Thursday, July 13, 2017

വാർദ്ധക്യം ബാധിക്കുന്ന സുറിയാനി നസ്രാണി ഭവനങ്ങൾ


          ഓരോ കുഞ്ഞും ഭൂമിയിൽ ജനിക്കുമ്പോഴാണ്, ഭൂമിയും സമൂഹവും സഭയും കുടുംബങ്ങളും അതിന്റെ ചെറുപ്പം നിലനിർത്തുന്നത്. ഓരോ കുഞ്ഞും അനന്തമായ സാധ്യതകളുടെ ഓരോ വാതിലുകളാണ്. എന്നാൽ ഈ അനന്തമായ സാധ്യതകളുടെ, ദൈവീക ദാനത്തെ സ്വീകരിക്കാൻ മനുഷ്യരിൽ അലസത കൂടി വരുന്ന ഒരു പ്രവണത ദൃശ്യമായി വരുന്നുണ്ട്. ജനസംഖ്യാപരമായ ചില ചർച്ചകൾ കേരളത്തിൽ ഇന്ന് ഉണ്ടാവുന്നത് കൊണ്ട്, ഞാൻ ഉൾപ്പെടുന്ന സുറിയാനി നസ്രാണികളിൽ അത് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഒന്ന് ചിന്തിക്കുകയാണ്. എന്തു കൊണ്ട് ജനസംഖ്യ കുറയുന്നു എന്നതിനേക്കാളും, അത് സുറിയാനി നസ്രാണികളുടെ ഭവനങ്ങളിൽ ഉണ്ടാക്കാൻ പോകുന്ന ഉണങ്ങാത്ത മുറിവുകളിലേക്ക് വെളിച്ചം വീശുവാനാണ്  ഞാൻ ഇവിടെ ശ്രമിക്കുക.

            തദ്ദേശീയരായ ദ്രാവിഡരും പൗരസ്ത്യ സുറിയാനി കുടിയേറ്റക്കാരും, വിശ്വാസവും, മനസും, ശരീരവും, സംസ്കാരവും പരസ്പരം പങ്കുവച്ചു വളർത്തിയ സഭയാണ്, ഭാരതത്തിലെ (കേരളത്തിലെ) സുറിയാനി നസ്രാണി സഭ. പാരമ്പര്യങ്ങൾ പ്രകാരം, 1653 ൽ നടന്ന കൂനൻ കുരിശു സത്യാഗ്രഹത്തിന്റെ കാലത്തു, സുറിയാനി നസ്രാണികളുടെ സംഖ്യ 2 ലക്ഷമായിരുന്നു. ഇന്ന് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന എല്ലാ സുറിയാനി സഭകളിലെയും നസ്രാണികളുടെ കണക്കെടുത്താൽ, ചിലപ്പോൾ മുക്കാൽ കോടിക്ക് അടുത്ത് വരുമായിരിക്കും (വ്യക്തമായ കണക്ക് അറിയില്ല). ഈ വളർച്ചക്ക് കാരണം, സുറിയാനി നസ്രാണികളുടെ ദൈവത്തിലുള്ള വിശ്വാസവും, മറ്റു സഹോദരങ്ങളെ സുവിശേഷം അറിയിച്ചു കൂടെ കൂട്ടിയതിനാലും ആണ്. എന്നാൽ 1980 കളോടു കൂടി, മറ്റു ചില സമുദായങ്ങളിലെ പോലെ, സുറിയാനി നസ്രാണികളുടെ ഇടയിലും ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാത്ത സ്വയമേ ഉള്ള ജനന നിയന്ത്രണം കടന്നു വന്നു. അതിനാൽ തന്നെ ഭൂരിഭാഗം നസ്രാണി കുടുംബങ്ങളിലും ഒന്നോ രണ്ടോ കുട്ടികളായി ചുരുങ്ങാൻ തുടങ്ങി. എന്തു കൊണ്ട് നസ്രാണികൾക്കിടയിൽ ഇത് സംഭവിച്ചു എന്ന് ഇവിടെ ചർച്ച ചെയ്യുന്നില്ല. കുടുംബാസൂത്രണത്തിന് തുടക്കം കുറിച്ച ഈ തലമുറയെ Generation A എന്ന് വിളിക്കാം.


        വലിയ ഒരു സാമൂഹിക വിപ്ലവമായി തുടങ്ങിയ ഈ പ്രവണതയിലൂടെ, മാതാപിതാക്കൾക്ക് കുട്ടികളുടെ മേൽ തങ്ങളുടെ സമ്പത്തു കൂടുതലായി നിക്ഷേപിക്കുവാൻ സാധിച്ചു. അത് വഴി അടുത്ത തലമുറയിലെ നസ്രാണികളിലെ ഭൂരിഭാഗം പേരും മാന്യമായ വിദ്യാഭ്യാസം ലഭിക്കുകയും, സാമൂഹികമായി വളരെ മുന്നേറുകയും ചെയ്തു. ഇപ്പോൾ 2017 ൽ എത്തി നിൽക്കുമ്പോൾ, അണുകുടുംബ വ്യവസ്ഥിതിയിൽ പിറന്ന ആദ്യത്തെ  തലമുറ, കുടുംബ ജീവിതം ആരംഭിക്കുന്ന ഘട്ടം ആണ്. എന്നാൽ അണുകുടുംബ വ്യവസ്ഥയിൽ ജീവിക്കാത്ത സമുദായങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ, ഈ തലമുറയിലെ നസ്രാണികൾ എന്തെങ്കിലും വ്യത്യസ്‍തമായ മുന്നേറ്റം സാമ്പത്തീക മേഖലയിൽ ഉണ്ടാക്കിയോ എന്നത് സംശയമാണ്. കുടുംബാസൂത്രണത്തിലൂടെ പിറവി എടുത്ത ഈ തലമുറയെ Generation B എന്ന് വിളിക്കാം.

        കുടുംബ ജീവിതം ആരംഭിച്ച  Generation B യും, അവരുടേതായ കാരണങ്ങൾ കൊണ്ട്, തങ്ങളുടെ മാതാ പിതാക്കൾ കാണിച്ചു തന്ന കുടുംബാസൂത്രണം തങ്ങളുടെ ഭവനങ്ങളിൽ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. അവരുടെ ഭവനങ്ങളിലും ഒന്നോ രണ്ടോ കുഞ്ഞുങ്ങൾ ആണ് കാണുന്നത്. ഇങ്ങനെ പിറക്കുന്ന ഈ മൂന്നാം തലമുറയെ Generation C എന്ന് വിളിക്കാം. ഒരു 2040 കാലഘട്ടത്തോടെ Generation C തങ്ങളുടെ കുടുംബം ആരംഭിക്കുന്ന ഘട്ടം എത്തും എന്ന് കരുതാം. 

Generation A യുടെ കുടുംബ ജീവിതം.

        നസ്രാണികളുടെ ഇടയിൽ ഏറ്റവും മനോഹരമായ ജീവിതം ജീവിക്കുവാൻ ഉള്ള അവസരം ലഭിച്ചത് ഈ തലമുറക്കായിരുന്നു. അവർ ആ ജീവിതം മനോഹരമായി ജീവിച്ചോ എന്നത് മറ്റൊരു ചോദ്യം ആണ്. ഒരു മനുഷ്യന്റെ ജീവിതം മനോഹരം ആകുന്നത് സമ്പത്തിലൂടെ അല്ല എന്ന് ആദ്യമേ ഞാൻ കുറിച്ച് കൊള്ളുന്നു. ലോക മഹായുദ്ധങ്ങൾക്കു ശേഷം ഉണ്ടായ ഈ തലമുറക്ക്, കാര്യമായ പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടില്ല (കമ്മ്യൂണിസ്റ്റ് ഭരണവും, അടിയന്തിരാവസ്ഥയും ഒഴിച്ചാൽ). അവരുടെ ഭവനങ്ങളിൽ 5 മുതൽ 12 വരെ സഹോദരങ്ങൾ ഉണ്ടായിരുന്നു. സഹോദരങ്ങളുമായി സ്നേഹിച്ചും, വഴക്കു കൂടിയും സമ്പത്തിലും പഞ്ഞമാസങ്ങളിലും അവർ ഒന്നിച്ചു കഴിഞ്ഞു.  അപ്പന്റെയും അമ്മയുടെയും സഹോദരങ്ങൾ വഴി, 50 മുതൽ 100 വരെ ചുരുങ്ങിയത് സഹോദരങ്ങൾ (Cousins) അവർക്കുണ്ടായിരുന്നു. ജീവിത്തിന്റെ ഒരു ഘട്ടത്തിലും ഒറ്റക്കാണ് എന്ന ചിന്ത ഈ തലമുറക്ക് ഉണ്ടാകേണ്ടി വരേണ്ടതല്ലായിരുന്നു. സഭ കച്ചവടങ്ങളിലേക്ക് ഇറങ്ങി തുടങ്ങാഞ്ഞതു മൂലം, മഹാന്മാരായ വൈദീകർ അവരുടെ ഇടയിലും കുടുംബങ്ങളിലും ഉണ്ടായിരുന്നു. സഭയുടെ സൗജന്യമായ പള്ളിക്കൂടങ്ങളിലൂടെ ഇവർ, അത് വരെ ഉള്ള തലമുറക്ക് ഇല്ലാതിരുന്ന ഭാഗ്യമായ നല്ല രീതിയിലുള്ള വിദ്യാഭ്യാസം നേടി. ലോകത്തെ ഏതൊരു ജനതയോടും ഒപ്പത്തിനൊപ്പം നിൽക്കാൻ പോന്ന അറിവ് അവർ സ്വന്തമാക്കി. കേരളത്തിൽ 25 ശതമാനത്തോളം ജനസംഖ്യയിൽ ഉണ്ടായിരുന്നതിനാൽ, ശക്തമായ രാഷ്ട്രീയ സാമൂഹിക സ്ഥാനവും ഉള്ള ഒരു ജനവിഭാഗമായി അവർ മാറി. അവരുടെ പിതാക്കന്മാർ മലബാറിലേക്കും ഹൈ റേഞ്ചിലേക്കും കുടിയേറി ഭൂമി വെട്ടി പിടിച്ചത് മൂലം ധാരാളം ഭൂസ്വത്തും അവർക്കവകാശമായി. ചുരുക്കത്തിൽ ബന്ധു ബലത്തിലും, വിദ്യാഭ്യാസത്തിലും, രാഷ്ട്രീയമായും, സഭാപരമായും, ഭൂമിപരമായും കേരളത്തിലെ ഏറ്റവും ശക്തമായ ഒരു സമൂഹമായി അവർ മാറി.

        ഈ നേട്ടങ്ങളുടെ എല്ലാം ആണിക്കല്ല്, തങ്ങളുടെ പിതാക്കന്മാർ പിൻതുടർന്ന ദൈവവിശ്വാസവും, ആ ദൈവം ദാനമായി തന്ന മക്കളെ അവർ സ്വീകരിച്ചതിനാൽ ആണെന്നും ഉള്ള ചരിത്ര സത്യം മനസിലാക്കാൻ മാത്രം ഈ തലമുറ മറന്നു. കൂടുതൽ ധനം വന്നതിനാൽ, സഹോദരങ്ങൾക്കിടയിൽ സ്‌നേഹത്തിന് പകരം മത്സരം ഉണ്ടായി. ദൈവത്തേക്കാളും, സഞ്ജയ് ഗാന്ധിയെ വിശ്വസിച്ച ഈ തലമുറ കുടുംബാസൂത്രണത്തിലേക്ക് കടന്നു. മക്കൾ ഒന്നോ രണ്ടോ ആയി ചുരുക്കി. കുട്ടികൾ കുറവായിരുന്നതിനാൽ, ഉള്ള കുട്ടികൾക്ക് അമിതമായ പരിചരണവും വാത്സല്യവും നൽകി. കുടുംബാസൂത്രണം മൂലം പണം മിച്ചം വന്നതിനാൽ, ലൗകീക സുഖ സൗകര്യങ്ങൾ നല്ല രീതിയിൽ അനുഭവിക്കാൻ അവർക്ക് സാധിച്ചു. സഹോദരന്മാരുണ്ടായിരുന്നത് മൂലം, അവരുടെ മാതാപിതാക്കന്മാരുടെ അവസാനകാല പരിചരണത്തിന് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായില്ല. മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുവാൻ സാധിച്ചത് മൂലം, ഇവരുടെ മക്കൾ വിദേശങ്ങളിലേക്കു കുടിയേറി. ഇന്ന് 50 - 65 വയസ്സുള്ള ഇവർ കുറച്ചു കോൺക്രീറ്റ് കൊട്ടാരങ്ങളുടെ കാവൽക്കാരായി കഴിയുന്നു. ഇവരുടെ അമ്മമാർ 10 - 12 പെറ്റിട്ടും 70 - 80 വയസുവരെ കാര്യമായ രോഗം ഇല്ലാതെ കഴിഞ്ഞു. എന്നാൽ ഇവരിലെ സ്തീകൾ 50 ആയപ്പോഴേക്കും, മുട്ടുവേദന മുതൽ മാരകമായ രോഗങ്ങളുമായി കഴിയുന്നു. കിളച്ചും, കൃഷി ചെയ്തും, കച്ചവടം ചെയ്തും 10 - 12 മക്കളെ വളർത്തിയ ഇവരുടെ പിതാക്കന്മാരും 70 - 80 വയസുവരെ കാര്യമായ രോഗം ഇല്ലാതെ കഴിഞ്ഞു. എന്നാൽ ഇവരിലെ ആണുങ്ങൾ വിദേശ മദ്യത്തിൽ അവരുടെ ഏകാന്തത തള്ളി നീക്കി, ഹൃദയം മുതൽ വൃക്ക വരെ നശിച്ചു കഴിയുന്നു. അവരുടെ മക്കൾ, വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വന്നു, കണ്ടു പോകുന്നു. ഒന്നാശുപത്രിയിൽ പോകാനോ, എന്തെങ്കിലും സഹായം വേണമെങ്കിലുമോ അടുത്തുള്ള ചെറുപ്പക്കാരിൽ അവർക്ക് അഭയം തേടേണ്ടി വരുന്നു. ചുറ്റും സഹോദരങ്ങളെ കൊണ്ട് നിറഞ്ഞ ചെറുപ്പ കാലത്തു നിന്നും, ഏകാന്തതയുടെ വാർദ്ധക്യത്തിലേക്ക് അവർ കൂടുതൽ കൂടുതൽ ആഴ്ന്ന് ഇറങ്ങി കൊണ്ടിരിക്കുക ആണ് ഇന്ന്.


Generation B യുടെ കുടുംബ ജീവിതം.

         തങ്ങളുടെ മാതാപിതാക്കന്മാരുടെ അളവില്ലാത്ത സ്നേഹം ഒറ്റയ്ക്ക് ആസ്വദിക്കാൻ ഈ തലമുറക്ക് സാധിച്ചു. അവരുടെ ശേഷിക്ക് അനുസരിച്ചു നൽകാൻ സാധിക്കുന്ന വിദ്യാഭ്യാസവും, ഭക്ഷണവും തുടങ്ങി എല്ലാ സൗകര്യങ്ങളും പങ്കുവയ്ക്കപ്പെടാതെ അവർക്ക് ലഭിച്ചു. എങ്കിലും ഭവനത്തിൽ നിന്ന് ലഭിക്കേണ്ട കൂടെപിറപ്പിന്റെ സ്നേഹം കുറച്ചേ ലഭിച്ചുള്ളൂ (രണ്ടു കുട്ടികൾ തമ്മിലുള്ള പ്രായവ്യത്യാസത്തിന് അനുസരിച്ചു). ആ ഒരു കുറവ് അവർ നികത്തിയത്, ചുറ്റുപാടുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും ലഭിച്ച സുഹൃത്തുക്കൾ വഴി ആണ്. എങ്കിലും അവരുടെ അപ്പൻ അമ്മമാരുടെ സഹോദരങ്ങളിൽ നിന്നും ഉള്ള കുട്ടികൾ (cousins) വഴി അവർ കുടുംബവുമായി കുറച്ചൊക്കെ ഒട്ടി നിന്നു. തങ്ങളുടെ മാതാപിതാക്കൾക്ക് 50 - 100 സഹോദരങ്ങൾ (cousins) ഉണ്ടായിരുന്ന പ്പോൾ, ഇവർക്ക് 15 - 20 വരെ ഉള്ളു. നല്ല വിദ്യാഭ്യാസം ലഭിച്ചത് മൂലം ചെറിയ പ്രായത്തിൽ തന്നെ അവർക്ക് കുടുംബത്തിൽ നിന്നും ദൂരെ പോകേണ്ട അവസ്ഥ ഉണ്ടാകുന്നു.

             ഇന്ന് ഈ തലമുറയിലെ ഭൂരിഭാഗം പേരും വിവാഹിതർ ആണ്, അല്ലേൽ അതിനായി തയ്യാറെടുക്കുന്നു. തങ്ങളുടെ മുൻതലമുറ നടത്തിയ കുടുംബാസൂത്രണം മൂലം കേരളത്തിൽ, തങ്ങളുടെ ജനസംഖ്യാനുപാതം കുറഞ്ഞു എന്ന വസ്തുത അവർ മനസിലാക്കി. അതിനാൽ തന്നെ, രാഷ്ട്രീയമായി തങ്ങളുടെ ശക്തി കുറഞ്ഞു എന്നും പുറമെ നിന്നുള്ള ചെറിയ ആക്രമണങ്ങൾ അതിന്റെ ലക്ഷണം ആണെന്നും അവർ തിരിച്ചറിഞ്ഞു. കുടുംബാസൂത്രണം വഴി ഏതെല്ലാം മേഖലകളിൽ തങ്ങൾ മുന്നിൽ എത്തും എന്ന് അവർ പ്രതീക്ഷിച്ചോ, ആ മേഖലകളിൽ എല്ലാം കുടുംബാസൂത്രണം നടത്താത്ത വിഭാഗങ്ങളും ഒപ്പത്തിനെത്തി എന്ന് അവർ അനുഭവിച്ചറിഞ്ഞു. നസ്രാണികൾക്കിടയിൽ ചരിത്രത്തിൽ ആദ്യമായി, യുവാക്കളുടെയും, വൃദ്ധരുടെയും അനുപാതം ഏകദേശം തുല്യമായി. അതായത് സഭക്ക് പ്രായം കൂടി. സഭകൾ സമ്പന്നമായത് മൂലം, കഴിവുള്ള വൈദീകർ പോലും കച്ചവടക്കാരുടെ മേലങ്കി ഇട്ടു നടക്കാൻ തുടങ്ങി. യുവാക്കൾ കുറഞ്ഞ, അദ്ധ്യാത്‌മികത നഷ്ടമായ സഭ മെലിയാൻ തുടങ്ങിയത് അവരെ വിശ്വാസത്തിൽ തളർത്തി. കുടുംബം നോക്കുന്ന ആൺ കുട്ടിക്ക്, അവന്റെ ഭാര്യയുടെയും, കുട്ടികളുടെയും മാതാപിതാക്കളുടെയും ഭാരം ഒറ്റക്ക് ചുമക്കേണ്ട അവസ്ഥ ഉണ്ടായി. ഒരു മേഖലകളിലും സഹായിക്കാൻ സഹോദരങ്ങൾ ഇല്ല, എന്നത് അവനെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കി. ജോലി സ്ഥലത്തായതിനാൽ മാതാപിതാക്കളെ, വേണ്ട രീതിയിൽ പരിചരിക്കാൻ സാധിക്കുമോ, എന്ന ഭയം അവനിൽ ഉണ്ടാകുന്നു. അസുഖമുള്ള മാതാപിതാക്കന്മാർ ഉള്ളതിനാൽ, യോഗ്യത ഉണ്ടായിട്ടും ദൂരെ എങ്ങും പോകാതെ, വീടിനു അടുത്ത് കിട്ടുന്ന തൊഴിൽ ചെയ്തു ജീവിക്കുന്ന നസ്രാണി യുവാക്കളുടെ എണ്ണം കൂടുകയാണ്. കാരണം അവന് ആശ്രയിക്കാൻ സഹോദരരില്ല. എല്ലാത്തിനും സുഹൃത്തുക്കളെ ആശ്രയിക്കേണ്ടി വരുന്ന ഒരു തലമുറയായി ഇവർ മാറി. കുടുംബ ബന്ധങ്ങൾ ഇവർക്ക് വളരെ കുറച്ചേ ഉള്ളു. 

          പെൺകുട്ടികളുടെ വിദ്യാഭ്യാസം കുതിച്ചുയരുന്നത് മൂലം, വിവാഹത്തിന് വരന്റെയും വധുവിന്റെയും ദൗർലഭ്യം അനുഭവിക്കാൻ തുടങ്ങി. ഇവരുടെ വിവാഹപ്രായം 30 കൾ കടന്നു. പലരും ഇന്നും വിവാഹ ജീവിതത്തിലേക്ക് കടക്കാൻ കഴിയാതെ തളർന്നു നിൽക്കുന്നു. സഹായിക്കാൻ സഹോദരങ്ങളില്ല എന്ന വസ്തുത, അവരിലൂടെ ലഭിക്കാമായിരുന്ന മനോധൈര്യത്തിൽ നിന്ന് അവരെ അകറ്റി നിർത്തുന്നു. ഈ അവസ്ഥകളിൽ, തങ്ങളുടെ മുൻതലമുറ സന്തോഷത്തോടെ നടത്തിയ കുടുംബാസൂത്രണം, നിവൃത്തിയില്ലാതെ അവരും തങ്ങളുടെ ജീവിതത്തിൽ സ്വീകരിക്കുന്നു. ദൈവത്തിൽ ശരണം പ്രാപിക്കാൻ അവരെ ഉൽബോധിപ്പിക്കേണ്ട സഭാ പിതാക്കന്മാരും, വൈദീകരും കച്ചവടങ്ങളിലും, സർക്കാരുകളുമായി രാഷ്ട്രീയ യുദ്ധത്തിലും മുഴുകുന്നു. ദൈവത്തിൽ ആശ്രയിച്ചു, തങ്ങളുടെ മുൻതലമുറയുടെ തെറ്റ് തിരുത്തേണ്ടവർ, തെറ്റിൽ നിന്നും തെറ്റിലേക്ക് കൂപ്പു കുത്തി. തങ്ങളുടെ മുൻതലമുറ വാർദ്ധക്യത്തിൽ, ഏകാന്തത അനുഭവിച്ചെങ്കിൽ, ഈ തലമുറ യൗവ്വനം മുതൽ ഏകാന്തത അനുഭവിക്കുന്നു.


Generation C യുടെ കുടുംബ ജീവിതം.

           കുടുംബാസൂത്രണത്തിന്റെ രണ്ടാം തലമുറയാണ് Generation C. സ്വന്തം ഭവനത്തിൽ ആ കുട്ടിക്ക് സഹോദരങ്ങൾ ഇല്ല (ഉണ്ടെങ്കിൽ തന്നെ ഒന്ന്). അപ്പനും അമ്മയ്ക്കും സഹോദരങ്ങൾ ഇല്ലാത്തതു മൂലം അല്ലേൽ കുറവായത് മൂലം, അവർ വഴി ഉള്ള സഹോദരങ്ങളും (cousins) ഇല്ലെന്നു പറയാം. ബാല്യത്തിൽ തന്നെ ഏകാന്തത അവർ അനുഭവിക്കാൻ തുടങ്ങും. അത് മൂലം അവരിൽ എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടാകും എന്നത് എനിക്ക് വ്യക്തമായി പറയാനുള്ള അറിവില്ല. എങ്കിലും നല്ലതാവില്ല എന്ന് ഉറപ്പ്. സഹോദരങ്ങൾ ഇല്ലാത്ത, ആരും ആശ്രയിക്കാൻ ഇല്ലാതെ നെടുവീർപ്പെടുന്ന പിതാവിനെ ആയിരിക്കും ആ കുട്ടി ചെറുപ്പം മുതൽ കാണുന്നത്. കുടുംബവുമായി ചേർത്ത് നിർത്താൻ ഉതകുന്ന ഒന്നും ആ കുട്ടിയുടെ ജീവിതത്തിൽ ഇല്ല. നസ്രാണികളുടെ ഇടയിൽ കുടുംബങ്ങൾ നിലനിൽക്കുന്നത് ആൺ മക്കൾ വഴി ആണ്. മാർ പെരുന്തോട്ടം പിതാവ് എഴുതിയത് പോലെ, 2000 വർഷങ്ങൾ നിലനിന്ന പല പ്രശസ്തമായ നസ്രാണി കുടുംബങ്ങളും, ഈ കാലഘട്ടത്തിൽ സന്തതികൾ ഇല്ലാതെ വേരറ്റു പോകും.. 

           ഈ തലമുറ വിവാഹജീവിതത്തിലേക്ക് കടക്കുന്ന 2040 കൾ കൊടിയ പീഡകളുടേത് ആകും. കേരളത്തിൽ നസ്രാണികളുടെ ശതമാനം വളരെ താഴും. രാഷ്ട്രീയമായി അപ്രസക്തമായ ഒരു വിഭാഗം ആയി അവർ മാറും. ഭൂസ്വത്തുക്കൾ പലതും നോക്കാൻ ആളില്ലാതെ കൈ മോശം വരും. രാഷ്ട്രീയമായി അപ്രസക്‌തമാകുമ്പോൾ, സഭയുടെ സമ്പാദ്യമായ സ്ഥാപനങ്ങൾ സർക്കാർ പിടിച്ചെടുക്കും. സഭ തളരും. സ്ലൈഹീക സഭകളുടെ മുഖമുദ്ര ആയ പീഡനത്തിന്റെ ദിനങ്ങളിലേക്ക് സഭ കടക്കും. കുടുംബ ബന്ധങ്ങൾ ഇല്ലാത്തത് മൂലം, യുവജനം സഭയിൽ നിന്ന് അകലും. യുവതികൾ മറ്റു സമുദായങ്ങളിലേക്ക് ആകർഷിക്കപെടും. യുവാക്കൾ വിവാഹം ചെയ്യാൻ ആവാതെ വിഷമിക്കും. ഈ കാലഘട്ടത്തിൽ, Generation A അവരുടെ 75 - 80 കളിൽ ആയിരിക്കും (വൈദ്യശാസ്ത്രത്തിൽ ഉള്ള മുന്നേറ്റം അവരുടെ ജീവിത കാലയളവ് വർധിപ്പിക്കും). അതായത്, Generation C യുവാവിന്, അവന്റെ നല്ല പ്രായത്തിൽ രണ്ടു തലമുറയുടെ (Generation A &Generation B) ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. അത് ആ യുവാവിനെ കടുത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിവിടും. ചെറുപത്തിലേ ഏകാന്തത അനുഭവിച്ചു വളർന്ന അവൻ, ആ രണ്ടു തലമുറയെയും നിഷ്‌കരുണം തള്ളി പറയും. Generation A യും Generation B യും സമ്പാദ്യമായി കണ്ടിരുന്ന പലതും അന്ന് വിലയില്ലാത്തതായി കാണപ്പെടും. നസ്രാണി കുടുംബങ്ങളിൽ ഭൂരിപക്ഷം പേരും, പ്രായം 50  കഴിഞ്ഞവരായിരിക്കും. അതായത് സഭയിൽ വൃദ്ധർ, യുവാക്കളേക്കാൾ കൂടും. വാർദ്ധക്യം ബാധിച്ചു, മരണം കാത്തു കഴിയുന്ന കിളവനെ പോലെ ആകും സുറിയാനി  നസ്രാണി സഭ. കുടുംബമോ, സഹോദരങ്ങളോ ഇല്ലാത്ത ഈ തലമുറ കുറച്ചു പതിറ്റാണ്ടുകൾക്കുള്ളിൽ ചുറ്റുമുള്ള ജനങ്ങളിൽ അലിഞ്ഞു ഇല്ലാതായി തീരും. 

               Generation C യുടെ കാര്യങ്ങൾ കൂടുതലും എന്റെ ഭാവനയിൽ ഉള്ള കാര്യങ്ങൾ ആണ്. ഒപ്പം കുറച്ചു പൊലിപ്പിച്ചിട്ടും ഉണ്ട്. ചിലപ്പോൾ, നമ്മുടെ ഈ തലമുറയിൽ വലിയ ഒരു മാറ്റം ഉണ്ടായി കൂടെന്നില്ല. ധാരാളം ദമ്പതികൾ ദൈവം തരുന്ന കുഞ്ഞുങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്. ധരാളം മാതാപിതാക്കൾ, മക്കളെ നല്ല പ്രായത്തിൽ വിവാഹം കഴിക്കാൻ സഹായിക്കാറുണ്ട്‌. എന്നാലും ഇന്നും ഭൂരിപക്ഷവും അങ്ങനെ അല്ല എന്നുള്ളത്, സഭയും നമ്മളോരോരുത്തരും ചിന്തിക്കേണ്ടതാണ്. സഭാ മക്കൾക്ക് വേണ്ടി ചിന്തിക്കുന്ന പുരോഹിതർ കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ നമ്മൾ അല്മായർ നമ്മുടെ സഭയെ രക്ഷിക്കേണ്ടതുണ്ട്. മാറ്റം ഉണ്ടായില്ലെങ്കിൽ, അത്ര നല്ല കാലം ആയിരിക്കുക അല്ല ഉണ്ടാവുക എന്ന് വ്യക്തമാണ്. അത് എത്ര തലമുറകൾക്കുള്ളിൽ ഉണ്ടാവും എന്ന് മാത്രം കണക്കു കൂട്ടിയാൽ മതി. 

"കർത്താവിന്റെ ദാനമാണ് മക്കൾ, ഉദരഫലം ഒരു സമ്മാനവും. യൗവ്വനത്തിൽ ജനിക്കുന്ന മക്കൾ യുദ്ധ വീരന്റെ കയ്യിലെ അസ്ത്രങ്ങൾ പോലെയാണ്. അവ കൊണ്ട് ആവനാഴി നിറക്കുന്നവൻ ഭാഗ്യവാൻ; നഗര കവാടത്തിങ്കൽ വച്ച് ശത്രുക്കളെ നേരിടുമ്പോൾ അവനു ലജ്ജിക്കേണ്ടി വരുക ഇല്ല." സങ്കീർത്തനം 127: 3-5 

      ദൈവവും കർത്താവുമായ നമ്മുടെ ഈശോ മിശിഹാ നിങ്ങളെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നിങ്ങളുടെ വംശം, ഭൂമിക്ക് അനുഗ്രഹമാകട്ടെ. അവരിലൂടെ ഭൂമിയും, സമൂഹവും, സഭയും, കുടുംബവും, നിങ്ങളും എന്നും ചെറുപ്പം ആയിരിക്കട്ടെ.

Sunday, July 2, 2017

അവിശ്വാസിയായ ആയ തോമ്മായോ, വിശ്വാസ സംരക്ഷകനായ മാർ തോമ്മാ ശ്ലീഹായോ



           ശ്ലീഹാക്കാലത്തിലൂടെ നാം മാർ തോമ്മാ ശ്ലീഹായുടെ ദുക്റാനയിലോട്ടു കടക്കുകയാണല്ലോ. നമുക്ക് വിശ്വാസം പകർന്നു തന്ന മാർ തോമ്മാ ശ്ലീഹായുടെ രക്ത സാക്ഷ്യത്തെ അനുസ്മരിക്കുന്ന ഈ ദിവസം, നാം സഭാ ദിനമായി ആഘോഷിക്കുന്നു. സുവിശേഷങ്ങളിൽ മാർ തോമ്മാ ശ്ലീഹായെ പ്രതിപാദിക്കുന്ന പ്രധാനപ്പെട്ട മൂന്നു സംഭവങ്ങളിൽ, ഒന്നാണ് ഇന്ന് ചിന്തിക്കാൻ ഞാൻ ഉദ്ദേശിക്കുന്നത്. 

            മാർ തോമ്മാ ശ്ലീഹായെ കുറിച്ച് ചെറുപ്പം മുതൽ കേൾക്കുന്ന, പഠിക്കുന്ന ഒരു കാര്യം അദ്ദേഹം എടുത്തുചാട്ടക്കാരൻ ആണെന്നും, സംശയാലു ആണെന്നും, സംഘർഷഭരിതമായ ഒരു മനസുള്ളവൻ ആണെന്നും ആണ്. വേദ പുസ്തകം ഒരു വട്ടം വായിക്കുമ്പൾ, ഈ വിശേഷണങ്ങൾ ന്യായമാണെന്ന് തോന്നാം. പക്ഷെ ഇത് ഒരു പാശ്ചാത്യ കാഴ്ചപ്പാടാണ്. ശ്ലീഹന്മാരിൽ ഏറ്റവും കുറവ് പഠനത്തിന് വിഷയമായ ശ്ലീഹാ, മാർ തോമ്മാ ശ്ലീഹാ ആണെന്നാണ് എന്റെ പക്ഷം.

             അദ്ദേഹത്തിന്റെ ധൈര്യത്തെ കുറിച്ച് അറിയണമെങ്കിൽ, ആരും പോകാൻ തയ്യറാകാത്ത, പേർഷ്യൻ സാമ്രാജ്യത്തിലേക്ക്, ബർത്തലോമ്യ, യൂദാ തുടങ്ങിയ ശ്ലീഹന്മാരുടെയും മറ്റു ശിഷ്യന്മാരുടെയും നേതൃത്വം ഏറ്റെടുത്തുള്ള യാത്ര മാത്രം അനുസ്‌മരിച്ചാൽ മതിയാകും. ജറുസലേമിന് വെളിയിൽ ഏറ്റവും കൂടുതൽ യഹൂദർ ഉണ്ടായിരുന്ന ബാബിലോണിലേക്ക് അദ്ദേഹം ശ്ലീഹന്മാരെ നയിച്ചു. ഹെബ്രായർ ബാബിലോണിൽ മാത്രമല്ല എന്ന് മനസിലാക്കിയ അദ്ദേഹം, മാർ യൂദായെ ഉത്തര പേർഷ്യയിലേക്കും, മാർ ബർത്തലോമ്യയെ അർമേനിയിലേക്കും അയച്ചു. തന്റെ ശിഷ്യനായ മാർ അദ്ദായിയെ ബാബിലോണിലെ സഭ ഏൽപ്പിച്ച അദ്ദേഹം, ഏറ്റവും ദുഷ്കരമായ ദക്ഷിണ പേർഷ്യ, സിന്ധ്, തക്ഷശില തുടങ്ങിയ പ്രദേശങ്ങളിലെ ഹെബ്രായർക്കിടയിൽ സുവിശേഷം എത്തിച്ചു. എന്നാൽ അദ്ദഹത്തിന്റെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന യാത്ര ദക്ഷിണ ഭാരതത്തിലേക്കും, അവിടെ നിന്നും ഇന്തോനേഷ്യയിലേക്കും, തിരിച്ചും ഉള്ളതാണ്. ചിതറി പോയ ഇസ്രായേലി മക്കളെ തേടി മലബാർ തീരത്തെത്തിയ അദ്ദേഹം, അവിടെ താൻ തൊട്ട് വിശ്വസിച്ച സുവിശേഷം അറിയിച്ചു. പിന്നീട് ആ സുവിശേഷം മാർ തോമ്മാ മാർഗ്ഗമായി, ഇന്നും ഓരോ മാർ തോമ്മാ നസ്രാണികളിലൂടെയും ജീവിക്കുന്നു.

      മാർ യോഹന്നാന്റെ സുവിശേഷത്തിലാണ്, മിശിഹായുടെ പുനരുദ്ധാനത്തിന് ശേഷം ഉള്ള കാര്യങ്ങൾ വ്യക്തമായി പരാമർശിച്ചിട്ടുള്ളത്. ആഴ്ചയുടെ ഒന്നാം ദിവസം (ഞായറാഴ്ച), ഭയത്താൽ ഒളിച്ചിരുന്ന തന്റെ ശിഷ്യന്മാർക്ക് മിശിഹാ പ്രത്യക്ഷപ്പെടുകയും, പുനരുദ്ധാനത്തിന്റെ സുവിശേഷം അവർക്കു വെളിപ്പെടുത്തി കൊടുക്കുകയും ചെയ്‌തു. എന്നാൽ ഈ അവസരത്തിൽ മാർ തോമ്മാ അവിടെ ഉണ്ടായിരുന്നില്ല. മിശിഹായുടെ ക്രൂശു മരണത്തിന് ദിവസങ്ങൾക്കു മാത്രം ശേഷം, മറ്റു ശിഷ്യന്മാർ ഭയന്ന് ഒളിച്ചിരുന്നപ്പോൾ, ജറുസലേമിൽ അദ്ദേഹം ധൈര്യപൂർവം എങ്ങനെ ഇറങ്ങി നടന്നു എന്നുള്ളത്, ഇന്നും ഉത്തരമില്ലാത്ത ചോദ്യം ആണ്. അതും, മാർ തോമ്മാ ശ്ലീഹാ മിശിഹായുടെ സമപ്രായനും, രൂപത്തിൽ സാദൃശ്യനും ആണെന്നുള്ള പാരമ്പര്യം കൂടി കണക്കിലെടുക്കുമ്പോൾ. വൈകുന്നേരം തിരികെ എത്തുമ്പോൾ മറ്റുള്ളവർ മിശിഹായെ കണ്ടു, എന്ന അറിയുമ്പോൾ ആ മനസ്സിൽ ഉണ്ടായ വികാരം എന്തായിരിക്കും എന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിയുന്നില്ല. മിശിഹായുടെ കൈകളിലെ ആണി പഴുതിലൂടെയും വിരൽ ഇടാതെയും പാർശ്വത്തിൽ കൈകൾ വയ്‌ക്കാതെയും ഞാൻ വിശ്വസിക്കില്ല എന്ന് എന്ത് അർത്ഥത്തിലാണ് അദ്ദേഹം പറഞ്ഞത് എന്ന് അറിയണമെങ്കിൽ അദ്ദേഹത്തെ കൂടുതൽ അറിയണമായിരുന്നു. എട്ടു ദിവസങ്ങളോളം കാത്തിരുന്നതിനു ശേഷം മിശിഹായെ കാണുകയും ആ വിശുദ്ധ മേനിയിൽ സ്പർശിച്ച വേളയിൽ, ഉള്ളിൽ നിന്ന് വന്ന "മാർ വാലാഹ്" (എന്റെ കർത്താവേ, എന്റെ ദൈവമേ) എന്ന ശബ്ദം ഇന്നും ഒരു വിശ്വാസ പ്രഖ്യാപനമായി മുഴങ്ങി നിൽക്കുന്നു.

       ക്രൈസ്‌തവ മാർഗം ലോകത്തിന്റെ പല ഭാഗത്തും വളരുന്നതിനോടൊപ്പം തന്നെ, വളരെ അധികം പാഷാണ്ഡതകളും, വിശ്വാസത്തിനെ ഉലക്കുന്ന ചോദ്യങ്ങളേയും നേരിടേണ്ടി വന്നിട്ടുണ്ട്. അതിനു കാരണം ലോകത്ത്‌ അന്ന് ഏറ്റവും കൂടുതൽ യുക്തിയോടെയും വിമർശനപൂർവ്വവും ചിന്തിച്ചിരുന്ന ഗ്രീക്ക് സംസ്കാരത്തിന് മുന്നിലേക്കായിരുന്നു സുവിശേഷവുമായി ശ്ലീഹന്മാർ കടന്നു ചെന്നത്. ദൈവം തന്ന ദാനമായ യുക്തിയിലൂടെ എല്ലാ കാലത്തും മിശിഹായുടെ ജീവിതത്തെ മനുഷ്യർ കീറി മുറിച്ചു. അതിൽ തെറ്റില്ല എങ്കിലും, ശരിയെ ശരിയായി അംഗീകരിക്കാതെ, തെറ്റിന് ചൂട്ടു പിടിക്കുന്നതിനാണ് പാഷണ്ടത എന്ന് പറയുന്നത്. മിശിഹായുടെ മരണത്തെയും തുടർന്നുള്ള സംഭവങ്ങളെയും ചുറ്റി പാഷണ്ടതകൾ പടർന്നിരുന്നു. അവയിൽ ചിലത് 

1) ഗത്‌സെമെയിൻ തോട്ടത്തിൽ നിന്ന് മിശിഹായെ അല്ല, മിശിഹായുടെ അപരനായ ശിഷ്യനെ ആണ് പടയാളികൾ പിടികൂടിയത്.
2)  ഗത്‌സെമെയിൻ തോട്ടത്തിൽ വച്ച്, മിശിഹാ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു. യൂദാസിനെ ആണ് പടയാളികൾ പിടികൂടിയത്.
3) കുരിശിൽ തറക്കപ്പെടുന്നതിന് മുൻപ്, അരിമത്യക്കാരൻ ജോസഫ്, ഈശോയുടെ ചില ശിഷ്യന്മാരായ നിയമജ്ഞരുടെ സഹായത്താൽ, മിശിഹായെ രക്ഷിച്ചു 
4) മിശിഹായ്ക്കു പകരം ഒരു ശിഷ്യനാണ് കുരിശിൽ തറക്കപ്പെട്ടത്
5) മിശിഹായ്ക്കു പകരം ഒരു ദൈവ ദൂതനാണ് കുരിശിൽ തറക്കപെട്ടത്‌ 
6) മിശിഹാ കുരിശിൽ ബോധരഹിതൻ ആയതേ ഉള്ളു. മരണം സംഭവിച്ചില്ല 
7) മിശിഹായ്ക്ക് കുരിശിൽ വച്ച് നൽകിയ മീറായിൽ, ബോധം നഷ്ടപ്പെട്ട്‌ മരിച്ചവനെ പോലെ കിടക്കാൻ ഉള്ള മരുന്ന് കലർത്തിയിരുന്നു.
8) കല്ലറയിൽ വച്ച് ബോധം ലഭിച്ച മിശിഹാ, കശ്‍മീരിലേക്ക് പാലായനം ചെയ്തു.
9) മിശിഹാ മരിച്ചു എങ്കിലും, കല്ലറ മാറി, തെറ്റായ കല്ലറയിലാണ് ശിഷ്യന്മാർ മിശിഹായെ പിന്നീട് അന്വേഷിച്ചത്.
10) മിശിഹായുടെ മൃത ശരീരം, അരിമത്യക്കാരൻ ജോസഫ്  മോഷ്ടിച്ചു.
11) മിശിഹായുടെ മൃത ശരീരം, ശിഷ്യന്മാർ  മോഷ്ടിച്ചു.
12) മിശിഹാ ദൈവ സന്നിധിയിൽ ഉള്ള ഒരു ആത്‌മാവ്‌ അല്ലേൽ ദൂതൻ മാത്രം ആണ്, അതിനാൽ ദൈവം തന്റെ ദൂതനെ തന്റെ ദൗത്യ നിർവഹണത്തിന് ശേഷം മരണത്തിൽ നിന്ന് ഉയർപ്പിച്ചു.
13) മിശിഹായുടെ രൂപ സാദൃശ്യമുള്ള ഒരാൾ ശിഷ്യൻമാരെ കബളിപ്പിച്ചു.

      ഇങ്ങനെ ധാരാളം പാഷണ്ടതകൾ അന്നും ഇന്നും, എല്ലാ കാലവും മിശിഹായെ ചുറ്റി പറ്റി ഉയർന്നിരുന്നു. എന്നാൽ 2000 വർഷങ്ങൾക്ക് അപ്പുറവും മിശിഹായുടെ ജീവിതം ഒരു തുറന്ന പുസ്‌തകമായി യുക്തിക്കും, വിശ്വാസത്തിനും തൃപ്‌തി ഉള്ള ഉത്തരങ്ങളുമായി തല ഉയർത്തി നിൽക്കുന്നു. അതിന് പ്രധാന കാരണം മാർ തോമ്മാ ശ്ലീഹായാണെന്നുള്ളത് നമുക്ക് അഭിമാനം നൽകുന്ന കാര്യം ആണ്. മാർ തോമ്മാ ശ്ലീഹാ, വിശ്വാസ സംരക്ഷകൻ ആകുന്നത് എങ്ങനെ എന്ന് ചിന്തിക്കാം.

      മിശിഹാ, ശിഷ്യന്മാർക്കു മുൻപിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, തോമ്മാ അവരുടെ കൂടെ ഇല്ലായിരുന്നു. തോമ്മാ തിരിച്ചു വരുമ്പോൾ അദ്ദേഹം നടത്തിയ ശക്‌തമായ പ്രസ്താവന പല മിശിഹാ നിഷേധികളുടെയും നാവടപ്പിക്കുന്നതാണ്. ശ്ലീഹന്മാർ ചേർന്നൊരുക്കിയ ഒരു ഗൂഢാലോചന ആണ് മിശിഹായുടെ ഉദ്ധാനം എന്ന വാദത്തെ മുളയിലേ തോമ്മായിലൂടെ ദൈവം നുള്ളി. ശ്ലീഹന്മാർ ചേർന്നുണ്ടാക്കിയ തിരക്കഥ ആണ് ഉത്ഥാനം എങ്കിൽ, ആ തിരക്കഥയിൽ തോമ്മക്കും പങ്കുണ്ടാകുമായിരുന്നു. അങ്ങനെ തയ്യാറാക്കിയ തിരക്കഥയെ തോമ്മാ എതിർക്കേണ്ട കാര്യം ഇല്ല. താൻ കാണാത്ത ഒന്നിനെ സംശയ ദൃഷ്ടിയോടെ അവതരിപ്പിക്കുക വഴി, ശിഷ്യന്മാർ എല്ലാവരും ചേർന്നൊരുക്കിയ ഒരു കഥ അല്ലെന്ന് അദ്ദേഹം തെളിയിച്ചു. ലോകത്തിനു മുന്നിൽ ഉത്ഥിതനായ മിശിഹായെ എല്ലാ തെളിവുകളോടും കൂടെ അവതരിപ്പിക്കുവാൻ ദൈവം നൽകിയ അവസരം അദ്ദേഹം നന്നായി ഉപയോഗിക്കുക ആണ് ചെയ്തത്. 

          എട്ടു ദിവസം ആണ് മിശിഹായുടെ വരവിനായി തോമ്മാ കാത്തിരുന്നത്. ഒരു പക്ഷെ, അദ്ദേഹത്തിന് മിശിഹാ ഉയർത്തെഴുന്നേറ്റു എന്ന വിശ്വാസം മനസിന്റെ ആഴത്തിൽ പതിഞ്ഞില്ലായിരുന്നുവെങ്കിൽ, ആ എട്ട് ദിവസം കൊണ്ട്, മറ്റു ശിഷ്യന്മാർ തന്നെ വിഡ്ഢി ആക്കുകയാന്നെന്ന് കരുതി, അവിടം വിട്ടു പോകുമായിരുന്നു. എന്നാൽ ഈശോയുടെ ഉത്ഥാനം സത്യം ആണെന്ന് വിശ്വസിച്ചു, പതിനൊന്ന് പേർക്കും പ്രത്യക്ഷനായ മിശിഹാ തന്റെ മുന്നിലും വരും എന്ന പ്രത്യാശയിൽ പ്രാർത്ഥനയിൽ മുഴുകി ഇരുന്നു.

         എട്ടാം ദിവസം സമാധാനം ആശംസിച്ചു കൊണ്ട് പ്രത്യക്ഷനായ മിശിഹാ, തോമ്മായുടെ നേർക്കു തിരിഞ്ഞാണ് സംസാരിച്ചത്. ഈശോയുടെ ജീവിതത്തിൽ  ധാരാളം വ്യക്തികളും സമൂഹവും, അദ്ദേഹത്തെ സംശയ ദൃഷ്ടിയോടും, അപവാദ പ്രചാരണങ്ങളിലൂടെയും നേരിട്ടിരുന്നു. ചില പരിഹാസങ്ങളിലൂടെ മറുപടി കൊടുക്കുന്നത് ഒഴിവാക്കിയാൽ, അവരുടെ അവിശ്വാസത്തെ തിരുത്തുവാൻ കർത്താവ് മുതിർന്നതായി കാണാൻ കഴിയുന്നത് വളരെ വിരളമാണ്. തന്റെ മിശിഹാത്വത്തിൽ സംശയാലുവായ കാര്യസ്ഥനായ യൂദാസിനെ പോലും, വേദനയോടെ ആണെങ്കിലും അവിടുന്ന് പിന്തിരിപ്പിക്കുന്നില്ല. ഈ ഒരു കാഴ്ചപ്പാടിൽ വേണം മിശിഹാ തോമ്മായെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് കാണാൻ.

          തുടർന്ന് മിശിഹാ, തോമ്മായെ തന്റെ കൈകളിലെ ആണി പഴുതിൽ വിരൽ ഇടാനും, കുന്തം കൊണ്ട് മുറിവേറ്റ പാർശ്വത്തിൽ കൈകൾ വയ്ക്കാനും ആവശ്യപ്പെടുന്നു. മിശിഹായെ കണ്ട മാത്രയിൽ തന്നെ തോമ്മായുടെ മനസ്സിൽ കഴിഞ്ഞ എട്ടു ദിവസമായി ഉണ്ടായിരുന്ന എല്ലാ സംഘർഷങ്ങളും, വേദനയും അപ്രത്യക്ഷമായിട്ടുണ്ടാകാം. നമുക്കും അവന്റെ കൂടെ പോയി മരിക്കാം എന്ന്, ആർക്കു വേണ്ടിയാണോ പറഞ്ഞത്, ആ മിശിഹായുടെ പാർശ്വത്തിൽ കൈകൾ വയ്ക്കാതെ തന്നെ തോമ്മായ്ക്കു, തന്റെ കർത്താവിനെ തിരിച്ചറിയാൻ സാധിക്കും. എങ്കിലും മിശിഹാ തോമ്മായെ നിർബന്ധിക്കുക ആണ്, ചരിത്രത്തിന് മുഴുവൻ ഉത്തരമായി നിൽക്കാൻ പോകുന്ന ആ കൃത്യം ചെയ്യാൻ.

           ഈശോയിലുള്ള വിശ്വാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ആണ്, അവിടുത്തെ കുരിശു മരണവും, ഉത്ഥാനവും. ഇതിൽ ഒന്നെങ്കിലും നിഷേധിക്കാൻ ആയാൽ, അതോടെ തീരും ക്രൈസ്‌തവ വിശ്വാസം. കാരണം, മറ്റു പല മതങ്ങളെയും പോലെ അല്ല, ഈശോ മിശിഹാ എന്ന വ്യക്തിയിലാണ് ക്രൈസ്‌തവ സഭ നിലനിൽക്കുന്നത്. 'നിന്റെ വിരൽ ഇവിടെ കൊണ്ട് വരുക' എന്ന് ആജ്ഞാപിക്കുന്നത് വഴി, തന്റെ സമീപത്തേക്കു വരാൻ മിശിഹാ, തോമ്മായോട് നിർദ്ദേശിച്ചു. തന്റെ രണ്ടാം ആഗമനം വരെ ഉള്ള ജനങ്ങൾക്ക് സാക്ഷ്യമായി, അകലെ മാറി നിന്നല്ല, സമീപസ്ഥനായി, വ്യക്തമായി തന്നെ പഠിക്കുവാൻ അവിടുന്ന് തോമ്മായോട് കൽപ്പിക്കുന്നു. പിന്നീട് മിശിഹാ, തന്റെ കൈകൾ കാണാൻ തോമ്മായോട് കൽപ്പിച്ചു. തന്റെ കണ്ണുകൾ കൊണ്ട്, ലോകത്തിനു മുഴുവൻ വേണ്ടി തോമ്മാ, മിശിഹായുടെ ആണികളാൽ തുളക്കപ്പെട്ട കൈകൾ കണ്ടു. ആ ആണി പഴുതിലൂടെ അദ്ദേഹം, ലോകം മുഴുവനും വേണ്ടി തന്റെ വിരലുകൾ ഇട്ടു. താൻ കണ്ടത് ക്രൂശിതനായ ഈശോയാണെന്നുള്ളതിന്, ഈ പ്രവർത്തിയിലൂടെ തോമ്മാ ലോകത്തിന് പ്രധാനപ്പെട്ട മൂന്നു തരം തെളിവുകൾ നൽകി .സാമീപ്യത്തിലൂടെ തനിക്ക് ആളു മാറി പോയിട്ടില്ല എന്നുള്ളത്, കണ്ണുകൾ കൊണ്ട് കണ്ട തെളിവ്, തൊട്ടതിലൂടെ സ്പർശനത്തിന്റെ തെളിവ്. ഈശോയെ കുരിശിൽ തറച്ചു എന്നുള്ളതിന്, ഇതിലും വലിയ തെളിവ് ബൈബിളിൽ ഉണ്ടോ എന്ന് തന്നെ സംശയമാണ്. ഇത്ര വ്യക്തമായ ഒരു സാക്ഷ്യം ഉണ്ടായിട്ടും, ഈശോയെ കുരിശിൽ തറച്ചതിനെ ചോദ്യം ചെയ്ത് ഉണ്ടായിട്ടുള്ള പാഷണ്ഡതകൾക്ക്, ഒരു പഞ്ഞവും ഇല്ല. എല്ലാ അവിശ്വാസങ്ങളെയും, നിഷ്പ്രഭമാക്കി, മിശിഹാ തോമ്മയിലൂടെ ലോകത്തിന് തന്റെ കുരിശിലെ യാതന വ്യക്തമാക്കി തരുന്നു.

      പിന്നീട് മിശിഹാ, തോമ്മായോട് നിന്റെ കൈകൾ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക എന്ന് പറഞ്ഞു. നടന്നു കൊണ്ടിരിക്കുന്ന കാര്യത്തിന്റെ ഗൗരവം മനസിലാക്കിയിട്ടാവാം തോമ്മാ തന്റെ കൈ ഉയർത്തി, റോമൻ പടയാളിയുടെ കുന്തത്താൽ തുറക്കപെട്ട മിശിഹായുടെ പാർശ്വത്തിൽ വച്ചു. ഒരു പക്ഷെ മാർ കേപ്പാ (പത്രോസ്) ആയിരുന്നെങ്കിൽ, അന്ത്യ അത്താഴ വേളയിലെ പോലെ, കൈ വക്കാൻ മടിച്ചു കൊണ്ട് വിശ്വാസ പ്രഖ്യാപനം നടത്തിയേനെ. ഈശോ എന്തിനാകും തോമ്മായോട്, തന്റെ പാർശ്വത്തിൽ സ്പർശിക്കാൻ കൽപ്പിച്ചത്? അതിനു കാരണം ഈശോ കുരിശിൽ മരിച്ചു എന്നതിന്റെ ഏറ്റവും വലിയ തെളിവ്, പാർശ്വത്തിൽ ഉണ്ടായ ആ മുറിവാണ്. അതിനേക്കാളും വലിയ ഒരു തെളിവ്, ലോകത്തിൽ ആർക്കും തരാൻ സാധിക്കില്ല.

        വധ ശിക്ഷ നടപ്പിൽ വരുത്തുന്ന റോമൻ പടയാളികളായിരുന്നു ഈശോയെ കുരിശിൽ തറച്ചത്. വധം ഒരു കലാ രൂപം പോലെ ആസ്വദിച്ചു നടപ്പിൽ വരുത്തുന്നവർ ആയിരുന്നു ആ കാലത്തെ റോമൻ പടയാളികൾ. കഠിനമായ പീഡകൾ മൂലം, തന്റെ സഹതടവുകാരേക്കാളും മുൻപെ, ഈശോ മരിച്ചിരുന്നു. പെസഹാ തിരുനാളിലെ ശാബത്തു യഹൂദരെ സംബന്ധിച്ചു വളരെ പ്രധാനം ആയിരുന്നു. ശാബത്തു സമയത്തു, കുരിശിൽ കിടക്കുന്നതോ, ശരീരം സംസ്കരിക്കുന്നതോ യഹൂദർക്ക് സ്വീകാര്യം അല്ലായിരുന്നു. ശാബത്തിന് മണിക്കൂറുകൾ മാത്രം ഉള്ളതിനാൽ, കുരിശിൽ കിടക്കുന്ന എല്ലാവരെയും എത്രയും പെട്ടന്ന് കൊലപ്പെടുത്തി അടക്കുവാൻ പടയാളികൾ തീരുമാനിച്ചു. ഈശോയുടെ ഒപ്പം കുരിശിൽ കിടന്നിരുന്നവർക്ക് അപ്പോഴും ജീവൻ ഉണ്ടായിരുന്നതിനാൽ, അവരുടെ കാലുകളുടെ എല്ലുകൾ ഒടിച്ചു. അതുമൂലം അവർക്കു, കാലിൽ ഉന്തി, ശ്വാസം എടുക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുകയും, രണ്ടോ മൂന്നോ മിനിറ്റുകൾക്കുള്ളിൽ ശ്വാസം ലഭിക്കാതെ മരിക്കുകയും ചെയ്തു. ഈശോ മരിച്ചു എന്ന് അവർക്കു വ്യക്തമായി മനസിലായത് മൂലം, ഈശോയുടെ കാലുകളിലെ എല്ലുകൾ ഒടിക്കാൻ അവർ മെനക്കെട്ടില്ല. മരിച്ചു എന്ന് ഉറപ്പാക്കാനും, മരിച്ചില്ലേൽ പെട്ടെന്ന് മരിക്കാൻ സഹായിക്കുകയും ചെയ്യുന്ന, ഒരു എളുപ്പ വഴി അവർ പ്രയോഗിച്ചു. പടയാളികളിൽ ഒരാൾ, അവന്റെ കുന്തം കൊണ്ട്, ഈശോയുടെ പാർശ്വത്തിൽ കുത്തി.


കുരിശിൽ കിടക്കുന്ന ഒരാളുടെ പാർശ്വത്തിൽ, താഴെ നിൽക്കുന്ന ഒരാൾ കുന്തം കൊണ്ട് കുത്തുമ്പോൾ, അത് താഴെ നിന്ന് മുകളിലേക്ക് ആണ് ആഴ്ന്നു  ഇറങ്ങുക. നെഞ്ചിൻ കൂടിന് അടിയിലായി കുത്തിയാൽ, ആദ്യം അത് മുറിക്കുന്ന അവയവം, മനുഷ്യനെ ശ്വസിക്കാൻ ഏറ്റവും സഹായിക്കുന്ന thoracic diaphragm എന്ന പേശിയെ ആണ്. ഈ പേശിയുടെ വികസന ചുരുങ്ങൽ പ്രക്രിയയിലൂടെ ആണ്, മനുഷ്യൻ ശ്വാസം എടുക്കുന്നത്. ഒരാൾക്ക് കൈകൾ ഇടാൻ ഉള്ള വലിപ്പത്തിൽ ഉള്ള മുറിവാണ്, കുന്തം കൊണ്ട് ഉണ്ടാവുക. കുന്തത്തിന്റെ മുനമ്പ്, ഒന്നുകിൽ, ശ്വാസകോശം, അല്ലേൽ ഹൃദയം തുടങ്ങിയ അവയവങ്ങളെയും മുറിവ് ഏല്പിക്കാൻ സാധ്യത ഉണ്ട്‌. പീഡകൾ ധാരാളം ഏറ്റ ഒരാളുടെ മരണം ഹൃദയം സ്തംഭിച്ചാണെങ്കിൽ, ഹൃദയം പൊതിഞ്ഞിരിക്കുന്ന pericardium എന്ന ഉറയിൽ രക്‌തം കാണാൻ സാധ്യത ഉണ്ട്. ഹൃദയത്തിന് ഈർപ്പം കൊടുക്കാനായി, അതിൽ വെള്ളം പോലെ ഉള്ള ദ്രാവകം എപ്പോഴും ഉള്ളതാണ്. ഈശോയുടെ പാർശ്വത്തിൽ നിന്ന്, രക്‌തവും വെള്ളവും വന്നു എന്ന്, മാർ യോഹന്നാൻ ശ്ലീഹ സാക്ഷ്യം നൽകിയതിൽ നിന്ന്, കുന്തത്തിന്റെ മുന, മിശിഹായുടെ ഹൃദയത്തിലും മുറിവേൽപ്പിച്ചു എന്ന് കരുതാവുന്നതാണ്. അതിനാൽ തന്നെ മിശിഹാ കുരിശിൽ മരിച്ചു എന്ന വിശ്വാസം, ഒരു സത്യം തന്നെ ആണ്.

        മിശിഹായുടെ കല്പന  പ്രകാരം, കുന്തം കൊണ്ട് മുറിവേറ്റ അവിടുത്തെ പാർശ്വത്തിൽ തോമ്മാ തന്റെ കൈകൾ വച്ചു. പാർശ്വത്തിലെ മുറിവാൽ ഈശോയുടെ മരണം  ഒരു ചരിത്ര സത്യമാണെന്നു യോഹന്നാൻ സാക്ഷ്യപ്പെടുത്തി എങ്കിൽ, പാർശ്വത്തിൽ മുറിവുള്ള മിശിഹാ ഇന്നും ജീവിക്കുന്നവനാണെന്ന് സർവ്വ ലോകത്തിനും തോമ്മാ അർത്ഥശങ്കക്കിടയില്ലാത്ത വിധം സാക്ഷ്യം നൽകി. ഒരു പക്ഷെ, തോമ്മായുടെ രക്‌തസാക്ഷ്യത്വം, മറ്റൊരു കുന്തം കൊണ്ട് ആയിരിക്കും എന്ന് മിശിഹാ ഇവിടെ വെളിപ്പെടുത്തുന്നുണ്ടാവാം. ഈ ഒരു സംഭവത്തിലൂടെ, കാലാകാലങ്ങളിൽ ഉണ്ടാകാൻ പോകുന്ന പാഷാണ്ഡതകൾ മൂലം ജനങ്ങൾ അവിശ്വാസികളാകാതെ, വിശ്വാസികൾ ആയിരിക്കുവാൻ തോമ്മായിലൂടെ മിശിഹാ നമ്മെ ഓർമിപ്പിക്കുന്നു.


       സർവ്വ ലോകത്തിനും വേണ്ടി നിസ്സാരനായ തന്നിലൂടെ മിശിഹാ പ്രവർത്തിച്ച അടയാളത്തിൽ, തോമ്മാ ദൈവത്തെ മഹത്വപ്പെടുത്തി, ലോകം അന്നുവരെ കേട്ടിട്ടില്ലാത്ത ആ പ്രാർത്ഥന ഉരുവിട്ടു. മാർ വാലാഹ് (എന്റെ കർത്താവേ, എന്റെ ദൈവമേ). ഇതിന് തുല്യമായി, അന്നുവരെ  ആരും ഈശോയെ വിളിച്ചിട്ടുണ്ടായിരുന്നില്ല. പെന്തക്കോസ്തായിൽ, പരിശുദ്ധ ആത്മാവിനെ ലഭിച്ചതിന് ശേഷം മാത്രം മറ്റു ശ്ലീഹന്മാർക്കു ലഭിച്ച ഈ വെളിപാട്, മാർ തോമ്മായ്ക്കു എങ്ങനെ ലഭിച്ചു എന്നത് എന്നും ഒരു നിഗൂഢത ആയിരിക്കും.


       പിന്നീട് ഈശോ പറഞ്ഞു, 'തോമ്മാ നീ കണ്ടത് കൊണ്ട് വിശ്വസിച്ചു, കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ'. മിശിഹാ മരിച്ചു, എന്നും മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റു എന്നും, അവസാനത്തെ അടയാളം ആയിരുന്നു അത്. തോമ്മയിലൂടെ മിശിഹാ അത് ലോകത്തിന് മുഴുവൻ നൽകി. മാർ തോമ്മായ്ക്കു നൽകിയത് ഒഴിച്ച്, ഇനി ഒരു അടയാളം താൻ തരിക ഇല്ലെന്നും, തന്റെ രണ്ടാം വരവ് വരെ ഉള്ള ജനങ്ങൾ അടയാളങ്ങൾ കാണാതെ, ശ്ലീഹരിലൂടെ - സഭയിലൂടെ തന്റെ രഹസ്യങ്ങൾ പഠിക്കണമെന്നും വിശ്വസിക്കണമെന്നും മിശിഹാ നമ്മെ ഓർമിപ്പിക്കുന്നു. സഭയിലൂടെ തന്റെ വിശ്വാസ സത്യത്തെ പഠിച്ച, വിശ്വസിച്ച, നാമോരോരുത്തരെയും, മിശിഹാ ഭാഗ്യവാന്മാർ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ഇനിയെങ്കിലും മാർ തോമ്മാ ശ്ലീഹായെ ഒരു അവിശ്വാസി ആയി മുദ്ര കുത്താതെ, മിശിഹായിലുള്ള നമ്മുടെ വിശ്വാസത്തിന്റെ സംരക്ഷകനായി കാണാൻ നമുക്ക് ശ്രമിക്കാം.


           ഇതാണ്, മാർ തോമ്മാ നസ്രാണികളായ നാം പ്രഘോഷിക്കുന്ന മാർ തോമ്മാ മാർഗം. മറ്റു ശ്ലീഹന്മാർ പ്രസംഗിച്ച സുവിശേഷം അല്ലാതെ മറ്റൊരു സുവിശേഷവും മാർ തോമ്മാ ശ്ലീഹാ നമുക്ക് നൽകിയിട്ടില്ല. പിന്നെ എന്താണ് ഈ മാർ തോമ്മാ മാർഗം? അത് വ്യക്തമാകണമെങ്കിൽ, മുകളിൽ പറഞ്ഞിട്ടുള്ള സുവിശേഷ ഭാഗം ഒന്ന് നന്നായി ധ്യാനിച്ചാൽ മതി. ആണികളാൽ തുളക്കപ്പെട്ട കൈകളും, കുന്തത്താൽ മുറിവേറ്റ പാർശവും ഉള്ള ഒരു ഈശോയെ മാത്രം അല്ല ശ്ലീഹാ നമുക്ക് തന്നത്. ഈ പീഡകളെ എല്ലാം അതിജീവിച്ചു നിത്യ ജീവൻ എന്താണെന്നു കാണിച്ച, കർത്താവും ദൈവവുമായ ഈശോ മിശിഹായെ ആണ്. ജീവിതത്തിൽ ദുരിതങ്ങളും, കഷ്ടപ്പാടുകളും ഉണ്ടാകുമ്പോൾ വെളിച്ചപ്പാടുകളുടെയും കൺകെട്ട് വിദ്യക്കാരുടെയും അടുക്കൽ പോയി, സമ്പത്തിന്റെയും സൗഭാഗ്യത്തിന്റെയും സുവിശേഷം അന്വേഷിക്കുന്നത്, മാർ തോമ്മാ മാർഗ്ഗം അല്ല. എല്ലാ പീഢകളിലും സന്തോഷങ്ങളിലും, എന്റെ കർത്താവേ, എന്റെ ദൈവമേ എന്ന മാർ വാലാഹ് ഏറ്റു പറഞ്ഞു, മിശിഹാ വാഗ്‌ദാനം ചെയ്ത ആ നിത്യ ജീവിതത്തിലേക്ക് ആത്മാവിനെ തയ്യാറാക്കുന്നതാണ് മാർ തോമ്മാ മാർഗ്ഗം. മാർ തോമ്മാ നസ്രാണികളായ നാം നമ്മുടെ പിതാക്കന്മാർ പരിശീലിച്ച ഈ മാർഗ്ഗത്തിലൂടെ ആണോ ജീവിക്കുന്നത് എന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. സ്വാർത്ഥമായ, ധനത്തിലും സുഖത്തിലും അധിഷ്ഠിതമായ ഇന്നത്തെ ലോകത്തിന്, ഈ മാർ തോമ്മാ മാർഗ്ഗം പകർന്നു നൽകാൻ നാം കടപ്പെട്ടവരാണ്. 


   നമ്മുടെ സഭയുടെയും വിശ്വാസത്തിന്റെയും പിതാവായ മാർ തോമ്മാ ശ്ലീഹായുടെ ദുക്റാന തിരുന്നാൾ ആശംസകൾ.




* All pictures from internet and Nasrani foundation facebook page.