Friday, April 21, 2017

പാപ്പാത്തിച്ചോല കയ്യേറിയ കുരിശ്




       പാപ്പാത്തിച്ചോലയിൽ സ്പിരിറ്റ്‌ ഇൻ ജീസസ് കാർ കയ്യേറിയ കുരിശ് ആണല്ലോ ഇപ്പോൾ വിവാദ വിഷയം. ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന്റെ അനുവാദം കൂടാതെ ആ കുരിശ് തകർത്തു എന്നാണ് പുറത്തു വരുന്ന വിവരങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. അതിനെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കി.

       ഒരു പാരമ്പര്യവാദിയായ സീറോ മലബാർ വിശ്വാസിയായ എനിക്ക്, ആരാണ് സ്പിരിറ്റ്‌ ഇൻ ജീസസ് കാര്. ഞാൻ നഖശിഖാന്തം എതിർക്കുന്ന കരിസ്മാറ്റിക്കുകാർ. അതുംപോരാഞ്ഞ് പാഷണ്ഡത കലർന്ന പഠനങ്ങളിൽ കൂടി സഭയെയും സഭാമക്കളെയും വഴി തെറ്റിക്കുന്നവർ. ഏതൊരു സിറോ മലബാർ കാരനെയും പോലെ, ചിലപ്പോൾ എല്ലാവരെയുംകാൾ, സഭ അവരെ പുറത്താക്കിയപ്പോൾ ഞാൻ സന്തോഷിച്ചു. പാഷണ്ഡരായ, കരിസ്മാറ്റിക്കുകാരായ സ്പിരിറ്റ്‌ ഇൻ ജീസസ് കാർ ഒരു പൊതുസ്ഥലം കയ്യേറി കുരിശു നാട്ടിയിരിക്കുന്നു. 50 വർഷമായി, മരക്കുരിശും, പിന്നീട് ഇരുമ്പു കൊണ്ടുള്ള കുരിശും അവിടെ ഉണ്ടായിരിക്കാം, പക്ഷെ ഇന്ന് അത് സ്പിരിറ്റ്‌ ഇൻ ജീസസ് കാർ ആണ് കൈകാര്യം ചെയ്യുന്നത്. ആ കുരിശിനെയും സൂര്യനെ ബന്ധിപ്പിച്ചുള്ള അന്ധവിശ്വാസം പ്രചരിപ്പിക്കാൻ അവർ ഉപയോഗിക്കുന്നു. ജില്ലാ ഭരണകൂടം ആ കുരിശ് ഒഴിപ്പിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. പിറ്റേ ദിവസം രാവിലെ സോഷ്യൽ മീഡിയകളിൽ കുരിശു മാറ്റി എന്ന വാർത്ത കണ്ടു. എല്ലായിടത്തും എല്ലാ വിശ്വാസികളെയും പോലെ സന്തോഷത്തോടെ ഞാനും ആ പൊളിച്ചു മാറ്റലിനെ അനുകൂലിച്ചു് എന്റെ അഭിപ്രായം പങ്കുവച്ചു. കേരളാ മുഖ്യ മന്ത്രി പിണറായി വിജയൻറെ അഭിപ്രായ പ്രകടനം മാത്രമേ കുറച്ചു സംശയങ്ങൾക്ക് വഴി വച്ചുള്ളു. അധികാരത്തിന്റെ മത്തു പിടിച്ചോ അദ്ദേഹത്തിന് എന്ന് സംശയിച്ചു.

        അന്ന് വൈകിട്ടാണ് ഞാൻ പാപ്പാത്തിച്ചോല കുരിശ് പൊളിക്കുന്ന വീഡിയോ കാണുന്നത്. ഞാൻ ഒട്ടും വിലകൊടുക്കാത്ത, ഞാൻ ഇഷ്ടപെടാത്ത ഒരു വിഭാഗത്തിന്റെ വസ്തു നശിപ്പിക്കുന്നത് കാണാൻ എനിക്ക് അത്രയേ താൽപര്യം ഉണ്ടായിരുന്നൊള്ളു. എങ്കിലും ആ വീഡിയോ കണ്ടതിൽ പിന്നെ എന്റെ മനസ്സിൽ അഭിപ്രായ വ്യത്യാസം ഉണ്ടായോ എന്ന് എനിക്ക് സംശയം ഉണ്ടായി.ആ വിഡിയോയിൽ ഞാൻ കണ്ടത് - പ്രതിഷേധക്കാർ ആരും ഇല്ല. പട്ടാളക്കാരുടെ വസ്ത്രം എന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ച കുറച്ചു പേർ. ചുറ്റും ക്യാമറ കണ്ണുകൾ. ഒരു കൂറ്റൻ JCB. പൊളിക്കാനുള്ളതോ ഒരു സാധാരണ സ്റ്റീൽ കട്ടർ കൊണ്ട് മുറിക്കാവുന്ന, അത്യാവശ്യം പൊക്കവുള്ള ഇരുമ്പ് കുരിശ്. JCB അതിനു സ്വതവേ ഉള്ള രൗദ്ര ഭാവത്തോടെ ആ കുരിശ് വലിച്ചു ഒടിച്ചു. പക്ഷെ അതിനു ശേഷം ആ കുരിശു, കോടാലിക്ക് വെട്ടി നുറുക്കുന്ന പട്ടാള വേഷക്കാർക്ക് JCB യേക്കാളും രൗദ്രം ഉണ്ടായിരുന്നു.

      ഈ കാഴ്ച എന്നെ അറിയാതെ ഞാൻ വീഡിയോ കണ്ടിട്ടുള്ള, സിറിയിലും മറ്റും ഭീകരർ ചെയ്യുന്ന പ്രവൃത്തിയോട് സാമ്യത തോന്നിപ്പിച്ചു. അവരാരും ചിലപ്പോൾ അങ്ങനെ ചിന്തിച്ചിട്ടുണ്ടാവില്ല. അത് എന്റെ തോന്നൽ മാത്രം. എന്റെ മനസ്സിൽ ഉണ്ടായ വികാരം, ആ കുരിശ് ഒരേ സമയം സ്പിരിറ്റ്‌ ഇൻ ജീസസ് കാർ കയ്യേറാൻ ഉപയോഗിച്ച ലോഹക്കഷണവും, ലോകം മുഴുവൻ ഉള്ള ക്രൈസ്തവർ ആദരിക്കുന്ന വിശുദ്ധ കുരിശിന്റെ പ്രതീകവും അല്ലേ. ഒരു കൈയേറ്റ വസ്തു എന്ന നിലക്ക് അത് ഒഴിപ്പിക്കപ്പെടേണ്ടതാണെങ്കിലും, ഒരു വലിയ സമൂഹത്തിന് വിശുദ്ധമായ പ്രതീകം എന്ന നിലക്ക് ആദരിക്കപ്പെടേണ്ടതും അല്ലെ? ജില്ലാ ഭരണ കൂടത്തിന് ഒരു പ്രത്യേക ഉത്തരവ് മൂലം ആ ക്യാമറ കണ്ണുകൾക്ക് അവിടെ പ്രവേശനം നിരോധിക്കാമായിരുന്നു. ഒരു സാധാരണ സ്റ്റീൽ കട്ടർ ഉപയോഗിച്ച്, അര മണിക്കൂർ കൊണ്ട് ഒരു വർക്ക് ഷോപ്പ് ജീവനക്കാരന്, നിസാരമായി മുറിച്ചു കഷണങ്ങൾ ആക്കാവുന്ന ആ കുരിശ്, പട്ടാള വേഷധാരികൾ JCB കൊണ്ടും കോടാലി കൊണ്ടും വെട്ടി മുറിക്കുന്നത് എന്തിനെന്നു മനസിലാകുന്നില്ല.

      യുവാവായ IAS കാരൻ, അദ്ദേഹത്തിന്റെ ചോരത്തിളപ്പ് അദ്ദേഹം പോലും അറിയാതെ ചില ദുഷ്ഠ് ശക്തികൾ മനോഹരമായി ഉപയോഗിച്ചു എന്ന് ഇപ്പോൾ മനസിലാക്കിയിട്ടുണ്ടാകും. അനുഭവ പരിചയം ഏതൊരു പ്രവർത്തി മേഖലയിലും പ്രധാനപ്പെട്ടതാണെന്ന്, ഈ സംഭവം ഒരു ഉദാഹരണം ആയി ഓർമ്മിക്കപ്പെടും. രാജ്യമൊട്ടുക്കും പ്രബലപ്പെടുന്ന ന്യൂനപക്ഷ വിരുദ്ധ ശക്തികൾക്ക് ആ വീഡിയോ ഒരു വിജയ കാഹളം ആയിരിക്കും. അവരുടെ പഠന ക്ലാസ്സുകളിലും, പരിശീലനത്തിലും ഈ സംഭവവും വീഡിയോയും അവർ ഉപയോഗിക്കും. കോട്ടയത്തെ സുരക്ഷിത കേന്ദ്രങ്ങളിൽ ഇരിക്കുന്ന അച്ചായന്മാർക്ക് ഇതൊരു പ്രശനമല്ലായിരിക്കും. എന്നാൽ ജീവനും സ്വത്തിനും അഭിമാനത്തിനും ക്ഷതം ഏൽക്കും എന്ന് ഭയന്ന് കഴിയുന്ന, പീഡനം ഏൽക്കുന്ന സഭ ഭാരത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട് എന്ന് ഓർക്കുന്നത് നല്ലതാണു. ഇന്ന് അവർ, നാളെ നിങ്ങളുടെ കുഞ്ഞുങ്ങൾ എന്ന് മാത്രം കുറിച്ച് വച്ചോളു.

      ഭാരതത്തിലെ ഏറ്റവും ചെറിയ, വിശ്വാസം മൂലം ഉള്ള ന്യൂനപക്ഷമാണ് ക്രൈസ്തവർ. ആ ക്രൈസ്തവരിലെ ഒരു ചെറിയ വിഭാഗമായ സീറോ മലബാർ സഭയിൽ നിന്നും പുറത്താക്കപ്പെട്ട, വെറുക്കപ്പെട്ട ന്യൂനപക്ഷമാണ് സ്പിരിറ്റ്‌ ഇൻ ജീസസ് കാർ. അതായതു ഒരു ചെറിയ ന്യൂനപക്ഷത്തിലെ, ന്യൂനപക്ഷം. അവരുടെ വിശ്വാസം എന്റെ വിശ്വാസവുമായി യോഗിക്കാത്തതു മൂലം, അവർക്കുണ്ടാകുന്ന അപമാനങ്ങളും, നഷ്ടങ്ങളും കാണുമ്പോൾ ഞാൻ സന്തോഷിക്കുന്നു. സഭയിലും പ്രാദേശിക ഭരണകൂടത്തിനാലും അവർ പീഡിപ്പിക്കപ്പെടുമ്പോൾ ഞാൻ സന്തോഷിക്കുന്നു. എന്നിൽ ഒളിഞ്ഞിരിക്കുന്ന ഫാസിസ്റ്റ് മതവിശ്വാസി തലപൊക്കുന്നതായായി എനിക്ക് അനുഭപ്പെടുന്നു. ആ അവസരത്തിൽ ഒരു നിരീശ്വരവാദിയായ, ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ സ്പിരിറ്റ്‌ ഇൻ ജീസസ് കരുടെയും മുഖ്യമന്ത്രിയായ ബ. പിണറായി വിജയൻ, അവരുടെ വിശ്വാസ പ്രതീകത്തെ അപമാനിച്ചതിന് എതിരെ നിലപ്പെടുത്തത് മാതൃകാപരമായി. ഇതുമൂലം അദ്ദേഹത്തിന് ഉണ്ടാകാവുന്ന ജനരോഷം കണക്കിലെടുക്കാതെ, രാജധർമ്മം മാത്രം മുന്നിൽ വച്ച് അദ്ദേഹം പ്രതികരിച്ചത് അഭിനന്ദാർഹം ആണ്.

*അനധികൃത കുടിയേറ്റങ്ങൾ എല്ലാം ഒഴിപ്പിക്കട്ടെ, ആദ്യമേ തന്നെ ഒരു കുരിശിൽ പരാക്രമം കാണിച്ചത് അതിന്റെ ഉദ്ധേശശുദ്ധിയെ ഇല്ലാതാക്കി.
*മതചിഹ്നങ്ങൾ, അതിൽ വിശ്വസിക്കുന്നവരുടെ വികാരവും കണക്കിൽ എടുത്തു മാതൃകാപരമായ രീതിയിൽ ഒഴിപ്പിക്കുക.
*സീറോ മലബാർ അധ്യക്ഷന്മാർ ഭാവിയിലെങ്കിലും ഇതുപോലുള്ള സഭക്ക് കീഴിൽ നിൽക്കാത്ത പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കുക.
*വളർന്നു തലക്കു മീതെ ആയി കഴിഞ്ഞു, ഇത് ഞങ്ങടെ പ്രസ്ഥാനമല്ല എന്ന് സഭ പറയുന്നത് പരിഹാസ്യമാണ്.

നന്ദി....

Monday, April 17, 2017

പെസഹായും, സ്ത്രീകളുടെ കാൽ കഴുകലും

        പെസഹാക്ക് സ്ത്രീകളുടെ കാല് കഴുകുന്നതിനെ മാർപാപ്പ അനുകൂലിച്ചു എന്ന മാധ്യമ വാർത്ത നിറഞ്ഞു നിൽക്കുന്ന ഒരു കാലമാണല്ലോ. സീറോ മലബാർ സഭ ഇത് തങ്ങളുടെ സഭയിൽ നടപ്പാക്കേണ്ട എന്ന് തീരുമാനിച്ചു. ഇതിനെതിരെ ഒരു ചെറിയ വിഭാഗം വൈദീകർ വിമത സ്വരം ഉയർത്തുകയും, സഭ വിട്ടു പോകും എന്ന് ഭീഷണിപ്പെടുത്തിയതായും കേൾക്കുന്നു.



        സീറോ മലബാർ സഭയിൽ സ്ത്രീകളുടെ കാൽ കഴുകാത്തതിനെ ന്യായികരിച്ചു, മാർ ആലഞ്ചേരി പിതാവിന്റെ പ്രസ്താവന മാത്രമേ ശ്രദ്ധയിൽ പെട്ടുള്ളു. അദ്ദേഹത്തിന്റെ പ്രധാന വാദം പൗരസ്ത്യ സഭയിൽ ഈ ശുശ്രുഷക്ക് ഉള്ള കാഴ്ചപ്പാട് മറ്റൊന്ന് ആണെന്നാണ്. പൗരസ്ത്യം എന്താണെന്നോ പൗരസ്ത്യ സഭ എന്താണെന്നോ അറിയാത്ത വലിയ ഒരു സമൂഹം ഉള്ള സഭയെ നയിക്കുന്ന അദ്ദേഹത്തിന്റെ ചിന്ത എത്രത്തോളം സാധാരണക്കാരിൽ എത്തി എന്നതിൽ സംശയം ഉണ്ട്. ഈ അവസരത്തിൽ ഈ വിഷയം ഒന്ന് അവലോകനം ചെയ്യാൻ തീരുമാനിച്ചു.

1) മാർപാപ്പ നൽകുന്ന കല്പനകൾ എല്ലാ കത്തോലിക്കർക്കും ബാധകം ആണോ?
മാർപാപ്പ എന്ന പദവിയെ കുറിച്ച് ഇന്നും ഭൂരിപക്ഷം കത്തോലിക്കർക്കും വലിയ അവഗ്രാഹം ഇല്ല. അദ്ദേഹം മിശിഹായുടെ പ്രധിനിധിയാണോ, അതോ മാർ ശിമയോൻ കേപ്പയുടെ (പത്രോസ്) പ്രധിനിധിയാണോ. മാർപാപ്പയോട് ഒരു വൈകാരിക ബന്ധം ആണ് കത്തോലിക്കർക്ക് ഉള്ളത്. എന്നാൽ മാർപാപ്പ എന്ന വ്യക്തി ഒരേ സമയം രണ്ടു പദവികൾ വഹിക്കുന്നു എന്ന് പലരും മനസിലാക്കുന്നില്ല. അദ്ദേഹം  റോമാ ആസ്ഥനമായുള്ള ആകമാന കത്തോലിക്കാ സഭയുടെ നേതൃത്വത്തിനൊപ്പം തന്നെ, വടക്കൻ യൂറോപ്പിന്റെ വ്യക്തി സഭയായ ലത്തീൻ സഭയുടെയും നേതൃത്വവും വഹിക്കുന്നു. ഒരേ സമയം, രണ്ടു സഭാ സംവിധാനങ്ങളുടെ നേതാവ് എന്ന നിലക്ക് അദ്ദേഹം പുറപ്പെടുവിക്കുന്ന കല്പനകൾ ആർക്കാണ് ബാധകം എന്ന് തരം തിരിച്ചു അന്വേഷിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. ലത്തീൻ സഭയുടെ നേതാവ് എന്ന നിലക്ക് ഇന്ന് യൂറോപ്പിൽ രൂപം കൊള്ളുന്ന അഭയാർത്ഥി പ്രശനം മുതൽ, ശക്തമായ ഫെമിനിസവും, ക്ഷയിക്കുന്ന വിശ്വാസവും അദ്ദേഹത്തിനെ വല്ലാതെ അലട്ടുന്നുണ്ട്. എന്നാൽ ലത്തീൻ സഭയെ ബാധിച്ചിരിക്കുന്ന ഈ പ്രശനങ്ങൾ അല്ല മറ്റ് 23 വ്യക്തി സഭകൾക്കുള്ളത്. ഉദാഹരത്തിനു എത്യോപ്യൻ സഭയിൽ ദാരിദ്രം പ്രശ്നമാകുമ്പോൾ, സീറോ മലബാർ സഭ നേരിടുന്നത് ഉള്ളിലുള്ള വിഭാഗീയത ആണ്. കൽദായ സഭ യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുമ്പോൾ, മറോണിറ്റു സഭ തങ്ങളുടെ രാജ്യത്തെ സാമൂദായിക പ്രശ്നങ്ങളിൽ ആകുലപ്പെടുന്നു. പൗരസ്ത്യ സഭയുടെ മാർപാപ്പ വാഴിച്ച തിരുസംഘം, ഈ കല്പന ലത്തീൻ സഭക്ക് മാത്രമേ ബാധകം ഉള്ളു എന്ന് വ്യക്തമാക്കിയതോടെ ഈ പ്രശ്നം അവസാനിക്കേണ്ടതാണ്. എന്നിട്ടും എന്തിന്നാണ് ചില വൈദീകർ ഇതിനായി മുറവിളി കൂട്ടുന്നത് എന്ന് ചിന്തിക്കേണ്ടതാണ്.

2) പെസഹാ തിരുനാളിൽ കാൽ കഴുകൽ ശുശ്രൂഷക്കുള്ള പ്രാധാന്യം?
ഇന്ന്  ദൈവാലയത്തിലുള്ള പെസഹാ ശുശ്രൂഷയിൽ ഏറ്റവും പ്രാധാന്യം ഉള്ള ആചാരം കാൽ കഴുകൽ ആണെന്ന് തോന്നാറുണ്ട്. വൈദീകരും, വിശ്വാസികളും എന്ന് വേണ്ട ദൃശ്യ അച്ചടി മാധ്യമങ്ങളും പെസഹാ എന്നാൽ കാൽ കഴുകൽ എന്ന രീതിയിൽ പ്രചാരണം നടത്തുന്നത് കാണാം. എന്നാൽ ഇതാണോ യഥാർത്ഥ പെസഹാ? പെസഹാ രണ്ടു കടന്നു പോകലിന്റെ ഓർമ്മയാണ് മാർ തോമ്മാ നസ്രാണികൾക്ക്. ഫറവോന്റെ അടിമത്വത്തിൽ നിന്നും ഹെബ്രായ ജനതയെ രക്ഷിക്കാൻ സംഹാര ദൂതൻ നടത്തിയതാണ് ആദ്യത്തെ കടന്നു പോകൽ. ഹെബ്രായ പാരമ്പര്യം ഉള്ള സഭയായതിനാൽ സീറോ മലബാർ സഭ, ലത്തീൻ സഭ കൊടുക്കാത്ത ഒരു പ്രാധാന്യം ഈ കടന്നു പോകലിന് കൊടുക്കാറുണ്ട്. രണ്ടാമത്തെ കടന്നു പോകൽ മനുഷ്യ വംശത്തെ മുഴുവൻ തിന്മയുടെ അടിമത്വത്തിൽ നിന്ന് രക്ഷിക്കാൻ ഈശോ മിശിഹാ നടത്തിയ കടന്നു പോകൽ ആണ്. ആ കടന്നു പോകലിൽ പെസഹാ വ്യാഴാഴ്ച ഈശോ ചെയ്ത അനേകം കാര്യങ്ങളിൽ ഒന്ന് മാത്രമാണ് ശിഷ്യന്മാരുടെ കാൽ കഴുകൽ. അതായത് കാൽ കഴുകലിന് അന്ത്യ അത്താഴ സമയത്തു നടന്ന ഒരു സംഭവം എന്നല്ലാതെ പെസഹായുമായി ഒരു ബന്ധവും ഇല്ല.

3) കാൽ കഴുകൽ ശുശ്രൂഷക്കുള്ള പ്രാധാന്യം?
പെസഹയുമായി ബന്ധമില്ലെങ്കിലും മിശിഹാ നടത്തിയ വിപ്ലവകരം എന്ന് കരുതാവുന്ന കാൽ കഴുകൽ ശുശ്രൂഷ വളരെ പ്രധാനപ്പെട്ടതാണ്. ചരിത്രത്തിൽ അതിനു മുൻപോ അതിനു ശേഷമോ യജമാനൻ, തന്റെ പൂർണ മനസ്സോടെ ദാസരുടെ അല്ലേൽ സുഹൃത്തുക്കളുടെ ഭൃത്യൻ ആയ സംഭവം കേട്ടിട്ടില്ല. ഈ കാലുകഴുകലിന്റെ അന്തസത്ത, ഓരോ ക്രിസ്തിയാനിയും ദിവസവും തന്റെ ജീവിതത്തിൽ പ്രാവർത്തികം ആക്കേണ്ട ഒരു കാര്യമാണ്. നമ്മുടെ സഹപ്രവർത്തകർ അല്ലെങ്കിൽ ദാസരോട്, അവരുടെ ഭൃത്യൻ എന്ന നിലക്ക് പരസ്പര ബഹുമാനം കൊടുത്തു പെരുമാറണം എന്നാണ് ഈ ശുശ്രൂഷ പഠിപ്പിക്കുന്നത്. എന്നാൽ ഇന്ന് പെസഹാ തിരുകർമ്മങ്ങളിൽ നമ്മുടെ വൈദീകർ തങ്ങളെ എളിമപ്പെടുത്തി ആണോ ഈ ശുശ്രൂഷ ചെയ്യുന്നത്? എന്തോ ഒരു വലിയ കാര്യം ചെയ്യുന്ന രീതിയിൽ, നാട്ടുകാരെ ഒരു നാടകം കാണിക്കുന്ന ലാഘവത്തോടെ അല്ലെ, മിശിഹാ പഠിപ്പിച്ച മനോഹരമായ ഒരു പ്രവൃത്തിയെ അവർ പരികർമ്മം ചെയ്യുന്നത്? ഈ കാൽ കഴുകുന്ന അവസരത്തിൽ വൈദീകന് തന്റെ മുൻപിൽ ഇരിക്കുന്ന വ്യക്തിയുടെ ദാസൻ ആണ് താൻ എന്ന മനോഭാവം ഉണ്ടാകാറുണ്ടോ? കാൽ കഴുകപ്പെടുന്ന വ്യക്തിക്ക് തന്റെ ഇടവകയുടെ നേതാവായ വൈദീകൻ ഇതാ തന്റെ ദാസനെ പോലെ മുന്നിൽ നിൽക്കുന്നു എന്ന് തോന്നാറുണ്ടോ? ഇത് രണ്ടും ഉണ്ടായില്ലേൽ ആ ശുശ്രൂഷ അർത്ഥം  ഇല്ലാത്തതായില്ലേ? ആ അർത്ഥമില്ലായ്മ അല്ലെ, ഈ ചടങ്ങു കഴിയുന്ന നിമിഷം മുതൽ അടുത്ത വർഷത്തെ പെസഹാ വരെ വൈദീകൻ, ജനങ്ങളോട് അഹങ്കാരത്തോടും ഗർവ്വോടും പ്രവർത്തിക്കുന്നതിൽ നിന്നും വ്യക്തമാകുന്നത്?

4) എപ്പോഴൊക്കെ ആണ് കാൽ കഴുകേണ്ടത്?
ഒരു അപ്പോസ്തോലിക സഭ എന്ന നിലക്ക് മിശിഹായുടെ പ്രവർത്തികളെ പ്രതീകാത്മകമായി, ഓരോ സഭയുടെയും ആരാധനക്രമത്തിലെ കാലഘട്ടത്തിൽ അതിനു നിഷ്കർഷിച്ചിരിക്കുന്ന സമയത്തു, ദൈവാലയത്തിൽ പരികർമ്മം ചെയ്യണം. ഈശോ മിശിഹാ പെസഹാ ആഘോഷിക്കുന്ന വേളയിൽ ശിഷ്യന്മാരുടെ കാൽ കഴുകിയതിനാൽ പല സ്ലൈഹീക സഭകളും, ദൈവാലയത്തിലെ  പെസഹാ ആഘോഷത്തിന് ഇടയിലാണ് കാൽ കഴുകൽ ഒരു ശുശ്രൂഷ ആയി ചെയ്യുന്നത്. എന്നാൽ ഈ കാൽ കഴുകൽ, പെസഹായെ വിഴുങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണു. ജീവിതത്തിൽ എല്ലാ അവസരങ്ങളിലും, തനിക്കു കീഴിൽ അല്ലേൽ തന്നെ ആശയിച്ചു ജീവിക്കുന്നവരുടെ കാൽ അവരോടുള്ള കരുണയിലൂടെയും സേവനത്തിലൂടെയും കഴുകണം. അത് വെറും അർത്ഥം ഇല്ലാത്ത അനുകരണം ആയി പോകരുത്.


5) കാൽ കഴുകൽ ശുശ്രൂഷലെ പൗരസ്ത്യ ദൈവ ശാസ്ത്രം എന്ത്?
വി. യോഹന്നാന്റെ സുവിശേഷം 13 ആം അദ്ധ്യായത്തിൽ മാത്രം ആണ് ഈശോ മിശിഹാ, ശിഷ്യന്മാരുടെ കാൽ കഴുകുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നത്. പാശ്ചാത്യ സഭകളിൽ സുവിശേഷ വ്യാഖ്യാനത്തിലും ഭക്ത അഭ്യാസങ്ങളിലും വൈകാരികത നിറയുമ്പോൾ, പൗരസ്ത്യ സഭകളിൽ ആത്മീയ അംശത്തിനു ആണ് പ്രാധാന്യം കൊടുക്കുക. പാശ്ചാത്യ സഭകൾ, ഈ ശുശ്രൂഷയെ വിനയത്തിൻ്റെ മാതൃക ആയി കാണുമ്പോൾ, പൗരസ്ത്യ സഭകൾ ഇതിനെ ഒരുക്കത്തിനെ ശുശ്രൂഷ ആയി ആണ് കാണുന്നത്. മിശിഹാ തൻ്റെ ശിഷ്യരെ, ശ്ലീഹന്മാരായി ഉയർത്താൻ ഒരുക്കുന്നത് ആണ് നാം ഇതിൽ കാണുന്നത്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യമായ ആപ്പും വീഞ്ഞും, മിശിഹായുടെ ശരീരവും രക്തവും ആകുന്ന അനുഭവത്തെ ഉൾക്കൊള്ളാൻ അവരെ തയ്യാറാക്കുക ആണ്. ഭാവിയിൽ മിശിഹായുടെ ഓർമക്കായി, അപ്പവും വീഞ്ഞും, അവിടുത്തെ ശരീരവും രക്തവും ആയി മാറുന്ന, വിശുദ്ധ രഹസ്യം പരികർമ്മം ചെയ്യാൻ അവരെ ഒരുക്കുവാണ്. മിശിഹായുടെ ദൈവജനത്തിന്, ഈ ശരീരവും രക്തവുമായ അപ്പനും വീഞ്ഞും പങ്കു വയ്ക്കാൻ അവരെ ഒരുക്കുവാണ്. പൗരസ്ത്യ ദൈവ ശാസ്ത്രത്തിൻ്റെ ഈ അർത്ഥ സമ്പുഷ്ടമായ ഈ ആചാരം, അതിൻ്റെ യഥാർത്ഥ അർത്ഥത്തിൽ നടക്കാറുണ്ടോ എന്ന് നാം ചിന്തിക്കണം.

പൗരസ്ത്യ ദൈവശാസ്ത്രം അനുസരിച്ചു, യഥാർത്ഥത്തിൽ ഇത് ഇടവകകളിൽ നടത്തേണ്ട ഒരു കർമ്മം അല്ല. മിശിഹായുടെ പ്രതിനിധിയായ മെത്രാൻ, തൻ്റെ സഹപ്രവർത്തകരായ ശ്ലീഹന്മാരുടെ പ്രതിനിധിയായ പുരോഹിതർക്ക് ചെയ്യേണ്ടുന്ന കർമ്മം ആണ്. ലത്തീൻ സഭയുടെ സ്വാധീനം മൂലം, ഇന്ന് നമ്മുടെ സഭയിൽ അത് ഇടവകകളിൽ നടന്നു വരുന്നു. അതിനാൽ അത് ഒരു നാടകമായും, വ്യാജ സ്ത്രീ സ്നേഹികളുടെ വ്യാജ അവകാശവാദങ്ങൾക്കും വിധേയപ്പെടേണ്ടി വരുന്നു.

6) ദൈവാലയത്തിലെ കാൽ കഴുകൽ ശുശ്രൂഷയിൽ ആരുടെ കാലാണ് കഴുകേണ്ടത്?
 ദൈവാലയത്തിൽ ആരാധനക്രമം അനുസരിച്ചുള്ള കർമ്മങ്ങൾ എപ്പോഴും, മിശിഹാ ചെയ്തതിന്റെ ഒരു തനി ആവർത്തനം ആയിരിക്കും. ഈശോ മിശിഹാ തന്റെ 12 ശിഷ്യന്മാരുടെ കാലുകൾ ആണ് കഴുകിയത്. ജറുസലേമിൽ ഉള്ള സെഹിയോൻ ഊട്ടു ശാലയിൽ വച്ചാണ് മിശിഹാ ശിഷ്യരുടെ പാദങ്ങൾ കഴുകിയതു. അവിടെ ഈശോയുടെ അമ്മയും മറ്റു സ്ത്രീകളും പെസഹാ ആഘോഷിക്കാൻ ഉണ്ടായിരുന്നു. എങ്കിലും മിശിഹാ തന്റെ പ്രീയപ്പെട്ട സഹപ്രവർത്തകരെ, അല്ലേൽ സഹോദരന്മാരെ പോലെ സ്നേഹിച്ച സുഹൃത്തുക്കളായ 12 ശിഷ്യരെ മാത്രം ഊട്ടുശാലയുടെ മുകളിലത്തെ നിലയിൽ കൊണ്ട് പോയി പെസഹാ ആഘോഷിച്ചു. അപ്പോൾ നടത്തിയ കാൽ കഴുകൽ കർമ്മത്തിന്റെ പുനർ അവതരണം ആണ്, ഇന്ന് ഉള്ള പെസഹാ കാൽ കഴുകൽ ശുശ്രൂഷ. ദൈവാലയത്തിൽ അത് പുനർ അവതരിപ്പിക്കുമ്പോൾ, യഥാർത്ഥത്തിൽ നടന്നത് എന്തോ, അതിനോട് എത്ര ചേർന്നു നിൽക്കാമോ, അത്രയും ചേർന്ന് നിൽക്കുന്ന രീതിയിൽ വേണം അവതരിപ്പിക്കേണ്ടത്. അല്ലാതെ ഒരോ വൈദീകനും തനിക്കിഷ്ടം ഉള്ളപോലെ പരികർമ്മം ചെയ്യാനുള്ളതല്ല സഭയുടെ ആരാധനക്രമങ്ങളും ആചാരങ്ങളും. അങ്ങനെ എങ്കിൽ മിശിഹായുടെ സ്ഥാനം വൈദീക ശ്രേഷ്ഠൻ അല്ലേൽ മെത്രാനും, ശിഷ്യന്മാരുടെ സ്ഥാനത്തു പുരുഷന്മാരായ പുരോഹിതരോ അൽമായ ശ്രേഷ്ഠരോ ആണ് വേണ്ടത്. കാൽ കഴുകപ്പെടേണ്ട ആൾക്കാരുടെ എണ്ണം 12 എന്ന് കൃത്യം അറിയാവുന്നതു പോലെ കഴുകപ്പെട്ട ശിഷ്യന്മാർ പുരുഷന്മാരാണെന്ന് മനസിലാക്കാൻ എന്താണ് ബുദ്ധിമുട്ടു എന്ന് മനസിലാകുന്നില്ല. ദൈവാലയത്തിലെ കർമ്മത്തിൽ, മെത്രാൻ തന്റെ ശിഷ്യരും സഹപ്രവർത്തകരുമായ വൈദീകരുടെ പാദങ്ങൾ കഴുകട്ടെ. ഇടവകയിൽ നടത്തുക ആണെങ്കിൽ, ഇടവക വൈദീകർ, തന്റെ സഹപ്രവർത്തകരായ ഇടവക ജനത്തിൽ നിന്നും ഉള്ള അല്മായ ശ്രേഷ്ഠരായ പുരുഷന്മാരുടെ പാദങ്ങൾ കഴുകട്ടെ.


       സ്ത്രീകളുടെ പാദം കഴുകാൻ സ്വപനം കണ്ടു നടക്കുന്ന വൈദീകർ ഉന്നയിക്കുന്ന പ്രധാന വാദം, ഇത് ഒരു എളിമപ്പെടുത്തുന്ന കർമ്മം ആണെന്നും, ഇവിടെ ലിംഗ വ്യത്യാസം പാടില്ല എന്നുമാണ്. ദൈവാലയത്തിലെ കർമ്മം, ആരാധനാക്രമപരമായ ഒരു പുനർ ആവർത്തനം ആയതു കൊണ്ട് സ്ത്രീകൾ അല്ല പുരുഷന്മാർ ആണ് വേണ്ടത് എന്ന് മുൻപ് വ്യക്തമാക്കിയതാണല്ലോ. ദൈവാലയത്തിനു വെളിയിൽ എല്ലാ ദിവസവും ഈ വൈദീകർക്ക് നിരാലംബരായ സ്ത്രീകളെയും, കുട്ടികളെയും. അനാഥരെയും, അംഗവൈകല്യമുള്ളവരെയും ശുശ്രൂഷിക്കാൻ അവസരം ഉണ്ട്. തന്റെ ഇടവകയിലുള്ള അല്ലേൽ തന്റെ കീഴിലുള്ള സ്ഥാപനത്തിലുള്ള സാധാരണക്കാരെ ഭൃത്യനെ പോലെ സേവിക്കുന്നതാണ് മിശിഹാ പഠിപ്പിച്ച കാൽ കഴുകൽ എന്ന് ഇവരെ ആര് പഠിപ്പിക്കും. അവർക്ക് സഭയുടെ ആരാധനക്രമം നശിപ്പിക്കണം, അല്ലാതെ സഭയെ-സഭാ മക്കളെ സേവിക്കുക അല്ല ലക്ഷ്യം എന്ന് വളരെ വ്യകതമാണ്. ദൈവാലയത്തിനുള്ളിൽ 'ഷോ' പോലെ നടത്താനുള്ള ഒരു കല പരിപാടി ആണ് ഇവർക്ക് ഈ കർമ്മം. ജീവിതത്തിൽ പ്രാവർത്തികം ആക്കാൻ അല്ല അവർക്കു താല്പര്യം. ഇവർക്കുള്ള അടുത്ത വചനം കാൽ കഴുകിയതിന് ശേഷം മിശിഹാ പറയുന്നുണ്ട്. ഭൃത്യൻ യജമാനനേക്കാൾ വലിയവനല്ല (യോഹന്നാൻ 13:16). സ്ത്രീകളുടെ കാലുകൾക്കായി സഭയിൽ കലഹം ഉണ്ടാക്കുന്ന ഇവർ, മാർ ആലഞ്ചേരി പിതാവിനെ ധിക്കരിക്കുന്നത് കാണുമ്പോൾ, കാര്യങ്ങൾ പകൽ പോലെ വ്യക്തമാണ്.

       ദൈവാലയത്തിനുള്ളിൽ ആരാധനക്രമവും പാരമ്പര്യവും പാലിച്ചു, ശ്ലീഹന്മാരുടെ പ്രധിനിധി ആയി പുരുഷന്മാരുടെ പാദങ്ങൾ കഴുകട്ടെ. ദൈവാലയത്തിന് വെളിയിൽ എല്ലാ ദിവസവും നിങ്ങൾക്ക് ചുറ്റും ഉള്ളവരുടെ ഭൃത്യനായി - ലിംഗ, വർണ്ണ, പ്രായ വ്യത്യാസമില്ലാതെ കരുണ കൊണ്ട് പാദങ്ങൾ കഴുക. നിങ്ങൾ പരസ്പരം പാദങ്ങൾ കഴുകുക എന്ന മിശിഹായുടെ കല്പന, വിവിധ സഭകളിലെ, രൂപതകളിലെ മെത്രാന്മാരും വൈദീകരും ചെയ്തിരുന്നെങ്കിൽ ഇന്ന് സഭകൾ തമ്മിലും രൂപതകൾ തമ്മിലും തർക്കങ്ങൾ ഉണ്ടാകില്ലാരുന്നു.

ഈശോ മിശിഹാ അനുഗ്രഹിക്കട്ടെ.