Thursday, August 31, 2017

സീറോ മലബാർ നസ്രാണികളുടെ തിരുവോണം

എല്ലാ മലയാളികൾക്കും, എന്റെ തിരുവോണാശംസകൾ.

               മലയാളിക്ക് സ്വന്തമായുള്ള, ജാതി മത വർണ്ണ വ്യത്യാസമില്ലാത്ത ചുരുക്കം ചില പുരാതന ആഘോഷങ്ങളിൽ ഒന്നാണ് തിരുവോണം. എന്നാൽ ഇന്ന് ചില നസ്രാണികൾക്കിടയിൽ ഓണം വിജാതീയ ആഘോഷം ആണെന്ന് ഉള്ള പ്രചാരം കാണാൻ തുടങ്ങിയിട്ടുണ്ട്. ചരിത്രത്തിൽ ഇന്ന് വരെ ഉണ്ടാകാത്ത ഈ ആക്ഷേപം, ഈ അടുത്ത കാലത്തു ഉണ്ടായത് എവിടെ നിന്നാണ്? ആ അഭിപ്രായങ്ങളുടെ ഭാഷ ശ്രദ്ധിച്ചാൽ മാത്രം മതി, ഭൂരിഭാഗവും പെന്തകോസ്ത് കൾട്ട് കളിൽ നിന്നും, അവരുടെ കത്തോലിക്കാ സഭയിലെ ജാര സന്തതികളായ കരിസ്മാറ്റിക് കാരിൽ നിന്നും ആണെന്ന് മനസിലാകാൻ.

അവരുടെ ആക്ഷേപങ്ങൾ ചുരുക്കത്തിൽ

1) ഓണം ഹൈന്ദവ, വിജാതീയ ആഘോഷം ആണ്.
2) ഉദയംപേരൂർ സൂനഹദോസ്, നസ്രാണികൾ ഓണം ആഘോഷിക്കുന്നത് വിലക്കിയിരുന്നു
3) തൃക്കാക്കരയപ്പൻ മഹാവിഷ്ണുവിന്റെ അവതാരമായ വാമനൻ ആയതിനാൽ, നസ്രാണികൾ ഒന്നാം പ്രമാണം ലംഘിക്കുന്നു.
4) ഓണാഘോഷം കേരളത്തിൽ ആഘോഷിച്ചത്, പുരാതന ഏലാമിൽ  നിന്നും ഭാരതത്തിൽ കുടിയേറിയ ജനം ആണ്.
5) മഹാബലി അസീറിയൻ ദൈവമായ ബാൽ ആണ്.
6)  അസീറിയൻ ബാൽ, അസുരബാൽ ആയെന്നും പിന്നീട് അസുരബലി ആയി മാറി
7) മഹാനായ ബാൽ, മഹാബലി ആയി

ഇത്രോം വിഢിത്തം തന്നെ ധാരാളം അല്ലെ. അത് കൊണ്ട് ബാക്കി എഴുതുന്നില്ല. ഓണത്തെകുറിച്ചറിയാൻ ആദ്യം, മലയാളി നസ്രാണി അവൻ ആരാണെന്ന് അറിയണം. അതിന് മലയാളി ആരെന്നു അറിയണം.

ആരാണ് മലയാളി

     മലയാളി പല വംശത്തിലുള്ള ജനങ്ങളുടെ ഒരു സമ്മിശ്രം ആണ്. മലയാളിയുടെ അടിസ്ഥാന വർഗ്ഗം കേരളപുത്ര ദ്രാവിഡ വംശം ആണ്. അതിന് മുൻപ് ഇവിടെ ഉണ്ടായിരുന്ന ആസ്ട്രലോയിഡ്, നീഗ്രോയ്ഡ് വംശങ്ങളുമായി കുടിയേറി വന്ന താരതമ്യേന ശക്തമായ ദ്രാവിഡ വംശം ഇടപഴകിയാണ് ഈ അടിസ്ഥാന വംശം ഉണ്ടായത്. ഈ അടിസ്ഥാന വർഗ്ഗത്തിലെ ചിലരുമായി കലാകാലങ്ങളിൽ വ്യത്യസ്ത കാരണത്താൽ കുടിയേറിയ ജനതകൾ ഇടകലർന്നാണ് ഇന്ന് വ്യത്യസ്ത വർണ്ണത്തിലുള്ള, ജാതിയിലുള്ള മലയാളി ഉണ്ടായത്. അശോക ചക്രവർത്തിയുടെ കാലത്തു ബൗദ്ധ ജൈന മതപ്രചാരകരുടെ കുടിയേറ്റവും, ക്രിസ്തുവിന് മുൻപ് പേർഷ്യൻ, യവന, ഹെബ്രായ, ഫോണീഷ്യൻ കച്ചവടക്കാരുടെ കുടിയേറ്റവും കേരളത്തിൽ ഉണ്ടായി. ഇതിൽ യഹൂദർ ഒഴികെ മറ്റുള്ള ജനതകൾ തദ്ദേശീയരിൽ അലിഞ്ഞു ചേർന്നു. ക്രിസ്തുവിന് ശേഷം പേർഷ്യയിലെ മതമർദ്ദനം മൂലം പൗരസ്ത്യ സുറിയാനി കുടിയേറ്റം ആദ്യ പത്തു നൂറ്റാണ്ടുകളിൽ ഉണ്ടായി. ആദ്യ കാല യഹൂദ വിശ്വാസികളും തദ്ദേശീയരായ ദ്രാവിഡരും ഈ പൗരസ്ത്യ സുറിയാനി കുടിയേറ്റക്കാരുമായി കൂടി കലർന്ന് ഉണ്ടായതാണ് ഇന്നത്തെ മാർ തോമ്മാ നസ്രാണികൾ. അതിന് ശേഷം എട്ടാം നൂറ്റാണ്ടോടു കൂടി ബ്രാഹ്മണ കുടിയേറ്റം ഉണ്ടായി. അറബി കടലിന്റെ നിയന്ത്രണം ലഭിച്ചതോട് കൂടി അറബ് കുടിയേറ്റം ഉണ്ടായി. മാലിക് കഫൂറിന്റെ പടയോട്ടത്തോടൊപ്പം തുർക്ക് വംശജരും ഇവിടെ കുടിയേറി. കൊളോണിയൽ യൂറോപ്യൻ ശക്തികളുടെ ഭരണം മൂലം, അവരുടെ വംശവും മലയാളിയുടെ ഇടയിൽ ഉണ്ട്. ഇന്ന് അവസാന കണ്ണിയായി ബംഗാളി കുടിയേറ്റവും നടക്കുന്നു. കുടിയേറ്റങ്ങൾ എന്നും നടന്നുകൊണ്ടേ ഇരിക്കും.

       ദ്രാവിഡർ ഇന്നത്തെ പേർഷ്യയിൽ നിന്ന് കുടിയേറിയവരാണ് എന്നാണ് ഒരു സിദ്ധാന്തം. പക്ഷെ 8000 വർഷങ്ങൾക്കു മുൻപാണെന്നു മാത്രം. അല്ലാതെ ബൈബിളിലെ ഏലാമ്യരും ദ്രാവിഡരും തമ്മിൽ ഒരു ബന്ധവും ഇല്ല. BC 2000 മുതൽ ഇന്ത്യയിലേക്ക് പല കാലത്തായി കുടിയേറിയ ആര്യ ജനതക്ക്, അസീറിയക്കാരുമായുണ്ടായിരുന്ന സംഘർഷം ആണ് അസുരന്മാർ വില്ലമാർ ആകാൻ കാരണം എന്നൊരു അഭിപ്രായം ഉണ്ട്. ആര്യ കുടിയേറ്റം ഇന്ന് ജനിതക ശാസ്ത്രം തെളിയിച്ചു എങ്കിലും, മേൽ പറഞ്ഞ കാര്യം ഇന്നും പഠനത്തിൽ ആണ്. ഇന്ത്യയിൽ ഇന്ന് ഉള്ള പല പുരാണങ്ങളെയും ഇതെല്ലം സ്വാധീനിച്ചിരിക്കാം.

ആരാണ് മാർ തോമ്മാ നസ്രാണി

          തദ്ദേശീയരായ കേരളപുത്ര ദ്രാവിഡരും, മാർ തോമ്മായാൽ വിശ്വാസം സ്വീകരിച്ചു എന്ന് കരുതപ്പെടുന്ന യഹൂദരും, കാലാകാലങ്ങളിൽ കുടിയേറിയ പൗരസ്ത്യ സുറിയാനിക്കാരും പല അളവിൽ കൂടി കലർന്നതാണ് ഇന്നത്തെ മാർ തോമ്മാ നസ്രാണികൾ. ബ്രാഹ്മണ ഉത്ഭവ അവകാശ വാദങ്ങൾ, 13 ആം നൂറ്റാണ്ടിൽ ജാതി വ്യവസ്ഥയിൽ മുന്നിൽ നിൽക്കാൻ, നമ്മുടെ പൂർവികർ മെനഞ്ഞെടുത്ത കെട്ടുകഥ മാത്രം ആണെന്ന്, ചരിത്രവും ജനിതക ശാസ്ത്രവും തെളിയിക്കുന്നു. അതായത് നാം വിശ്വാസത്തിൽ മിശിഹാ മാർഗ്ഗം പിന്തുടരുന്നവർ ആണ്. നമ്മുടെ ആരാധനക്രമം പൗരസ്ത്യ സുറിയാനി ആണ്. നമ്മുടെ സംസ്കാരം, ദ്രാവിഡ സംസ്‌കാരം ആണ്.

ഓണം മലയാളിയുടെ ആഘോഷം

      ലോകത്തുള്ള എല്ലാ ജനങ്ങൾക്കും അവരുടേതായ ആഘോഷങ്ങൾ ഉണ്ട്. അതിൽ ഭൂരിഭാഗവും വിളവെടുപ്പ്, കാലാവസ്ഥ എന്നിവയുടെ പശ്ചാത്തലത്തിൽ ആണ് ഉണ്ടാകാറുള്ളത്. ഇടവപ്പാതി കഴിഞ്ഞു, നെല്ലും മറ്റു വിഭവങ്ങളും വിളവെടുപ്പ് കഴിയുന്ന കാലം ആണ് ഓണം. അതായത്, നൂറ്റാണ്ടുകൾക്ക് മുൻപ് മലയാളികൾക്കിടയിൽ ഉണ്ടായ ഒരു കൊയ്ത്തുത്സവം ആണ് ഓണം. കച്ചവടവും കൃഷിയും ആയി ജീവിച്ചിരുന്ന മാർ തോമ്മാ നസ്രാണികൾക്ക് അതിനാൽ തന്നെ ജനിതകമായും, സാംസ്കാരികമായും, ജീവിതചര്യയായും, ചരിത്രപരവും ആയി പങ്കുള്ള ഉൽസവം ആണ് ഓണം.

ഓണം ഹൈന്ദവ ആഘോഷമോ?

              ലോകത്തുള്ള എല്ലാ ദേശങ്ങളിലും ഉള്ള ആഘോഷങ്ങളിൽ മിത്തുകൾ കൂട്ടി കലർത്തുന്നത് സാധാരണ ആണ്. അത് മനുഷ്യന്റെ സാംസ്‌കാരിക വളർച്ചയുടെ ഭാഗം ആണ്. ഇന്ന് യൂറോപ്പിലുള്ള പല ആഘോഷങ്ങളുടെ പിന്നാമ്പുറം നോക്കിയാൽ ഗ്രീക്ക്, നോർസ്, സെൽറ്റ്, റോമൻ മിത്തുകൾ കാണാൻ സാധിക്കും. ആഘോഷങ്ങളുടെ കൂടെ മിത്തുകൾ കൂടി ചേരുമ്പോൾ മതപരമായ വീക്ഷണം കൂടി അതിന് കിട്ടുകയും, ജനങ്ങൾ കൂടുതൽ ഉല്ലാസവാന്മാർ ആകുകയും ചെയ്യും എന്നുള്ളത് സ്വാഭാവികം ആണ്.

          പത്താം നൂറ്റാണ്ടു മുതൽ കേരളത്തിൽ പിടിമുറുക്കിയ ബ്രാഹ്മണ മതം, ബൗദ്ധ തത്വത്തിൽ വളർന്ന മലയാള സംസ്കാരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. അതിൽ ഏറ്റവും പ്രധാനം ആണ് ജാതി വ്യവസ്ഥ. ബ്രാഹ്മണ വ്യവസ്ഥയുമായി യോജിച്ചു നിന്ന വിഭാഗങ്ങൾ ജന്മികളും, ബൗദ്ധ പശ്ചാത്തലത്തിൽ നിന്നുള്ളവർ കുടിയാന്മാരും ആയി. ഈ കുടിയാന്മാർക്ക് വർഷം മുഴുവനും ഉള്ള കഠിനമായ ജോലിക്കും, പട്ടിണിക്കും കുറച്ചെങ്കിലും ആശ്വാസം ഉണ്ടായത് ഈ കൊയ്ത്തുത്സവ നാളുകളിൽ ആണ്. ബൗദ്ധ സംസ്കാരത്തിലെ സമത്വത്തിന്റെ സ്മരണ, അവർ ഈ കാലത്തു അനുസ്മരിച്ചു.

             ഈ അവസരത്തിൽ ലോകത്തെവിടേയും സംഭവിക്കുന്നത് പോലെ ബ്രാഹ്മണ മതം, ഈ ആഘോഷത്തിൽ അവരുടെ ഒരു വിശ്വാസ സങ്കൽപം കലർത്തി. വാമന - മഹാബലി സങ്കൽപം ഓണത്തിലേക്കു അങ്ങനെ ആണ് കലർന്നത്. അങ്ങനെ കലർത്താൻ ഏതൊരു ജനത്തെ പോലെയും അവർക്ക് അവകാശം ഉണ്ട് താനും. ഓണക്കാലത്തുള്ള കുർബാനകളിൽ മഹാബലിയുടെ ത്യാഗത്തെ മിശിഹായുടെ ത്യാഗവുമായും, സമത്വത്തെ ക്രൈസ്‌തവ സമത്വവുമായി നമ്മുടെ അച്ചന്മാർ ഉപമിക്കാറുണ്ടല്ലോ. ഏകദേശം ഇത്രയൊക്കെയേ, ഓണത്തെ ഒരു പുരാണവുമായി ബന്ധിപ്പിച്ചു അന്നത്തെ ബ്രാഹ്മണ മതം ചെയ്തുള്ളു. അതായത് ജന്മിക്ക് ഓണം തന്റെ സമ്പത്തു വർദ്ധിച്ചതിന്റെയും, കുടിയാനെ ചവിട്ടി താഴ്ത്തിയതിന്റെയും ആഘോഷം ആയി. കുടിയാനാകട്ടെ ഒരു താൽക്കാലിക ആശ്വാസവും, ജാതി വ്യത്യാസം ഇല്ലാത്ത ഒരു നാളിന്റെ സ്മരണയും ആയിരുന്നു.

            അതായത് ഓണം എന്നത് ഒരു വശത്തു വിളവെടുപ്പ് ഉത്സവവും, മറു വശത്തു ഒരു വിഭാഗത്തിന് അവരുടെ പുരാണ കഥയുടെ അനുസ്മരവും ആയി. ദ്രാവിഡ  സംസ്കാരത്തിന്റെ ഭാഗമായ മാർ തോമ്മാ നസ്രാണിക്ക് ഓണം വിളവെടുപ്പിന്റെ ഉത്സവം ആണ്. പഞ്ഞകർക്കിടക മാസം പട്ടിണി കിടന്ന്, ചിങ്ങത്തിൽ നെല്ല് കൊയ്ത്, വയറു നിറച്ചുണ്ട തലമുറ ഇന്നും പല നസ്രാണികളുടെയും വീടുകളിൽ ഉണ്ടാകും. ഓണം വിജാതീയം ആണെന്ന് തോന്നുന്നവർ, അവരോട് ചോദിച്ചാൽ മതി ഓണം അവർക്കെന്തായിരുന്നു എന്ന്.

ഉദയംപേരൂർ സുനഹദോസും, ഓണത്തിനുള്ള വിലക്കും

           ഓണം ആഘോഷിക്കാൻ പാടില്ല എന്ന് ഉദയംപേരൂർ സൂനഹദോസ് വിലക്കുന്നുണ്ടെങ്കിൽ (ഉണ്ടോന്ന് അറിയില്ല), 1599 ൽ നസ്രാണികൾ ഓണം ആഘോഷിച്ചിരുന്നു എന്ന് വ്യക്തമാണല്ലോ. പെന്തകോസ്ത് സഭകൾ ഉദയംപേരൂർ സുനഹദോസിൽ ഒരു പങ്കും ഇല്ലാത്തതിനാൽ, ഈ വാദവുമായി ഇറങ്ങിയിരിക്കുന്നത് നസ്രാണികൾക്കിടയിലെ കരിസ്മാറ്റിക്കുകാർ ആണെന്ന് വ്യക്തമാണല്ലോ. 1555 മുതൽ റോമയിലെ മാർപാപ്പയുമായി കൂട്ടായ്മയിൽ ആയിരുന്ന മാർ തോമ്മാ നസ്രാണികളെ, പിന്നെയും കത്തോലിക്കരാക്കാൻ നടത്തിയ ഉദയംപേരൂർ സൂനഹദോസ് ചരിത്രബോധം ഉള്ള ഒരു നസ്രാണിയും വകവെക്കാൻ പോകുന്നില്ല. അതിനാൽ, കാനോനികം അല്ലാത്ത ഉദയംപേരൂർ സൂനഹദോസിലെ നിയമങ്ങൾ നസ്രാണികൾക്കു ബാധകം അല്ല.

ഓണം അക്രൈസ്തവമോ?

        മറ്റു പല മത വിശ്വാസങ്ങളും, ആ മതം ഉത്ഭവിച്ച ജനവിഭാഗത്തിന്റെ സംസ്കാരം മാത്രമേ നല്ലതൊള്ളൂ എന്നൊരു കാഴ്ചപ്പാട് പുലർത്താറുണ്ട്. എന്നാൽ ക്രൈസ്‌തവ വിശ്വാസപ്രകാരം, മാറ്റപ്പെടേണ്ടത് ഒരാളുടെ സംസ്കാരം അല്ല, പാപത്തിൽ വീണ മനസ്സാണ്. അത് സ്വന്തം സംസ്കാരത്തെ തള്ളി പറഞ്ഞല്ല, മറിച്ചു് കർത്താവായ ഈശോ, മിശിഹായും ദൈവത്തിന്റെ പുത്രനും ആണെന്ന വിശ്വാസം ഏറ്റു പറയുകയും, അതിനനുസരിച്ചു പ്രവർത്തിക്കുകയും ചെയ്‌താണ്‌. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ ഓണം അക്രൈസ്തവം അല്ല.

ഓണവും ആരാധനാക്രമവും തമ്മിലുള്ള കൂടിക്കലർത്താൽ

        സാംസ്കാരികമായി നാം ദ്രാവിഡർ ആണെങ്കിലും, നമ്മുടെ ആരാധനക്രമം പൗരസ്ത്യ സുറിയാനി ആണ്. മഹാന്മാരായ സഭാ പിതാക്കന്മാർ മനോഹരമായി ചിട്ടപ്പെടുത്തിയ ആരാധനാക്രമത്തിൽ, സംസ്കാരം കൂട്ടികലർത്താൻ പാടില്ല. ആവശ്യത്തിന് ഇപ്പോൾ തന്നെ കലർത്തിയിട്ടുണ്ട്. ഓണക്കുർബാന നടത്തി, ആരാധനാക്രമത്തെ അവഹേളിക്കുന്നവർ, ഓണത്തെ അക്രമിക്കുന്നവരുടെ മറുവശം ആണ്. ഓണം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി, പൂർവികരെ പോലെ ആഘോഷിക്കാം. എന്നാൽ ഈ ആഘോഷത്തിൽ മിത്തുകളെ ഒഴിവാക്കാം. നമുക്ക് പൂക്കൾ പറിക്കാം, പൂക്കളം വരക്കാം, വള്ളംകളി കളിക്കാം, ഊഞ്ഞാൽ കെട്ടി ആടാം, നല്ല ഭക്ഷണം കഴിക്കാം, മനുഷ്യരെല്ലാം ഒന്നാണെന്ന് പാടാം, കള്ളവും ചതിയും ഇല്ലാത്ത ഒരു കാലം വരും എന്ന് പ്രതീക്ഷിക്കാം, ഓണക്കളികൾ കളിക്കാം, നല്ല വസ്ത്രങ്ങൾ വാങ്ങാം, ദാനധർമങ്ങൾ നടത്താം, നമ്മുടെ കാർഷിക സംസ്കാരത്തെ സംരക്ഷിക്കാം.

           അപ്പോൾ എന്തൊക്കെയാ ചെയ്യരുതാത്തത് എന്നല്ലേ. ആരാധക്രമത്തെ (ഓണകുർബാന പോലെ) അപമാനിക്കാതെ ഇരിക്കാം. മാവേലിയും വാമനനും ഒക്കെ നമ്മെ സംബന്ധിച്ചടത്തോളം കെട്ടുകഥയാണെന്ന് മനസിലാക്കി, അവരെ ആരാധിക്കുന്നത് ഒഴിവാക്കാം. ക്രിസ്മസ് പാപ്പാ ഒരു സാങ്കല്പിക കഥാപാത്രം ആണെന്ന് അറിഞ്ഞു കൊണ്ട് നാം ക്രിസ്തുമസിന് സാന്താക്ലോസുമായി ആഘോഷിക്കുന്ന പോലെ, കുടവയറൻ മാവേലിത്തമ്പുരാനുമായി ഓണം ആഘോഷിക്കാം. ക്രിസ്ത്മസ് ട്രീ ഇല്ലാത്ത ഒരു വസ്തുവാണെന്ന് അറിഞ്ഞോണ്ട് തന്നെ മരത്തെ അലങ്കരിക്കുന്നത് പോലെ, അത്തപ്പൂവ് ഇടാം. അത് പുതിയ തലമുറക്ക് പറഞ്ഞു കൊടുക്കുകയും വേണം.

               ഇനി ഓണം ക്രൈസ്തവം ആക്കണം എന്ന് വാശി ഉള്ളവർക്ക്, അത്തപ്പൂവിൽ മാർ തോമ്മാ സ്ലീവാ വരക്കുക. അതും പോരെങ്കിൽ മാർ തോമ്മാ സ്ലീവാ ഉള്ള നിലവിളക്കുകൾ ഉപയോഗിക്കുക. മാർ തോമ്മാ സ്ലീവാ കാണുമ്പോൾ വിമ്മിഷ്ട്ടം ഉണ്ടാകുന്ന കരിസ്മാറ്റിക്കുകാർക്ക് അതും പറ്റില്ലാരിക്കും അല്ലെ. ക്ഷമിക്കൂ, നിങ്ങളെ തൃപ്തിപെടുത്താൻ ആർക്കും സാധ്യമല്ല.

        നമുക്ക് എല്ലാം മറന്ന് തിരുവോണം ആഘോഷിക്കാം. ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗം ആണ്. എല്ലാവർക്കും സമത്വത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഓണാശംസകൾ.

നന്ദി....



/// ഉദയംപേരൂർ സുന്നഹദോസിൽ ഓണം വിലക്കിയതിനെ കുറിച്ചുള്ള രേഖ, ചുവടെ ചേർക്കുന്നു. Pic courtesy Proud To Be A Syro Malabar Nasrani fb page.



///

5 comments:

  1. Thanks for your blog. Appreciate your views. However, I don't think Onam was mentioned in the Udayamperoor Synod. It is because Onam was only a temple celebration during the 16th century. Vishu had more significance than Onam at that time. Onam became the national festival of Kerala only after Sahodaran Ayyappan published his poem 'Maveli nadu vaneedum kaalam manushar ellarum onnu pole'. He used the myth of Onam to portray about a golden age while every one was equal in order to fight against the caste discrimination and untouchability prevailed during the early half of 20th century. That poem propelled well to be transformed into a great story and eventually after decades enabled Onam to be declared the national festival of Kerala in 1957. There is nothing wrong in Christians celebrating it.

    ReplyDelete
  2. A post circulating in social media says so. Thats why I mentioned it even though I was not sure about it. I mentioned it in post also.

    Regarding origin of Onam, there are many stories circulating and no body perfectible know when it actually began, even which century. Let it be like that & its the beauty of the festival.

    ReplyDelete
  3. https://www.facebook.com/nasranichurch/photos/a.588001771260385.1073741828.554769114583651/1573589819368237/?type=3&theater

    About Udayamperoor Sunahados banning Onam check the link.

    ReplyDelete