിശ്വാസങ്ങൾ ഉണ്ട്. യഹൂദ-ക്രൈസ്‌തവ മത ഗ്രന്ഥങ്ങൾ എന്നാൽ അങ്ങനെ ഒന്നും അല്ല. ദൈവം നേരിട്ട് എഴുതിയ രണ്ടു അവസരങ്ങളെ വിശുദ്ധ ഗ്രന്ഥത്തിൽ ഉള്ളു. ഒന്ന് പുത്രൻ തമ്പുരാനായ ദൈവം തന്റെ മനുഷ്യാവതാരത്തിന് മുൻപ്, സീനായ് മരുഭൂമിയിൽ മോശക്ക് പത്തു പ്രമാണങ്ങൾ എഴുതി നൽകിയപ്പോളും, രണ്ടാമത് തന്റെ മനുഷ്യവതാരത്തിൽ പാപിനിയായ സ്ത്രീയെപ്രതി നിലത്തെഴുതിയപ്പോഴും. ബാക്കി ഉള്ളതെല്ലാം പല ഗ്രന്ഥകർത്താക്കൾ പരിശുദ്ധാത്മ നിവേശത്താൽ എഴുതിയതാണ്. അതായത് വിശുദ്ധ ഗ്രന്ഥം വായിക്കുമ്പോൾ, അത് എഴുതപ്പെട്ട സാഹചര്യവും, അത് എഴുതിയ വ്യക്തിയുടെ അനുഭവങ്ങളും, അത് ആർക്കു വേണ്ടി എഴുതപ്പെട്ടു എന്ന ബോധ്യവും ഉണ്ടാകണം. ജോഷ്വയും കൂട്ടരും ജെറിക്കോ പട്ടണത്തിനു ചുറ്റും നടന്നപ്പോൾ മതിലുകൾ പൊളിഞ്ഞു എന്നും പറഞ്ഞു, മറ്റു വിജാതിയരുടെ സ്ഥലങ്ങൾക്ക് ചുറ്റും നടക്കുന്ന അഭിനവ കരിസ്മാറ്റിക്ക്‌കാരെ നേരിട്ടു കണ്ടിട്ടുണ്ട്. 

ലേവ്യരുടെ പുസ്‌തകത്തിലെ സ്ത്രീ വിരുദ്ധത 
ആദ്യമായി മനസിലാക്കേണ്ടത്, ലേവ്യരുടെ പുസ്‌തകം ലേവ്യ ഗോത്രത്തിൽ പെട്ട ഇസ്രായേൽ ജനത്തിലെ പുരോഹിതവർഗ്ഗത്തിനും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി എഴുതപ്പെട്ടതാണ്. സീനായ് മരുഭൂമിയിൽ വച്ച് മോശയോ, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമോ അല്ലേൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഓർത്തെടുത്തോ ആരോ എഴുതിയ പുസ്‌തകം ആണ് ലേവ്യരുടെ പുസ്‌തകം. മോശ ഇസ്രായേൽ ജനത്തിന്  ദൈവനിവേശത്താൽ നിയമങ്ങൾ നൽകിയതയിൽ, പുരോഹിതർക്കും അവരുടെ കുടുംബത്തിനും നല്‌കിയ നിയമങ്ങൾ രേഖപ്പെടുത്തിയ പുസ്‌തകമാണ് ലേവ്യരുടെ പുസ്‌തകം. നിയമങ്ങൾ വായിക്കുമ്പോഴും അത് മനസിലാക്കാൻ ശ്രമിക്കുമ്പോഴും ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, ആ നിയമത്തിലെ എഴുതിയിരിക്കുന്നത് അല്ല ആ എഴുതിയിരിക്കുന്നതിന്റെ വാക്യങ്ങളുടെ ആത്മാവിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്. ആ നിയമത്തിന്റെ ആത്മാവ് എന്ന് പറയുന്നത്, നിയമദാതാവ് എന്താണോ ഉദ്ദേശിച്ചത്, അതാണ്. നിയമങ്ങളുടെ ആത്മാവിനെ മനസിലാക്കാതെ, നിയമം തന്ന ദൈവം എന്താണ് ഉദ്ദേശിച്ചത്‌ എന്ന് മനസിലാക്കാതെ നിയമം നടപ്പാക്കാൻ ശ്രമിച്ച ഫരിസേയരെ മിശിഹാ പല പ്രാവശ്യം വിമർശിക്കുന്നത്‌ നാം കണ്ടിട്ടുണ്ട്.

        ഇതിൽ എഴുതിയിരിക്കുന്നതിൽ പലർക്കും കല്ലുകടി ഉണ്ടാക്കുന്ന ഒരു വാക്ക് അശുദ്ധി എന്നതാണ്. ആർത്തവം എന്നത്‌ എങ്ങനാണ് അശുദ്ധയാവുന്നത് എന്നത് ന്യായമായ ചോദ്യം. അത് സ്ത്രീ വിരുദ്ധതയായി ആരോപിക്കുന്നവർ അതിനു മുൻപ് പുരുഷന്മാർ അശുദ്ധരാകുന്ന ഭാഗം വായിക്കാൻ സൗകര്യപൂർവ്വം മറക്കുന്നു (ലേവ്യർ 15: 1-19). യഹൂദ നിയമപ്രകാരം അശുദ്ധരാവുക എന്നത് ജീവിതത്തിൽ സാധാരണയായി സംഭവിക്കുന്ന ഒന്നാണ്. അത് ഒരു പാപമല്ല. ജെറുസലേം ദൈവാലയത്തിൽ പരിശുദ്ധനായ ദൈവം വസിക്കുന്നു എന്നവർ വിശ്വസിക്കുന്ന ഭാഗങ്ങളിൽ ശുശ്രൂഷ ചെയ്യുമ്പോൾ ഏറ്റവും ശുദ്ധരായിരിക്കണം എന്നവർ ആഗ്രഹിച്ചു. രക്തത്തിനും ജീവനും ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഒരു ജീവത രീതിയാണ് യഹൂദർക്കുണ്ടായിരുന്നത്. യഹൂദ മതത്തിന്റെ  തുടർച്ചയായ ക്രൈസ്‌തവ വിശ്വാസത്തിലും വി. കുർബാനയിൽ ജീവന്റെ അപ്പത്തിന്റെയും രക്തത്തിന്റെയും പ്രാധാന്യം നമുക്കറിയാമല്ലോ. അതിനാൽ ആർത്തവ നാളുകളിൽ രക്‌തസ്രാവം ഉള്ള സ്ത്രീകൾ വിശുദ്ധ വസ്‌തുക്കൾ പരികർമ്മം ചെയ്യുന്നതിൽ നിന്നും മാറി നിന്നു. അതായത് ഇതെല്ലം, കൂടുതലും ജെറുസലേം ദൈവാലയത്തോട് ബന്ധിപ്പിച്ചു പോന്ന ആചാരങ്ങൾ ആണ്. AD 72 യിൽ ജെറുസലേം ദൈവാലയം നശിപ്പിക്കപ്പെട്ടത് മുതൽ ഈ നിയമങ്ങൾക്ക് യഥാർത്ഥത്തിൽ പ്രധാന്യം ഇല്ല.

        ആ കാലയളവിൽ സ്ത്രീകൾ ഭർത്താക്കന്മാരുമായി ശാരീരിക ബന്ധം പാടില്ല എന്ന് പറയുന്നത് രോഗങ്ങൾ പകരാതിരിക്കാനും, ദേഹം ശുദ്ധി നഷ്ടപ്പെടാതിരിക്കാനും ആണെന്ന് വ്യക്തമാണല്ലോ. രക്‌തം രോഗാണുക്കളുടെ പകർച്ചക്കു ഏറ്റവും നല്ല മാധ്യമം ആണല്ലോ.

            ആർത്തവ കാലത്തുള്ള സ്ത്രീകൾക്ക് കൂടുതൽ പരിഗണനയാണ് അന്ന് കൊടുത്തിരുന്നത്. അവർക്കായി താമസിക്കാൻ പ്രത്യേക സജ്ജീകരങ്ങൾ ഉണ്ടാക്കിയിരുന്നു. ആർത്തവ രക്തം കൊണ്ട് ഉണ്ടാകാവുന്ന മലിനീകരണം ഇല്ലാതാക്കാകാൻ അന്നത്തെ ജനതയ്ക്ക് മറ്റു മാർഗ്ഗങ്ങൾ ഇല്ലായിരുന്നിരിക്കാം. ഈ സമയത്തു സ്ത്രീകൾക്ക് ഉണ്ടാകാവുന്ന ശാരിക പ്രയാസങ്ങൾ (തലവേദന, വയറുവേദന, സന്ധിവേദന പേശി വലിച്ചിൽ) അതി ജീവിക്കാൻ  ഒരു പരിധിവരെ 7 ദിവസത്തെ വിശ്രമം അവരെ സഹായിച്ചു.  ആർത്തവ കാലത്തുള്ള സ്ത്രീകളോട് അന്നത്തെ സമൂഹം കാണിച്ചിരുന്ന ബഹുമാനത്തിന്റെ ഉദാഹരണമാണ് റാഹേലിന്റെ കഥ. പിതാവായ ലാബാന്റെ കുലദൈവങ്ങളുടെ വിഗ്രഹങ്ങളുമായി യാക്കോബിനൊപ്പം ഒളിച്ചോടിയ റാഹേലിന്റെ കഥ അറിയുമായിരിക്കുമല്ലോ. തനിക്കു ഏറ്റവും പ്രിയപ്പെട്ട വിഗ്രഹം അവർ മോഷ്ടിച്ചു എന്ന് ഉറപ്പുണ്ടെങ്കിലും കൂടാരങ്ങൾ മുഴുവൻ തിരഞ്ഞ ലാബാൻ, റാഹേലിന് മാസമുറയാണെന്ന ഒറ്റ കാരണത്താൽ അവളെ എഴുന്നേൽപ്പിച്ചില്ല. നമുക്കു ഇന്നുള്ള മാനുഷിക മൂല്യം ആയിരുന്നില്ല അന്നത്തെ ജനത്തിന്റേത്. ചെറു പ്രായത്തിൽ തന്നെ വിവാഹിതയാകുന്നു യുവതികൾ, അവരുടെ ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ചിരുന്ന കാര്യം ഒരു അമ്മയാവുക എന്നതായിരുന്നു. മാസമുറയുടെ ഏഴ് ദിവസങ്ങൾ അവൾക്കു അതിനുള്ള തയ്യാറെടുപ്പായിരുന്നു. എങ്കിലും നിയമങ്ങൾ വാച്യാർത്ഥത്തിൽ മനുഷ്യർ കൂടുതലായി എടുക്കാൻ തുടങ്ങിയപ്പോൾ, നിയമദാതാവിയന്റെ ഉദ്ദേശത്തിൽ വെള്ളം ചേർക്കപ്പെട്ടു.

ആർത്തവ അശുദ്ധിയും ക്രൈസ്തവ കാഴ്ചപ്പാടുകളും 
പഴയ നിയമപുസ്തകത്തിലെ നിയമങ്ങളിൽ സംശയം ഉണ്ടാവുകയോ, മനസ്സിൽ ആകാതെ വരുകയോ ചെയ്യുമ്പോൾ, ഏറ്റവും എളുപ്പം ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ മിശിഹാ അല്ലെങ്കിൽ അവിടുത്തെ ശിഷ്യന്മാർ എന്ത് ചെയ്തു അല്ലേൽ എന്ത് പറഞ്ഞു എന്ന് ശ്രദ്ധിക്കുന്നത് ആണ്. മോശയുടെ നിയമങ്ങളുടെ പൂർത്തീകരണമായ മിശിഹായെക്കാളും നിയമങ്ങളുടെ വ്യാഖ്യാനം നടത്താൻ കഴിവുള്ള ആരും ഉണ്ടാകില്ലല്ലോ. രക്‌ത സ്രാവക്കാരി സ്ത്രീയും ഈശോ മിശിഹായും തമ്മിലുള്ള സംഭവം അതിനു ഉദാഹരണം ആണ്. വളരെ നാടകീയമായാണ് ഈ രംഗം സുവിശേഷകാരൻ അവതരിപ്പിച്ചേക്കുന്നത്. എനിക്ക് അസുഖമാണ് സുഖപ്പെടുത്തണം എന്ന് പറഞ്ഞു വന്നപ്പോൾ, വിജയ് സ്റ്റൈലിൽ 'എന്ന എല്ലാമോ പണ്ണിയിറുക്ക്‌, ഇത് പണ്ണ മാട്ടാ" എന്നും പറഞ്ഞു സുഖപ്പെടുത്തുന്ന ഒരു മിശിഹായെ അല്ല സുവിശേഷകൻ കാണിക്കുന്നത്.

നിലക്കാത്ത രക്തസ്രാവം എന്ന അസുഖം ഉള്ള സ്ത്രീ വളരെ രഹസ്യമായി മിശിഹായുടെ വസ്ത്രത്തിൽ പിടിച്ചു. കുഷ്ടരോഗികൾ പോലും പരസ്യമായി രോഗശമനത്തിനായി മിശിഹായുടെ അടുക്കൽ വരുമ്പോൾ ആണ്, ആ സ്ത്രീ രഹസ്യമായി വരുന്നത്. കാരണം ഫരിസേയ വർഗ്ഗം മോശയുടെ നിയമനങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്ന നാളുകൾ ആയിരുന്നു അത്. രക്‌ത സ്രാവക്കാരിയായ താൻ മിശിഹായുടെ മുന്നിൽ വന്നാൽ, അദ്ദേഹം തന്നെ തൊട്ടു സുഖപ്പെടുത്തിയാൽ,  ഫരിസേയരുടെ നിയമപ്രകാരണം മിശിഹാ അശുദ്ധനാകും. അല്ലേൽ തന്നെ തൊട്ടാൽ അശുദ്ധനാകും എന്ന കാരണത്താൽ മിശിഹാ സൗഖ്യം തന്നില്ലെങ്കിലോ എന്നും അവൾ ചിന്തിച്ചിട്ടുണ്ടാകാം. അറിയില്ല. അതിനാൽ ആരും അറിയാതെ അവൾ മിശിഹായുടെ വസ്ത്രത്തിൽ തൊടുന്നു സൗഖ്യം പ്രാപിക്കുന്നു. തന്നിലുള്ള വിശ്വാസത്താൽ ഒരാൾ സൗഖ്യം പ്രാപിക്കുന്നത് മിശിഹായെ സംബന്ധിച്ചടത്തോളം നിസാരമായ കാര്യമാണ്. എങ്കിലും കാര്യങ്ങൾ വീണ്ടും കുഴപ്പിക്കാൻ മിശിഹാ ആരാണ് എന്നെ തൊട്ടത്‌ എന്ന് അന്വേഷിക്കുന്നു. അത് അവിടുത്തേക്ക്‌ അറിയാൻ മേലാത്തത് കൊണ്ടല്ല. സമൂഹത്തിന്റെയും അവളുടെയും തെറ്റായ വിശ്വാസത്തെ അല്ലേൽ നിയമ വ്യാഖ്യാനത്തെ അവിടുന്ന് തകർത്തെറിയുകയാണ്. തന്നെ ഒരു രക്‌ത സ്രാവക്കാരി തൊട്ടു എന്നും, താൻ അശുദ്ധനായിട്ടില്ല എന്ന് മാത്രമല്ല അവൾ സൗഖ്യം പ്രാപിച്ചു എന്നും അവിടുന്ന് ലോകത്തിനു കാട്ടി തന്നു. അത് വഴി ദുർവ്യാഖ്യാനത്തിലൂടെ സ്ത്രീ വിരുദ്ധമാക്കപ്പെട്ട നിയമത്തിൽ നിന്നും തന്നിൽ വിശ്വസിക്കുന്ന എല്ലാ സ്ത്രീകളെയും അവിടുന്ന് മോചിപ്പിച്ചു. റോമയിലെ കാറ്റക്കൊമ്പുകളിൽ ആദിമ നസ്രാണികൾ വരച്ച ഈ ചിത്രം, അന്നത്തെ ജനങ്ങൾ ഈ സംഭവം എത്ര പ്രാധാന്യത്തോടെ ആണ് കണ്ടത് എന്ന് വിളിച്ചറിയിക്കുന്നു

           വിശുദ്ധ ഗ്രന്ഥം, പഴയ നിയമം ആണെങ്കിലും പുതിയ നിയമം ആണെങ്കിലും അത് ജാതി, വർഗ്ഗ, ലിങ്ക പരിഗണനക്കപ്പുറം ആണ്. അല്ലെന്ന് തോന്നുന്നുണ്ടെങ്കിൽ അത് വായിക്കുന്ന നമ്മുടെ മനസ്സിലാക്കാൻ ഉള്ള ശേഷിയുടെ കുറവ് മൂലം ആണ്. വിശുദ്ധ ഗ്രന്ഥത്തിന്റെ ഒരു ഭാഗം മോശം, മറ്റൊരു ഭാഗം നല്ലതു എന്നത് ക്രൈസ്‌തവ കാഴ്ചപ്പാടല്ല. അങ്ങനെ ആക്കി തീർത്തു അതിന്റെ പിറവിയിലെ ദൈവകരത്തെയും, പവിത്രതയെയും സംശയത്തിന്റെ മുനയിൽ നിർത്തി വിശ്വാസം ക്ഷയിപ്പിക്കുക എന്നത് വളരെ പഴയതും ഇന്ന് പുരോഗമന ലിബറൽ ദൈവശാസ്ത്രം എന്ന പേരിൽ പുതിയ കുപ്പിയിൽ ഇറങ്ങിയ ചില ചിന്താധാരകളുടെ ലക്ഷ്യമാണ്. വിശ്വാസികളായ നാം അതിൽ വീഴാതെ സൂക്ഷിക്കണം. നിർഭാഗ്യവശാൽ ചില പുരോഹിതരും ആ കൂട്ടത്തിൽ ഉണ്ട്.

                  ഈ സ്ത്രീ പക്ഷവാദികൾ തങ്ങളുടെ വീട്ടിൽ, ജോലി സ്ഥലനങ്ങളിൽ, റിസപ്ഷൻ, നഴ്‌സിംഗ് മേഖലകളിൽ 8-12 മണിക്കൂർ മാസമുറയുടെ കാലത്തു നിന്ന് കൊണ്ട് ജോലി ചെയ്യുന്ന സഹോദരിമാരുടെ കണ്ണുനീർ കാണില്ല. അവരുടെ ശാരിക അസ്വസ്ഥത, വേദനകൾ കാണില്ല. മോശയുടെ നിയമപ്രകാരം ഏഴ് ദിവസം ഒന്നും അവധി കൊടുത്തില്ലേലും, അതിന്റെ പകുതിൽ താഴെ മൂന്നു ദിവസമെങ്കിലും മാസമുറ നടക്കുന്ന സമയങ്ങളിൽ അവർ സ്ത്രീകൾക്ക് അവധി നൽകുമോ? ഉത്തരം ഇല്ല എന്നാണെങ്കിൽ, ദുഖത്തോടെ പറയട്ടെ അവർ സ്ത്രീ പക്ഷവാദികൾ അല്ല. സ്ത്രീകൾക്കായി മാത്രം ദൈവം തന്ന ഈ ദാനത്തിന്റെ വില ഇടിച്ചു കളഞ്ഞു, അവളെ മാസം മുഴുവൻ പണി എടുപ്പിക്കുക എന്ന കമ്പോളവൽക്കരണക്കാരുടെ പിണി ആളുകളാണ് ഈ കപട സ്ത്രീ പക്ഷവാദികൾ.

                      ആർത്തവ നാളുകളിൽ സ്ത്രീക്ക് കൂടുതൽ വിശ്രമം വേണം. മാനസികാവസ്ഥയിൽ പോലും വ്യതിയാനങ്ങൾ ഉണ്ടാകുന്ന ഈ അവസ്ഥയിൽ, അവൾക്കു കുടുംബാങ്കങ്ങളുടെ പരിചരണവും പിന്തുണയും സഹായവും വേണം. ഇതൊന്നും ലഭ്യമാകാത്ത ഇന്നത്തെ നിയമവ്യവസ്ഥയാണ് എന്റെ അഭിപ്രായത്തിൽ മോശയുടെ നിയമവ്യവസ്ഥയെക്കാൾ സ്ത്രീ വിരുദ്ധം.

                    ഞാൻ ഉൾപ്പെടാത്ത ഒരു വിഭാഗത്തെ കുറിച്ചാണ് ഞാൻ എഴുതിയത്. അതിനാൽ തെറ്റുണ്ടെങ്കിൽ എന്റെ അറിവില്ലായ്മയായി കണ്ടു ക്ഷമിച്ചു, തിരുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.

നന്ദി.