Thursday, July 13, 2017

വാർദ്ധക്യം ബാധിക്കുന്ന സുറിയാനി നസ്രാണി ഭവനങ്ങൾ


          ഓരോ കുഞ്ഞും ഭൂമിയിൽ ജനിക്കുമ്പോഴാണ്, ഭൂമിയും സമൂഹവും സഭയും കുടുംബങ്ങളും അതിന്റെ ചെറുപ്പം നിലനിർത്തുന്നത്. ഓരോ കുഞ്ഞും അനന്തമായ സാധ്യതകളുടെ ഓരോ വാതിലുകളാണ്. എന്നാൽ ഈ അനന്തമായ സാധ്യതകളുടെ, ദൈവീക ദാനത്തെ സ്വീകരിക്കാൻ മനുഷ്യരിൽ അലസത കൂടി വരുന്ന ഒരു പ്രവണത ദൃശ്യമായി വരുന്നുണ്ട്. ജനസംഖ്യാപരമായ ചില ചർച്ചകൾ കേരളത്തിൽ ഇന്ന് ഉണ്ടാവുന്നത് കൊണ്ട്, ഞാൻ ഉൾപ്പെടുന്ന സുറിയാനി നസ്രാണികളിൽ അത് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഒന്ന് ചിന്തിക്കുകയാണ്. എന്തു കൊണ്ട് ജനസംഖ്യ കുറയുന്നു എന്നതിനേക്കാളും, അത് സുറിയാനി നസ്രാണികളുടെ ഭവനങ്ങളിൽ ഉണ്ടാക്കാൻ പോകുന്ന ഉണങ്ങാത്ത മുറിവുകളിലേക്ക് വെളിച്ചം വീശുവാനാണ്  ഞാൻ ഇവിടെ ശ്രമിക്കുക.

            തദ്ദേശീയരായ ദ്രാവിഡരും പൗരസ്ത്യ സുറിയാനി കുടിയേറ്റക്കാരും, വിശ്വാസവും, മനസും, ശരീരവും, സംസ്കാരവും പരസ്പരം പങ്കുവച്ചു വളർത്തിയ സഭയാണ്, ഭാരതത്തിലെ (കേരളത്തിലെ) സുറിയാനി നസ്രാണി സഭ. പാരമ്പര്യങ്ങൾ പ്രകാരം, 1653 ൽ നടന്ന കൂനൻ കുരിശു സത്യാഗ്രഹത്തിന്റെ കാലത്തു, സുറിയാനി നസ്രാണികളുടെ സംഖ്യ 2 ലക്ഷമായിരുന്നു. ഇന്ന് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന എല്ലാ സുറിയാനി സഭകളിലെയും നസ്രാണികളുടെ കണക്കെടുത്താൽ, ചിലപ്പോൾ മുക്കാൽ കോടിക്ക് അടുത്ത് വരുമായിരിക്കും (വ്യക്തമായ കണക്ക് അറിയില്ല). ഈ വളർച്ചക്ക് കാരണം, സുറിയാനി നസ്രാണികളുടെ ദൈവത്തിലുള്ള വിശ്വാസവും, മറ്റു സഹോദരങ്ങളെ സുവിശേഷം അറിയിച്ചു കൂടെ കൂട്ടിയതിനാലും ആണ്. എന്നാൽ 1980 കളോടു കൂടി, മറ്റു ചില സമുദായങ്ങളിലെ പോലെ, സുറിയാനി നസ്രാണികളുടെ ഇടയിലും ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാത്ത സ്വയമേ ഉള്ള ജനന നിയന്ത്രണം കടന്നു വന്നു. അതിനാൽ തന്നെ ഭൂരിഭാഗം നസ്രാണി കുടുംബങ്ങളിലും ഒന്നോ രണ്ടോ കുട്ടികളായി ചുരുങ്ങാൻ തുടങ്ങി. എന്തു കൊണ്ട് നസ്രാണികൾക്കിടയിൽ ഇത് സംഭവിച്ചു എന്ന് ഇവിടെ ചർച്ച ചെയ്യുന്നില്ല. കുടുംബാസൂത്രണത്തിന് തുടക്കം കുറിച്ച ഈ തലമുറയെ Generation A എന്ന് വിളിക്കാം.


        വലിയ ഒരു സാമൂഹിക വിപ്ലവമായി തുടങ്ങിയ ഈ പ്രവണതയിലൂടെ, മാതാപിതാക്കൾക്ക് കുട്ടികളുടെ മേൽ തങ്ങളുടെ സമ്പത്തു കൂടുതലായി നിക്ഷേപിക്കുവാൻ സാധിച്ചു. അത് വഴി അടുത്ത തലമുറയിലെ നസ്രാണികളിലെ ഭൂരിഭാഗം പേരും മാന്യമായ വിദ്യാഭ്യാസം ലഭിക്കുകയും, സാമൂഹികമായി വളരെ മുന്നേറുകയും ചെയ്തു. ഇപ്പോൾ 2017 ൽ എത്തി നിൽക്കുമ്പോൾ, അണുകുടുംബ വ്യവസ്ഥിതിയിൽ പിറന്ന ആദ്യത്തെ  തലമുറ, കുടുംബ ജീവിതം ആരംഭിക്കുന്ന ഘട്ടം ആണ്. എന്നാൽ അണുകുടുംബ വ്യവസ്ഥയിൽ ജീവിക്കാത്ത സമുദായങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ, ഈ തലമുറയിലെ നസ്രാണികൾ എന്തെങ്കിലും വ്യത്യസ്‍തമായ മുന്നേറ്റം സാമ്പത്തീക മേഖലയിൽ ഉണ്ടാക്കിയോ എന്നത് സംശയമാണ്. കുടുംബാസൂത്രണത്തിലൂടെ പിറവി എടുത്ത ഈ തലമുറയെ Generation B എന്ന് വിളിക്കാം.

        കുടുംബ ജീവിതം ആരംഭിച്ച  Generation B യും, അവരുടേതായ കാരണങ്ങൾ കൊണ്ട്, തങ്ങളുടെ മാതാ പിതാക്കൾ കാണിച്ചു തന്ന കുടുംബാസൂത്രണം തങ്ങളുടെ ഭവനങ്ങളിൽ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. അവരുടെ ഭവനങ്ങളിലും ഒന്നോ രണ്ടോ കുഞ്ഞുങ്ങൾ ആണ് കാണുന്നത്. ഇങ്ങനെ പിറക്കുന്ന ഈ മൂന്നാം തലമുറയെ Generation C എന്ന് വിളിക്കാം. ഒരു 2040 കാലഘട്ടത്തോടെ Generation C തങ്ങളുടെ കുടുംബം ആരംഭിക്കുന്ന ഘട്ടം എത്തും എന്ന് കരുതാം. 

Generation A യുടെ കുടുംബ ജീവിതം.

        നസ്രാണികളുടെ ഇടയിൽ ഏറ്റവും മനോഹരമായ ജീവിതം ജീവിക്കുവാൻ ഉള്ള അവസരം ലഭിച്ചത് ഈ തലമുറക്കായിരുന്നു. അവർ ആ ജീവിതം മനോഹരമായി ജീവിച്ചോ എന്നത് മറ്റൊരു ചോദ്യം ആണ്. ഒരു മനുഷ്യന്റെ ജീവിതം മനോഹരം ആകുന്നത് സമ്പത്തിലൂടെ അല്ല എന്ന് ആദ്യമേ ഞാൻ കുറിച്ച് കൊള്ളുന്നു. ലോക മഹായുദ്ധങ്ങൾക്കു ശേഷം ഉണ്ടായ ഈ തലമുറക്ക്, കാര്യമായ പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടില്ല (കമ്മ്യൂണിസ്റ്റ് ഭരണവും, അടിയന്തിരാവസ്ഥയും ഒഴിച്ചാൽ). അവരുടെ ഭവനങ്ങളിൽ 5 മുതൽ 12 വരെ സഹോദരങ്ങൾ ഉണ്ടായിരുന്നു. സഹോദരങ്ങളുമായി സ്നേഹിച്ചും, വഴക്കു കൂടിയും സമ്പത്തിലും പഞ്ഞമാസങ്ങളിലും അവർ ഒന്നിച്ചു കഴിഞ്ഞു.  അപ്പന്റെയും അമ്മയുടെയും സഹോദരങ്ങൾ വഴി, 50 മുതൽ 100 വരെ ചുരുങ്ങിയത് സഹോദരങ്ങൾ (Cousins) അവർക്കുണ്ടായിരുന്നു. ജീവിത്തിന്റെ ഒരു ഘട്ടത്തിലും ഒറ്റക്കാണ് എന്ന ചിന്ത ഈ തലമുറക്ക് ഉണ്ടാകേണ്ടി വരേണ്ടതല്ലായിരുന്നു. സഭ കച്ചവടങ്ങളിലേക്ക് ഇറങ്ങി തുടങ്ങാഞ്ഞതു മൂലം, മഹാന്മാരായ വൈദീകർ അവരുടെ ഇടയിലും കുടുംബങ്ങളിലും ഉണ്ടായിരുന്നു. സഭയുടെ സൗജന്യമായ പള്ളിക്കൂടങ്ങളിലൂടെ ഇവർ, അത് വരെ ഉള്ള തലമുറക്ക് ഇല്ലാതിരുന്ന ഭാഗ്യമായ നല്ല രീതിയിലുള്ള വിദ്യാഭ്യാസം നേടി. ലോകത്തെ ഏതൊരു ജനതയോടും ഒപ്പത്തിനൊപ്പം നിൽക്കാൻ പോന്ന അറിവ് അവർ സ്വന്തമാക്കി. കേരളത്തിൽ 25 ശതമാനത്തോളം ജനസംഖ്യയിൽ ഉണ്ടായിരുന്നതിനാൽ, ശക്തമായ രാഷ്ട്രീയ സാമൂഹിക സ്ഥാനവും ഉള്ള ഒരു ജനവിഭാഗമായി അവർ മാറി. അവരുടെ പിതാക്കന്മാർ മലബാറിലേക്കും ഹൈ റേഞ്ചിലേക്കും കുടിയേറി ഭൂമി വെട്ടി പിടിച്ചത് മൂലം ധാരാളം ഭൂസ്വത്തും അവർക്കവകാശമായി. ചുരുക്കത്തിൽ ബന്ധു ബലത്തിലും, വിദ്യാഭ്യാസത്തിലും, രാഷ്ട്രീയമായും, സഭാപരമായും, ഭൂമിപരമായും കേരളത്തിലെ ഏറ്റവും ശക്തമായ ഒരു സമൂഹമായി അവർ മാറി.

        ഈ നേട്ടങ്ങളുടെ എല്ലാം ആണിക്കല്ല്, തങ്ങളുടെ പിതാക്കന്മാർ പിൻതുടർന്ന ദൈവവിശ്വാസവും, ആ ദൈവം ദാനമായി തന്ന മക്കളെ അവർ സ്വീകരിച്ചതിനാൽ ആണെന്നും ഉള്ള ചരിത്ര സത്യം മനസിലാക്കാൻ മാത്രം ഈ തലമുറ മറന്നു. കൂടുതൽ ധനം വന്നതിനാൽ, സഹോദരങ്ങൾക്കിടയിൽ സ്‌നേഹത്തിന് പകരം മത്സരം ഉണ്ടായി. ദൈവത്തേക്കാളും, സഞ്ജയ് ഗാന്ധിയെ വിശ്വസിച്ച ഈ തലമുറ കുടുംബാസൂത്രണത്തിലേക്ക് കടന്നു. മക്കൾ ഒന്നോ രണ്ടോ ആയി ചുരുക്കി. കുട്ടികൾ കുറവായിരുന്നതിനാൽ, ഉള്ള കുട്ടികൾക്ക് അമിതമായ പരിചരണവും വാത്സല്യവും നൽകി. കുടുംബാസൂത്രണം മൂലം പണം മിച്ചം വന്നതിനാൽ, ലൗകീക സുഖ സൗകര്യങ്ങൾ നല്ല രീതിയിൽ അനുഭവിക്കാൻ അവർക്ക് സാധിച്ചു. സഹോദരന്മാരുണ്ടായിരുന്നത് മൂലം, അവരുടെ മാതാപിതാക്കന്മാരുടെ അവസാനകാല പരിചരണത്തിന് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായില്ല. മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുവാൻ സാധിച്ചത് മൂലം, ഇവരുടെ മക്കൾ വിദേശങ്ങളിലേക്കു കുടിയേറി. ഇന്ന് 50 - 65 വയസ്സുള്ള ഇവർ കുറച്ചു കോൺക്രീറ്റ് കൊട്ടാരങ്ങളുടെ കാവൽക്കാരായി കഴിയുന്നു. ഇവരുടെ അമ്മമാർ 10 - 12 പെറ്റിട്ടും 70 - 80 വയസുവരെ കാര്യമായ രോഗം ഇല്ലാതെ കഴിഞ്ഞു. എന്നാൽ ഇവരിലെ സ്തീകൾ 50 ആയപ്പോഴേക്കും, മുട്ടുവേദന മുതൽ മാരകമായ രോഗങ്ങളുമായി കഴിയുന്നു. കിളച്ചും, കൃഷി ചെയ്തും, കച്ചവടം ചെയ്തും 10 - 12 മക്കളെ വളർത്തിയ ഇവരുടെ പിതാക്കന്മാരും 70 - 80 വയസുവരെ കാര്യമായ രോഗം ഇല്ലാതെ കഴിഞ്ഞു. എന്നാൽ ഇവരിലെ ആണുങ്ങൾ വിദേശ മദ്യത്തിൽ അവരുടെ ഏകാന്തത തള്ളി നീക്കി, ഹൃദയം മുതൽ വൃക്ക വരെ നശിച്ചു കഴിയുന്നു. അവരുടെ മക്കൾ, വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വന്നു, കണ്ടു പോകുന്നു. ഒന്നാശുപത്രിയിൽ പോകാനോ, എന്തെങ്കിലും സഹായം വേണമെങ്കിലുമോ അടുത്തുള്ള ചെറുപ്പക്കാരിൽ അവർക്ക് അഭയം തേടേണ്ടി വരുന്നു. ചുറ്റും സഹോദരങ്ങളെ കൊണ്ട് നിറഞ്ഞ ചെറുപ്പ കാലത്തു നിന്നും, ഏകാന്തതയുടെ വാർദ്ധക്യത്തിലേക്ക് അവർ കൂടുതൽ കൂടുതൽ ആഴ്ന്ന് ഇറങ്ങി കൊണ്ടിരിക്കുക ആണ് ഇന്ന്.


Generation B യുടെ കുടുംബ ജീവിതം.

         തങ്ങളുടെ മാതാപിതാക്കന്മാരുടെ അളവില്ലാത്ത സ്നേഹം ഒറ്റയ്ക്ക് ആസ്വദിക്കാൻ ഈ തലമുറക്ക് സാധിച്ചു. അവരുടെ ശേഷിക്ക് അനുസരിച്ചു നൽകാൻ സാധിക്കുന്ന വിദ്യാഭ്യാസവും, ഭക്ഷണവും തുടങ്ങി എല്ലാ സൗകര്യങ്ങളും പങ്കുവയ്ക്കപ്പെടാതെ അവർക്ക് ലഭിച്ചു. എങ്കിലും ഭവനത്തിൽ നിന്ന് ലഭിക്കേണ്ട കൂടെപിറപ്പിന്റെ സ്നേഹം കുറച്ചേ ലഭിച്ചുള്ളൂ (രണ്ടു കുട്ടികൾ തമ്മിലുള്ള പ്രായവ്യത്യാസത്തിന് അനുസരിച്ചു). ആ ഒരു കുറവ് അവർ നികത്തിയത്, ചുറ്റുപാടുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും ലഭിച്ച സുഹൃത്തുക്കൾ വഴി ആണ്. എങ്കിലും അവരുടെ അപ്പൻ അമ്മമാരുടെ സഹോദരങ്ങളിൽ നിന്നും ഉള്ള കുട്ടികൾ (cousins) വഴി അവർ കുടുംബവുമായി കുറച്ചൊക്കെ ഒട്ടി നിന്നു. തങ്ങളുടെ മാതാപിതാക്കൾക്ക് 50 - 100 സഹോദരങ്ങൾ (cousins) ഉണ്ടായിരുന്ന പ്പോൾ, ഇവർക്ക് 15 - 20 വരെ ഉള്ളു. നല്ല വിദ്യാഭ്യാസം ലഭിച്ചത് മൂലം ചെറിയ പ്രായത്തിൽ തന്നെ അവർക്ക് കുടുംബത്തിൽ നിന്നും ദൂരെ പോകേണ്ട അവസ്ഥ ഉണ്ടാകുന്നു.

             ഇന്ന് ഈ തലമുറയിലെ ഭൂരിഭാഗം പേരും വിവാഹിതർ ആണ്, അല്ലേൽ അതിനായി തയ്യാറെടുക്കുന്നു. തങ്ങളുടെ മുൻതലമുറ നടത്തിയ കുടുംബാസൂത്രണം മൂലം കേരളത്തിൽ, തങ്ങളുടെ ജനസംഖ്യാനുപാതം കുറഞ്ഞു എന്ന വസ്തുത അവർ മനസിലാക്കി. അതിനാൽ തന്നെ, രാഷ്ട്രീയമായി തങ്ങളുടെ ശക്തി കുറഞ്ഞു എന്നും പുറമെ നിന്നുള്ള ചെറിയ ആക്രമണങ്ങൾ അതിന്റെ ലക്ഷണം ആണെന്നും അവർ തിരിച്ചറിഞ്ഞു. കുടുംബാസൂത്രണം വഴി ഏതെല്ലാം മേഖലകളിൽ തങ്ങൾ മുന്നിൽ എത്തും എന്ന് അവർ പ്രതീക്ഷിച്ചോ, ആ മേഖലകളിൽ എല്ലാം കുടുംബാസൂത്രണം നടത്താത്ത വിഭാഗങ്ങളും ഒപ്പത്തിനെത്തി എന്ന് അവർ അനുഭവിച്ചറിഞ്ഞു. നസ്രാണികൾക്കിടയിൽ ചരിത്രത്തിൽ ആദ്യമായി, യുവാക്കളുടെയും, വൃദ്ധരുടെയും അനുപാതം ഏകദേശം തുല്യമായി. അതായത് സഭക്ക് പ്രായം കൂടി. സഭകൾ സമ്പന്നമായത് മൂലം, കഴിവുള്ള വൈദീകർ പോലും കച്ചവടക്കാരുടെ മേലങ്കി ഇട്ടു നടക്കാൻ തുടങ്ങി. യുവാക്കൾ കുറഞ്ഞ, അദ്ധ്യാത്‌മികത നഷ്ടമായ സഭ മെലിയാൻ തുടങ്ങിയത് അവരെ വിശ്വാസത്തിൽ തളർത്തി. കുടുംബം നോക്കുന്ന ആൺ കുട്ടിക്ക്, അവന്റെ ഭാര്യയുടെയും, കുട്ടികളുടെയും മാതാപിതാക്കളുടെയും ഭാരം ഒറ്റക്ക് ചുമക്കേണ്ട അവസ്ഥ ഉണ്ടായി. ഒരു മേഖലകളിലും സഹായിക്കാൻ സഹോദരങ്ങൾ ഇല്ല, എന്നത് അവനെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കി. ജോലി സ്ഥലത്തായതിനാൽ മാതാപിതാക്കളെ, വേണ്ട രീതിയിൽ പരിചരിക്കാൻ സാധിക്കുമോ, എന്ന ഭയം അവനിൽ ഉണ്ടാകുന്നു. അസുഖമുള്ള മാതാപിതാക്കന്മാർ ഉള്ളതിനാൽ, യോഗ്യത ഉണ്ടായിട്ടും ദൂരെ എങ്ങും പോകാതെ, വീടിനു അടുത്ത് കിട്ടുന്ന തൊഴിൽ ചെയ്തു ജീവിക്കുന്ന നസ്രാണി യുവാക്കളുടെ എണ്ണം കൂടുകയാണ്. കാരണം അവന് ആശ്രയിക്കാൻ സഹോദരരില്ല. എല്ലാത്തിനും സുഹൃത്തുക്കളെ ആശ്രയിക്കേണ്ടി വരുന്ന ഒരു തലമുറയായി ഇവർ മാറി. കുടുംബ ബന്ധങ്ങൾ ഇവർക്ക് വളരെ കുറച്ചേ ഉള്ളു. 

          പെൺകുട്ടികളുടെ വിദ്യാഭ്യാസം കുതിച്ചുയരുന്നത് മൂലം, വിവാഹത്തിന് വരന്റെയും വധുവിന്റെയും ദൗർലഭ്യം അനുഭവിക്കാൻ തുടങ്ങി. ഇവരുടെ വിവാഹപ്രായം 30 കൾ കടന്നു. പലരും ഇന്നും വിവാഹ ജീവിതത്തിലേക്ക് കടക്കാൻ കഴിയാതെ തളർന്നു നിൽക്കുന്നു. സഹായിക്കാൻ സഹോദരങ്ങളില്ല എന്ന വസ്തുത, അവരിലൂടെ ലഭിക്കാമായിരുന്ന മനോധൈര്യത്തിൽ നിന്ന് അവരെ അകറ്റി നിർത്തുന്നു. ഈ അവസ്ഥകളിൽ, തങ്ങളുടെ മുൻതലമുറ സന്തോഷത്തോടെ നടത്തിയ കുടുംബാസൂത്രണം, നിവൃത്തിയില്ലാതെ അവരും തങ്ങളുടെ ജീവിതത്തിൽ സ്വീകരിക്കുന്നു. ദൈവത്തിൽ ശരണം പ്രാപിക്കാൻ അവരെ ഉൽബോധിപ്പിക്കേണ്ട സഭാ പിതാക്കന്മാരും, വൈദീകരും കച്ചവടങ്ങളിലും, സർക്കാരുകളുമായി രാഷ്ട്രീയ യുദ്ധത്തിലും മുഴുകുന്നു. ദൈവത്തിൽ ആശ്രയിച്ചു, തങ്ങളുടെ മുൻതലമുറയുടെ തെറ്റ് തിരുത്തേണ്ടവർ, തെറ്റിൽ നിന്നും തെറ്റിലേക്ക് കൂപ്പു കുത്തി. തങ്ങളുടെ മുൻതലമുറ വാർദ്ധക്യത്തിൽ, ഏകാന്തത അനുഭവിച്ചെങ്കിൽ, ഈ തലമുറ യൗവ്വനം മുതൽ ഏകാന്തത അനുഭവിക്കുന്നു.


Generation C യുടെ കുടുംബ ജീവിതം.

           കുടുംബാസൂത്രണത്തിന്റെ രണ്ടാം തലമുറയാണ് Generation C. സ്വന്തം ഭവനത്തിൽ ആ കുട്ടിക്ക് സഹോദരങ്ങൾ ഇല്ല (ഉണ്ടെങ്കിൽ തന്നെ ഒന്ന്). അപ്പനും അമ്മയ്ക്കും സഹോദരങ്ങൾ ഇല്ലാത്തതു മൂലം അല്ലേൽ കുറവായത് മൂലം, അവർ വഴി ഉള്ള സഹോദരങ്ങളും (cousins) ഇല്ലെന്നു പറയാം. ബാല്യത്തിൽ തന്നെ ഏകാന്തത അവർ അനുഭവിക്കാൻ തുടങ്ങും. അത് മൂലം അവരിൽ എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടാകും എന്നത് എനിക്ക് വ്യക്തമായി പറയാനുള്ള അറിവില്ല. എങ്കിലും നല്ലതാവില്ല എന്ന് ഉറപ്പ്. സഹോദരങ്ങൾ ഇല്ലാത്ത, ആരും ആശ്രയിക്കാൻ ഇല്ലാതെ നെടുവീർപ്പെടുന്ന പിതാവിനെ ആയിരിക്കും ആ കുട്ടി ചെറുപ്പം മുതൽ കാണുന്നത്. കുടുംബവുമായി ചേർത്ത് നിർത്താൻ ഉതകുന്ന ഒന്നും ആ കുട്ടിയുടെ ജീവിതത്തിൽ ഇല്ല. നസ്രാണികളുടെ ഇടയിൽ കുടുംബങ്ങൾ നിലനിൽക്കുന്നത് ആൺ മക്കൾ വഴി ആണ്. മാർ പെരുന്തോട്ടം പിതാവ് എഴുതിയത് പോലെ, 2000 വർഷങ്ങൾ നിലനിന്ന പല പ്രശസ്തമായ നസ്രാണി കുടുംബങ്ങളും, ഈ കാലഘട്ടത്തിൽ സന്തതികൾ ഇല്ലാതെ വേരറ്റു പോകും.. 

           ഈ തലമുറ വിവാഹജീവിതത്തിലേക്ക് കടക്കുന്ന 2040 കൾ കൊടിയ പീഡകളുടേത് ആകും. കേരളത്തിൽ നസ്രാണികളുടെ ശതമാനം വളരെ താഴും. രാഷ്ട്രീയമായി അപ്രസക്തമായ ഒരു വിഭാഗം ആയി അവർ മാറും. ഭൂസ്വത്തുക്കൾ പലതും നോക്കാൻ ആളില്ലാതെ കൈ മോശം വരും. രാഷ്ട്രീയമായി അപ്രസക്‌തമാകുമ്പോൾ, സഭയുടെ സമ്പാദ്യമായ സ്ഥാപനങ്ങൾ സർക്കാർ പിടിച്ചെടുക്കും. സഭ തളരും. സ്ലൈഹീക സഭകളുടെ മുഖമുദ്ര ആയ പീഡനത്തിന്റെ ദിനങ്ങളിലേക്ക് സഭ കടക്കും. കുടുംബ ബന്ധങ്ങൾ ഇല്ലാത്തത് മൂലം, യുവജനം സഭയിൽ നിന്ന് അകലും. യുവതികൾ മറ്റു സമുദായങ്ങളിലേക്ക് ആകർഷിക്കപെടും. യുവാക്കൾ വിവാഹം ചെയ്യാൻ ആവാതെ വിഷമിക്കും. ഈ കാലഘട്ടത്തിൽ, Generation A അവരുടെ 75 - 80 കളിൽ ആയിരിക്കും (വൈദ്യശാസ്ത്രത്തിൽ ഉള്ള മുന്നേറ്റം അവരുടെ ജീവിത കാലയളവ് വർധിപ്പിക്കും). അതായത്, Generation C യുവാവിന്, അവന്റെ നല്ല പ്രായത്തിൽ രണ്ടു തലമുറയുടെ (Generation A &Generation B) ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. അത് ആ യുവാവിനെ കടുത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിവിടും. ചെറുപത്തിലേ ഏകാന്തത അനുഭവിച്ചു വളർന്ന അവൻ, ആ രണ്ടു തലമുറയെയും നിഷ്‌കരുണം തള്ളി പറയും. Generation A യും Generation B യും സമ്പാദ്യമായി കണ്ടിരുന്ന പലതും അന്ന് വിലയില്ലാത്തതായി കാണപ്പെടും. നസ്രാണി കുടുംബങ്ങളിൽ ഭൂരിപക്ഷം പേരും, പ്രായം 50  കഴിഞ്ഞവരായിരിക്കും. അതായത് സഭയിൽ വൃദ്ധർ, യുവാക്കളേക്കാൾ കൂടും. വാർദ്ധക്യം ബാധിച്ചു, മരണം കാത്തു കഴിയുന്ന കിളവനെ പോലെ ആകും സുറിയാനി  നസ്രാണി സഭ. കുടുംബമോ, സഹോദരങ്ങളോ ഇല്ലാത്ത ഈ തലമുറ കുറച്ചു പതിറ്റാണ്ടുകൾക്കുള്ളിൽ ചുറ്റുമുള്ള ജനങ്ങളിൽ അലിഞ്ഞു ഇല്ലാതായി തീരും. 

               Generation C യുടെ കാര്യങ്ങൾ കൂടുതലും എന്റെ ഭാവനയിൽ ഉള്ള കാര്യങ്ങൾ ആണ്. ഒപ്പം കുറച്ചു പൊലിപ്പിച്ചിട്ടും ഉണ്ട്. ചിലപ്പോൾ, നമ്മുടെ ഈ തലമുറയിൽ വലിയ ഒരു മാറ്റം ഉണ്ടായി കൂടെന്നില്ല. ധാരാളം ദമ്പതികൾ ദൈവം തരുന്ന കുഞ്ഞുങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്. ധരാളം മാതാപിതാക്കൾ, മക്കളെ നല്ല പ്രായത്തിൽ വിവാഹം കഴിക്കാൻ സഹായിക്കാറുണ്ട്‌. എന്നാലും ഇന്നും ഭൂരിപക്ഷവും അങ്ങനെ അല്ല എന്നുള്ളത്, സഭയും നമ്മളോരോരുത്തരും ചിന്തിക്കേണ്ടതാണ്. സഭാ മക്കൾക്ക് വേണ്ടി ചിന്തിക്കുന്ന പുരോഹിതർ കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ നമ്മൾ അല്മായർ നമ്മുടെ സഭയെ രക്ഷിക്കേണ്ടതുണ്ട്. മാറ്റം ഉണ്ടായില്ലെങ്കിൽ, അത്ര നല്ല കാലം ആയിരിക്കുക അല്ല ഉണ്ടാവുക എന്ന് വ്യക്തമാണ്. അത് എത്ര തലമുറകൾക്കുള്ളിൽ ഉണ്ടാവും എന്ന് മാത്രം കണക്കു കൂട്ടിയാൽ മതി. 

"കർത്താവിന്റെ ദാനമാണ് മക്കൾ, ഉദരഫലം ഒരു സമ്മാനവും. യൗവ്വനത്തിൽ ജനിക്കുന്ന മക്കൾ യുദ്ധ വീരന്റെ കയ്യിലെ അസ്ത്രങ്ങൾ പോലെയാണ്. അവ കൊണ്ട് ആവനാഴി നിറക്കുന്നവൻ ഭാഗ്യവാൻ; നഗര കവാടത്തിങ്കൽ വച്ച് ശത്രുക്കളെ നേരിടുമ്പോൾ അവനു ലജ്ജിക്കേണ്ടി വരുക ഇല്ല." സങ്കീർത്തനം 127: 3-5 

      ദൈവവും കർത്താവുമായ നമ്മുടെ ഈശോ മിശിഹാ നിങ്ങളെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നിങ്ങളുടെ വംശം, ഭൂമിക്ക് അനുഗ്രഹമാകട്ടെ. അവരിലൂടെ ഭൂമിയും, സമൂഹവും, സഭയും, കുടുംബവും, നിങ്ങളും എന്നും ചെറുപ്പം ആയിരിക്കട്ടെ.

17 comments:

  1. This is the ultimate truth
    If it is not treated with utmost care the result will be unpredictable

    ReplyDelete
  2. പ്രശ്നങ്ങൾ പറഞ്ഞു കൈ കഴുക്കുകയെന്നല്ലാതെ സൊലൂഷൻ ഒന്നുമില്ലേ!

    ReplyDelete
    Replies
    1. My Blogs are short and upto the point only. Solutions are not meant here. immediate solution is having more children. But how can we do or persuade couples to do that is A big issue. need a separate blog. This has to be solved in a micro as well as macro level. Problems are also of different level.Each situation has different solutions. Couples, family, parish, diocese, church etc need to get involved as per need.

      Delete
    2. ദൈവത്തിനു അസാധ്യമായി ഒന്നുമില്ല 2040ലും നസ്രാണി ഒരു ശക്തി തന്നെ ആയിരിക്കും

      Delete
  3. Excellent ( but deliberately softened) analysis of our community. expecting a detailed one.

    ReplyDelete
  4. സഭയിലെ പൗരോഹിത്യo ക്രിസ്തുതുവിന്റെ ധാർമ്മികമായ നിലപാടിൽ നിന്നും വ്യതിചലിച്ച് പോകുന്നതു കൊണ്ട് സഭയിലുള്ള വിശ്വാസം നഷ്ടിപ്പട്ട ഒരു തലമുറയാവും വളർന്നു വരിക. സഭാപനങ്ങളും പഠിപ്പിക്കലിലും ഔ കമ്പോളവൽക്കരണ സ്വഭാവം മാറ്റി യഥാർത്ഥ മൂല്യങ്ങും 1960കൾക്ക് മുൻപു് അൽമായരും പുരോഹിതരുമായുള്ള ബന്ധം തിരികെ കൊണ്ടുവരണം. അല്ലാത്തപക്ഷം ഈ ആഢംബര സഭ വിശ്വാസം നശിക്കും'

    ReplyDelete
  5. ലേഖനം കൂടുതലും സത്യമാണ് പക്ഷെ കുറച്ചുകൂടി വ്യക്തത വരുത്തിയാൽ നന്നായിരിയ്ക്കും. 2 ലക്ഷം എന്ന കണക്കിൽ നിന്ന് 75 ലക്ഷ്ത്തിലേക്ക് വളർന്നു എന്നുള്ളത് മറക്കരുത്. അതിൽ തന്നെ സീറോ മലബാർ സഭ മക്കൾ 50 ലക്ഷത്തിന് മുകളിൽ ആണ്. അതുപോലെ കേരളം എന്ന ഇട്ടാവട്ടത്തിൽ നിന്ന് ആഗോള തലത്തികെയ്ക്കു എത്തപ്പെട്ടിരിയ്ക്കുന്നു. ജീവിതം ഒരു വൃത്തം അല്ല പക്ഷെ ധനം ആണ്. ഒരു തലമുറ ധനം ചേർത്തു വയ്ക്കുന്നു. അടുത്ത തലമുറ അതു വേണ്ട രീതിയിൽ ഉപയോഗിയ്ക്കുന്ന. മൂന്നാമത്തെ തലമുറ ദുരുപയോഗം ചെയ്യുന്നു. നാലാമത്തെ തലമുറ വീണ്ടും കഷ്ടപ്പെടുന്നു.അങ്ങനെ ഒരു സൈക്കിൾ ആണ്(Exceptions are there always). മറ്റു ദേശങ്ങളിലേയ്ക്കു ചേക്കേറിയവർ അതതു ദേശത്തിന്റെ ജീവിത ശൈലി സ്വീകരിയ്ക്കുക സ്വാഭാവികം. കൂടുതൽ കുട്ടികളെ വളർത്താൻ സാധിയ്ക്കുന്ന സ്ഥലങ്ങളിൽ അതുണ്ടാകുന്നുണ്ട്. കേരളത്തിലെ കാഴ്ചപ്പാടുകളിലും സഭാ പിതാക്കന്മാരുടെ കാഴ്ചപ്പാടിലും മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യം ആണ്. മേടകളും ആഢംഭരങ്ങളും സ്തുതികളും ഉപേക്ഷിച്ചു ആടുകളോടൊപ്പം നടക്കുന്ന ഇടയന്മാരെ ആണ് ഇന്നിന്റെ ആവശ്യം. വിദ്യാസമ്പന്നരായ ആടുകൾ ആണ് ഇന്ന് കൂടുതലും. തിയോളജി മനസിലാക്കാൻ കഴിയുന്ന ആടുകൾ. അവരുടെ കാഴ്ചപ്പാടിനെ കൂടി മനസിലാക്കി വഴികളിൽ മാറ്റങ്ങൾ വരുത്താൻ ഇടയന്മാർ തയാർ ആയാൽ ആടുകൾ ഇടയന്മാർ തെളിയിക്കുന്ന വഴിയേ തന്നെ പോകും. തീർച്ച. അതിനായി പ്രാർത്ഥിയ്ക്കാം. ഈശോ അനുഗ്രഹിയ്ക്കട്ടെ.

    ReplyDelete
  6. IDENTIFY THE LAPS IS THE FIRST STEP TOWARDS RECTIFICATION.

    Thank you sir, for your thought provoking analysis.

    It's a call for each and every individual to think well and implement the possible remedial measures, in consultation with congenial bodies, ideally a church body.

    First of all our duty is to ensure that this message should be received and read by each and every person. That will create an awareness among all and different brains start thinking individually and collectively.

    Once again thanking Chacko mappila sir for conceiving such relevant subject and above all made it public.

    ReplyDelete
  7. എന്തുകൊണ്ട് സഭ കൂടുംബസുത്രണത്തിനെ എതിരെ ബോധവത്കരണം നടത്താത്തത്. കൂടുതൽ മക്കൾ ഉള്ളവർക്ക് കൂടുതൽ സഹായവും സംരക്ഷണവും നൽകണം

    ReplyDelete
  8. Very good message..everybody has to think and take necessary step to overcome this situation .May God guide us

    ReplyDelete
  9. This is the outcome of persecution mania.

    ReplyDelete
  10. A near to perfect summary.

    The same topic shall be expanded

    ReplyDelete