Thursday, March 8, 2018

വിളവെടുപ്പിന്റെ കാലം അല്ലാതിരുന്നിട്ടും ശപിക്കപ്പെട്ട അത്തിമരം :- സിറോ മലബാർ സഭക്ക് നൽകുന്ന പാഠം



           വലിയ ആഴ്ചയിലെ പ്രധാന സംഭവങ്ങളിൽ ഒന്നാണ് നമ്മുടെ കർത്താവായ ഈശോ മിശിഹാ, അത്തിമരത്തെ ശപിക്കുന്നതും അത് ഉണങ്ങി പോകുന്നതും. ഈ സംഭവം വിവരിച്ചിരിക്കുന്നത് മാർ മാർക്കോസിന്റെ സുവിശേഷം പതിനൊന്നാം അധ്യായത്തിലാണ്.

സംഭവത്തിന്റെ പശ്ചാത്തലം 

      ഓശാന ഞായർ മിശിഹാ, പ്രവചനങ്ങൾ പൂർത്തിയാക്കി കഴുതക്കുട്ടിയുടെ പുറത്തു രാജകീയമായി ജറുസലേം പട്ടണത്തിലേക്കു കടന്നു. തന്റെ പിതാവിന്റെ ഭവനമായ ജറുസലേം ദൈവാലയത്തിലേക്ക് കടന്ന മിശിഹ, ഒരു രാജാവിനെ പോലെ എല്ലാം നിരീക്ഷിച്ചു. സിനിമകളിൽ കാണും പോലെ, നാം കേട്ടിട്ടുള്ളത് പോലെ അന്നല്ല മിശിഹാ ദൈവാലയം ശുദ്ധീകരിക്കുന്നത്. വൈകുന്നേരം വരെ ദൈവാലയം ചുറ്റി നിരീക്ഷിച്ച മിശിഹാ, ശിഷ്യന്മാരെയും കൂട്ടി ബഥാനിയായിലേക്ക് യാത്രയായി. 

ബഥാനിയാ

             ബഥാനിയാ പ്രധാനമായും, ഗലീലിയ പ്രദേശത്തു നിന്നും ജറുസലേം ദൈവാലയത്തിലേക്ക് തീർത്ഥാടനം നടത്തുന്ന യഹൂദർ തങ്ങുന്ന പ്രദേശമാണ്. സമരിയായ്ക്കു വടക്കുള്ള പ്രദേശമാണല്ലോ ഗലീലിയ. സമരിയക്കാരുമായുള്ള ശതൃത നിമിത്തം, ഗലീലിയക്കാരായ യഹൂദർ, സമരിയയിലൂടെ കടക്കാതിരിക്കാൻ, ജോർദാൻ നദിയുടെ തീരത്തൂടെ ഹെബ്രോനിലൂടെ ആണ് ജെറുസലേമിലേക്ക് കടക്കുന്നത്. ഈ ദുർഘടമായ യാത്രയിൽ, തീർത്ഥാടകർ അവസാനം തങ്ങുന്നത് ജറുസലേമിൽ നിന്ന് 2 കിലോമീറ്റര് മാത്രം അകലമുള്ള ബഥാനിയായിലാണ്. മിശിഹാ ഒരു ഗലീലിയക്കാരൻ ആണ്. അതിനാൽ തന്നെ ആ പെസഹാക്ക്, തന്റെ നാട്ടിൽ നിന്നും ബഥാനിയായിൽ എത്തിയ തീർത്ഥാടകർ പലരും മിശിഹായുടെ പരിചയക്കാർ ആയിരുന്നു. മിശിഹായുടെ സുഹൃത്തായ ലാസറിന്റെ ഭവനവും ബഥാനിയായിൽ ആയിരുന്നു. ലാസർ എങ്ങനെ മിശിഹായുടെ സുഹൃത്തായെന്നു മനസ്സിലായിക്കാണുമല്ലോ.

            അന്ന് വൈകിട്ട്, ബഥാനിയായിൽ (ലാസറിനൊപ്പം ആയിരിക്കണം) വിശ്രമിച്ച മിശിഹായും ശിഷ്യൻമാരും പിറ്റേ ദിവസം, അതായത് വലിയ തിങ്കളാഴ്ച, ജെറുസലേമിലേക്ക് വീണ്ടും യാത്ര ആയി. വഴിയിൽ വച്ച് മിശിഹായ്ക്കു വിശക്കുന്നു. നാൽപ്പതു ദിവസം ഉപവാസം ഇരുന്ന, സാത്താന്റെ പരീക്ഷണങ്ങളെ വിജയിച്ച മിശിഹായ്ക്കു ആണ് പെട്ടന്ന് വിശന്നത് എന്ന് ഓർക്കണം. മിശിഹാ ദൂരത്തു, ഒരു തളിരിട്ട അത്തിമരം കണ്ടു. പെസഹാ, ഇസ്രയേലിന്റെ വസന്ത കാലത്താണ്. വസന്തകാലത്താണ് അത്തിമരത്തിൽ പുതിയ ഇലകൾ തളിർക്കുന്നത്. മിശിഹാ ആ അത്തിമരത്തിന്റെ സമീപം എത്തി, അതിന്റെ ഇലകൾ എല്ലാം പരാതി. ഒരു ഫലവും അതിൽ ഇല്ലായിരുന്നു. 'ഇനി ആരും ഇതിൽ നിന്നും പഴം തിന്നാതിരിക്കട്ടെ' എന്ന് ശാസിച്ചു കൊണ്ട് അവിടുന്ന് ജെറുസലേമിലേക്ക് നടന്നു. കുസൃതിക്കാരനായ സുവിശേഷകൻ 'അത് അത്തി പഴത്തിന്റെ കാലം അല്ല' എന്ന് കുറിക്കുകയും ചെയ്‌തു.


           അത്തി പഴത്തിന്റെ കാലം അല്ലാത്ത സമയത്തു, അത്തി പഴം പുറപ്പെടുവിച്ചില്ല എന്ന കാരണം കൊണ്ട് ആ മരത്തെ ശപിക്കുന്ന മിശിഹാ!!! ഒരു കർഷക കുടുംബത്തിൽ ജനിച്ചത് കൊണ്ട് തന്നെ, ഇത് എനിക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. കാരണം അത്തിമരം എപ്പോൾ കായ്ക്കണം എന്ന നിയമം ഉണ്ടാക്കിയത് ദൈവം അല്ലെ? അസമയത്തു കായ പുറപ്പെടുവിക്കാഞ്ഞത് അതിന്റെ തെറ്റല്ലല്ലോ!!!

അത്തിമരവും അതിന്റെ ഫലവും
         
               വിശുദ്ധ ഗ്രന്ദത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരു വിശിഷ്ട വൃക്ഷമാണ് അത്തി. ആദിമാതാപിതാക്കൾ തങ്ങളുടെ നഗ്നത മറച്ചത്, അത്തി ഇലകൾ കൊണ്ടാണെന്ന് ഒരു കഥ ഉണ്ട്. ഇസ്രായേൽ കാനാൻ ദേശം കൈവശപ്പെടുത്താൻ പോയപ്പോൾ, അവിടെ വളരുന്ന ഫലം തരുന്ന ഏഴ് ചെടികളിൽ ഒന്ന് അത്തിയായിരുന്നു. അത്തി വിശുദ്ധഗ്രന്ഥത്തിൽ സമൃദ്ധിയുടെ പ്രതീകം ആയിരുന്നു. ഒപ്പം അത്തി ഇസ്രേയലിന്റെ പ്രതീകം ആയിരുന്നു. ഇസ്രേയലിലെ വേനലിൽ ആണ് അത്തി പഴം വിളഞ്ഞു വിളവെടുപ്പിന് കാലമാകുന്നത്. അതായത് ആഗസ്റ്റ് മുതൽ ഒക്ടോബർ വരെ. നിസാൻ (ഏപ്രിൽ) മാസത്തിലാണ് മിശിഹാ അത്തിമരത്തിന്റെ അടുത്ത് ചെന്നത്.

അപ്പോൾ അതിൽ ഫലം കാണുമോ?

         
               ഉത്തരം കാണും എന്നാണ്. കഴിഞ്ഞ വർഷം വിളവെടുത്ത കൊമ്പുകളിൽ, വസന്തകാലത്തു ചെറിയ അത്തിപ്പഴം ഉണ്ടാകും. ഇവ ഇലകളുടെ അടിയിൽ ആണ് ഉണ്ടാകുക. വലുപ്പത്തിൽ ചെറുതും, രുചി കുറവും ഉള്ള അത്തിപ്പഴം ആണ് ഇത്. ഇതിന്റെ പേര് ബ്രെബ (റ്റാക്ഷ്‌) എന്നാണ്. പാവപ്പെട്ട ജനങ്ങൾ വിശപ്പ് മാറ്റാൻ, ഇത് ഉപയോഗിക്കാറുണ്ട്. ഇലകളുടെ അടിയിൽ ഉണ്ടാകുന്നതിനാൽ മരത്തിന്റെ അടുത്ത് ചെന്ന്, ഇലകളുടെ അടിയിൽ നോക്കേണ്ടി വരും അത് കിട്ടാൻ. ഇത് കഴിക്കാനാണ് മിശിഹാ, അത്തിമരത്തിന്റെ അടുത്ത് എത്തിയത്. വേനൽക്കാലത്തു വിളവെടുക്കുന്ന അത്തിപ്പഴം, ഇലകൾക്ക് മുകളിൽ ആണ് ഉണ്ടാവുക. വസന്തത്തിൽ ഇലകൾ തളിർത്ത, ഒറ്റ റ്റാക്ഷ്‌ പോലും ഉണ്ടാകാത്ത അത്തിമരം, ചുരുങ്ങിയത് ആ വർഷം വിളവ് തരില്ല. അതായതു ഇനി ഫലം തരില്ല എന്ന് വളരെ വ്യക്തമായ ഒരു വൃക്ഷത്തെ ആണ് മിശിഹാ ശപിച്ചത്. വളരെ അധികം തളിർത്ത ഇലകൾ കൊണ്ട് മൂടിയ ആ മരം, പുറമേക്ക് നോക്കുന്ന ആർക്കും, ഫലം ഉള്ള അത്തിയായി തോന്നാം. എന്നാൽ മിശിഹാ അതിന്റെ ഇലകളുടെ അടിയിൽ പരതിയപ്പോൾ ഫലം ഇല്ലാത്ത, ഇനി ഫലം ഉണ്ടാകാത്ത ഒരു മരമാണെന്നു കണ്ടെത്തി.

മിശിഹാ ജറുസലേം ദൈവാലയം ശുദ്ധീകരിക്കുന്നു

                 അത്തി മരത്തിനെ ശപിച്ചതിന് ശേഷം മിശിഹാ നേരെ ചെന്നത് ജറുസലേം ദൈവാലയത്തിലേക്കാണ്. ഈ ഒരു പശ്ചാത്തലത്തിൽ വേണം നാം  മിശിഹാ എന്തിന് അത്തിമരത്തെ ശപിച്ചു എന്ന് ചിന്തിക്കുവാൻ. പുറമേക്ക് ജനത്തെ കബളിപ്പിക്കാൻ വിശുദ്ധിയുടെയും ഭക്തിയുടെയും ഇലകൾ കൊണ്ട് മൂടി നിന്നതായിരുന്നു ഇസ്രായേലിലെ പൗരോഹിത്യം. എന്നാൽ ആ ഇലകൾക്കിടയിൽ സാധാരണ ജനങ്ങൾക്കാവശ്യമായ രുചി കുറഞ്ഞ അത്തിപ്പഴം പോലും ഇല്ലായിരുന്നു. അവർ ദൈവാലയത്തെ, അവരുടെ തളിർത്ത ഇലകൾ കൊണ്ട് മൂടി കച്ചവടസ്ഥലം ആക്കി. സാധാരണ സമയത്തു രുചി കുറഞ്ഞ പഴങ്ങൾ പോലും പുറപ്പെടുവിക്കാൻ സാധികാത്ത അവർ, വിളവെടുപ്പിന്റെ സമയത്തു ഒരു ഫലവും പുറപ്പെടുവിക്കില്ല എന്ന് മിശിഹായ്ക്കു മനസിലായി. അവിടുന്ന് മേശകൾ എല്ലാം തട്ടി മറിക്കുകയും, പുരോഹിതരെ കവർച്ചക്കാർ എന്ന് വിളിക്കുകയും ചെയ്‌തു. തന്റെ പിതാവിന്റെ ആലയം എല്ലാ ജനതകൾക്കും ഉള്ളതാണെന്നും, പുരോഹിതവർഗ്ഗത്തിന്റെ കുത്തക അല്ലെന്നും അവിടുന്ന് ഓർമ്മിപ്പിച്ചു.


അത്തിമരം ഉണങ്ങി പോകുന്നു

              അന്ന് വൈകുന്നേരം മിശിഹായും ശിഷ്യരും തിരിച്ചു ബഥാനിയായിലേക്ക് പോകുന്നു. വലിയ ചൊവ്വാഴ്ച രാവിലെ അവർ ആ മരത്തിന്റെ അരികിലൂടെ പോയപ്പോൾ ആ മരം ഉണങ്ങി പോയതായി ശിഷ്യന്മാർ കണ്ടു. അത്തിമരം ഉണങ്ങിയത് ഇസ്രായേൽ ഉണങ്ങിയതിന് തുല്യമാണ്. ഫലമില്ലത്ത ഇസ്രായേൽ, ഏതാനും വർഷങ്ങൾക്കുള്ളിൽ ഉണങ്ങി. ജറുസലേം ദൈവാലയം തകർക്കപ്പെട്ടു. ജനം ചിതറിക്കപ്പെട്ടു. അത്തിമരം ഇസ്രേയലിന്റെ പ്രതീകം ആണ്. മിശിഹായുടെ സഭ, ഇസ്രയേലിന്റെ തുടർച്ച ആണ്. എങ്കിൽ ഇന്ന് അത്തിമരം സഭയാണ്. നമ്മുടെ അമ്മയായ സിറോ മലബാർ സഭ മിശിഹായുടെ തോട്ടത്തിലെ ഒരു അത്തിമരം ആണ്.


സിറോ മലബാർ സഭ എന്ന അത്തിമരം

                AD 50 യിൽ മാർ തോമ്മാ ശ്ലീഹാ, യെരുശലേമിൽ നിന്നും കൊണ്ട് വന്ന വിത്തിൽ വളർന്ന സഭയാണ് നമ്മുടെ സിറോ മലബാർ സഭ. ഭാരതത്തിന്റെ മണ്ണിൽ ആ ചെടി സാവധാനം വളർന്നു. അതിന്റെ സഹോദരങ്ങളായ മറ്റു അത്തിമരത്തിൽ നിന്നും ദൂരെ ആയതിനാൽ, ഭാരതത്തിലെ സാഹചര്യങ്ങളോട് ഇണങ്ങി അത് വളർന്നു. അതിന്റെ വളർച്ചയിൽ അസൂയാലുക്കളായ ചിലർ അതിനെ കയർ കെട്ടി മുറുക്കി. അതിൽ നിന്നും ചില ശാഖകൾ നഷ്ടമായി. 400 വർഷം ആ അത്തിമരം, ശിഖരങ്ങൾ ഒന്ന് വളരാൻ പോലും ആകാതെ മുരടിച്ചു നിർത്തപ്പെട്ടു. എങ്കിലും മിശിഹായുടെ കൃപയാൽ, അത്തിമരം സ്വന്തന്ത്രയായി. അത്തിമരം ഭാരതം മുഴുവൻ ഫലം തരാൻ പാകത്തിൽ ഉള്ള വൃക്ഷമായി. അതിന്റെ ഫലം മൂലം, ഭാരത്തിന്റെ മുക്കിലും മൂലയിലും മിഷനുകളും സുവിശേവക്കരണവും നടന്നു. എന്തിന് വളമില്ലാതെ മുരടിച്ചു പോയ യൂറോപ്പിലെയും, ആഫ്രിക്കയിലെയും അത്തിമരങ്ങളെ തന്റെ ഫലങ്ങൾ കൊണ്ട് അത് തൃപ്തിപ്പെടുത്തി.

സിറോ മലബാർ സഭ എന്ന അത്തിമരം ഇന്ന്

                  ശതൃക്കൾ, സഭക്ക് മനസില്ലാ മനസ്സോടെ സ്വന്തന്ത്ര്യം നൽകിയപ്പോഴും, ചില കീടങ്ങളെയും രോഗങ്ങളെയും മരത്തിൽ അവശേഷിപ്പിച്ചിട്ടാണ് പോയത്. പ്രാദേശികവാദം, ഭാരതവൽക്കരണം, സ്വന്തം ആരാധനാക്രമത്തോടുള്ള അതൃപ്തി, മെത്രാന്മാരെ അനുസരിക്കാത്ത വൈദീകർ എന്നിവയായിരുന്നു ചില അസുഖങ്ങളും കീടങ്ങളും. എല്ലാം താനെ ശരിയാകും എന്ന് വിചാരിച്ചു അത്തിമരത്തിന്റെ വേലക്കാർ വേണ്ട ചികിത്സ നടത്തിയില്ല. അതിനാൽ ഇന്ന് അസുഖങ്ങൾ മൂർച്ഛിക്കുകയും, കീടങ്ങൾ മരത്തിനെ നശിപ്പിക്കുന്ന ഘട്ടം വരെ എത്തുകയും ചെയ്‌തിരിക്കുന്നു.

           അത്തിമരത്തിന്റെ പ്രധാന വേലക്കാരനായ സഭാ പിതാവിനെ തന്നെ ഇല്ലാതാക്കാനും, അദ്ദേഹത്തെ നാടു കടത്താനും ശ്രമം നടക്കുന്നു. സഭാ ആസ്ഥാനം കീടങ്ങൾ പൊതിയുന്നു. തിരുപ്പിറവി ദിവസം പോലും, പ്രധാന വേലക്കാരന് തോട്ടം സന്ദർശിക്കാൻ കഴിയാത്ത വിധം കീടങ്ങൾ അദ്ദേഹത്തെ ആക്രമിച്ചു. തോട്ടത്തിലെ പ്രധാന തീർഥാടന സ്ഥലമായ മലയാറ്റൂരിൽ, അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതിന്റെ രക്‌തം വീണു. തോട്ടത്തിന്റെ പുരാതന ആസ്ഥാനമായ അങ്കമാലിയിലെ പുരോഹിതൻ, പ്രധാനവേലക്കാരനും അത്തിമരത്തിനും എതിരായി കലാപക്കൊടി ഉയർത്തി കഴിഞ്ഞു. വേലക്കാർ പ്രധാനവേലക്കാരനെതിരായി രഹസ്യമായും പരസ്യമായും യോഗം കൂടാൻ തുടങ്ങി. തോട്ടത്തിലെ സന്യാസികൾ കമ്മൂണിസം, കച്ചവടം, മുതലാളിത്തം തുടങ്ങിയ അത്തിമരത്തിന്റെ അല്ലാത്ത ഫലങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങി. തോട്ടത്തിലെ ആൺ കുട്ടികൾ, വിശ്വാസം നഷ്ട്ടപ്പെട്ടു മദ്യത്തിനും മയക്കു മരുന്നിനും അടിമകളാകുന്നു. തോട്ടത്തിലെ പെൺകുട്ടികൾ, തോട്ടം ഉപേക്ഷിച്ചു മറ്റു കാട്ടുചെടികൾക്കിടയിൽ ചേക്കേറുന്നു. തോട്ടം നാശത്തോടു അടുക്കുന്നു.

             വേനൽക്കാലത്തെ (ഖൈത്താക്കാലം) വിളവെടുപ്പിന്റെ സമയം ഇനിയും ആയില്ല. വസന്തകാലത്തു തന്നെ എന്റെ അത്തിമരം, ഇന്ന് രോഗങ്ങളാലും കീടങ്ങളാലും വലയുന്നു. വസന്തകാലത്തു ഉണ്ടാകേണ്ട ഫലങ്ങൾ, ഈ രോഗങ്ങളും കീടങ്ങളും ഇല്ലാതാക്കുമോ? അങ്ങനെ ഇല്ലാതായാൽ, ഫലം ഭക്ഷിക്കാൻ വരുന്ന മിശിഹാ, എന്റെ അത്തിമരത്തെ ശപിക്കുമോ? രണ്ടായിരം വർഷം കൊണ്ട് വളർത്തി എടുത്ത ഈ അത്തിമരത്തെ ,തോട്ടത്തിന്റെ ഉടമ കൈയ്യൊഴിയുമോ?

സിറോ മലബാർ സഭ എന്ന അത്തിമരം നാളെ

                  ഇല്ല, വിളവിന്റെ നാഥൻ, അവന്റെ അത്തിമരത്തെ കൈവെടിയില്ല എന്ന് പ്രാർത്ഥിക്കാം. അബ്രഹാം അപേക്ഷിച്ചപോലെ, കർത്താവേ, പത്തു ശതമാനം ഫലം തരുന്ന ശാഖകൾ എങ്കിലും ഉണ്ടെങ്കിൽ, കനിവ് തോന്നി, ഈ അത്തിമരത്തെ നശിപ്പിക്കരുതേ!!! കർത്താവെ ഭൂമിയിലെ ആറിലൊന്നായ, ഭാരതത്തിലെ ജനങ്ങൾക്ക് വിശപ്പു മാറ്റുവാൻ അങ്ങ് മാർ തോമ്മായാൽ നട്ട ഈ അത്തിമരത്തോടു കൃപയായിരിക്കേണമേ. കർത്താവേ, പ്രധാനവേലക്കാരനെയും, മറ്റു വേലക്കാരെയും ശക്തിപ്പെടുത്തേണമേ. കീടങ്ങളെ കൊന്നൊടുക്കുവാനും, അസുഖങ്ങൾ ഭേദമാക്കാനും ഉള്ള മരുന്നുകൾ, അങ്ങ് അങ്ങയുടെ ദൂതന്മാർ വഴി നൽകേണമേ.

                 കർത്താവേ, എങ്കിൽ  അങ്ങ് വസന്ത കാലത്തു വിശന്നു വരുമ്പോൾ, ഞങ്ങൾ തളിർത്ത ഇലകൾക്ക് അടിയിൽ ഫലങ്ങളുമായി നിൽക്കാം. വിധിദിവസമായ വേനൽക്കാലത്തു, ഇലകൾക്ക് മുകളിൽ ഏറ്റവും കൂടുതൽ ഫലങ്ങളുമായി, അങ്ങയെ സ്വീകരിക്കാൻ ഞങ്ങൾക്ക് ശക്തി ലഭിക്കും.

ആമ്മേൻ.