Wednesday, August 16, 2017

സീറോ മലബാർ സഭയും കർദിനാൾ പദവിയും


      കർദിനാൾ പദവി എന്നാൽ റോമയിലെ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന ഒരു കൂട്ടം, മെത്രാൻമാർ എന്നതാണ് നമുക്ക് പൊതുവെ ഉള്ള ഒരു ധാരണ. മാർ ജോസഫ് പാറേക്കാട്ടിൽമാർ ആന്റണി പടിയറമാർ വർക്കി വിതയത്തിൽ, മാർ ജോർജ് ആലഞ്ചേരി എന്നിവരാണ് കർദിനാൾ പദവി ലഭിച്ച സീറോ മലബാർ മെത്രാന്മാർ.

കർദിനാൾ പദവി ചരിത്രം 


    ഏഴാം നൂറ്റാണ്ടിൽ റോമാ നഗരത്തിന് ചുറ്റും ഉള്ള ഏഴ് പ്രധാനപ്പെട്ട രൂപതകളുടെ മെത്രാന്മാരെ ആണ് ആദ്യമായി കർദിനാൾ എന്ന് വിളിക്കാൻ തുടങ്ങിയത്. ഒപ്പം റോമാ രൂപതയിലെ പ്രധാന ദൈവാലയങ്ങളിലെ മുതിർന്ന വൈദീകരെയും കർദിനാൾ എന്ന് വിളിച്ചു തുടങ്ങി. AD 769 ലെ ലാറ്ററൻ സുനഹദോസിൽ വച്ച്, കർദിനാൾ പദവി ഉള്ള ആൾ മാത്രമേ റോമായുടെ മെത്രാൻ അകാൻ പാടുള്ളു എന്ന് തീരുമാനിച്ചു. AD 1179 ലെ മൂന്നാം ലാറ്ററൻ സുനഹദോസിൽ വച്ച്, കർദിനാൾ പദവി ഉള്ളവർക്ക് മാത്രമേ മാർപാപ്പയെ തിരഞ്ഞെടുക്കുവാൻ അധികാരം ഉള്ളു എന്ന് തീരുമാനിച്ചു. യൂറോപ്പ് ഇരുണ്ട കാലഘട്ടത്തിലേക്ക് കടന്നതോടു കൂടി, ഒരു അധികാര ചിഹ്നം ആയി കർദിനാൾ പദവി മാറി. അതോടു കൂടി, പ്രധാനപ്പെട്ട രാജ്യങ്ങളിലെ രാജകുടുംബവുമായി ചേർന്ന് നിന്നിരുന്ന പല പുരോഹിതർക്കും കർദിനാൾ എന്ന് സ്ഥാനം ലഭിക്കാൻ തുടങ്ങി. ചില രാജ്യങ്ങളിൽ പ്രധാന മന്ത്രിമാരുടെ പദവി വരെ കർദിനാളുമാർ വഹിച്ചിരുന്നു. പറങ്കി രാജ്യത്ത്, ഒരിക്കൽ ഒരു കർദിനാൾ രാജാവ് വരെ ആയ ചരിത്രം ഉണ്ട്. ഇങ്ങനെ ആരും കർദിനാൾ ആകുന്ന ഒരു അവസ്ഥക്ക് കുറച്ചു വിരാമം ഇട്ടത്, പതിനാറാം നൂറ്റാണ്ടിൽ പീയൂസ് അഞ്ചാമൻ  മാർപാപ്പ ആണ്. അദ്ദേഹം റോമാ രൂപതയിൽ ഉള്ളവർക്ക് മാത്രമായി കർദിനാൾ പദവി ചുരുക്കി. 

     അർബൻ എട്ടാമൻ മാർപാപ്പ എമിനെൻസ് (Eminence) എന്ന സ്ഥാനം അവർക്കു നൽകുകയും, മാർപാപ്പക്കും ചക്രവർത്തിക്കും മാത്രം കീഴിൽ ഉള്ള അധികാരം നൽകി. AD 1588 ൽ, സിസ്റ്റസ് അഞ്ചാമൻ മാർപാപ്പ കർദിനാളുമാരുടെ എണ്ണം 70 ആയി പരിമിതപ്പെടുത്തി. 1971 ൽ, പൗലോസ് ആറാമൻ മാർപാപ്പ കോൺക്ലേവിൽ വോട്ടവകാശം ഉള്ള കർദിനാളുമാരുടെ എണ്ണം 120 ആക്കി. 80 വയസിനു മുകളിൽ ഉള്ളവരുടെ വോട്ട് അവകാശം അദ്ദേഹം റദ്ദു ചെയ്‌തു. അദ്ദേഹത്തിന്റെ കാലത്താണ് പൗരസ്ത്യ കത്തോലിക്കാ സഭകളിൽ നിന്നും കൂടുതലായി കർദിനാളുമാരെ നിയമിച്ചു തുടങ്ങുന്നത്.

കർദിനാളുമാരുടെ ഇടയിലെ അധികാരക്രമം 

    കർദിനാളുമാർക്കിടയിൽ വ്യകത്മായ അധികാരക്രമം ഉണ്ട്. കത്തോലിക്കാ സഭയിൽ മധ്യകാലഘട്ടത്തിന്റെ അവശിഷ്ടമായ ഇങ്ങനെത്തെ ഒരു അധികാരക്രമം ആവശ്യമാണോ എന്ന് കാലം ഉത്തരം തരും എന്ന് പ്രതീക്ഷിക്കാം. 

എ) കർദിനാൾ ബിഷപ്പ് 

     മാർപാപ്പ കഴിഞ്ഞാൽ ഒരു പക്ഷെ കത്തോലിക്കാ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം അലങ്കരിക്കുന്നവർ ഇവരാണ്. റോമാ രൂപതയ്ക്ക് ചുറ്റും ഉള്ള പ്രധാനപ്പെട്ട ഏഴ് രൂപതകളുടെ (suburbicarian dioceses) ആറു മെത്രാന്മാരാണ് കർദിനാൾ ബിഷപ്പ് എന്ന പദവി അലങ്കരിക്കുന്നത്. ഇതിൽ ഓസ്റ്റിയയിലെ മെത്രാൻ ആണ്, കർദിനാളുമാരുടെ തിരുസംഘത്തിന്റെ അധ്യക്ഷൻ. മെത്രാൻ അല്ലാത്ത ഒരാൾ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുക ആണെങ്കിൽ, ഇദ്ദേഹം ആണ് ആ വ്യക്തിയെ റോമയിലെ മെത്രാനായി അഭിഷേകം ചെയ്യുക. 

ബി) പാത്രിയർക്കീസ് കർദിനാൾ

        കർദിനാൾ ബിഷപ്പിന് തൊട്ടു താഴെ ഉള്ള സ്ഥാനം ആണ് പാത്രിയർക്കീസ് കർദിനാൾ. കത്തോലിക്കാ സഭയിൽ ആറു പാത്രിയർക്കീസ് പദവി ഉള്ള സഭകൾ ഉണ്ട്. അന്തിയോക്യ, അലക്സാൻഡ്രിയ എന്നിവടങ്ങളിൽ ഉള്ള പാത്രിയർക്കീസുമാർ മാത്രമേ ഇന്ന് വരെ കർദിനാൾ പദവി സ്വീകരിച്ചിട്ടുള്ളു. മറ്റു പാത്രിയർക്കീസ് സഭകളിൽ നിന്നുള്ളവർ കർദിനാൾ പദവി എന്ത് കൊണ്ട് സ്വീകരിക്കുന്നില്ല എന്നത് നാം ചിന്തിക്കേണ്ട വിഷയം ആണ്. 

സി) വൈദീകരായ കർദിനാൾ (Cardinal priest)

             ഭൂരിഭാഗം കർദിനാളുമാരും ഈ വിഭാഗത്തിൽ ആണ്. സീറോ മലബാർ സഭയുടെ എല്ലാ കർദിനാളുമാരും ഈ ഒരു വിഭാഗത്തിൽ ആണ് സ്ഥാനം. ലത്തീൻ സഭയിലെ പ്രധാനപ്പെട്ട രൂപതകളുടെ മെത്രാന്മാരും, കർദിനാൾ പദവി സ്വീകരിക്കുന്ന പാത്രിയർക്കീസ് പദവി ഇല്ലാത്ത സഭകളുടെ മെത്രാന്മാരും ആണ് ഈ വിഭാഗത്തിൽ ഉള്ളത്. ആദിമ കാലഘട്ടത്തിൽ റോമാ രൂപതയിൽ ഉള്ള പ്രധാനപ്പെട്ട ദൈവാലയങ്ങളിലെ മുതിർന്ന പുരോഹിതർ ആയിരുന്നു റോമയുടെ ബിഷപ്പ് (മാർപാപ്പയെ) തിരഞ്ഞെടുത്തിരുന്നത്. അതിനാൽ കർദിനാളുമാരായി തിരഞ്ഞെടുക്കപ്പെട്ട വോട്ടവകാശം ഉള്ളവരെ റോമായിൽ ഉള്ള പ്രധാനപ്പെട്ട ഒരു ദൈവാലയത്തിന്റെ വികാരി ആയി സ്ഥാനം നൽകുന്ന ആചാരം ഉണ്ടായി. ഈ ദൈവാലയങ്ങളെ 'titular churches' എന്ന് വിളിക്കുന്നു.  ഇന്ന് ഏകദേശം 150 ഓളം 'titular churches' ഉണ്ട് റോമായിൽ. 

      കർദിനാൾ പദവി സ്വീകരിക്കുക വഴി, സീറോ മലബാർ സഭയുടെ തലവനും, മാർ തോമ്മായുടെ ഭാരതത്തിലെ പിൻഗാമിയും, ഭാരത്തിന്റെ മുഴുവൻ അപ്പോസ്തോലിക കവാടവുമായ മാർ ആലഞ്ചേരി പിതാവ്, റോമായിലെ, ഒരു പള്ളിയുടെ വികാരി ആയി മാറി. മാർ ആലഞ്ചേരി പിതാവ് വികാരി ആയി സേവനം ചെയ്യുന്ന titular church, San Bernardo alle Terme ആണ്. Location click here. ഇങ്ങനെ വികാരി ആകുന്ന വ്യക്തിക്ക്, പ്രസ്തുത ഇടവകയിൽ പക്ഷെ ഭരണം നടത്താൻ അനുവാദം ഇല്ല. ഇനി കൊടുത്താൽ തന്നെ ഇറ്റലിക്കാര് സമ്മതിച്ചത് തന്നെ. പക്ഷെ ഒരു കർദിനാൾ priest  റോമായിൽ സന്ദർശനം നടത്തുന്ന വേളയിൽ, ആ ഇടവകയിൽ തീർത്ഥാടനം നടത്തുകയും സാധിക്കുമെങ്കിൽ ആ പള്ളിയുടെ നടത്തിപ്പുകാരുടെ അനുവാദം മേടിച്ചു വി. കുർബാന അർപ്പിക്കുകയും വേണം. 

        ഇതെന്താ ഇങ്ങനെ എന്നൊക്കെ ചിന്തിക്കുമ്പോഴാണ്, യൂറോപ്പിലെ ഇരുണ്ട കാലഘട്ടത്തിലെയും കൊളോണിയൽ കാലഘട്ടത്തിലെയും അഴുക്കുകൾ ഇന്നും കത്തോലിക്കാ സഭയെ പൂർണ്ണമായി വിട്ടു പോയിട്ടില്ല എന്ന് മനസിലാക്കാൻ സാധിക്കുന്നത്. ഒരു സ്വതന്ത്രയായ അപ്പോസ്തോലിക സഭയുടെ ഇടയന്, റോമാ നഗരത്തിലെ ഒരു മെത്രാന് (suburbicarian dioceses) കിട്ടുന്ന പ്രാധാന്യം പോലും നല്കപ്പെടുന്നില്ല എന്നത് തീർത്തും വേദനാജനകം ആണ്. ശ്ലീഹന്മാരുടെ പിൻഗാമികളായ വ്യക്തി സഭകളുടെ പിതാക്കന്മാരെ ഈ വിധം ചെറുതാക്കുന്നതു കാണുമ്പോൾ, ഒരേ പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ശ്ലീഹന്മാരെ ആണ് ഓർമ്മ വരുന്നത്. കത്തോലിക്കാ സഭ ഈ ചരിത്രപരമായ തെറ്റായ കീഴ്വഴക്കം തിരുത്തും എന്ന് പ്രതീക്ഷിക്കാം. 

          കത്തോലിക്കാ സഭ, സീറോ മലബാർ സഭയുടെ അദ്യക്ഷന് കർദിനാൾ പദവി സമ്മാനിക്കുമ്പോൾ, സ്നേഹപൂർവ്വം അത് നിരസിക്കാൻ നമുക്കാകണം. സ്വീകരിച്ചേ മതിയാകൂ എന്നുണ്ടെങ്കിൽ, സീറോ മലബാർ സഭയിലെ ഏതേലും ഒരു സഹായ മെത്രാന്റെ പേര് നിർദ്ദേശിക്കുന്നതായിരിക്കും ഉചിതം.

ഡി) കർദിനാൾ ഡീക്കൺ (Cardinal Deacon)

         കർദിനാളുമാടെ ഇടയിൽ ഏറ്റവും താഴെ ഉള്ള അധികാരക്രമത്തിൽ ഉള്ളവരാണ് കർദിനാൾ ഡീക്കൺ. റോമൻ ക്യൂരിയയിൽ ജോലി ചെയ്യുന്ന വൈദികർ അല്ലേൽ വ്യക്തികൾക്കാണ് കർദിനാൾ ഡീക്കൺ പദവി നൽകുന്നത്. ഒരുമിച്ചു പ്രവർത്തിക്കുന്നത് മൂലം പലപ്പോഴും ഇവർ ഒരു ലോബി യായി കാണപ്പെടാറുണ്ട്. എണ്ണത്തിൽ കുറവെങ്കിലും, ഇവരിലെ ഐക്യം പലപ്പോഴും മാർപാപ്പാമാരുടെ തിരഞ്ഞെടുപ്പിനെ അവർക്കനുകൂലമാക്കി തീർക്കാൻ അവരെ പ്രാപ്തരാക്കുന്നു. റോമൻ ക്യൂരിയയിൽ ഉള്ള അവരുടെ സ്വാധീനം മൂലം സഭയുടെ എല്ലാ തരത്തിലും ഉള്ള നിയന്ത്രണം ഇവരുടെ കൈകളിലായിരിക്കും. ഇവരിലെ മുതിർന്ന കർദിനാളിനാണ് (proto-deacon), പുതുതായി തിരഞ്ഞെടുത്ത മാർപാപ്പയെ ലോകത്തിനു മുന്നിൽ പ്രഖ്യാപിക്കാൻ ഉള്ള അവകാശം ഉള്ളത്. അദ്ദേഹത്തിന് തന്നെയാണ്, പുതുതായി പ്രഖ്യാപിക്കപ്പെട്ട മാർപാപ്പയ്ക്ക് പാലിയം അണിയിക്കാൻ അവകാശം ഉള്ളത്. 

കർദിനാൾ പദവി സീറോ മലബാർ സഭക്ക് ആവശ്യമോ?

     കർദിനാളുമാടെ ഏറ്റവും പ്രധാന കർത്തവ്യം മാർപാപ്പാമാരെ തിരഞ്ഞെടുക്കുക ആണ്. കത്തോലിക്കാ സഭയുടെ മാർപാപ്പ, പത്രോസ് ശ്ലീഹായുടെ പിന്തുടർച്ചക്കാരനായ റോമയുടെ മെത്രാനാണ്. അദ്ദേഹം റോമൻ സഭ അഥവാ ലത്തീൻ സഭയുടെ തലവൻ ആണ്. അതായത്, റോമായുടെ മെത്രാൻ ഒരേ സമയം, ലത്തീൻ സഭയുടെ തലവനും, കത്തോലിക്കാ സഭയുടെ തലവനും ആണ്. അതായത് ലത്തീൻ സഭ അവരുടെ നിയമങ്ങൾക്കനുസരിച്ചു ആരെ റോമായുടെ മെത്രാനായി തിരഞ്ഞെടുക്കുന്നുവോ, അദ്ദേഹം ആയിരിക്കും കത്തോലിക്കാ സഭയുടെ മാർപാപ്പ. ലത്തീൻ സഭ അവരുടെ സഭയുടെ അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന അവസരത്തിൽ മറ്റുള്ള കത്തോലിക്കാ സഭകൾക്ക് യഥാർത്ഥത്തിൽ, പ്രത്യേകിച്ച് ഒരു വേഷവും ഉണ്ടാകേണ്ട കാര്യമില്ല. ലത്തീൻ സഭ, അവരുടെ നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ, മറ്റു കത്തോലിക്കാ സഭകൾ അദ്ദേഹത്തെ കത്തോലിക്കാ സഭയുടെ അധ്യക്ഷനായി അംഗീകരിക്കും. അത് പോലെ തന്നെ തിരിച്ചും, ഒരോ കത്തോലിക്കാ സഭകളും തങ്ങളുടെ അധ്യക്ഷനെ, ആ സഭയുടെ സിനഡ് കൂടി തീരുമാനിക്കുമ്പോൾ, ലത്തീൻ  സഭയും മറ്റു കാത്തോലിക്ക സഭകളും അത് അംഗീകരിക്കണം.

      ഇനി ഒരത്ഭുതം സംഭവിച്ചു, മറ്റൊരു വ്യക്തി സഭയുടെ മെത്രാൻ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുകയാണെന്ന് വിചാരിക്കുക. അതോടെ അദ്ദേഹം റോമായിലെ മെത്രാനും ലത്തീൻ സഭയുടെ തലവനും ആകും. അതായത് ആ വ്യക്തി, അദ്ദേഹത്തിന്റെ വ്യക്തി സഭ ഉപേക്ഷിക്കുകയും, ലത്തീൻ സഭയുടെ അംഗം ആകുകയും വേണം. ചുരുക്കത്തിൽ, ഒരു ലത്തീൻ സഭാ അംഗത്തിന് മാത്രമേ, റോമായുടെ മെത്രാൻ, അഥവാ മാർപാപ്പ ആകുവാൻ സാധിക്കുക ഉള്ളു. അത് അങ്ങനെ തന്നെ വേണം താനും.

         ലത്തീൻ സഭ അതിന്റെ നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയുടെ ഭാഗമായ കർദിനാൾ പദവി, മറ്റൊരു അപ്പോസ്തോലിക സഭ സ്വീകരിക്കേണ്ട കാര്യമില്ല. അതിനാൽ തന്നെ സീറോ മലബാർ സഭ ഉൾപ്പെടുന്ന പൗരസ്ത്യ സഭകൾക്ക്, കർദിനാൾ പദവി ഒരു അധികപ്പറ്റാണ്. സഭയുടെ യഥാർത്ഥമായ അവകാശമായ പാത്രിയാർക്കൽ പദവിക്കായി ശ്രമിക്കേണ്ട സമയത്തു, ഒരു അർത്ഥവും ഇല്ലാത്ത കർദിനാൾ പദവി സഭ വേണ്ടാന്ന് വെക്കണം. നിർബന്ധമാണേൽ, ചെറുപ്പക്കാരനായ ഒരു സഹായമെത്രാന് അത് നൽകണം. അതും അല്ലേൽ ആർക്കദിയോൻ സ്ഥാനം പുനർസ്ഥാപിച്ചു, അദ്ദേഹത്തിന്റെ നാമം നിർദ്ദേശിക്കണം. ഒരു വ്യക്തി സഭയുടെ തലവൻ, റോമായിലെ വെറുമൊരു ഇടവകയുടെ പേരിനൊരു വികാരി ആയി അറിയപ്പെടുന്നത്, അത്ര നല്ല കീഴ്വഴക്കമല്ല. ഈ കൊളോണിയൽ പ്രതിഭാസം അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

നന്ദി ....

3 comments:

  1. Thank you.വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞിരിയ്ക്കുന്നു.നമ്മുടെ ദൈവജനവും പൊതുജനവും മെത്രാന്മാർ പോലും കർദിനാൾ എന്ന പദവി ഒരു വ്യക്തി സഭയുടെ തലവനെക്കാൾ വലുതെന്നു തെറ്റായി ധരിയ്ക്കുന്നവരാണ് .
    മുൻകാലങ്ങളിൽഅപൂർവമായി മറ്റു സഭകളുടെ തലവന്മാരും മാർപാപ്പയായിട്ടുണ്ട്..ഒന്നിലേറെ ബൈസന്റയിൻ പോപ്പുമാരും ഉണ്ടായിട്ടുണ്ട് .കൂടപ്പുഴ അച്ചന്റെ സഭ ചരിത്ര ഗ്രൻഥത്തിൽ കർദിനാളിന്റെ vestment കൾ അണിയാൻ വിസമ്മതിച്ച ഒരു കൽദായ പാത്രിയർക്കീസിനെപ്പറ്റി പറയുന്നുമുണ്ട്.നമ്മുടെ Major Archbishop മാർ ഈ പദവി ഏതെങ്കിലും Auxiliary Bishop നു കൊടുക്കുക എന്നത് തീർച്ചയായും സഭയുടെ പദവി ദുര്ബലമാകാതെ ഇരിക്കാൻ നല്ലതാണു

    ReplyDelete
  2. അഭിപ്രായങ്ങൾക്കു നന്ദി. ഗ്രിഗറി മൂന്നാമൻ മാർപാപ്പയുടെ കാലത്തോളം, ഗ്രീക്ക്, സിറിയൻ സഭകളിൽ നിന്നും മാർപാപ്പമാരുണ്ടായിരുന്നു. അതിന് ഒരു കാരണം, സഭകൾ വ്യക്‌തി സഭകളായി ഉള്ള വളർച്ചയുടെ കാലഘട്ടത്തിലായിരുന്നു. മറ്റൊന്ന് ബൈസന്റയിൻ ചക്രവർത്തിമാർക്ക് തെരഞ്ഞെടുപ്പുകളിൽ ഉണ്ടായിരുന്ന സ്വാധീനം. എങ്കിലും റോമയുടെ മെത്രാന്മാരായ ഈ മറ്റു സഭകളിൽ നിന്നും ഉള്ള മാർപാപ്പമാർ, റോമൻ സഭാംഗമായാണ് സ്ഥാനം ഏറ്റത് മുതൽ പ്രവർത്തിച്ചത്. ഈ ലേഖനത്തിൽ കർദിനാളുമാരുടെ കാലഘട്ടം മുതലാണ് എഴുതിയത്. തീർച്ചയായും കർദിനാൾ സ്ഥാനത്തെ കുറിച്ച് ഒരു പുനർവിചിന്തനം സഭയിൽ ഉണ്ടാകട്ടെ.

    ReplyDelete
  3. Wonderful post.

    I wonder if there a rank 'Cardinal Patriarch' ?

    In the past, the number of Cardinals were limited to 12. We can read when Rabban Sauma, the Apostolic Delegate of the then Patriarch of the East Mar Jaballaha III visited Rome in AD 1287, he was cordially received by 12 member Cardinals, as the Papal position was vacant at that time. (Rabban Sauma then travelled to France and returned to Rome in 1288 to visit the newly elected Pope Nicholas IV who was one among those 12 who received him before. The then Pope even allowed Ramban Sauma to celebrate Holy Qurbana in Syriac language of the East Syriac rite- the same as our Qurbana at Rome and a large congregation attended and commented that the rites are the same but the language is different.)

    We can also see Joseph, the Indian Cathanar telling the signoria of Venice in AD 1501 that in the Babylon, under the Catholicose, there were 2 Patriarchs, one for China and one for India and 12 Cardinals. Here, we can see Indian and Chinese Churches were treated as Particular Churches in the communion of the East Syriac Church but there were a 12 member council under the Catholicose.

    In Malabar also, when Paremmakkal Thomman Cathanar was the Governodor, he had a 12 member canonists under him to advise him.

    This means the number 12 is a Holy tradition in Christianity denoting 12 tribes of Israelites, 12 apostles etc. This tradition was diluted slowly by increasing the number of Cardinals in Roman Church. Now, even for the feet washing ceremony on Maundy Thursday, the number 12 is not necessary for the Roman Rite. These are deviations from the Holy tradition.

    I would liked to see that the college of Cardinals to be limited to the Latin rite only and Syro Malabar synod could consider a similar council- we could make our permanent synod a 12 member council.
    Under the Pope, the Universal Catholic church should have a council of the heads of the particular churches- a 12 member council of selected Eastern Catholic Patriarchs and Major Archbishops. That will uphold the Holy traditions and will help to perceive the Pope as primus inter pares.

    ReplyDelete