Monday, March 20, 2017

വൈദീകരിലെ പൗരോഹിത്യവും സന്യാസവും




നമ്മുടെ സഭയിൽ ഈ രണ്ടു കാര്യങ്ങളും പേരിനെങ്കിലും ഒരേ കൂട്ടർ തന്നെ ചെയ്യുന്നതിനാൽ, അല്ലേൽ ചെയ്യിക്കപ്പെടുന്നതിനാൽ ഇത് തമ്മിലുള്ള വ്യത്യാസം നമുക്ക് മനസിലാക്കാൻ സാധിക്കാറില്ല. എളുപ്പത്തിൽ നിർവചിച്ചാൽ, സർവത്തിന്റെയും സൃഷ്ടാവായ പരിശുദ്ധനായ ദൈവത്തെ ആരാധിക്കുവാൻ ഉള്ള കർമ്മങ്ങളുടെ പരികർത്താവാകാൻ, ജനം തങ്ങളുടെ ഇടയിൽ നിന്നും തിരഞ്ഞെടുക്കുന്ന വ്യക്തി ആണ് പുരോഹിതൻ. സ്വന്തം ജീവിതം നിസാരമായി പരിഗണിച്ചു, ലോകത്തിനോട് തന്നെ ബന്ധിപ്പിക്കുന്ന എല്ലാം ഉപേക്ഷിച്ചു്, മരുഭൂമിയിലും പ്രാന്തപ്രദേശങ്ങളിലും ദയറകളിലും ഈ പരിശുദ്ധനായ ദൈവത്തെ  ആരാധിച്ചു,  വിശുദ്ധ ഗ്രന്ഥങ്ങളിൽ ഒളിഞ്ഞിരിക്കുന്ന വിശുദ്ധ രഹസ്യങ്ങളെ പരതുന്നവർ ആണ് സന്യാസികൾ.

അങ്ങനെ എങ്കിൽ ഇന്ന് നമ്മുടെ സഭയിൽ എത്ര സന്യാസികൾ ഉണ്ട്. സ്മാർട്ട് ഫോണും, വാഹനവും, സ്വകാര്യ സമ്പത്തും ഇല്ലാത്ത എത്ര വൈദീകർ ഉണ്ട് ഇന്ന് സഭയിൽ. തീർച്ചയായും, സന്യാസ വിളി ലഭിച്ചവർ ധാരാളം ഉണ്ട് നമ്മുടെ സഭയിൽ. ആ ജീവിതം ജീവിക്കുന്നവരെ നാം അറിയുകയോ, സഭാ നേതൃത്വം പരിഗണിക്കുകയോ ചെയ്യാറില്ല. ആ വിളി ലഭിച്ചിട്ടും, ആ ജീവിതം നയിക്കാൻ കഴയാതെ, സഭയുടെ സ്ഥപനങ്ങളുടെ നടത്തിപ്പുക്കാരായി ജീവിതം വഴിമാറി പോയവർ അതിലും കൂടുതൽ.

ഇപ്പോൾ പുരോഹിതരുടെ സ്വകാര്യ സമ്പത്തിനെ കുറിച്ച് ആകുലപ്പെടുന്നവരുടെ കാലം ആണല്ലോ. അതൊരു തെറ്റായ വേവലാതിയാണ്. പുരോഹിതരെ സന്യാസിമാരായി കാണുന്നത് കൊണ്ടാണ് ഈ തെറ്റ് നമുക്കുണ്ടാകുന്നത്. പുരോഹിതർക്ക് ദാരിദ്രം എന്ന വൃതം ഇല്ല. 17 ആം നൂറ്റാണ്ടു മുതൽ നിലവിൽ വന്ന, പൗരോഹിത്യ നിർവഹണത്തിൽ ആവശ്യമില്ലാത്ത ബ്രഹ്മചര്യം എന്ന വൃതം ആണ് അവർക്കുള്ളത്. കുറച്ചൂടെ വ്യക്തമായി മനസിലാക്കുവാൻ സന്യാസിനികളെ കുറിച്ച് മനസിലാക്കുന്നത് നല്ലതാണു. കത്തോലിക്കാ സഭയിൽ സ്ത്രീകൾക്ക് പൗരോഹിത്യം ഇല്ല. അത് കൊണ്ട് നമ്മുടെ കന്യാസ്ത്രീകൾ പുരോഹിതകൾ അല്ല, സന്യാസിനികൾ ആണ്. കുടുംബങ്ങളിലെ ബുദ്ധിമുട്ടുകൾ കൊണ്ട് ചിലർ സന്യാസിനികൾ ആകുന്നുണ്ടെങ്കിലും, ഭൂരിഭാഗം പേരും സന്യാസം മനസാ വരിക്കുന്നവരാണ്. സന്യസ്തർക്ക് ദാരിദ്രം എന്ന വൃതം ഉണ്ട്. അത് കൊണ്ട് തന്നെ പുരോഹിതരെ പോലെ അല്ല സാമ്പത്തികമായോ ലൗകീകമായോ ഇവരുടെ ജീവിതം. അവരുടെ ജീവിതത്തിന് ആവശ്യമുള്ള അത്യാവശ്യം ചില വസ്തുക്കളും പണവും മാത്രമേ അവരുടെ കയ്യിൽ കാണാറുള്ളു. യഥാർത്ഥ സന്യാസികൾ ഇതൊന്നും ഞായറാഴ്ച കുർബാനകളിലോ പ്രസിദ്ധീകരണങ്ങളിലോ വിളിച്ചു പറയാത്തതു, കൊണ്ട് നാം ഇതൊന്നും കാണാറില്ല. അത് കൊണ്ട് തന്നെ പുരോഹിതകൾ അല്ലാത്ത, സന്യാസിനികൾ ആയ കന്യാസ്ത്രീകൾ വിവാഹം കഴിക്കണം എന്ന് പറയുന്നത് ഭോഷത്തം ആണ്. സന്യാസ ആശ്രമങ്ങളോടു ചേർന്ന് ഉണ്ടായിരുന്ന ആതുരാലയങ്ങളുടേയും, പാവങ്ങൾക്കായുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും, ആശുപത്രികളുടെയും സ്ഥാനത്തു മുതലാളിത്ത കച്ചവട സ്ഥാപനങ്ങളിലേക്ക് അവരുടെ  ജീവിതം മുരടിപ്പിച്ചതിന് നാം ഉൾപ്പെടുന്ന സഭക്ക് ഉത്തരവാദിത്വം ഉണ്ട്. ആത്മീയതയുടെ ഈറ്റില്ലം ആയ ദയറാകളിൽ നിന്നും മഹാന്മാരായ സന്യാസികൾ, സഭാപിതാക്കന്മാരായി ഉയർന്നു വന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അത് തിരിച്ചു വരികയാണെങ്കിൽ, ബെൻസ് കാറും, മണിമാളികകളായ ദൈവാലയങ്ങളും അരമനകളും അവസാനിക്കും.

പുരോഹിതർക്ക് സഭയിൽ നിന്ന് ശമ്പളം ഉണ്ട്. അവർ ശുശ്രുഷ ചെയ്യുന്ന ദൈവജനത്തിൽ നിന്നും ഒരു ഓഹരിക്ക് അവർ അവകാശികൾ ആണ്.ജനങ്ങളുടെ വിശ്വാസ ജീവിതത്തിൽ ആവശ്യമായ കർമ്മങ്ങൾ പരികർമ്മം ചെയ്യുമ്പോൾ, വേതനം അവരുടെ അവകാശം ആണ്. സഭയുടെ നോയമ്പ് സമയങ്ങളിൽ ഒഴികെ, ഇഷ്ടം ഉള്ള ഭക്ഷണം കഴിക്കാൻ അവർക്ക് അവകാശം ഉണ്ട്. ചുരുക്കത്തിൽ ഏതൊരു വിശ്വാസിയെയും പോലെ, അവർക്കൊപ്പം സാധാരണ മനുഷ്യനായി വിശുദ്ധ ജീവിതം ജീവിക്കാൻ പുരോഹിതർക്ക് അവകാശം ഉണ്ട്.

ആ അവകാശങ്ങളിൽ 17 ആം നൂറ്റാണ്ടിൽ അവരിൽ നിന്ന് കവർന്നെടുത്ത വിവാഹ ജീവിതവും ഉണ്ട്. എന്നാൽ ഇന്ന് ചില പുരോഹിതർ തന്നെ ഇതിനെതിരെ നിലപ്പടുക്കുന്നതു കാണാം. ഈ പുരോഹിതരുടെ നിലപാട് കാണുമ്പോൾ ഗോഡ് ഫാദർ എന്ന മലയാളം സിനിമയിലെ ഭീമൻ രഘുവിന്റെ കഥാപാത്രം ആണ് ഓർമ്മ വരുന്നത്. കുടുംബത്തെ നടന്ന ചില അനിഷ്ട സംഭവം മൂലം മൂത്ത സഹോദരനായ തിലകന്റെ കഥാപാത്രത്തെ ചൂണ്ടി കാട്ടി, അഞ്ഞൂറാൻ ഭീമൻ രഘുവിന്റെ വിവാഹം എന്ന മോഹം മുളയിലേ നുള്ളി. തനിക്കു ലഭിക്കാത്ത ആ സൗഭാഗ്യം, തന്റെ അനുജനായ മുകേഷിന്റെ കഥാപാത്രത്തിനും വേണ്ടെന്നു അയാൾ വാശി പിടിക്കുന്നു. എന്നാൽ ഈ കൂട്ടം പുരോഹിതരിൽ തിരുവിലുവ മലക്ക് എന്നും പറഞ്ഞു തിരുവല്ലക്കു പോകുന്ന ഇന്നസെന്റിന്റെ കഥാപാത്രങ്ങൾ ഒളിഞ്ഞു ഇരിക്കുന്നത് ഈ കാലഘട്ടത്തിൽ വെളിപ്പെടുവാണല്ലോ.

ഓരോ സംഭവങ്ങൾക്കു ശേഷവും, പുരോഹിതരുടെ അവർ അനുഭവിക്കുന്ന തുച്ഛമായ അവകാശങ്ങളും ഇല്ലാതാക്കണം എന്ന് നിലവിളിക്കുന്നവരുടെ എണ്ണം കൂടി വരുന്നതായി കാണാം. എന്നാൽ വിവാഹം ഉൾപ്പടെ അവരുടെ അവകാശമായ പല അവകാശങ്ങളേയും പുനർ സ്ഥാപിക്കാൻ നാം ചിന്തിക്കാറില്ല. പുരോഹിതരാവാൻ ഉള്ള ആഗ്രഹം നിമിത്തം, നിർബന്ധിത സന്യാസ ജീവിതം ഒരു പരാതിയും കൂടാതെ ജീവിതത്തിൽ സഹനമായി ഏറ്റെടുക്കുന്നവർ ആണ് നമ്മുടെ പുരോഹിതർ. സന്യാസവും പൗരോഹത്യവും രണ്ടും രണ്ടാണെന്ന് തീർച്ചറിഞ്ഞു, തങ്ങൾക്കു യോജിച്ച വിളിക്കാനിസരിച്ചു ജീവിക്കാൻ ഉള്ള അവകാശം നമ്മുടെ വൈദീകർക്കു ലഭിക്കാൻ സഭാ തയ്യാറാകണം. ഒരു സന്യാസി പുരോഹിതൻ ആവാം, എന്നാൽ ഒരു പുരോഹിതൻ സന്യാസി ആകണം എന്ന് വാശി പിടിക്കുന്നതിൽ അർഥം ഇല്ല.

1 comment: