Monday, October 17, 2016

53 മണി ജപമാല ഒരു അവലോകനം

53 മണി ജപമാല ഒരു അവലോകനം






എന്താണ് ജപമാല ?
ഏതേലും ഒരു ലളിതമായ പ്രാർത്ഥന, നിശ്ചിത എണ്ണം, എണ്ണി ഉരുവിടുന്ന ഒരു ഭക്ത അഭ്യാസം. എണ്ണാൻ സഹായിക്കുന്നതിനായി മുത്തുകളോ, അതിനു തുല്യമായാവോ കോർത്ത് ഒരു മാല ഉണ്ടാക്കുന്നത് ജപമാലകളിൽ പതിവാണ്.
ജപമാലൾ  ക്രിസ്തീയ സഭകളിൽ മാത്രമേ ഉള്ളോ?
അല്ല ഹൈന്ദവ, ബൗദ്ധ, ജൈന, ഇസ്ലാമിക പാരമ്പര്യങ്ങളിൽ ജപമാല ഉണ്ട് 
ജപമാലകൾ കത്തോലിക്കാ സഭകളിൽ മാത്രമേ ഉള്ളോ
അല്ല, ഓർത്തഡോക്സ്‌ സഭകളിലും ഉണ്ട്.
എത്ര തരം ജപമാലകൾ കത്തോലിക്കാ സഭയിൽ ഉണ്ട്?
53 മണി, രക്‌ത കൊന്ത തുടങ്ങിയ പല തരം ജപമാലകൾ കത്തോലിക്കാ സഭയിൽ ഉണ്ട്. അതിൽ ചിലതിനു കൂടുതൽ പ്രചാരം (ശക്തമായ ചില സന്യാസ സമൂഹങ്ങളുടെ പിൻതുണ മൂലം) ലഭിച്ചു എന്ന് മാത്രം. എണ്ണുക എന്ന് അർത്ഥം വരുന്ന Conto എന്ന പോർട്ടുഗീസ് വാക്കിൽ നിന്നും കൊന്ത എന്ന വാക്ക് മലയാളത്തിൽ ഉണ്ടായി.
ജപമാലകൾ കത്തോലിക്കാ സഭയിൽ വളർന്നത് എന്ന്?
യൂറോപ്പിൽ നടന്ന ഒരു യുദ്ധത്തിൽ മാർപാപ്പ പിന്തുണ കൊടുത്ത സേന വിജയിച്ചതിൻ്റെ ഭാഗം ആയി ആണ് 53 മണി ജപമാല ലത്തീൻ സഭയിൽ പ്രചാരം ലഭിച്ചത്. അതിനു ശേഷം ലത്തീൻ സഭയോ, അതിലെ സന്യാസ സഭകളോ കോളനിവൽക്കരിച്ച രാജ്യങ്ങൾ അല്ലേൽ സഭകളിൽ, ജപമാലകൾ പ്രാർത്ഥന ആയി പ്രബലപ്പെട്ടു. കാരണം ആ ജനത്തിന് ഒന്നുകിൽ സ്വന്തമായി യാമനമസ്കാരങ്ങൾ ഇല്ലായിരുന്നു, അല്ലെങ്കിൽ അവരുടെ തദ്ദേശീയമായ സഭാ സംവിധാനവും പ്രാർത്ഥനയും നശിപ്പിക്കപ്പെട്ടു. 
ഈശോ മിശിഹാ ജപമാലകൾ ചൊല്ലിയിരുന്നോ?
ഇല്ല. യഹൂദ പാമ്പര്യങ്ങൾ അനുഷ്ടിച്ചിരുന്ന മിശിഹാ, പല യാമങ്ങളിലും പ്രാർത്ഥിക്കുന്നതായും, സിനഗോഗുകളിൽ സങ്കീർത്തനങ്ങളും വേദ പുസ്‌തകും വായിക്കുന്നതും പഠിപ്പിക്കുന്നതും കാണാൻ സാധിക്കും.
സ്ലീഹന്മാരോ ആദിമ സഭാ പിതാക്കന്മാരോ ജപമാല ചൊല്ലിയിരുന്നോ?
ഇല്ല. അവരും തങ്ങളുടെ കർത്താവിൻ്റെ  മാർഗ്ഗം തന്നെ പിന്തുടർന്നു. യാമങ്ങളിലുള്ള നമസ്കാരങ്ങളും, വേദപഠനവും, ധ്യാനങ്ങളും, സഭാ സമൂഹങ്ങളിലുള്ള സുവിശേഷ പങ്കുവെക്കലും ആയിരുന്നു അവരുടെ ജീവിതം.
ഇന്ന് ഏറ്റവും പ്രചാരം ഉള്ള ജപമാല?
53 മണി ജപമാല
വി. ഡൊമിനിക് തനിക്ക് മാതാവ് കൊന്ത സമ്മാനിച്ചു എന്ന് പറഞ്ഞിട്ടുണ്ടോ?
ഇല്ല
വിശുദ്ധ ഡൊമെനിക്കിന്റെ കാലഘട്ടത്തിൽ ജീവിച്ചുരുന്ന ഏതേലും
 സഭാ പിതാക്കന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ ഇങ്ങനെ ഒരു സംഭവം എഴുതിയിട്ടുണ്ടോ?
ഇല്ല
53 മണി ജപമാല ഒരു സുപ്രഭാതത്തിൽ ഉണ്ടായതാണോ?
അല്ല. 150 സങ്കീർത്തനം ചൊല്ലി ധ്യാനിച്ചുരുന്ന സന്യാസ സമൂഹങ്ങൾ ആണ് ഉണ്ടായിരുന്നത്. അതിനു ഉള്ള അറിവോ പരിജ്ഞാമോ ഇല്ലാത്ത സന്യാസി സമൂഹങ്ങൾ, ലോകത്തുള്ള മറ്റു സഭാ സമൂഹങ്ങളിൽ നിന്ന് ഇരുണ്ട കാലഘട്ടിൽ അകന്നു കഴിഞ്ഞിരുന്നത് മൂലം പടിഞ്ഞാറൻ യൂറോപ്പിൽ ഉണ്ടായി. അവർ സങ്കീർത്തനങ്ങൾക്ക് പകരം ലളിതമായ, മനഃപാഠം പഠിക്കാൻ സാധിക്കുന്ന ചെറിയ പ്രാർത്ഥനകൾ എണ്ണി ചൊല്ലാൻ തുടങ്ങി. 150 സങ്കീർത്തനങ്ങളുടെ എണ്ണത്തിന് പകരം ആദ്യ കാലങ്ങളിൽ 150 സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയും, പിന്നീട് മരിയ ഭക്തി കൂടിയതോടു കൂടി 150 നന്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥന ചൊല്ലുന്ന രീതി, ഡൊമിനിക്കൻ സന്യാസ സഭയിൽ ഉണ്ടായി. പിന്നീട് അറബിക് സംഖ്യാ രീതി യൂറോപ്പിൽ പ്രബലം ആയപ്പോൾ 10 നന്മ നിറഞ്ഞ മറിയം, 15 തവണ ആവർത്തിക്കുന്ന രീതി ഉണ്ടായി. ലത്തീൻ സഭയുടെ ആരാധനാക്രമം അനുസരിച്ചു ആഗമനകാലം, നോമ്പ്കാലം, ഉയർപ്പുകാലം എന്നീ 3 കാലം ആണ് ഉള്ളത്. അതിനാൽ ഒരോ കാലത്തിന് അനുസരിച്ചു സന്തോഷത്തിൻ്റെ (ആഗമ), ദുഃഖത്തിൻ്റെ (നോമ്പ്), മഹിമയുടെ (ഉയർപ്പ്) എന്ന പേരിൽ  5 രഹസ്യങ്ങളെ പരുവപ്പെടുത്തി  ഓരോ രഹസ്യത്തിനും 10 നന്മ നിറഞ്ഞ മറിയമേ ചൊല്ലാൻ തുടങ്ങി. 
      നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ഇന്നത്തെ രീതിയിൽ ഉണ്ടായതു തന്നെ 16 ആം നൂറ്റാണ്ടിൽ പീയൂസ് 5 ആം മാർപ്പാപ്പയുടെ കാലത്തു "പരിശുദ്ധ മറിയമേ, തമ്പുരാൻ്റെ അമ്മേ ..." എന്ന ഭാഗം കൂട്ടിചേർത്തതോടെ ആണ്. 1917 നു ശേഷം "ഓ എൻ്റെ ഈശോയെ എൻ്റെ പാപങ്ങൾ പൊറുക്കേണമേ .." എന്ന ഭാഗം കൂട്ടിച്ചേർത്തു.

വി. ഡൊമിനിക് പറയാത്ത ഈ മിത്ത്  അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായതു എന്ന്? ആരിലൂടെ?
അലാനസ് ഡി രൂപ്. 
വി. ഡൊമിനിക്കിന് 300 വർഷങ്ങൾക്കു ശേഷം അദ്ദേഹം സ്ഥാപിച്ച ഡൊമിനിക്കൻ സന്യാസ സമൂഹത്തിൽ ചേർന്ന ബ്രിട്ടാനി വംശജനാണ് അലാനസ് ഡി രൂപ്. അദ്ദേഹം ആണ് അന്നുവരെ ഒരു ഡൊമെനിക്കനും മുതിരാത്ത, 53 മണി ജപമാലയുടെ പേരിലുള്ള മിത്ത് ഉണ്ടാക്കിയത്. https://en.wikipedia.org/wiki/Alanus_de_Rupe
53 മണി ജപമാലയുടെ പ്രചാരത്തിന്റെ കാരണം?
അലാനസ് ഡി രൂപിലൂടെ ലഭിച്ച പ്രചാരത്തിനു ശേഷം ആണ് അമേരിക്കൻ, ഏഷ്യൻ കൊളോണിയലിസം ഉണ്ടായത്. ഭാരതത്തിലെ സുറിയാനി സഭയിൽ അടക്കം കൊളോണിയലിസം നടത്തിയത് ലത്തീൻ സഭയിലെ സന്യാസ സഭകൾ ആണ്. ആ സന്യാസ സഭകളുടെ തലവന്മാരുടെ വ്യക്തിപരമായ ചില ഭക്ത അഭ്യാസങ്ങളോടുള്ള ഉള്ള താല്പര്യം, അവർ കോളനി ഭരണം നടത്തുന്ന മേഖലകളിൽ പ്രചരിപ്പിച്ചു.
ഇന്ന് വി. ഡൊമെനിക്കിന് കൊന്ത സമ്മാനിക്കപ്പെട്ടു എന്ന മിത്തിന്റെ അവസ്ഥ ?
ഇന്ന് മിക്ക ഡൊമിനിക്കൻ സന്യസികളും കൊന്ത മികച്ച ഭക്‌ത അഭ്യാസം ആണ് എന്ന് അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, ഇത് ഒരു മിത്താണെന്ന് സമ്മതിക്കുന്നു. ചിലർ മാതാവ് സങ്കീർത്തനം ചൊല്ലാൻ ആവശ്യപ്പെട്ടിരുന്നു, എങ്കിലും സാധാരണ ജനങ്ങൾക്കായി സങ്കീർത്തനത്തിനു പകരമായി നന്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥന കാലാന്തരത്തിൽ ഉപയോഗിച്ചു എന്നും വാദിക്കുന്നു. എന്തായാലും  മാതാവ് 53 മണി കൊന്ത ഉണ്ടാക്കി എന്നത് ഒരു മിത്ത് മാത്രം ആണ്.
*വി. ഡൊമിനിക് ക്ഷീണം മൂലം ബോധം നഷ്ടപ്പെട്ട അവസ്ഥയിൽ മാതാവ് പറഞ്ഞു എന്ന് കരുതുന്ന വാക്യം - “I want you to know that, in this kind of warfare, the battering ram has always been the 'Angelic Psalter' which is the foundation stone of the New Testament." സുവിശേഷത്തിന്റെ അടിസ്ഥാനം ആയ Angelic Psalter, സങ്കീർത്തനങ്ങൾ ആണെന്നത് വ്യക്തമാണല്ലോ.
വി. ജോൺ പോൾ രണ്ടാമൻ മാർ പാപ്പാ?
പ്രകാശത്തിൻ്റെ ഒരു കാലം കൂടി കൊന്തയോട് കൂട്ടി ചേർത്ത്, മിത്തിനെ അദ്ദേഹം ഇല്ലാതാക്കി. മാതാവ് ഉണ്ടാക്കി കൊടുത്ത ഒന്നാണെങ്കിൽ കൊന്തയിൽ മാറ്റം വരുത്താൻ, മാതാവിനെ വളരെ സ്നേഹിച്ച അദ്ദേഹം ധൈര്യം കാണിക്കുമോ?
മലബാർ കത്തോലിക്കാ നസ്രാണികളുടെ ഇടയിൽ 53 മാണി ജപമാല?
19 ആം നൂറ്റാണ്ട് മധ്യം വരെ നസ്രാണികളുടെ ഇടയിൽ 53 മണി ജപമാല ഉണ്ടായിരുന്നതായി തെളിവില്ല. കാരണം അതിലും സമ്പന്നമായ യാമ നമസ്കാരങ്ങൾ അവർക്കിടയിൽ ഉണ്ടായിരുന്നത് മൂലം, ഒരു ഭക്‌ത അഭ്യാസത്തിൻ്റെ ആവശ്യം ഉണ്ടായില്ല. എന്നാൽ ലത്തീൻ അധിനിവേശത്തിനു കീഴിലായിരുന്ന സെമിനാരികളിൽ കൊന്ത ഉണ്ടായിരുന്നു. മേയിക്കാൻ ഉള്ള വൈദീകർ ഈ സെമിനാരികളിൽ നിന്നായതു മൂലം, യാമ പ്രാത്ഥനകൾ 19 ആം നൂറ്റാണ്ട് മുതൽ അസ്തമിക്കുകയാണ് ഉണ്ടായത്. 
1868-1897 വരെ മാർ തോമ്മാ നസ്രാണികളുടെ വികാരി അപ്പോസ്തോലിക് ആയിരുന്ന ലിയോണാർഡ് മെല്ലാനോ ആണ് എല്ലാ ദിവസവും സന്ധ്യ നമസ്കാര സമയം കൊന്ത ചൊല്ലണം എന്ന് കല്പിച്ചത്. അതോടെ യാമനമസ്കാരം ഭവനങ്ങളിൽ അസ്തമിക്കുകയും കൊന്ത അതിനു ബദൽ ആവുകയും ചെയ്‌തു. 19 നൂറ്റാണ്ടിന്റെ അവസാനവും 20 ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും മാമോദീസ സ്വീകരിച്ച താഴ്ന്ന ജാതിയിൽ (അന്നത്തെ സാമൂഹിക അവസ്ഥ) പെട്ട ആൾക്കാർക്കു യാമ നമസ്കാരം എന്തെന്ന് അറിയിവില്ലാതായത് മറ്റൊരു കാരണം ആണ്. 
ലത്തീൻ സെമിനാരികളിൽ വിദ്യാഭ്യാസം ലഭിച്ച വൈദീകർ, തങ്ങളുടെ ഗുരുക്കന്മാർ പഠിപ്പിച്ച ഭക്താഭ്യാസങ്ങൾ (താപ്പാനകളെ പോലെ) സുറിയാനി നസ്രാണികളിൽ നിക്ഷേപിച്ചു. ഇതിനു അവർക്ക് സഹായകരം ആയതു ആദി മുതൽ നസ്രാണികളിൽ ഉണ്ടായിരുന്ന, ഈശോ മിശിഹായുടെ അമ്മയോടുള്ള അളവില്ലാത്ത സ്നേഹം ആയിരുന്നു. 20 ആം നൂറ്റാണ്ടിൽ ഏല്ലാ ഭവനങ്ങളിൽ നിന്നും പൂർണ്ണമായും യാമ നമസ്കാരം അപ്രത്യക്ഷമാവുകയും, പകരം 53 മണി പോലുള്ള ഭക്താഭ്യാസങ്ങൾ ആധിപത്യം നേടുകയും ചെയ്തു.
കൊന്ത ഇന്ന് സീറോ മലബാർ സഭയിൽ?
150 വർഷം കൊണ്ട്, കൊന്തയോട് ഇന്ന് നസ്രാണികളുടെ ഇടയിൽ മാനസികമായ ഒരു അടുപ്പം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്ന് ഒരോ പ്രദേശങ്ങളിലും ചരിത്രം അറിയുകയും, യാമനമസ്കാരങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറി വരുകയും ചെയ്തു വരുകയാണ്. ഒരിക്കൽ യാമനമസ്കാരം ചെയ്യാൻ തുടങ്ങിയാൽ പിന്നെ ഒരാൾ ഭക്താഭ്യാസങ്ങളുടെ പിറകെ പോകുന്നത് കുറവായിരിക്കും. കാരണം സ്വർണ്ണത്തോളം വരുമോ സ്വർണം മുക്കിയത്. യാമനമസ്കാരത്തിൻ്റെ ഒരു ചെറിയ അനുകരണം ആണ് പല ഭക്‌ത അഭ്യാസങ്ങളും. യഥാർത്ഥ ഉൽപ്പന്നം ഉള്ളപ്പോൾ ആരേലും അനുകരണത്തിന് പിറകെ പോകുമോ?
കൊന്ത മറ്റു കത്തോലിക്കാ സഭകളിൽ?
 ഇല്ല എന്ന് തന്നെ പറയാം. ഏതേലും സഭയിൽ ചെറിയ തോതിൽ ഉണ്ടെകിൽ തന്നെ, അത് ഏതേലും വ്യക്തികൾ തങ്ങളുടെ സ്വകാര്യമായ ഒരു ഭക്‌ത അഭ്യാസമായി അഭ്യസിക്കുന്നു. സഭകളുടെ ആരാധന ക്രമങ്ങളിൽ അവർ ഉൾപ്പെടുത്താറില്ല.
കൊന്ത മറ്റു സ്ലൈഹീക സഭകളിൽ?
എല്ലാ സ്ലൈഹീക സഭകളിലും അവരുടേതായ ചില ജപമാലകൾ ഉണ്ടെങ്കിലും, പരിശുദ്ധ അമ്മ തന്റെ സ്തുതിക്കായി ജപമാല ചൊല്ലണം എന്ന് ആവശ്യപ്പെട്ടതായി അറിവില്ല. എല്ലാ വിശ്വാസികളെയും സ്നേഹിക്കുന്ന അമ്മ, പൗരസ്ത്യ ഓർത്തഡോൿസ് സഭകളും, ഓറിയന്റൽ ഓർത്തഡോൿസ് സഭകളും, പൗരസ്ത്യ സുറിയാനി സഭകളും അടങ്ങുന്ന അപ്പോസ്തോലിക സഭകളിൽ നിന്ന് ഇങ്ങനെ ഒരു വസ്തുത മറച്ചു വക്കും എന്ന് ചിന്തിക്കാൻ സാധിക്കുന്നില്ല. ലത്തീൻ സഭയിൽ അമ്മ അങ്ങനെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ ആ സഭയുടെ ആരാധനാക്രമത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. 
കൊന്തയോ മറ്റേതെങ്കിലും ഭക്‌ത അഭ്യാസങ്ങളോ വ്യക്തികൾ അഭ്യസിക്കുന്നത് അവരുടെ ഇഷ്ടം ആണ്. ഇന്ന് കത്തോലിക്കാ സഭയിൽ പ്രചാരത്തിൽ ഉള്ള ഏറ്റവും എളുപ്പം ഉള്ളതും, ജനസമ്മിതി ഉള്ളതും ആയ ഭക്ത അഭ്യാസം 53 മണി ജപമാല ആണ്. എന്നാൽ അതിനെ മിത്തുകളോട് ബന്ധിപ്പിക്കുമ്പോൾ സഭാ വിരുദ്ധ ശക്തികൾക്ക് നാം ആയുധം നൽകുകയാണ് ചെയ്യുന്നത്. കൊന്തയാൽ ചുറ്റപ്പെട്ട ഈശോയുടെ പ്രതിമയും പടങ്ങളും കാണുമ്പോൾ ഇതൊരു പാഷണ്ഡത ആയി വളരുന്നത് കാണാൻ സാധിക്കും. 
അതിലും വലിയ ദ്രോഹം ആണ്, സഭകളുടെ യാമനമസ്കാരങ്ങൾ ഭവനങ്ങളിൽ നിന്നും സഭകളിൽ നിന്നും അപ്രത്യക്ഷമാകുകയും, അവയുടെ സ്ഥാനം ഭക്തി അഭ്യാസങ്ങൾ കയ്യടക്കുകയും ചെയ്യുന്നത്. സഭയുടെ ഏറ്റവും അനുഗ്രഹീത പുത്രി ആയ പരിശുദ്ധ മറിയം, അമ്മയും ശ്ലീഹന്മാരും ഉരുവിട്ടു വളർത്തിയ സഭയുടെ യാമ നമസ്കാരം നശിക്കാൻ ആഗ്രഹിക്കുമോ എന്ന് ഒരു വേള ചിന്തിക്കാം. നസ്രാണികളുടെ അമ്മയോടുള്ള സ്നേഹം അറിയാൻ, പുരാതനമായ ഭൂരിഭാഗം ദൈവാലയങ്ങളും ആരുടെ നാമധേയത്തിൽ ആണെന്ന് നോക്കിയാൽ മതി. അതിനു കൊന്ത ഒരളവു കോലാക്കണ്ട ആവശ്യം ഇല്ല. കൊന്ത ഒരു വിഗ്രഹവും, മാതാവിനെ നാം ഒരു പാഗൻ ദേവതക്ക് തുല്യയുയാക്കി മാറ്റുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. 
 പിതാവായ ദൈവത്തിന്റെ ദാസിയായി, മിശിഹായുടെ മാതാവായി, പരിശുദ്ധ റൂഹായാൽ നിറഞ്ഞ, സ്ത്രീകളിൽ അനുഗ്രഹീതയായ പരിശുദ്ധ കന്യകാ മറിയം, എല്ലാ സ്തുതികളും തന്നിൽ നിന്ന് ശരീരം സ്വീകരിച്ച, കാനായിൽ താൻ ലോകത്തിനു സമർപ്പിച്ച തന്റെ പ്രിയ പുത്രന് നൽകുവാൻ ആയിരിക്കും ആഗ്രഹിക്കുക. തന്റെ പുത്രന്റെ എല്ലാ കാര്യങ്ങളും മനസ്സിൽ സംഗ്രഹിച്ച പരിശുദ്ധ അമ്മ, തന്റെ പുത്രന്റെ മണവാട്ടിയായ തിരുസഭയെ, മകന്റെ സുവിശേഷം അനുസ്മരിപ്പിച്ചു, പുത്രന് വേണ്ടി ഒരുക്കി നിര്ത്തുന്നു. ഒരു ദേവതയായിട്ടല്ല, മിശിഹായുടെ അമ്മയായി, ഒപ്പം എല്ലാ വിശ്വാസികളുടെയും.