Thursday, December 28, 2017

മക്കബായരുടെ പരാജയത്തിൽ, സിറോ മലബാർ സഭക്കുള്ള പാഠം

   
       മക്കബായരുടെ പരാജയം, നമ്മുടെ സഭയായ സിറോ മലബാർ സഭക്ക് നൽകുന്ന പാഠത്തെ കുറിച്ചാണ് ഈ ലേഖനം. മക്കബായരുടെ പരാജയമോ? അന്നത്തെ ലോകത്തെ ഏറ്റവും ശക്തമായ യവന സാമ്രാജ്യത്തെയും അവരുടെ സാംസ്‌കാരിക അധിനിവേശത്തയും തകർത്തെറിഞ്ഞ മക്കബായർ പരാജയപ്പെട്ടെന്നോ? ന്യായമായ ഒരു ചോദ്യമാണ്.

      മഹാനായ അലക്സാണ്ടർ ചക്രവർത്തിയാൽ സ്‌ഥാപിതമായ യവന സാമ്രാജ്യം അദ്ധേഹത്തിന്റെ മരണത്തിനു ശേഷം നാലായി വിഭജിക്കപ്പെട്ടു. അതിൽ ഏറ്റവും ശക്തമായിരുന്നത് സെല്യൂസിഡ് സാമ്രാജ്യമായിരുന്നു. ഗ്രീക്ക് സംസ്കാരത്തിൽ അധിഷ്ഠിതമായ സെല്യൂസിഡ് സാമ്രാജ്യം നാഥനില്ലാത്ത യഹൂദയയെ കീഴടക്കുകയും, ശക്തമായ യവനവൽക്കരണത്തിന് വിധേയമാക്കുകയും ചെയ്‌തു. ചെറുത്തു നിന്നവർ കൂട്ടകുരുതിക്കും, മാനഹാനിക്കും വിധേയരായത് മക്കബായരുടെ പുസ്‌തകം വായിച്ചിട്ടുള്ളവർക്ക് പരിചിതം ആയിരിക്കുമല്ലോ. യഹൂദ ജനം, തങ്ങളുടെ ഹെബ്രായ പാരമ്പര്യം ഉപേക്ഷിച്ചു, ശക്തമായ യവന സംസ്കാരത്തിലേക്ക് ആകർഷിപ്പെടാൻ തുടങ്ങി. ഈ അവസരത്തിൽ ആണ്, ജെറുസലേമിന് പടിഞ്ഞാറുള്ള ഒരു ഗ്രാമത്തിലെ അഹറോന്റെ പരമ്പരയിൽ പിറന്ന പുരോഹിതനായ  മതിയാസും മക്കളും യഹൂദ പാരമ്പര്യങ്ങളും വിശ്വാസങ്ങളും യവന അധിനിവേശത്തിൽ നിന്നും സംരക്ഷിക്കാൻ ഇറങ്ങുന്നത്. മക്കബായർ എന്ന് വിളിക്കപ്പെട്ട ഇവർ ലോകം വിറപ്പിച്ച യവനപ്പടയെയും, അന്തിയോക്കസ് ചക്രവർത്തിയെയും അദ്ദേഹത്തിന്റെ സേനയെയും പരാജപ്പെടുത്തുകയും, 400 വർഷങ്ങൾക്കു ശേഷം ഒരു സ്വതന്ത്ര യഹൂദ രാജ്യം സ്ഥാപിക്കുകയും ചെയ്‌തു. ഇതിനിടയിൽ അദ്ദേഹത്തിന്റെ അഞ്ചു മക്കളിൽ യൂദാസും, ജോനാഥനും ഉൾപ്പെടെ പല മക്കബായരും രക്‌തസാക്ഷികളായി. 

    എന്നിരുന്നാലും നാനൂറോളം വർഷത്തെ അടിമത്വവും നേതൃത്വമില്ലായ്മയുടെയും അവസാനം, യഹൂദർ സ്വാതന്ത്രരാവുകയും, സ്വന്തമായി ഒരു രാജ്യം സ്ഥാപിക്കുകയും, വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കപ്പെടുകയും ചെയ്‌തു. മക്കബായ വിപ്ലവം ഇല്ലായിരുന്നു എങ്കിൽ, യഹൂദ വിശ്വാസവും, പാരമ്പര്യവും യവന സംസ്കാരത്തിൽ മുങ്ങി അപ്രത്യക്ഷമാകുമായിരുന്നു. മിശിഹാക്ക് പിറക്കാനും ജീവിക്കാനും ഒരു യഹൂദ പശ്ചാത്തലം ഉണ്ടാകുമായിരുന്നില്ല. ഇത്രയും മഹത്തായ മക്കബായ വിപ്ലവത്തെ എങ്കിലും ഞാൻ ഒരു പരാജയമായാണ് കാണുന്നത്. അതിന് കാരണം വഴിയേ പറയാം.

     മക്കബായരുടെ കാലത്തെ യഹൂദ ജനതയെ പോലെ, ഒരു വ്യക്തമായ നേതൃത്വമില്ലാതെ, യവനവൽക്കരണം പോലെ ലത്തീൻ വൽക്കരണത്തിന്റെ പിടിയിൽ നാനൂറ് വർഷത്തോളം (AD 1599 - AD 1992) സീറോ മലബാർ സഭയും കഴിഞ്ഞു കൂടി. യവ്വനരീതികൾ യഹൂദജനം സ്വീകരിച്ചത് പോലെ, നമ്മുടെ ജനം, അധിനിവേശക്കാരുടെ ലത്തീൻ രീതികൾ സ്വീകരിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്‌തു. നമ്മുടെ സഭയിൽ ധാരാളം മക്കബായർ പിറവിയെടുത്തു. ചിലർ രക്‌തസാക്ഷികളായി. ചിലർ അവസാനം വരെ പൊരുതി. പറമ്പിൽ ചാണ്ടി മെത്രാനും, മാർ കരിയാറ്റി മെത്രാനും, ഇക്കക്കോ കത്തനാരും, ചാവറ അച്ചനും, വ്യാകുലങ്ങളും, പ്ലാസിഡ് അച്ചനും, പവ്വത്തിൽ പിതാവും ഒക്കെ ആ നിരയിൽ ഉൾപ്പെടുത്താം. ഈ പീഡനങ്ങൾക്കപ്പുറം നാനൂറോളം വർഷങ്ങൾക്കപ്പുറം നമ്മുടെ സഭ 1992 ൽ ഒരു സ്വയം ഭരണ അധികാര സഭയായി, സ്വാതന്ത്ര ആയി. എറണാകുളം-അങ്കമാലി ആസ്ഥാനമാക്കി, അവിടുത്തെ സഭാതലവൻ സീറോ മലബാർ സഭയുടെ മുഴുവൻ തലവനായി. രൂപതകളായി വിഭജിക്കപ്പെട്ടു കിടന്ന നമ്മുടെ സഭ ഒന്നായി. ലത്തീൻ അധിനിവേശത്തിൽ മുങ്ങി, ലത്തീൻവൽക്കരണത്തിന് വിധേയമായി 400 വർഷം കഴിഞ്ഞ നമ്മുടെ സഭയുടെ മരണ പത്രം പലരും വായിച്ചിട്ടുണ്ടാകും. എന്നാലും മാർ തോമ്മായുടെ മക്കൾ, മാർ തോമ്മാ കാണിച്ച മാർഗ്ഗവും, പാരമ്പര്യവും ഒരു കാലവും ഉപേക്ഷിക്കില്ല എന്ന് വിളിച്ചു പറഞ്ഞു ഇന്നും മാർ തോമ്മാ നസ്രാണികൾ എന്ന പേരിൽ എഴുന്നേറ്റ്‌ തന്നെ നിൽക്കുന്നു. 

          ഒരു വശത്തു യഹൂദ ജനതയെ മുഴുവൻ ഉന്മൂലനത്തിന്റെ പിടിയിൽ നിന്നും മോചിപ്പിക്കാൻ, നേതൃത്വം ഏറ്റെടുത്തു പുരോഹിതരായ മക്കബായർ ഉയർന്നു വന്നു. മറുവശത്തു ഒരു പറങ്കി സങ്കര ജനമായി മാറാതെ മാർ തോമ്മാ നസ്രാണികളെ ഈ നാനൂറു വർഷം സംരക്ഷിച്ചത് നമ്മുടെ ഇടയിൽ പിറന്ന നമ്മുടെ പുരോഹിതരാണ്. നമ്മുടെ രാഷ്ട്രീയ ശക്‌തിയായ പള്ളിയോഗവും, ആർക്കാദിയോനും ഇല്ലാതായപ്പോഴും, നാശത്തിലേക്ക് കടക്കാതെ ജനതയുടെ നേതൃത്വം ഏറ്റടുത്തത് നമ്മുടെ പുരോഹിതരാണ്. പുരോഹിതന്റെ ജോലി പൗരോഹിത്യവും, സന്യാസിയുടെ ജോലി സന്യാസവും ആണ്. എന്നാൽ നേതൃത്വം ഇല്ലാതിരുന്ന നമ്മുക്ക് അവർ നേതാക്കളുടെ അധിക ചുമതല കൂടി ഏറ്റെടുത്തു, നമ്മുടെ സഭക്ക് സ്വാതന്ത്ര്യം നേടിയെടുത്തു.

         മക്കബായരുടെയും മാർ തോമ്മാ നസ്രാണികളുടെയും വിജയത്തിന്റെ കഥ കേട്ടപ്പോൾ പരാജയം എവിടെ എന്ന് ചിന്തിക്കുന്നുണ്ടാകും. മക്കബായരുടെ പരാജയം സംഭവിച്ചത്, രാജ്യം സ്വതന്ത്രം ആയപ്പോൾ, രാജ്യം അതിന്റെ യഥാർത്ഥ ഉടമയെ ഏല്പിച്ചില്ല എന്നുള്ളതാണ്. ആരായിരുന്നു, ആ യഥാർത്ഥ അവകാശി? ഇസ്രായിലിന്റെ ചെങ്കോൽ, യൂദാക്കും അവന്റെ സന്തതിക്കുമായി ദൈവം മാറ്റി വച്ചതാണ്. യൂദാ വഴി, ദാവീദിനും അവന്റെ സന്തതിക്കും അത് അവകാശപ്പെട്ടതായിരുന്നു. രാജഭരണം ആയിരുന്നു അന്നത്തെ കാലത്തെ മികച്ച ഭരണ രീതി. രാജ്യം പുനർസ്ഥാപിച്ച മക്കബായർ, ചെയ്യേണ്ടി ഇരുന്നത്, തിരികെ തങ്ങളുടെ പുരോഹിത വൃത്തിയിലേക്കു കടക്കുകയും, ദാവീദിന്റെ സന്തതിയിൽ ഏറ്റവും യോഗ്യനായവനെ രാജ്യഭരണം ഏൽപ്പിക്കുക എന്നതായിരുന്നു. എന്നാൽ ജോനാഥൻ മക്കബായർ എന്താണ് ചെയ്തത്. അദ്ദേഹം ഒരേസമയം പ്രധാനപുരോഹിതനും, രാജ്യത്തിന്റെ രാജാവും ആയി. ഇസ്രയേലിന്റെ രീതി അത് അല്ലായിരുന്നു. അദ്ദേഹത്തിന്റെ പിന്മുറക്കാരും അത് തന്നെ ചെയ്‌തു. തൽഭലമായി എന്ത് സംഭവിച്ചു? അവസരം വന്നപ്പോൾ, ഏസാവിന്റെ സന്തതിയായ ഹേറോദ് റോമാക്കാരുടെ സഹായത്തോടെ തന്ത്രപൂർവം യൂദയായുടെ ഭരണം പിടിച്ചെടിത്തു. ഈ അവസരത്തിലാണ് ദാവീദിന്റെ സന്തതിയായി, യൂദയായുടെ യഥാർത്ഥ രാജാവായ മിശിഹാ പിറക്കുന്നത് എന്ന് മനസിലാക്കണം. ഹേറോദിന് മനസിലായ കാര്യം (യഥാർത്ഥ അവകാശിയെ ഇല്ലാതാക്കാൻ കുഞ്ഞുങ്ങളെ കൊല്ലുന്നത്), പക്ഷെ അന്നത്തെ യഹൂദ പുരോഹിതർക്കും, മക്കബായരുടെ പിൻതലമുറക്കും മനസിലായില്ല. 

       ഇതിൽ നിന്നും ഉള്ള പാഠം, പുരോഹിതൻ പൗരോഹിത്യത്തിൽ ശ്രദ്ധ കൊടുക്കുക. പുരോഹിതർ ഭരിച്ച ഒരു സ്വതന്ത്ര രാജ്യവും, ജനതയും രക്ഷപെട്ടിട്ടില്ല. ജനത നാശത്തിന്റെ വക്കിൽ എത്തുമ്പോൾ മാത്രമേ, മറ്റൊരു നിവൃത്തിയും ഇല്ലെങ്കിൽ മാത്രമേ, പുരോഹിതൻ ഭരണം ഏറ്റെടുക്കാൻ പാടുള്ളു. അതും ഏറ്റവും അടുത്ത സന്ദർഭത്തിൽ തന്നെ, ഭരണം തിരിച്ചു അതിന്റെ യഥാർത്ഥ ഉടമയെ തിരിച്ചേല്പിക്കണം. ഇല്ലെങ്കിൽ ഏസാവിന്റെ സന്തതി ഭരണം കൈക്കലാക്കുകയും, യഥാർത്ഥ അവകാശി പീഡിപ്പിക്കപ്പെടുകയും ചെയ്യും.

          ഇതിൽ സീറോ മലബാർ സഭക്ക് എന്താണ് പഠിക്കാനുള്ളത്? പള്ളിയോഗം, ആർക്കാദിയോൻ എന്ന സമ്പ്രദായത്തെ ഇല്ലാതാക്കി പറങ്കി നമ്മെ ഭരിച്ചപ്പോൾ, ഒരു നേതൃത്വം ഇല്ലാതെ നാം നാശത്തിന്റെ വക്കിൽ എത്തി. ആ അവസ്ഥയിൽ നിന്നും നേതൃത്വം ഏറ്റെടുത്തു, നമ്മുടെ സഭക്ക് സ്വാതന്ത്ര്യം നേടി തരുന്ന ഘട്ടം വരെയുള്ള നമ്മുടെ പുരോഹിതരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും കാര്യങ്ങൾ ലോകാവസാനം വരെ നാം സ്‌മരിക്കും. എന്നാൽ സഭാ സ്വതന്ത്ര ആയ ഈ അവസരത്തിൽ, പുരോഹിതർ തങ്ങളുടെ പൗരോഹിത്യത്തിൽ ശ്രദ്ധ ചെലുത്തുകയും, സഭാ ഭരണം അതിന്റെ യഥാർത്ഥ അവകാശികളെ ഏൽപ്പിക്കുകയും ചെയ്യണം. ഇല്ലേൽ സഭയുടെ സമ്പത്തു ഏസാവിന്റെ സന്തതികൾ കയ്യടക്കുകയും, യഥാർത്ഥ അവകാശികൾ പീഡിപ്പിക്കപ്പെടുകയും ചെയ്യും.

         ആരാണ് സഭ ഭരണത്തിന്റെ യഥാർത്ഥ അവകാശികൾ? തീർച്ചയായും, സഭയിലെ അൽമായരും അവരുടെ പ്രതിനിധികളും, അവർ തിരഞ്ഞെടുക്കുന്ന പള്ളിയോഗങ്ങളും, പള്ളിയോഗങ്ങൾ തിരഞ്ഞെടുക്കുന്ന ആർക്കാദിയോനും. പണ്ട് കാലത്തു ആർക്കാദിയോൻ ഒരു കുടുംബത്തിൽ നിന്നും ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. അന്നത്തെ കാലത്തെ കേരളത്തിലെ ഭരണ വ്യവസ്ഥ പ്രഭു കുടുംബങ്ങളിൽ നിന്നായിരുന്നതിനാൽ ആണ് അങ്ങനെ സംഭവിച്ചത്. ഇന്ന് ജനാധിപത്യം ആണ് ഏറ്റവും മികച്ച ഭരണ വ്യവസ്ഥ. നാളെ മറ്റൊന്ന് വന്നു കൂടായ്ക ഇല്ല. ജനാധിപത്യപരമായി ഓരോ ഇടകയിലും പള്ളിയോഗങ്ങൾ ഉണ്ടാകട്ടെ. പള്ളിയോഗങ്ങൾ രൂപത തലത്തിൽ സംഘടിക്കട്ടെ. പള്ളിയോഗങ്ങൾ കൂടി ജനാധിപത്യ രീതിയിൽ നമ്മുടെ സമുദായത്തിന്റെ നായകനെ തിരഞ്ഞെടുക്കട്ടെ. ആർക്കാദിയോനും പള്ളിയോഗങ്ങളും കൂടി സഭയുടെ ഭൗതിക രാഷ്ട്രീയ ഭരണം നടത്തട്ടെ. അധികാരം വ്യക്തികളിൽ കേന്ദ്രികൃതമാകാതിരിക്കാൻ, അതിനുള്ള സംവിധാനം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉണ്ടാകട്ടെ. ഉദാഹരത്തിന്, ഒരു വ്യക്തി അല്ലേൽ കുടുംബം രണ്ടിൽ കൂടുതൽ തവണ ഒരു സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാൻ പാടില്ല. ഒരു രൂപതയിൽ നിന്നും നിശ്ചിത തവണക്ക് ശേഷമേ ഒരു ആർക്കാദിയോൻ ഉണ്ടാകാൻ പാടുള്ളു. ഭരണം ജനങ്ങളുടെ കയ്യിൽ എത്തുമ്പോൾ, കാര്യങ്ങൾ കൂടുതൽ സുതാര്യമാകും. തെറ്റുപറ്റാത്ത മനുഷ്യരില്ല. ഒരു വൈദീകനോ, മെത്രാനോ തെറ്റ് ചെയ്യുമ്പോൾ സഭക്ക് ഉണ്ടാകുന്ന മാനക്കേട്, അതേ തെറ്റ് അല്മയനായ ആർക്കാദിയോനോ പള്ളിയോഗമോ ചെയ്താൽ ഉണ്ടാകില്ല.

        വൈദീകരും മെത്രാന്മാരും പൗരോഹിത്യത്തിലും സന്യാസത്തിലും കൂടുതൽ ശ്രദ്ധ കൊടുക്കുമ്പോൾ, സഭ ആത്മീയമായി ധാരാളം വളരും. സഭയിലെ ആരാധക്രമ പ്രശ്‌നങ്ങൾ മുതലായവ പമ്പ കടക്കും. അലമായരുടെ ഒരു നേതൃത്വം ഉണ്ടാകുന്നത്, വൈദീകർക്കിടയിലെ മോശം പ്രക്രിയയെ ജനങ്ങൾക്ക് ചോദ്യം ചെയ്യാൻ ഒരു വേദി ഉണ്ടാക്കി കൊടുക്കും. പൗരോഹിത്യത്തിന് അലമായരുടെ കാര്യങ്ങളിൽ ഉപദേശം നൽകാനും തെറ്റുകൾ ചൂണ്ടി കാണിക്കാനും സാധിക്കും. ഇങ്ങനെ പരസ്പര പൂരകങ്ങളായ വൈദീക നേതൃത്വം ഒരു വശത്തും, അൽമായ നേതൃത്വം മറു വശത്തും വളരണം. സഭ നന്നായി വളരും.

          എന്നാൽ അധികാരത്തിന്റെ ലഹരി നുണഞ്ഞ മക്കബായർ, ദാവീദിന്റെ സന്തതിക്ക്‌ ഭരണം കൈമാറാത്തതു പോലെ, അധികാരത്തിന്റെ ലഹരിയിൽ ആറാടി നിൽക്കുന്ന, ചോദിക്കാനും പറയാനും ആരും ഇല്ലാത്ത നമ്മുടെ ചില പുരോഹിത വൃന്തം സഭയുടെ ഭരണം, സഭാ മക്കളെ ഏൽപ്പിക്കുമോ എന്നത് എനിക്ക് സംശയമാണ്. സ്ഥിതി ഇത് പോലെ തുടരുകയാണെങ്കിൽ, ഏസാവിന്റെ സന്തതിയുടെ വരവിനായി കാത്തിരുന്ന്, പീഡനങ്ങൾക്കായി നമ്മുക്ക് ഒരുങ്ങാം.

         ഈ ലേഖനം ഇപ്പോൾ സഭയിൽ നടക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് എഴുതിയതല്ല. അതുമായി ബന്ധം തോന്നുകയാണെങ്കിൽ, അതൊരു തുടക്കം മാത്രം. ഈ എഴുതിയിരിക്കുന്നത്, എനിക്ക് നേരത്തെ ഉള്ള ആശയം ആണെന്ന്, ഇത് പങ്കു വച്ചിട്ടുള്ള സുഹൃത്തുക്കൾ മാത്രം സാക്ഷി.

          സഭയുടെ ഭരണം, അതിന്റെ യഥാർത്ഥ അവകാശിയായ സഭാ മക്കൾക്ക് ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. നമ്മുടെ പുരോഹിതർ ഭരണത്തിൽ നിന്നും അകന്നു പൗരോഹിത്യത്തിൽ ശ്രദ്ധിച്ചു ജനങ്ങളെ ശുശ്രൂഷിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. നമ്മുടെ സന്യാസികൾ കച്ചവടത്തിൽ നിന്നും അകന്ന്, സന്യസത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തി മഹത്തായ ദൈവശാസ്ത്രങ്ങൾ കണ്ടെത്തുകയും പഠിപ്പിക്കുകയും ചെയ്യട്ടെ എന്ന് ആശിക്കുന്നു.

നന്ദി.


Friday, December 15, 2017

സഭ ഏൽക്കുന്ന പലതരം പീഡനങ്ങളും, അതിന്റെ ഫലവും - ഒരു വിചിന്തനം

സിറോ മലബാർ രൂപതയായ സത്നയിൽ സഭാ വിശ്വാസികൾ ആക്രമിക്കപ്പെട്ടു എന്ന വാർത്തയുടെ പശ്ചാത്തലത്തിൽ ആണ് ഇത് എഴുതുന്നത്. ഏതൊരു വിശ്വാസിയെയും പോലെ, ഇത് പോലുള്ള വാർത്തകൾ കേൾക്കുമ്പോൾ, വികാരഭരിതൻ ആവുകയും, അക്രമിച്ചവരോട് വെറുപ്പും വിധ്വേഷവും പണ്ടൊക്കെ തോന്നാറുണ്ടായിരുന്നു. ഇങ്ങനുള്ള ആക്രമണങ്ങൾ കൊണ്ട് എന്റെ സഭ നശിച്ചു പോകും എന്ന ബാലിശമായ ചിന്ത ആയിരുന്നു ഇതിന് പിന്നിൽ. എന്നാൽ അതാണോ ചരിത്രം നമ്മോട് പറയുന്നത്?

ഒരു ഭരണാധികാരിയോ, സാമ്രാജ്യമോ, ജനതയോ സഭയെ പീഡിപ്പിച്ചാൽ സഭ തകരുമോ, അതോ വളരുമോ? അവർ നമ്മെ 400 വർഷം ഈജിപ്തിൽ അടിമകൾ ആക്കി. ഇല്ലാതായോ? അവർ നമ്മുടെ ജെറുസലേം ദൈവാലയം തകർത്തു 70 വർഷം ബാബിലോണിൽ പ്രവാസികൾ ആക്കി. ഇല്ലാതായോ? അവർ നമ്മുടെ രീതികൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാക്കാൻ മക്കബായരുടെ കാലത്തു യവനവൽക്കരിക്കാൻ ശ്രമിച്ചു. ഇല്ലാതായോ? അവർ നമ്മുടെ മിശിഹായെ വധിച്ചു. ഇല്ലാതായോ? റോമാ നഗരം കത്തിച്ചു. ഇല്ലാതായോ? ഫറവോ മുതൽ, നെബുക്കനേസർ മുതൽ അന്തിയോക്കസ് മുതൽ നീറോ മുതൽ സ്റ്റാലിൻ വരെ വന്നു. ഇല്ലാതായോ?

ഈ പീഡനങ്ങളുടെ എല്ലാം പരിണിത ഫലം സഭയുടെ വളർച്ചയാണ്. പീഡനം ഏൽക്കാത്ത സഭ നിർജീവം ആണ്. ഈ തിരിച്ചറിവ് ഉണ്ടാകാത്തത് മൂലം ആണ് ചെറിയ ചെറിയ പ്രതിസന്ധികൾ ഉണ്ടാകുമ്പോഴേക്കും നാം അസ്വസ്ഥമാകുന്നത്. പീഡനങ്ങൾ ഉണ്ടാകുമ്പോൾ നാം സന്തോഷിക്കണം. അത് മനുഷ്യരിൽ നിന്നായാലും പ്രകൃതിയിൽ നിന്നായാലും.

പ്രകൃതിയിൽ നിന്നും ഈ അടുത്ത് സഭക്ക് ലഭിച്ച പീഢനം ആണ് ഓഖി ചുഴലിക്കാറ്റ്. അതോടെ തീരദേശത്തെ സഭ തകർന്നോ? ഇല്ല. സഭകൾ ഒന്നായി, ഊർജസ്വലതയോട് ഉണർന്നു എന്നീട്ടു. തീരദേശത്തു ജനം അനുഭവിച്ച പീഡനവും ജീവത്യാഗവും സഭക്ക് ഉണർവ് നൽകി. ക്രിസ്തിയ സഭയുടെ ചലനത്തിന് ശക്തി നൽകുന്ന കൂട്ടയ്മ വർദ്ധിച്ചു. ഈ കൂട്ടായ്മയാണ് എന്നും സഭയുടെ വളർച്ചയുടെ ഇന്ധനം. അല്ലാതെ നാം കെട്ടി പൊക്കുന്ന സ്കൂളുകളും ബിസിനസ് സ്ഥാപനങ്ങളും അല്ല. 

സത്നയിൽ സഭ, ആക്രമിക്കപ്പെടുമ്പോൾ നമുക്കു സന്തോഷിക്കാം. ഒരിക്കലും മിശീഹായെ അറിയാൻ സാധ്യത ഇല്ലാത്ത ജനം, അവിടുത്തെ അറിയാൻ പോകുന്നു. അവരിലെ ചിലർ എങ്കിലും മനസ്സിൽ ചോദിക്കും, ഇവർ നമ്മോട് എന്ത് അനീതി ചെയ്തിട്ടാണ് അവർ ആക്രമിക്കപ്പെട്ടത്. സത്നായിലെ സഭയെ നാം എല്ലാത്തരത്തിലും സഹായിക്കുമ്പോൾ, നമ്മുടെ കൂട്ടായ്‍മയെ അവർ അത്ഭുതത്തോടെ വീക്ഷിക്കും. അവരിൽ ചിലർ മിശിഹായെ അറിയാൻ ശ്രമിക്കും. ഒരിക്കൽ മിശിഹായെ അറിഞ്ഞവർ, പിന്നീട് തിരിഞ്ഞു നടക്കില്ല. സഭ വളരുന്നത് ഇങ്ങനെ ആണ്. അല്ലാതെ ആദിവാസികളെ കൺകെട്ട് വിദ്യ കാണിച്ചും, അവരുടെ ദൈവങ്ങളെ പരസ്യമായി അധിക്ഷേപിച്ചും അല്ല.

ഈ അവസരത്തിൽ നാം ഒരു കൂട്ടരെ മാത്രം സൂക്ഷിക്കണം. രാഷ്ട്രീയക്കാരെ. തമ്മിൽ തല്ലിച്ചു ചോര കുടിക്കുക അവരുടെ തൊഴിൽ ആയതു മൂലം, അവർ അത് ചെയ്യുന്നു. അക്രമിച്ചവർക്കു പിന്തുണയുമായി ഒരു കൂട്ടരും, അക്രമിക്കപെട്ടവർക്കു പിന്തുണയുമായി മറ്റൊരു കൂട്ടരും വരും. രാഷ്ട്രിയക്കാർക്കു വോട്ട് മതിയെന്നും, ജനങ്ങളെ വിഭജിച്ചു നിർത്തുന്നത്, അവരുടെ ജോലി എളുപ്പം ആക്കാൻ സഹായിക്കും എന്ന് നാം മനസിലാക്കണം. അതിനാൽ നമുക്ക് സത്നയിൽ നമ്മെ അക്രമിച്ചവരെ സ്നേഹിക്കാം.

സഭ ഏത് പീഡനത്തെ ആണ് യഥാർത്ഥത്തിൽ ഭയപ്പെടേണ്ടത്?

സഭയെ തകർക്കാൻ പറ്റുന്ന പീഡനങ്ങളും ഉണ്ട്. അത് പക്ഷെ സഭക്ക് വെളിയിൽ നിന്നല്ല, അകമേ നിന്നാണ് ഉണ്ടാകുന്നത്. ആ പീഡനങ്ങളിൽ സഭ തകർന്ന് തരിപ്പണം ആയ ചരിത്രം ഉണ്ട്. ഇല്ലാത്ത നെസ്തോറിയൻ പാഷണ്ഡത ആരോപിച്ചു അലക്സാണ്ടറിയൻ സഭ, പൗരസ്ത്യ സുറിയാനി സഭയെ കത്തോലിക്കാ കൂട്ടായ്മയിൽ നിന്നും വെളിയിൽ തള്ളിയപ്പോൾ, റോമൻ സഭ നിശബ്ദമായി നിന്നു. അതിന്റെ ഫലമായി ചൈനയുടെയും ഭാരതത്തിന്റെയും സുവിശേഷവൽക്കരണം ഫലപ്രദമായി നടന്നില്ല. ഇല്ലാത്ത പാഷണ്ഡതയുടെ പേരിൽ അലക്സാണ്ഡ്രിയൻ സഭ കത്തോലിക്കാ കൂട്ടായ്മ ഉപേക്ഷിച്ചപ്പോൾ, ആഫ്രിക്ക 1500 വർഷത്തോളം ഇരുണ്ടു തന്നെ കിടന്നു. വംശീയതയുടെ പേരിൽ അന്തിയോക്യൻ സഭ വിഭജിക്കപ്പെട്ടപ്പോൾ ഇന്നത്തെ തുർക്കി മുതൽ അറേബ്യ വരെ ഉള്ള പ്രദേശങ്ങളുടെ സുവിശേഷവൽക്കണം മുടങ്ങി. റോമൻ മാർപ്പാപ്പയുടെ ആഡംബരജീവിതം, മാർട്ടിൻ ലുതെറിന് ലത്തീൻ സഭയെ നെടുകെ മുറിക്കാൻ പോന്ന ആയുധം ആയി പരിണമിച്ചു.

അപ്പോൾ സഭ, എന്ത് തരം പീഡനത്തെ ആണ് ഭയപ്പെടേണ്ടത് എന്ന് മനസിലായല്ലോ. സഭയെ നശിപ്പിച്ച ഈ പീഡനങ്ങൾക്കു കരണക്കാരായവർക്ക് കാലാൾ പട പോലും ഇല്ലായിരുന്നു. ലോകം മുഴുവൻ വിറപ്പിച്ച സൈന്യങ്ങൾക്കും, ചക്രവർത്തിമാർക്കും ഏകാധിപതികൾക്കും കഴിയാത്തത് , സഭക്കുള്ളിലെ അനുസരണ ഇല്ലാത്ത പുരോഹിത വൃന്ദത്തിന് വളരെ നിസാരമായി കഴിയും.

അപ്പോൾ സിറോ മലബാർ സഭ ആരെയാണ് യഥാർത്ഥത്തിൽ പേടിക്കേണ്ടത്? വെറും നിസാരമായ, കാരണങ്ങൾ പറഞ്ഞു സഭയെ ഐക്യത്തിൽ കൊണ്ട് പോകാൻ മടിക്കുന്ന വൈദീകരെയും, മെത്രാന്മാരെയും നാം ഭയപ്പെടണം. മാർപ്പാപ്പമാരും വത്തിക്കാൻ കൗൺസിലും സിറോ മലബാർ സഭയോട് ഉറവിടത്തിലോട്ട് മടങ്ങി പോകാൻ ആവശ്യപ്പെടുമ്പോൾ, ലത്തീൻ സഭ പോലും ആഗ്രഹിക്കാത്ത ലത്തീനികരണം നടത്താൻ മുറവിളി കൂട്ടുന്ന പുരോഹിതരെ നാം ഭയപ്പെടണം. സ്വന്തം സഭയുടെ പേര് പോലും വിളിക്കാൻ ഇഷ്ടപ്പെടാതെ റോമൻ കത്തോലിക്കാ എന്ന് മാത്രം വിളി കേൾക്കാൻ ആഗ്രഹിക്കുന്ന രൂപതകളെ നാം ഭയപ്പെടണം. സ്വന്തം സഭയുടെ ആരാധനക്രമത്തെയും യാമനംസ്കാരങ്ങളെയും ഉൾക്കൊള്ളാതെ ഭാരതവൽക്കരണം നടത്താൻ ഇറങ്ങുന്നവരെയും നാം ഭയക്കണം. സിറോ മലബാർ സഭയുടെ പൈതൃത്വം പൗരസ്ത്യ സുറിയാനി ആണ്. അത് പഠിച്ചു, യഥാർത്ഥ പാരമ്പര്യങ്ങൾ ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് തിരികെ കൊണ്ടുവരാൻ പര്യാപ്‌തമായ പണ്ഡിതന്മാർ നമ്മുടെ പുരോഹിത ഗണത്തിൽ ഉണ്ട്. പക്ഷെ സഭ ഇങ്ങനെ ഐക്യം ഇല്ലാതെ കഴിയുന്നതാണ് ചിലരുടെ താല്പര്യം എന്ന് തോന്നി പോകുകയാണ്. 

അതുകൊണ്ട് പകൽ പറക്കുന്ന അസ്ത്രത്തെയോ, മഹാമാരിയെയോ, ഭൂമിയിലെ സേനകളെയോ, ജനങ്ങളെയോ,  ചക്രവർത്തിമാരെയോ, ഏകാധിപതികളെയോ നാം ഭയപ്പെടേണ്ട. നാം നമ്മെ തന്നെ, നമ്മുടെ ഇടയിലെ വിഭാഗീയതയെയും, അത് ഉണ്ടാക്കുന്നവരെയും മാത്രം ഭയപ്പെട്ടാൽ മതിയാകും. സഭ യോജിച്ചു പോകാൻ ഉള്ള കൃപക്കായി മിശിഹായോടു പ്രാർത്ഥിക്കാം.
നന്ദി.



Tuesday, December 12, 2017

അത്ഭുത ധ്യാന കേന്ദ്രങ്ങൾ പെരുകുമ്പോൾ

90 റുകൾക്കു ശേഷം കേരളം വല്യ മാറ്റങ്ങൾക്കു വിധേയമാകുകയാണ്. പൊടുന്നനെ സമ്പത്തു പല ഭവനങ്ങളിലും കുമിഞ്ഞു കൂടുന്നു. ഈ ഒരു സമയത്താണ്, മാജിക് ധ്യാന കേന്ദ്രങ്ങളും പൊങ്ങി വരുന്നത് എന്നത് വെറും യാദൃശ്ചികം അല്ല.
പണ്ട് കാലങ്ങളിൽ ധ്യാനങ്ങളിൽ ജനം പങ്കു കൊണ്ടത് ആത്മീയ നവീകരണത്തിന് വേണ്ടിയും, വിശ്വാസം ശക്തിപെടുത്താനുമാണ്. ഇന്ന് ധ്യാനം കൂടുന്ന മൂന്ന് തരം ആൾക്കർ
1) മാജിക് ഷോ കഴിഞ്ഞു കിട്ടാൻ സാധ്യത ഉള്ള സമ്പത്തു. അപ്പുറത്തെ വീട്ടിൽ വായി നോക്കി നടന്ന ചെക്കൻ അങ്ങനാ ലണ്ടനിൽ പോയത് പോലും.
2) പല്ലു വേദന മുതൽ, ഇല്ലാത്ത വേദനകൾ എല്ലാം മാജിക് വഴി മാറാൻ. സ്വന്തം ഇടവകയിലെ ഈശോയും, പുണ്യവാനും, അച്ചനും ഒക്കെ വേസ്റ്റ് അന്നേ.
3) വേദനിക്കുന്ന കോടീശ്വരന്മാർ - ക്യാഷ് കൊറേ ആയി. ഇനി ആ സ്വർഗം കൂടി അങ്ങ് വിലക്കെടുത്തേക്കാം.
പെട്ടന്ന് കേരളത്തിൽ ഉണ്ടായ ഈ സാമ്പത്തീക മാറ്റം ജനങ്ങളിൽ ഉണ്ടാക്കിയ ഒരു സ്വാഭാവിക പ്രതിഭാസം ആണ് ഇത്. സമ്പത്തിന്റെ സുവിശേഷം എന്ന് ഓമനിച്ചു വിളിക്കാം. ഡിമാൻഡ് കൂടുമ്പോൾ സപ്ലൈ കൂടുമല്ലോ. അങ്ങനെ മാജിക് ഷോ കേന്ദ്രങ്ങൾ കൂടി. അതിന്റെ നടത്തിപ്പുകാർ അതിലും കൂടി. മാജിക് കാണാൻ ആണേലും ഇതുങ്ങൾ ധ്യാനത്തിന് വന്നല്ലോ എന്ന് വിചാരിക്കുന്ന അച്ചന്മാരും കാണും. മാജിക് ഷോയുടെ ഇടയിലൂടെ കൊറച്ചു ആത്‌മീയ നവീകരണം നടത്താമല്ലോ എന്ന് ചിന്തിക്കുന്ന സദുദ്ദേശക്കാരായ അച്ചന്മാരും ഉണ്ടാകാം. അവിടുന്നു ശാപത്തിന്റയും, ഭീഷണിയുടെയും വെറുപ്പിന്റെയും ഒക്കെ സുവിശേഷം ചിലപ്പോൾ കേട്ടെന്നു വരാം. കാര്യമാക്കണ്ട. ആത്മീയ നവീകരണ ധ്യാനം ഒഴിക്കാക്കി, എന്റെ തല എന്റെ ഫുൾ ഫിഗർ, വൺ മാൻ ഷോ ധ്യാനങ്ങൾക്കു പോകുന്നവർക്ക് അങ്ങനെ തന്നെ വേണം. ദരിദ്രത്തെയും , രോഗങ്ങളെയും സന്തോഷ പൂർവം സ്വീകരിച്ച മഹാന്മാരായ നമ്മുടെ പിതാക്കന്മാർക്ക് ഈ മാജിക് ആരും പറഞ്ഞു കൊടുത്തില്ലലോ എന്ന വിഷമം മാത്രമേ ഒള്ളു.
പക്ഷേ ഇത് എത്ര നാൾ. ഒന്നുകിൽ കേരളം സാമ്പത്തികമായി വികസിച്ചു യൂറോപ് പോലെ ആകും. ഇടവകൾ ആദ്യവും, ധ്യാനകേന്ദ്രങ്ങൾ രണ്ടാമതും പൂട്ടും. ഇഷ്ടമ്പോലെ ക്യാഷ് ആയില്ലേ. ഇനി എന്തിനു ദൈവം. കേരളം സാമ്പത്തികമായി തകർന്നാലോ, എന്ത് - മാജിക് വർക്ക് ഔട്ട് ആകുന്നില്ലേ എന്നും പറഞ്ഞു ധ്യാനകേന്ദ്രങ്ങൾ ആദ്യവും . ഇടവകൾ രണ്ടാമതും പൂട്ടും.
2000 കൊല്ലം നമ്മുടെ പൂർവികർ പട്ടിണി കിടന്നും, പൂള കഴിച്ചു നടന്നിട്ടും ഒരു മാജിക് ഷോ കേന്ദ്രങ്ങളിലും പോയില്ല. പക്ഷെ സഭ വളർന്നു. ഇടവക വളർന്നു. കണ്ണുള്ളവർ കാണട്ടെ. ചെവി ഉള്ളവൻ കേൾക്കട്ടെ.
നന്ദി.

Monday, December 11, 2017

മാർ തോമ്മാ ശ്ലീഹായുടെ ഘാതകർ


          ഒരിക്കലും എഴുതണം എന്ന് വിചാരിക്കാത്ത ഒരു വിഷയം ആണ് ഇത്. എന്നാൽ ഇന്ന് ഭാരതത്തിൽ ചരിത്രത്തിൽ ആദ്യമായി,  വിദ്വേഷത്തിൽ ഊന്നിയ മത വിശ്വാസം വളർന്നു കൊണ്ടിരിക്കുന്ന കാലം ആണലോ. അതിന്റെ പേരിൽ മറ്റു സമുദായങ്ങളെ കുറ്റം വിധിക്കുമ്പോൾ, നാം നമ്മിലേക്ക്‌ തിരിഞ്ഞു നോക്കാൻ മറക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. അതിന്റെ ഒരു ഉദാഹരണം, മാർ തോമ്മാ ശ്ലീഹായുടെ ഘാതകരായ, ഒരു മത വിഭാഗത്തെ എനിക്ക് സ്നേഹിക്കാൻ കഴിയില്ല എന്ന ഒരു പ്രസ്താവന കാണാൻ ഇടവന്നതാണ്.

             മാർ തോമ്മാ ശ്ലീഹായുടെ ഘാതകരായ, ഒരു മത വിഭാഗമോ? അങ്ങനെ ഒന്നുണ്ടോ? അങ്ങനെ ആരേലും പഠിപ്പിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തൊരു വിഢിത്തം ആണത്. മാർ തോമ്മാ ശ്ലീഹായുടെ പേരിൽ, കഴിഞ്ഞ കുറെ നൂറ്റാണ്ടുകളിൽ ഉണ്ടായ, ചരിത്ര വ്യാഖ്യാനത്തിലെ ചില പിശകുകളിൽ നിന്നാണ് ഇങ്ങനത്തെ അബദ്ധ സിദ്ധാന്തങ്ങൾ ഉണ്ടാകുന്നത്. രാഷ്ട്രിയത്തിൽ മതം കൂട്ടിക്കലർത്തി വോട്ടു പിടിക്കുന്ന ഇന്നത്തെ കാലത്തു, ഇത് പോലുള്ള ആശയങ്ങൾക്ക് സ്വീകാര്യത കൂടും. 

              ഇനി വാദത്തിന്, ഏതേലും മത വിഭാഗത്തിൽ പെട്ട വ്യക്തികൾ ആണ്, മാർ തോമ്മാ ശ്ലീഹായെ വധിച്ചതെങ്കിൽ, ആ മത വിഭാഗമോ ജനത മുഴുവനോ അതിനു ഉത്തരവാദി ആകുമോ? ഇതേ വിഡ്ഢി ആശയം ഉപയോഗിച്ചാണ്, യൂറോപ്പിൽ യഹൂദ മത വിശ്വാസികളെ, നൂറ്റാണ്ടുകളോളം പീഡിപ്പിച്ചത്. മിശിഹായുടെ ഘാതകർ എന്ന മുദ്ര അവരിൽ പതിപ്പിച്ചു, എത്ര നൂറ്റാണ്ടുകളാണ് അവർ പീഡിപ്പിക്കപ്പെട്ടത്.

ആരാണ് മിശിഹായെ കൊന്നത്

              ഈ ചോദ്യം പലപ്പോഴും നാം അഭിമുഖീകരിച്ചിട്ടുണ്ട്. ചിലർ പറയും യഹൂദർ എന്ന്. മറ്റു ചിലർ അല്ല റോമാക്കാർ ആണെന്ന്. അങ്ങോട്ടും ഇങ്ങോട്ടും തർക്കിച്ചുകൊണ്ടിരിക്കാം എന്നല്ലാതെ, ഉത്തരം ഉണ്ടാകില്ല. കാരണം രണ്ടു പേരും അല്ല. 

യഹൂദരാണോ മിശിഹായെ വധിച്ചത് അല്ലേൽ വധിക്കാൻ ആവശ്യപ്പെട്ടത്?
        
           യഹൂദൻ എന്നാൽ, യൂദാ, ബെഞ്ചമിൻ ഗോത്രത്തിൽ പിറന്ന, യഹൂദ മത വിശ്വാസമുള്ള വ്യക്തി. യഹൂദ മതം സ്വീകരിച്ചവരും യഹൂദരായി ഇന്ന് അറിയപ്പെടുന്നു. മുകളിലത്തെ ചോദ്യത്തിന് ഉത്തരം അതെ എന്ന് ആകണമെങ്കിൽ, ഈശോ മിശിഹായുടെ കാലം മുതൽ, ഇന്ന് വരെ ഉള്ള എല്ലാ യഹൂദരും, മിശിഹായുടെ വധത്തെ അനുകൂലിക്കണം. അങ്ങനെ ആണോ ചരിത്രം നമ്മോട് പറയുന്നത്. മിശിഹാ, കൊലക്കളത്തിലേക്ക് നയിക്കപ്പെടുമ്പോൾ, മാറത്തലച്ചു നിലവിളിച്ച സീയോൻ പുത്രിമാർ യഹൂദരായിരുന്നു. മിശിഹായുടെ അമ്മ യഹൂദ ആയിരുന്നു. അവിടുത്തെ എല്ലാ ശ്ലീഹന്മാരും യഹൂദരായിരുന്നു. പെന്തക്കോസ്തക്ക് സ്‌നാനം സ്വീകരിച്ച നാലായിരം പേർ യഹൂദരായിരുന്നു. അപ്പോൾ യഹൂദർ ആണ്, മിശിഹായുടെ മരണത്തിന് ഉത്തരവാദി എന്ന് വാദിച്ചാൽ, പരിശുദ്ധ മറിയവും, ശിഷ്യരും, ശ്ലീഹന്മാരാൽ സ്‌നാനം സ്വീകരിച്ചവരും എല്ലാം അതിൽ ഉൾപ്പെടും. അതിനാൽ തന്നെ ആ വാദം ഇല്ലാതാകും. മിശിഹായുടെയും ശിഷ്യമാരുടെയും ശുശ്രൂഷയുടെ ഫലമായി, അന്നത്തെ കാലത്തെ പകുതിയിൽ അധികം യഹൂദർ സ്‌നാനം സ്വീകരിച്ചു എന്നറിയുമ്പോൾ, ഈ വാദത്തിനെ പൊള്ളത്തരം കൂടുതൽ വ്യക്തമാണ്. കഴിഞ്ഞ ഇരുപത് നൂറ്റാണ്ടുകളിൽ, ബാക്കി ഉള്ള യഹൂദരുടെ എത്ര തലമുറ ക്രൈസ്‌തവ വിശ്വാസം സ്വീകരിച്ചു ക്രിസ്ത്യാനികൾ ആയി. ക്രൈസ്‌തവ വിശ്വാസം സ്വീകരിച്ചതിന് ശേഷം, യഹൂദ വ്യക്‌തിത്വം കുറച്ചു തലമുറകൾക്കുള്ളിൽ നഷ്ടമാകുന്നത് മൂലം, അതിന് ഉത്തരം ഇല്ല. ഇന്ന് യഹൂദ വിശ്വാസത്തിൽ ഉള്ളത്, മിശിഹായുടെ കാലത്തെ കൂടിയാൽ 10% യഹൂദരുടെ പിൻതലമുറക്കാർ കാണും.

         മിശിഹായുടെ കാലത്തെ യഹൂദ നിയമ വ്യവസ്ഥയായ സൻഹെദ്രിൻ ആണ് മിശിഹായുടെ മരണത്തിനു ഉത്തരവാദി എന്ന് വാദിച്ചാൽ, പിന്നെയും ശരിയാണ്. എന്നാൽ അരിമത്യക്കാരൻ ജോസെഫ്ഉം, മഹാനായ റബ്ബി ഗമാലിയേലും, നിക്കോദേമോസും എല്ലാം ഇതിലെ അംഗങ്ങൾ ആണ് എന്ന് മാസിലാകുമ്പോൾ, അതിനെയും കുറ്റം വിധിക്കാൻ എനിക്കാവുന്നില്ല. എങ്കിലും സാങ്കേതികത്വത്തിന്റെ പേരിൽ, സൻഹെദ്രിൻ ആണ്, റോമൻ ഗവർണ്ണർ പിലാത്തോസിനെ പ്രേരിപ്പിച്ചത് എന്ന് ആരോപിക്കാം. AD 120 ലെ ബാർ കോബ്ബാ വിപ്ലവത്തോടെ സൻഹെദ്രിൻ എന്ന പ്രസ്ഥാനം ഇല്ലതാവുകയും, പേരിന് കുറച്ചു നൂറ്റാണ്ടുകൾ നിലനിൽക്കുകയും ചെയ്‍തു. അതായത് യഹൂദരെ മിശിഹായുടെ മരണത്തിന്റെ പേരിൽ പ്രതികൂട്ടിൽ നിർത്തുന്നത് തെറ്റാണ്, ഇനി കുറച്ചെങ്കിലും പ്രതി കൂട്ടിൽ നില്ക്കാൻ യോഗ്യത ഉള്ള സംഘടന ഇന്നില്ല താനും.

റോമക്കാരാണോ മിശിഹായെ വധിച്ചത്?
         റോമക്കാരിലേക്കു വിരൽ ചൂണ്ടാവുന്ന മൂന്നു ഭാഗങ്ങൾ ഉണ്ട്.
1) റോമൻ പടയാളികൾ  
2) റോമൻ ഗവർണ്ണർ പന്തിയോസ് പീലാത്തോസ് 
3) റോമൻ ഭരണ വ്യവസ്ഥ 

റോമൻ പടയാളികൾ - ഹോളിവുഡ് സിനിമകളിലെ മസിൽ പെരുത്ത യൂറോപ്യന്മാരായ പടയാളികൾ, മിശിഹായോട് കാണിക്കുന്ന ക്രൂരത കാണുമ്പോൾ നമ്മുടെ ചങ്കു പിടഞ്ഞിട്ടുണ്ട്. ഹോളിവുഡിന് മുന്നിൽ ഒരു റോളിന് വേണ്ടി നിൽക്കുന്ന വെള്ളക്കാർ ആണ് ന്യായമായും അവരുടെ സിനിമകളിൽ കാണാൻ കഴിയുക. എന്നാൽ മിശിഹായുടെ കാലത്തു, യൂറോപ്യന്മാരുടെ ഒരു സൈനിക വ്യൂഹം യഹൂദയയിൽ ഉണ്ടായിരുന്നില്ല. റോമാക്കാരുടെ രീതിയിൽ ചുറ്റുമുള്ള ജനതകളിൽ (അനറ്റോളിയ, സിറിയ ജോർദാൻ മുതലായ പ്രദേശങ്ങളിൽ) നിന്നുള്ളവരാണ് യഹൂദയയിലെ റോമൻ പടയാളികളിൽ ഭൂരിഭാഗവും. കൂലി പടയാളികൾ ആയതിനാൽ, അവർ പറയുന്ന ജോലി നല്ല വെടിപ്പായി ചെയ്യും. "പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്നു ഇവർ അറിയുന്നില്ല" എന്ന മിശിഹായുടെ വാക്കുകളെ 1000 തരത്തിൽ വ്യാഖ്യാനിക്കുകയും ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്യാം. അതെല്ലാം ശരിയാണെങ്കിലും, ആ കൂലി പടയാളികൾ എത്ര വലിയ കാര്യമാണ് ചെയ്യുന്നത് എന്ന് അവർ അറിയുന്നില്ല, എന്ന ലളിതമായ അർത്ഥവും ഞാൻ അതിൽ കാണുന്നു. അതായത്, ആ പടയാളികൾ റോമൻ വംശജരോ, പോട്ട് പൗരന്മാർ പോലും ആയിരുന്നില്ല.
റോമൻ ഗവർണ്ണർ പന്തിയോസ് പീലാത്തോസ് - അദ്ദേഹം കൈ കഴുകി മാറുന്നത് സുവിശേഷത്തിൽ വ്യക്തമാണ്. അത് തന്റെ ഭരണം സുഗമം ആക്കാനോ, ചക്രവർത്തിയെ മുഷിപ്പിക്കാതിരിക്കാനോ, സൻഹെദ്രിനെ തൃപ്തിപ്പെടുത്താനോ എന്തിന് വേണ്ടിയും ആയിക്കോട്ടെ. മിശിഹായെ വധിക്കാൻ അദ്ദേഹത്തിന്  താല്‌പര്യം ഇല്ലായിരുന്നു എന്ന് വ്യക്തമാണ്.
റോമൻ ഭരണ വ്യവസ്ഥ - റോമൻ ഭരണവ്യവസ്ഥക്ക് അനുസരിച്ചു, മരണ ശിക്ഷക്ക് അർഹമായ ഒന്നും മിശിഹായിൽ കാണുന്നില്ല എന്ന പന്തിയോസ് പീലാത്തോസിന്റെ വിധി, റോമൻ വ്യവസ്‌ഥയെയും ആരോപണത്തിൽ നിന്നും ഒഴിവാകാൻ സഹായിക്കുന്നു.

എങ്കിലും സാങ്കേതികമായി, യഹൂദ സൻഹെദ്രിന്റെ സമ്മർദ്ദത്തിന് വഴങ്ങി, റോമൻ ഭരണ വ്യവസ്ഥയിലൂടെ മിശിഹാ പീഡകൾ സഹിച്ചു മരിച്ചു എന്ന് നമുക്ക് വ്യാഖാനിക്കാം. അല്ലാതെ യഹൂദന്മാരോ, റോമക്കാരോ അല്ല മിശിഹായെ വധിച്ചത്. അങ്ങനെ എങ്കിൽ നൂറ്റാണ്ടുകളോളം ക്രൈസ്‌തവ സാമ്രാജ്യങ്ങളിൽ യഹൂദ ജനത പീഡിപ്പിക്കപ്പെട്ടതിന് ആര് സമാധാനം പറയും.

അപ്പോൾ ആരാ മാർ തോമ്മാ ശ്ലീഹായെ വധിച്ചത്?

          മിശിഹായുടെ കാര്യത്തിൽ യഹൂദരും, റോമാക്കാരും ഉണ്ടെങ്കിൽ, മാർ തോമ്മാ ശ്ലീഹായുടെ കാര്യത്തിൽ പ്രതി ചേർക്കാൻ ആരും ഇല്ല എന്നുള്ളതാണ് സത്യം. AD 72 ൽ, ചെന്നൈയിലെ മൈലാപ്പൂരിൽ സുവിശേഷ ദൗത്യ നിർവഹണ നാളുകളിൽ അദ്ദേഹം രക്‌തസാക്ഷ്യം വരിച്ചു എന്നുള്ളത്, നാം വിശ്വസിക്കുന്ന സത്യമാണ്. എന്നാൽ ആരാൽ അത് സംഭവിച്ചു എന്നുള്ളതാണ് ചോദ്യം? നൂറ്റാണ്ടുകൾക്കു മുൻപ്, തർജിമകളിൽ ഉണ്ടായ ഭാഷാപരമായ പിഴവുകൾ മൂലം, മാർ തോമ്മാ സ്‌നാനം നൽകിയത് നമ്പൂതിരിമാർക്കാണെന്ന് തെറ്റായി നാം വ്യാഖ്യാനിച്ചത് പോലെ, മാർ തോമ്മായുടെ രക്‌തസാക്ഷ്യത്തവും നാം ഹൈന്ദവ വർഗ്ഗീയവാദികളുടെ തലയിൽ ചാർത്തി. ഒന്നാം നൂറ്റാണ്ടിലെ ദക്ഷിണ ഭാരതത്തെയും അന്നത്തെ വിശ്വാസങ്ങളെയും കുറിച്ച് കാര്യമായ അറിവില്ലാത്ത കൊണ്ടാണ് നാം ഇങ്ങനെ ഒരു ആരോപണത്തിന് മുതിരുന്നത്. ജൈന വിശ്വാസം ശക്തമായിരുന്നു ദ്രാവിഡ നാടുകളിൽ, ബൗദ്ധ ദർശനങ്ങളും നന്നായി വേരോടിയിരുന്നു. ഹിന്ദു മതം നാം ഇന്ന് കാണുന്ന പോലെ ആയിരുന്നില്ല. ഇന്ന് അന്യം നിന്ന് പോയതുൾപ്പെടെ ധാരാളം ചിന്താധാരകളായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഒരു ചിന്താധാരയെയും കായികമായി ഇല്ലാതാക്കുന്ന രീതി ഭാരതത്തിൽ ഇല്ലായിരുന്നു. കാരണം വിശാലമായ ഈ രാജ്യത്തു എല്ലാ ചിന്താധാരകളെയും ഉൾക്കൊള്ളാൻ ഇടമുണ്ടായിരുന്നു. ശങ്കരാചാര്യരുടെ കാലം മുതലാണ്, തർക്കശാസ്ത്രത്തിലൂടെ ചിന്താധാരകളെ ഇല്ലാതാക്കാനും, ഇന്നത്തെ രീതിയിൽ ഒരു ഏക മതമായി ഹിന്ദു മതം മാറാനും തുടങ്ങുന്നത്. ബ്രിട്ടീഷ്കാരുടെ കാലത്തോടെ അത് ഏകദേശം പൂർത്തിയാവുകയും ചെയ്തു. 
             
      മൈലാപ്പൂരിൽ കച്ചവടത്തിനായി താമസമാക്കിയ, യഹൂദരുടെയും, പൗരസ്ത്യ സുറിയാനി വംശജരുടെയും ഇടയിൽ സുവിശേഷം പ്രസംഗിച്ച ശ്ലീഹായെ, അവിടെ അന്നുള്ള തദ്ദേശിയ ചിന്താധാര ഉള്ളവർ (ആരെന്ന് എനിക്കറിയില്ല), കൊന്നു എന്ന് പറയുന്നതിൽ യുക്തിയില്ല. പല ശ്ലീഹന്മാർക്കും സംഭവിച്ചത് പോലെ, അദ്ദേഹം ആരുടെ ഇടയിൽ സുവിശേഷ വേല നടത്തിയോ, അവരുടെ ഇടയിലെ ചില അസഹിഷ്‌ണ വ്യക്‌തികൾ ആവാം അത് ചെയ്‌തത്‌. അത് ന്യായമായും മേൽ പറഞ്ഞ യഹൂദ / പൗരസ്ത്യ സുറിയാനി വിഭാഗത്തിലെ ചിലർ ആവാം. അവർ ഇന്ന് അവിടുള്ള മറ്റു ജനങ്ങളിൽ അലിഞ്ഞു ചേർന്നതിനാൽ അല്ലേൽ മാർഗം സ്വീകരിച്ചു നമ്മുടെ ഇടയിൽ ചേർന്നതിനാൽ, അവരോട് വിരോധം വച്ചിരുന്നിട്ടും കാര്യമില്ല.

        ഇന്നത്തെ കാലത്തു വിദ്വേഷത്തിന്റെ വിശ്വാസം ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്. ഇല്ലേൽ അത് മുതലെടുക്കാൻ ധാരാളം പേർ വരും. ആരെന്ന് പോലും അറിയാത്ത, കുറച്ചു വ്യക്തികൾ മാർ തോമ്മാ ശ്ലീഹായെ വധിച്ചു എന്നും പറഞ്ഞു, നൂറ്റാണ്ടുകളായി നമ്മോടൊപ്പം സഹോദരന്മാരെ പോലെ കഴിയുന്ന, നമ്മുക്ക് ചുറ്റും ഉള്ള ജനങ്ങളെ മിത്രങ്ങൾ ആയി കാണില്ല എന്ന വിഢിത്തം അവസാനിപ്പിക്കാം. മാർ തോമ്മാ ശ്ലീഹായുടെ രക്‌തസാക്ഷ്യത്തിന്റെ കഥ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ, അതിൽ വിദ്വേഷത്തിന്റെ വിത്ത് ഇല്ലെന്ന് ഉറപ്പു വരുത്താം. സഭ അതിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.

നന്ദി.

Wednesday, November 8, 2017

യുവതിയായ പരിശുദ്ധ മറിയവും വയസ്സനായ മാർ ശിമയോൻ കേപ്പായും




വളരെ തെറ്റിദ്ധരിക്കപ്പെടാവുന്ന ഒരു തലകെട്ടാണ് മുകളിൽ ഉള്ളത്. അടുത്ത് നടന്ന ഒരു തമാശയുമായി ബന്ധപ്പെട്ടാണ് ഈ ബ്ലോഗ് എഴുതുന്നത്. അതിനാൽ വായിക്കുന്നവരും, ആ ഒരു മാനസികാവസ്ഥയിൽ ഇത് വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഇനി ഈ ലേഖനം എഴുതാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് എഴുതാം.



കുറവലിങ്ങാട് ഉള്ള മർത്തു മറിയം പള്ളിയെ കുറിച്ചും, അവിടുത്തെ മുത്തി അമ്മയേയും കുറിച്ചുള്ള വാർത്തകൾ ഇന്ന് സമൂഹ മാധ്യമങ്ങളിൽ എപ്പോഴും കാണാറുണ്ടല്ലോ. പരിശുദ്ധ കന്യാ മറിയം, കുറച്ചു കുട്ടികൾക്ക് പ്രത്യക്ഷ ആയ ലോകത്തെ ആദ്യത്തെ സ്ഥലം ആണ് കുറവലിങ്ങാട് പള്ളിയിരിക്കുന്ന സ്ഥലം എന്നാണല്ലോ വിശ്വാസം. സീറോ മലബാർ സഭക്ക് അഭിമാനകരമായ ഈ വസ്‌തുതയെ, സമൂഹ മാധ്യമങ്ങളിലൂടെ മാലോകരെ അറിയിക്കുന്നവർക്ക് ആദ്യമേ തന്നെ എന്റെ അഭിനന്ദനം. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇങ്ങനെ ഒരു പാരമ്പര്യം നമുക്കുണ്ടെന്ന് ഞാനും അറിഞ്ഞത്.

ഇനി വിഷയത്തിലേക്ക് വരാം. കുറവലിങ്ങാട്ടെ മുത്തിഅമ്മ, ഒരു വൃദ്ധ ആണെന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞു. അത് അംഗീകരിക്കാൻ കേട്ട് നിന്ന എന്റെ മറ്റേ സുഹൃത്തിന് കഴിഞ്ഞില്ല. കാരണം, അവൻ കണ്ടിട്ടുള്ള എല്ലാ മാതാവിന്റെ പ്രതിമകളും, ചിത്രങ്ങളും (ലൂർദിലും, ഫാത്തിമയിലും അടക്കം) നല്ല ചെറുപ്പകാരിയാണ്. രസകരമായ ആ സംസാരവേളയിൽ ശരിക്കും മാതാവ് എത്ര വയസ്സ് വരെ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന ബാലിശമായ ചിന്ത എന്നിൽ ഉണ്ടായി. എന്നാ പിന്നെ, ഒന്ന് കണക്കു കൂട്ടിയിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു.
പരിശുദ്ധ മറിയം ജനിച്ച വർഷം ഏതെന്നു കൃത്യമായ ഉത്തരം ഇല്ല. എന്നാൽ 12-14 വയസ്സിൽ, മാർ യൗസേഫ് പിതാവുമായി മാതാവിന്റെ വിവാഹം നിശ്ചയിക്കപ്പെട്ടു എന്നാണ് പാരമ്പര്യം. എങ്കിൽ മാതാവിന്റെ 14 ആം വയസ്സിൽ ആകാം ഈശോ മിശിഹാ, മനുഷ്യനായി പിറന്നത്. ഹേറോദ് രാജാവ്, ജീവിച്ചിരുന്നപ്പോൾ ആണ് മിശിഹായുടെ ജനനം നടന്നതെന്നാണ്, സുവിശേഷം സാക്ഷ്യപ്പെടുത്തുന്നത്. അതിനാൽ മിശിഹാ BC 4 ലിനാണ് ജനിച്ചത് എന്ന് കരുതപ്പെടുന്നു. എങ്കിൽ പരിശുദ്ധ മറിയം BC 18 ഇന് ആവാം ജനിച്ചത്. മിശിഹായുടെ വയസ്സ് കൃത്യമായി സുവിശേഷം വിവരിക്കുന്നില്ലെങ്കിലും, ലൂക്കാ 3:23, അവിടുത്തേക്ക് ഏകദേശം മുപ്പത് വയസുള്ളപ്പോൾ ആണ് പരസ്യ ജീവിതം ആരംഭിച്ചത് എന്ന് പറയുന്നു. ഏകദേശം എന്ന് പറയുന്നതിൽ നിന്നും അതൊരു കൃത്യമായ കണക്കല്ല എന്ന് വ്യക്തം. ഈശോയുടെ പരസ്യജീവിത കാലത്തു, മൂന്ന് പെസഹായെ കുറിച്ച് സുവിശേഷം സൂചന നൽകുന്നു (John 2:13, John 6:4, John 19:14). അതിനാൽ മിശിഹാ 3 വർഷമോ അതിൽ അധികമോ പരസ്യ ജീവിതം നയിച്ചതായി കരുതാം. മിശിഹായുടെ കുരിശു മരണവും ഉദ്ധാനവും AD 30 അല്ലേൽ AD 33 എന്നാണ് പൊതുവെ കരുതി പോരുന്നത്. AD 30 എന്ന് തൽക്കാലം കരുതുകയാണെങ്കിൽ, മാതാവിന് അപ്പോൾ വയസ്സ് 48 (BC 18 -.AD 30).

മിശിഹായുടെ സ്വർഗ്ഗാരോഹണത്തിന് ശേഷം, ശ്ലീഹന്മാരുടെ സമ്മേളനങ്ങളിൽ മാതാവിന്റെ സാന്നിധ്യം ബൈബിൾ വ്യക്തമാക്കുന്നുണ്ട് (Acts 1-14). പരിശുദ്ധ മറിയത്തിന്റെ പിന്നീടുള്ള ജീവിതം വിശുദ്ധ ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ, മാതാവ് എന്നാണ് മരിച്ചത് എന്ന കൃത്യമായ ഒരു വർഷം കണ്ടുപിടിക്കുക സാധ്യമല്ല. എങ്കിലും മാർ കേപ്പായുടെ യോപ്പാ വാസനാളുകളിൽ, മാർ യോഹന്നാൻ സ്ലീഹാക്കൊപ്പം, താൻ മനസ്സിൽ സംഗ്രഹിച്ച കാര്യങ്ങൾ വിശ്വാസികൾക്ക് പകർന്നു നൽകി പരിശുദ്ധ മറിയം ജറുസലേമിൽ, അമ്മയുടെ ഭവനത്തിൽ ജീവിച്ചു.

AD 451 ലെ കൽക്കദോൻ സുനഹദോസിലാണ്, മാതാവിന്റെ സ്വർഗ്ഗാരോപണത്തിന്റെ വർഷത്തെ കുറിച്ച് ഒരു സൂചന നൽകുന്നത്. സുനഹദോസിൽ പങ്കെടുത്ത ജെറുസലേമിന്റെ മെത്രാനായ മാർ ജുവനെലിനോട്, മാതാവിന്റെ ഭൗതിക അവശിഷ്ടത്തെ കുറിച്ച് ചക്രവർത്തി അന്വേഷിച്ചു. മറുപടിയായി അദ്ദേഹത്തെ പറഞ്ഞത്, "പരിശുദ്ധ മറിയം, എല്ലാ ശ്ലീഹന്മാരുടെയും സാന്നിധ്യത്തിൽ, നിദ്ര പ്രാപിക്കുകയും അടക്കപെടുകയും ചെയ്‌തു. എന്നാൽ താമസിച്ചെത്തിയ മാർ തോമ്മാ ശ്ലീഹായുടെ ആവശ്യപ്രകാരം കല്ലറ തുറന്നപ്പോൾ, കല്ലറ ശൂന്യമായി കാണപ്പെടുകയും ചെയ്‌തു. അതിനാൽ പരിശുദ്ധ മറിയം സ്വർഗ്ഗാരോപണം ചെയ്‌തു."

എല്ലാ ശ്ലീഹന്മാരും ജറുസലേമിൽ ഉണ്ടായിരുന്നത്, AD 50 ൽ നടന്ന ജറുസലേം സുനഹദോസിൽ വച്ചാണ്. വടക്കേ ഇന്ത്യയിൽ സുവിശേഷ ദൗത്യം നിർവഹിച്ചു കൊണ്ടിരുന്ന മാർ തോമ്മാ ശ്ലീഹാ, സുന്നഹദോസിൽ പങ്കെടുക്കാൻ ജറുസലേമിൽ പോകുകയും, പിന്നീട് മലബാറിലേക്ക് വന്നു എന്നും ആണല്ലോ പാരമ്പര്യം. മാതാവിന്റെ മരണസമയം, എല്ലാ ശ്ലീഹന്മാരും മാലാഖമാരാൽ ജറുസലേമിലേക്ക് എത്തിക്കപ്പെട്ടു എന്നൊരു പാരമ്പര്യവും ഉണ്ട്. മാതാവിന്റെ സ്വർഗ്ഗാരോപണ നാളുകളിൽ ശ്ലീഹന്മാരെല്ലാം ജറുസലേമിൽ ഉണ്ടാകണമെങ്കിൽ, ഇതിലും നല്ല ഒരു സമയം ഉണ്ടാവുക പ്രയാസം. അതിനാൽ ജറുസലേം സുനഹദോസിന്റ് കാലത്താണ്, മാതാവ് നിദ്ര പ്രാപിച്ചത് എന്ന് കരുതുന്നത് കൂടുതൽ, പ്രായോഗികം ആണ്.

അങ്ങനെ എങ്കിൽ, പരിശുദ്ധ മറിയം നിദ്ര പ്രാപിച്ചത് 68 ആം വയസ്സിൽ ആണെന്ന് അനുമാനിക്കാം (BC 18 - AD 50). തങ്ങളുടെ മുത്തശ്ശിമാരുടെ പ്രായമുള്ള, തങ്ങളുടെ മുന്നിൽ വന്നു എന്ന് വിശ്വസിക്കപ്പെടുന്ന പരിശുദ്ധ മറിയത്തെ, മുത്തിയമ്മ എന്ന് കുറവലിങ്ങാട്ടെ കുട്ടികളും, ഇന്നത്തെ തലമുറയും വിളിക്കുന്നതിൽ ഒരു അതിശയവും ഇല്ല. നാം കാണുന്ന ചിത്രങ്ങളിലെയും പ്രതിമകളിലെയും വ്യകതിത്വങ്ങൾ, യഥാർത്ഥത്തിൽ അങ്ങനെ ആകണം എന്നില്ല. ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മർത്തു അൽഫോൻസാമ്മയുടെ ചിത്രം കണ്ടാൽ, ചിലപ്പോൾ അൽഫോൻസാമ്മയെ ഏറ്റവും അടുത്ത് അറിഞ്ഞിരുന്നവർക്കു പോലും തിരിച്ചറിയാൻ പറ്റിയെന്നു വരില്ല. അപ്പോൾ പിന്നെ 2000 വർഷം മുൻപ് ജീവിച്ചവരുടെ കാര്യം പറയണ്ടല്ലോ.

വയസ്സനായ മാർ ശിമയോൻ കേപ്പാ


അത് പോലെ തന്നെ വയസ്സിന്റെ കാര്യത്തിൽ, തെറ്റായി പരിചപ്പെടാറുള്ള ഒരു വ്യക്തിയാണ് മാർ ശിമയോൻ കേപ്പാ. അദ്ദേഹത്തെ ശിഷ്യന്മാരുടെ നേതാവാക്കിയത്, തമ്മിൽ ഏറ്റവും പ്രായം കൂടിയ ആൾ ആയതു മൂലം ആണെന്നൊക്കെ തട്ടി വിടുന്നത് കേട്ടിട്ടുണ്ട്. മാർ ശിമയോന്റെ ഈശോയുടെ കൂടെ നിൽക്കുന്ന, എല്ലാ ചിത്രങ്ങളും അത് പ്രതിഫലിച്ചു കാണാറുണ്ട്. ഒരു 45-50 വയസുള്ള വ്യക്തിയായാണ് അദ്ദേഹത്തെ ചിത്രങ്ങളിൽ കാണാറുള്ളത്. എന്നാൽ, അദ്ദേഹം മിശിഹായുടെ സമപ്രായനോ, അല്ലേൽ അതിലും ചെറുപ്പമോ ആയിരുന്നു എന്നതാണ് സത്യം.

റോമാ ചക്രവർത്തിയായ നീറോയുടെ കാലത്താണ്, മാർ ശിമയോൻ കേപ്പാ രക്‌തസാക്ഷ്യത്വം വരിക്കുന്നത്. റോമാ നഗരം കത്തിയെരിഞ്ഞതിന്, നസ്രാണികളുടെ മേൽ കുറ്റം ആരോപിച്ച നീറോ ചക്രവർത്തി, നസ്രാണികളുടെ നേതാവായ ശിമയോൻ കേപ്പായെ തലകീഴായി, കുരിശേൽ തറച്ചു കൊന്നു.

രക്‌തസാക്ഷ്യത്വം വരിക്കുമ്പോൾ അദ്ദേഹത്തിന് 62-64 വയസ്സ് ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. അദ്ദേഹത്തിന്റെ ആയി, വിശ്വസിക്കപ്പെടുന്ന ഭൗതീക അവശിഷ്ടത്തിൽ ആധുനിക ശാസ്ത്ര സംവിധാനങ്ങളോടെ പരിശോധിച്ചപ്പോൾ, അറുപതുകളുടെ തുടക്കത്തിൽ ഉള്ള ഒരു മനുഷ്യന്റേതാണ് അതെന്നാണ് കണ്ടെത്തിയത്. അദ്ദേഹത്തിന് 64 വയസ്സ് രക്‌തസാക്ഷ്യത്വ സമയത്തു ഉണ്ടായിരുന്നു എന്ന് കരുതാം. അതായത് AD 64 ൽ, 64 ആം വയസ്സിൽ കൊല്ലപ്പെടുന്ന അദ്ദേഹം, അപ്പോൾ ജനിച്ചത് BC 1 ൽ ആണ്. അതായത് മിശിഹായെക്കാളും 3 വയസ്സ് ഇളപ്പം. മിശിഹായും ശിമയോനും ഒരുമിച്ചുള്ള ഒരു ചിത്രത്തിൽ പോലും, ശിമയോനെ പ്രായംകുറവുള്ള ആളായി ചിത്രീകരിച്ചു ഞാൻ കണ്ടിട്ടില്ല.

   
     ചരിത്രത്തോട് കുറച്ചൂടെ നീതി പുലർത്തി, വിശുദ്ധ പുസ്തകത്തിലെ വ്യക്തികളെയും സംഭവങ്ങളെയും പഠന വിഷയം ആക്കുന്നത് നല്ലതായിരിക്കും. ഈശോ മിശിഹായുടെ ഒപ്പം, മുപ്പതു മുതൽ ഏറ്റവും ഇളയ യോഹന്നാൻ ശ്ലീഹാ വരെ ഉള്ള ചുറുചുറുക്കുള്ള പൊടി മീശക്കാരുടെ ഒരു സംഘത്തെ ഒന്ന് മനസ്സിൽ ചിത്രീകരിച്ചു നോക്കൂ. ആ പൊടി മീശക്കാരാണ് പിന്നീട് ലോകം കീഴിന്മേൽ മറിക്കുന്നത്.

          ബാർബി ടോളിനെ പോലെയും, നോർഡിക് യുവതികളെ പോലെയും ഉള്ള പരിശുദ്ധ മറിയത്തിന്റെ ചിത്രങ്ങൾ യൂറോപ്പിലെ സഭയിൽ പ്രചരിക്കുന്നത്, അവരുടെ തദ്ദേശീയമായ ആവിഷ്ക്കാരമായി കാണാം. എന്നാൽ തവിട്ടിന്റെ പല വകഭേദം ഉള്ള സീറോ മലബാർ നസ്രാണികൾ അത് ഏറ്റു പിടിക്കണോ? ഒന്നുകിൽ ഉറവിടത്തിനോട് ചേർന്ന സെമിറ്റിക് രൂപം അല്ലേൽ സാംസ്‌കാരിക അനിരൂപണത്തിന്റെ ഭാഗമായി, നമ്മളെ പോലെ വേണ്ടേ വരയ്ക്കാൻ?

ഉറവിടത്തോട് എത്ര ചേർന്ന് നിക്കുന്നുവോ, സത്യത്തോട് എത്ര ചേർന്ന് നിൽക്കുന്നുവോ, സംശയങ്ങൾ നിവാരണം ചെയ്യാനും, അബദ്ധ പ്രബോധനങ്ങളിൽ വീഴാതിരിക്കാനും അത് സഹായിക്കും.

നന്ദി.

Monday, October 9, 2017

അന്ത്യോക്യൻ പാരമ്പര്യമുള്ള സഭകൾ


         ജെറുസലേമിന് പുറത്തു ക്രൈസ്തവ സഭ വളർന്ന ആദ്യ നഗരമാണ് അന്ത്യോക്യ. മാർ തോമ്മാ നസ്രാണികൾകളുടെ ചരിത്രത്തിൽ അന്ത്യോക്യയിലെ സഭാ പാരമ്പര്യങ്ങൾ ചെലുത്തിയ അടയാളങ്ങളാണ് കേരളത്തിലെ യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമ്മാ, മലങ്കര കത്തോലിക്കാ സഭകൾ. അതിനാൽ തന്നെ അന്ത്യോക്യ പാരമ്പര്യത്തിൽ നിന്നും ഉത്ഭവിച്ച സഭകളെ കുറിച്ച് ഒരു ലഘു വിവരണം ഉണ്ടാക്കാൻ ആഗ്രഹം തോന്നി.

അന്ത്യോക്യ

         മിശിഹായുടെ കാലത്തു, റോമാ സാമ്രാജ്യത്തിലെ മൂന്നാമത്തെ പ്രധാനപ്പെട്ട നഗരം ആയിരുന്നു അന്ത്യോക്യ. ശക്‌തമായ ഗ്രീക്ക് സംസ്കാരത്തിൽ വളർന്ന ഒരു തുറമുഖ പട്ടണം ആയിരുന്നു അന്ത്യോക്യ. ഗ്രീക്ക്, സിറിയൻ, അനറ്റോളിയൻ, യഹൂദ വംശജർ അവിടെ ജീവിച്ചിരുന്നു. മിശിഹാ മാർഗ്ഗത്തിൽ വിശ്വസിച്ചിരുന്നവർക്ക്, ആദ്യമായി 'ക്രിസ്ത്യാനി' എന്ന ഗ്രീക്ക് നാമം ലഭിക്കുന്നത് ഇവിടെയാണ്.

അന്ത്യോക്യൻ സഭ 

           AD 34 ലെ മാർ എസ്തഫാനോസിന്റെ (Stephen) രക്‌തസാക്ഷ്യത്തോടെ ജറുസലേമിൽ നിന്നും വിശ്വാസികൾ ചിതറിക്കപ്പെട്ടു. അവരിൽ ഒരു വലിയ വിഭാഗം വന്നെത്തിയത്, തുറന്ന മനസ്സോടെ ആശയങ്ങൾ സ്വീകരിച്ചിരുന്നവർ വസിച്ച അന്ത്യോക്യയിൽ ആയിരുന്നു. പേര് പോലും അറിയാത്ത ഇവരാണ് അന്ത്യോക്യയിൽ സഭ സ്ഥാപിച്ചത്. അത് വരെ യഹൂദർക്ക് മാത്രമായിരുന്ന സുവിശേഷം, ഇവർ ഗ്രീക്കുകാർക്കും സൈപ്രസ്സ്‌കാർക്കും പകർന്നു നൽകി. വിശ്വാസം സ്വീകരിച്ച, അന്ത്യോക്യയിലെ ഗ്രീക്കുകാർ, മിശിഹായെ അവരുടെ ഗ്രീക്ക്  ഭാഷയിൽ, 'ക്രിസ്തു (Christos)' എന്ന് വിളിച്ചു. അങ്ങനെ ക്രിസ്തുവിന്റെ അനുയായികൾ ആദ്യമായി ക്രിസ്ത്യാനികൾ (Christians) എന്ന് വിളിക്കപ്പെടാൻ തുടങ്ങി (Acts 11:19-26)

      അന്ത്യോക്യൻ സഭക്ക് ഒരു സ്ഥാപകന്റെ നാമം ആവശ്യമുണ്ടെങ്കിൽ, അതിന് ഏറ്റവും അർഹൻ മാർ ബർണബാസ്‌ ആണ്. അന്ത്യോക്യൻ സഭയുടെ വളർച്ചയുടെ വാർത്ത ജറുസലേമിൽ എത്തിയപ്പോൾ, മാർ ബർണബാസ്‌ അവിടേക്ക് നിയോഗിക്കപ്പെട്ടു. മാർ പൗലോസ് ശ്ലീഹായുടെ മാനസാന്തരത്തിന് ശേഷമായതിനാൽ, AD 36 ൽ ആയിരിക്കണം അദ്ദേഹം അവിടെ എത്തിയത്. മാർ പൗലോസും മാർ ബർണബാസും അന്ത്യോക്യൻ സഭയെ ക്രൈസ്‌തവ വിശ്വാസത്തിൽ ഉഴുതുമറിച്ചു എന്ന് പറയുന്നതാവും ശരി.

അന്ത്യോക്യൻ പാത്രിയാർക്കേറ്റു

            AD 50 ലെ ജറുസലേം സുനഹദോസിന് ശേഷം ആണ് മാർ ശിമയോൻ കേപ്പാ (St. Peter), അന്ത്യോക്യൻ സഭയുടെ നേതൃത്വം ഏറ്റെടുത്തത്. മാർ പൗലോസും മാർ ബർണബാസും ക്രൈസ്‌തവ വിശ്വാസത്തിൽ ഉഴുതുമറിച്ചു, നട്ടു വളർത്തിയ അന്ത്യോക്യൻ സഭയെ, മാർ കേപ്പാ ഫലഭൂയിഷ്ടമാക്കി എന്ന് കരുതിയാൽ മതി. അതിനാൽ മാർ കേപ്പായെ, അന്ത്യോക്യൻ സഭയുടെ ആദ്യ മെത്രാനായി കണക്കാക്കുന്നു.


      മൂന്നാം നൂറ്റാണ്ടോടു കൂടി, മാർ കേപ്പായുടെ പിൻഗാമികൾ എന്ന അവകാശപ്പെടുന്ന റോമാ സാമ്രാജ്യത്തിലെ മൂന്ന് പ്രധാന പട്ടണങ്ങളിലെ സഭകളായ റോമായും, അലക്സാൻഡ്രിയയും, അന്ത്യോക്യയും പാത്രിയാർക്കേറ്റുകൾ എന്നറിയപ്പെടാനും, അവിടുത്തെ മെത്രാന്മാർ പാത്രിയാർക്കീസ് എന്ന് വിളിക്കപ്പെടാനും തുടങ്ങി. മാർ ശിമയോൻ കേപ്പായുടെ ശുശ്രൂഷയെ കുറിച്ച് എഴുതിയ ബ്ലോഗ് click here. ജെറുസലേം മുതൽ സിറിയ, അനറ്റോളിയ (ഇന്നത്തെ തുർക്കി), ഗ്രീക്ക് പ്രദേശങ്ങൾ പൂർണമായും അന്ത്യോക്യൻ പാത്രിയാർക്കേറ്റിന്റെ കീഴിലായിരുന്നു. നിഖ്യാ സുനഹദോസിൽ പൗരസ്ത്യ സുറിയാനി സഭ സ്വയം ഭരണാധികാര സഭയായി ഉയർന്നു. കോൺസ്റ്റാന്റിനോപ്പിൾ സുനഹദോസോടു കൂടി, ഗ്രീക്കും, അനറ്റോളിയയിലെ വലിയ പ്രദേശങ്ങളും, പുതുതായി രുപം കൊണ്ട കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കേറ്റിലേക്ക് ചേർത്തു. അതോടെ മൂന്നാം സ്ഥാനത്തു നിന്നും, നാലാം സ്‌ഥാനത്തേക്ക്‌ അന്ത്യോക്യൻ പാത്രിയാർക്കേറ്റു, കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കേറ്റിന് വഴി മാറി. കൽക്കദോൻ സുന്നഹദോസിൽ ജറുസലേം പാത്രിയാർക്കേറ്റു രൂപീകൃതമായതോടെ, അന്ത്യോക്യൻ പാത്രിയാർക്കേറ്റു വീണ്ടും ചുരുങ്ങി.
   


  ആദിമ സഭയിലെ പ്രധാനപ്പെട്ട ക്രൈസ്‌തവ വീക്ഷണങ്ങളിൽ ഒന്നാണ് അന്ത്യോക്യൻ മിശിഹാ വീക്ഷണം. ഈ വീക്ഷണത്തിന്റെ സന്താനങ്ങൾ ആണ് മഹാന്മാരായ മാർ നെസ്‌റ്റോറിയസ്മാർ തെയോഫിലസ്മാർ തിയോഡോർമാർ ക്രിസോസ്റ്റോം തുടങ്ങിയവർ.

അന്ത്യോക്യൻ പാത്രിയാർക്കേറ്റു സഭകൾ

           അഞ്ചാം നൂറ്റാണ്ടോടു കൂടെ അതിർത്തികൾ ചുരുങ്ങിയ അന്ത്യോക്യൻ പാത്രിയാർക്കേറ്റിൽ, പ്രധാനമായും ഉണ്ടായിരുന്നത് അന്ത്യോക്യയും അനറ്റോളിയയും കേന്ദ്രീകരിച്ചുള്ള ഗ്രീക്ക് വംശജരും, ഇന്നത്തെ സിറിയ, തുർക്കിയുടെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള പാശ്ചാത്യ സുറിയാനി വംശജരും ആയിരുന്നു. ഇവർ തമ്മിൽ പരോക്ഷമായ അധികാര വടംവലി ഉണ്ടായിരുന്നെങ്കിലും, അന്ത്യോക്യൻ സഭ എന്നും ഗ്രീക്ക് വംശജരുടെ നിയന്ത്രണത്തിൽ ആയിരുന്നു. ഇന്ന് അന്ത്യോക്യൻ പാത്രിയാർക്കേറ്റിനു, പിൻഗാമിത്വം അവകാശപ്പെടുന്ന അഞ്ചു പാത്രിയാർക്കേറ്റു സഭകളും, അഞ്ചു പാത്രിയാർക്കീസുമാരും ഉണ്ട്. കഴിവുന്നതും പക്ഷം പിടിക്കാതെ അവരുടെ ചരിത്രം പറയാനാണ് ഞാൻ ഇനി ശ്രമിക്കുക. 

മൽക്കയോ (Melkite) വിഭാഗവും, യാക്കോബായ (Jacobite) വിഭാഗവും
              ഈ അഞ്ചു പാത്രിയാർക്കേറ്റുകളേയും രണ്ടു പക്ഷങ്ങളായി തിരിക്കാം. A) മൽക്കയോ (Melkite), B) യാക്കോബായ (Jacobite). AD 451 ൽ നടന്ന കൽക്കദോൻ (Council of Chalcedon) സൂനഹദോസിൽ വച്ചാണ് ഈ രണ്ടു പക്ഷങ്ങൾ ഉണ്ടാകാൻ ഉള്ള സാഹചര്യം ഉണ്ടായത്. ഈശോ മിശിഹായുടെ മനുഷ്യാവതാരത്തിലുള്ള പ്രകൃതത്തെ അടിസ്ഥാനമാക്കി, സൂനഹദോസ് തീരുമാനത്തെ അംഗീകരിക്കുന്ന ഒരു വിഭാഗവും, അംഗീകരിക്കാത്ത ഒരു വിഭാഗവും ആഗോള കത്തോലിക്കാ സഭയിൽ ഉണ്ടായി.  റോമൻ, കോൺസ്റ്റാന്റിനോപ്പിൾ പക്ഷം സൂനഹദോസ് തീരുമാനം അംഗീകരിച്ചപ്പോൾ, അലക്സാൻഡ്രിയൻ പക്ഷം എതിർത്ത് പുറത്തു പോയി. ഗ്രീക്ക് സ്വാധീനത്തിൽ നിന്ന അന്ത്യോക്യൻ സഭ, സുനഹദോസിനെ അംഗീകരിക്കുന്ന നിലപാട് ആണ് സ്വീകരിച്ചത്. 
    എങ്കിലും അന്ത്യോക്യൻ സഭയിലെ പാശ്ചാത്യ സുറിയാനി വംശജർക്കിടയിൽ സുനഹദോസിന് എതിരായി ചില ശബ്‌ദങ്ങൾ ഉണ്ടായി. എങ്കിലും സുനഹദോസിനെ അംഗീകരിക്കുന്നവരും അല്ലാത്തവരും, മാറി മാറി അന്ത്യോക്യൻ സഭയെ നയിച്ചു. എന്നാൽ AD 518 ൽ, കിഴക്കൻ റോമൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്ന ജസ്റ്റിൻ ഒന്നാമൻ, അന്ത്യോക്യൻ പാത്രിയാർക്കീസ് ആയിരുന്ന ഗ്രീക്ക് വംശജനും കൽക്കദോൻ സൂനഹദോസ് വിരുദ്ധനുമായ മാർ സേവേര്സിനെ പുറത്താക്കുകയും, പകരം യഹൂദ വംശജനായ മാർ പൗലോസ് ഒന്നാമനെ പാത്രിയാർക്കീസ് ആയി നിയമിക്കുകയും ചെയ്‌തു.    
      ചക്രവർത്തി നിയമിച്ച പാത്രിയാർക്കീസിനെ, ഗ്രീക്ക് വംശജർ അംഗീകരിച്ചു. ചക്രവർത്തിയുടെ പാത്രിയാർക്കീസിനെ അംഗീകരിച്ചവർ, രാജാവിന്റെ ആൾകാർ എന്ന് സുറിയാനിയിൽ അർത്ഥമുള്ള ഗ്രീക്ക് മൽക്കയോ (Melkite) എന്ന് വിളിക്കപ്പെടാൻ തുടങ്ങി. മാർ സേവേര്സ്, അലക്സാൻഡ്രിയയിലേക്കു രക്ഷപ്പെട്ടെങ്കിലും, സിറിയൻ  വംശജർക്കിടയിൽ കൽക്കദോൻ സൂനഹദോസിനോടുള്ള എതിർപ്പ് കൂടിയതേ ഒള്ളു. അവരുടെ നേതൃത്വം ഏറ്റെടുത്തു മാർ യാക്കോബ് ബാർ അദ്ദായി എന്ന സന്യാസി രംഗത്തെത്തി. മാർ സേവേര്സിന്റെ മരണത്തിനു ശേഷം, മാർ സെർഗിസിനെ പാത്രിയാർക്കീസായി അഭിഷേകം ചെയ്‌ത്‌, അദ്ദേഹം മറ്റൊരു അന്ത്യോക്യൻ സഭ ശാഖാ ഉണ്ടാക്കി. AD 553 ലെ രണ്ടാം കോൺസ്റ്റാന്റിനോപ്പിൾ സുനഹദോസിലെ അനുരഞ്ജന ശ്രമം പരാജയപ്പെട്ടതോടെ, അന്ത്യോക്യൻ സഭയുടെ വിഭജനം പൂർണമായി. മാർ യാക്കോബിന്റെ കൂടെ, കൽക്കദോൻ സൂനഹദോസിന് എതിരായി നിന്ന സിറിയൻ വംശജരുടെ സഭ പിന്നീട് യാക്കോബായ സഭ (Jacobite) അല്ലേൽ സിറിയൻ സഭ എന്ന് അറിയപ്പെട്ടു. ചക്രവർത്തിക്ക് എതിരായതിനാൽ തന്നെ, വളരെ പീഡനം ഏൽക്കേണ്ടി വന്നു.

A) ഗ്രീക്ക് മൽക്കയോ (Melkite) വിഭാഗം 

ഗ്രീക്ക് മൽക്കയോ വിഭാഗത്തിൽ ഇന്ന് മൂന്നു പാത്രിയാർക്കേറ്റു സഭകൾ ഉണ്ട്.


1. മാറോണീത കത്തോലിക്കാ സഭ (Maronite Catholic Church)

                 മാറോണീത സഭ, മാർ മറോൺ എന്ന വ്യക്‌തിയെ ചുറ്റി ഉണ്ടായ ഒരു വിശ്വാസ സമൂഹത്തിൽ നിന്നും ഉണ്ടായ സഭയാണ്. നാലാം നൂറ്റാണ്ടിൽ അന്ത്യോക്യക്കു സമീപം, സന്യാസജീവിതം നയിച്ച ഒരു സിറിയൻ വംശജനായിരുന്നു മാർ മറോൺ. ധാരാളം ആൾക്കാർക്ക് വിശ്വാസം പകർന്നു കൊടുത്ത അദ്ദേഹത്തിന് ചുറ്റും ഒരു വലിയ വിശ്വാസ സമൂഹം രൂപം കൊണ്ടു. AD 410, അദ്ദേഹം മരണമടഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ ആശ്രമത്തെ ചുറ്റി പറ്റി ആ വിശ്വാസസമൂഹം വളർന്നു. സിറിയൻ വംശജരാണെങ്കിലും, കൽക്കദോൻ വിഷയത്തിൽ, അവർ ഗ്രീക്കുകാർക്കൊപ്പം നിന്നു. അതിനാൽ തന്നെ സിറിയൻ സഭയിൽ നിന്നും പീഡനം ഏൽക്കുകയും, ലെബനോനിലെ മലനിരകളിൽ അവർ താമസമാക്കുകയും ചെയ്തു. AD 685 ൽ, ഇസ്‌ലാമിക അധിനിവേശത്തെ തുടർന്ന്, ഗ്രീക്ക് അന്ത്യോക്യൻ പാത്രിയാർക്കേസുമാർ, കോൺസ്റ്റാന്റിനോപ്പിളിൽ കഴിഞ്ഞിരുന്ന വേളയിൽ, ഈ മാറോണീത വിഭാഗം, മാർ ജോൺ മറോണിനെ അവരുടെ പാത്രിയാർക്കേസ് ആയി, അന്ത്യോക്യയുടെ പാത്രിയാർക്കേസ് ആയി വാഴിച്ചു. അവരുടെ പരമ്പര ഇന്നും തുടരുന്നു. എന്നാൽ ഇതിനെ ഗ്രീക്ക്, സിറിയൻ അന്ത്യോക്യൻ സഭകൾ അംഗീകരിച്ചില്ല. കുരിശുയുദ്ധങ്ങളുടെ കാലത്തു, സംരക്ഷണത്തിനായി, ഇവർ റോമൻ സഭയുമായി അടുക്കുകയും, റോമൻ മാർപാപ്പയുമായി കൂട്ടായ്മയിൽ ആവുകയും ചെയ്‌തു. എന്നാൽ തങ്ങൾ ഒരിക്കലും റോമൻ സഭയുമായി  വിശ്വാസത്തിൽ നിന്നും വ്യതിചലിച്ചിട്ടില്ല എന്നാണ് അവർ അവകാശപ്പെടുന്നത്. ഇന്ന് ഈ സഭ, കത്തോലിക്കാ സഭയിലെ ഒരു വ്യക്തി സഭയാണ്.



2. മൽക്കയോ ഗ്രീക്ക് കത്തോലിക്കാ സഭ (Melkite Greek Catholic Church of Antioch)


           ഇസ്ലാമിക അധിനിവേശത്തോടെ, ബൈസാൻന്റെൻ സാമ്രാജ്യത്തിന്റെ സംരക്ഷണം, ഗ്രീക്ക് അന്ത്യോക്യൻ സഭക്ക് നഷ്‌ടമായി. നൂറ്റാണ്ടുകളോളം ഉള്ള അറബ് ഭരണം, അവരെ വലിയ തോതിൽ ഉള്ള അറബ് വൽക്കരണത്തിലേക്ക് നയിച്ചു. കുരിശ് യുദ്ധ കാലത്തു റോമൻ സഭയുമായി അവർ ചെറിയ തോതിലുള്ള സമ്പർക്കം ആരംഭിച്ചു. എങ്കിലും ഒട്ടോമൻ സാമ്രാജ്യത്തിന് കീഴിൽ വന്നതോടെ, കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കേസിന്റെ സ്വാധീനം ഇവരിൽ വർദ്ധിച്ചു. AD 1724 മാർ സിറിൽ ആറാമൻമൽക്കയോ ഗ്രീക്ക് അന്ത്യോക്യൻ സഭയുടെ പാത്രിയാർക്കേസായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ റോമൻസഭയുമായുള്ള ബന്ധത്തിൽ, അസ്വസ്ഥനായ കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കേസ് മാർ ജറെമിയാസ് മൂന്നാമൻ അദ്ദേഹത്തെ തൽസ്ഥാനത്തു നിന്നും പുറത്താക്കി. പകരം മാർ സിൽവെസ്റ്ററിനെ അന്ത്യോക്യയുടെ പാത്രിയാർക്കേസ് ആയി വാഴിച്ചു. കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കേസിന്റെ, അന്ത്യോക്യൻ സഭയുടെ ആഭ്യന്തര കാര്യത്തിലുള്ള ഇടപെടലിൽ ജനങ്ങൾ അസ്വസ്ഥരായി. AD 1729 ൽ, റോമൻ മാർപാപ്പ ബെനഡിക്ട് പതിമൂന്നാമൻ, മാർ സിറിളിനെ, അന്ത്യോക്യൻ സഭയുടെ പാത്രിയാർക്കേസായി അംഗീകരിച്ചു. ഒട്ടോമൻ പിന്തുണ ഉണ്ടായിരുന്ന മാർ സിൽവെസ്റ്റിൽ നിന്നും ഒട്ടോമൻ പടയുടെ സഹായത്താൽ,  കടുത്ത പീഡനം മാർ സിറിളിനും അനുയായികൾക്കും ഏൽക്കേണ്ടി വന്നു. അറബി ഭാഷ സംസാരിക്കുന്നവർ കൂടുതലും സിറിലിനൊപ്പമാണ് നിന്നത്. റോമൻ സഭയുമായി കൂട്ടായ്മയിൽ വന്ന ഈ സഭ പിന്നീട് അന്ത്യോക്യയുടെ മൽക്കയോ ഗ്രീക്ക് കത്തോലിക്കാ സഭ (Melkite Greek Catholic Church of Antioch) എന്ന വ്യക്തിസഭയായി അറിയപ്പെടുന്നു. 



3. അന്ത്യോക്യയുടെ ഗ്രീക്ക് ഓർത്തഡോക്സ്‌ സഭ (Greek Orthodox Church of Antioch)
         അറബ് വൽക്കരിക്കപ്പെട്ടെങ്കിലും, ഗ്രീക്ക് സംസ്കാരത്തോട് താല്പര്യമുള്ള ജനങ്ങൾ മാർ സിൽവെസ്റ്ററിനൊപ്പമാണ് നിന്നത്. അദ്ദേഹത്തിനൊപ്പം നിന്നവർ, മൽക്കയോ (Melkite) എന്ന പേര് ഉപേക്ഷിച്ചു അന്ത്യോക്യയുടെ ഗ്രീക്ക് ഓർത്തഡോക്സ്‌ സഭ (Greek Orthodox Church of Antioch) എന്ന് ഇന്ന് അറിയപ്പെടുന്നു. കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കേസിന്റെ നിയന്ത്രണത്തിൽ നിന്ന ഈ സഭ രണ്ടു നൂറ്റാണ്ടോളം ഗ്രീക്ക് വംശജരാണ് നയിച്ചത്. ഇന്ന് സിറിയൻ അറബ് വംശജർ സഭ നയിക്കുന്നു. പൗരസ്ത്യ ഓർത്തഡോക്സ് വിശ്വാസ സമൂഹത്തിൽ ആണ് ഇവർ ഉൾപ്പെടുന്നത്. 

B) സുറിയാനി അന്ത്യോക്യൻ സഭ (യാക്കോബായ) വിഭാഗം

     സുറിയാനി അന്ത്യോക്യൻ സഭ വിഭാഗത്തിൽ രണ്ടു പാത്രിയാർക്കേറ്റുകൾ ആണുള്ളത്.

4. സിറിയൻ കത്തോലിക്കാ സഭ (Syrian Catholic Church of Antioch)

          17 ആം നൂറ്റാണ്ടോടു കൂടി, റോമൻ സഭയിൽ നിന്നും മിഷനറിമാർ, സിറിയൻ അന്ത്യോക്യൻ സഭാ വിശ്വാസികൾക്കിടയിൽ പ്രവർത്തനം ആരംഭിച്ചു. ഏതാനും പതിറ്റാണ്ടുകൾ കൊണ്ട്, കത്തോലിക്കാ സഭയുമായി ഐക്യപ്പെടാൻ ആഗ്രഹമുള്ള ഒരു വലിയ സമൂഹത്തെ സുറിയാനി അന്ത്യോക്യൻ സഭയിൽ വളർത്തി എടുത്തു. ഈ കത്തോലിക്കാ പക്ഷത്തിന്റെ സ്വാധീനത്തിന്റെ ഫലമായി, റോമൻ സഭയുമായി അടുപ്പമുണ്ടായിരുന്ന മാർ ആൻഡ്രൂ അഖീദജാൻ, AD 1662 ൽ സുറിയാനി അന്ത്യോക്യൻ സഭയുടെ പാത്രിയാർക്കേസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. കത്തോലിക്കാ വിരുദ്ധപക്ഷം, ഈ തീരുമാനത്തെ എതിർത്തെങ്കിലും, ഒട്ടോമൻ ചക്രവർത്തി തിരഞ്ഞെടുപ്പ് അംഗീകരിച്ചതിനാൽ, രഹസ്യമായി മാർ അബ്ദുൽ മസീഹിനെ പാത്രിയാർക്കേസ് ആയി തിരഞ്ഞെടുത്തു. പാത്രിയാർക്കേസ്  മാർ ആൻഡ്രൂവിന്റെ കാലശേഷം, വിമത പാത്രിയാർക്കേസ് മാർ അബ്ദുൽ മസീഹ് താൻ കത്തോലിക്കാ വിശ്വാസി ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു പാത്രിയാർക്കേസ് ആയി. എന്നാൽ ഒട്ടോമൻ ചക്രവർത്തിയുടെ അംഗീകാരത്തിന്റെ ഫിർമൻ കയ്യിൽ വന്ന നിമിഷം അദ്ദേഹം, കത്തോലിക്കാ വിശ്വാസം തള്ളിപറഞ്ഞു. ചതി മനസിലാക്കിയ കത്തോലിക്കാ പക്ഷം പകരം മാർ ഗ്രിഗറി ഷഹബാദിനെ പാത്രിയാർക്കേസ് ആയി വാഴിച്ചു (AD 1667). അതോടെ അബ്ദുൽ മസീഹ് പക്ഷം ഒട്ടോമൻ സഹായത്തോടെ, കത്തോലിക്കാ പക്ഷത്തെ കഠിനമായി പീഡിപ്പിച്ചു. മാർ ഷഹബാദിൻ ദുരുഹസാഹചര്യത്തിൽ മരണം അടയുകയും (AD 1702), പ്രമുഖ കത്തോലിക്കാ പക്ഷക്കാർ തടവറയിൽ ആകുകയോ, നാടുവിടുകയോ ചെയ്തതിനാൽ, കത്തോലിക്കാ വിശ്വാസികൾ നിശബ്ദരായി.
              AD 1782 ൽ, മാർ മിഖായേൽ ഗർവാഹിനെ, പാത്രിയാർക്കേസ് ആയി  സുറിയാനി അന്ത്യോക്യൻ സഭ സിനഡ് തിരഞ്ഞെടുത്തു. അടുത്ത വർഷം നടന്ന സ്ഥാനാരോഹണ ചടങ്ങിൽ, അദ്ദേഹം തന്റെ കത്തോലിക്കാ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചു. ഇതിൽ അസ്വസ്ഥരായ രണ്ടു മെത്രാന്മാർ, കുറച്ചു സന്യാസിമാരെ മെത്രാന്മാരായി വാഴിച്ച ശേഷം പുതിയ ഒരു തിരഞ്ഞെടുപ്പു നടത്തുകയും, തങ്ങളിൽ ഒരാളെ (മാർ മത്താ സാലബ്) പാത്രിയാർക്കേസ് ആയി വാഴിക്കുകയും ചെയ്‌തു (AD 1783). കുർദുകളുടെ സഹായത്തോടെ മാർ ഗർവാഹിനെയും കൂട്ടരെയും ആക്രമിച്ച മാർ സാലബ്, കവർച്ച നടത്തിയ പണവുമായി ആദ്യം ഒട്ടോമൻ ചക്രവർത്തിയുടെ അടുത്തെത്തി ഫിർമൻ വാങ്ങി. അതിനാൽ ഒട്ടോമൻ സർക്കാർ, മാർ ഗർവാഹിനെ വിമതനായി കണക്കാക്കി തടങ്കലിൽ ആക്കി. മോചനദ്രവ്യം നൽകിയ അദ്ദേഹം വേഷപ്രഛന്നനായി, ലെബനോനിൽ എത്തി താമസമാക്കി. അദ്ദേഹത്തെ സുറിയാനി അന്ത്യോക്യൻ സഭയുടെ  പാത്രിയാർക്കേസ് ആയി റോമൻ മാർപാപ്പ അംഗീകരിക്കുകയും, പാലിയം നൽകുകയും ചെയ്‌തു. അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരാണ് ഇന്ന് കത്തോലിക്കാ സഭയിലെ ഒരു വ്യക്തി സഭയായ സിറിയൻ കത്തോലിക്കാ സഭ (Syrian Catholic Church of Antioch) എന്ന് അറിയപ്പെടുന്നത്. സിറിയൻ കത്തോലിക്കാ സഭയുടെ പാത്രിയാർക്കേസ് ആണ് ഈ വർഷം, സിറോ മലങ്കര സഭയുടെ ക്ഷണപ്രകാരം കേരളം സന്ദർശിച്ചത്.

5. സിറിയൻ ഓർത്തഡോൿസ് സഭ (Syriac Orthodox Church of Antioch)

          AD 1783ലെ കത്തോലിക്കാ, കത്തോലിക്കാ വിരുദ്ധ പക്ഷങ്ങൾ തമ്മിലുള്ള പിളർപ്പിന് ശേഷം, ഒട്ടോമൻ സഹായത്തോടെ കത്തോലിക്കാ വിരുദ്ധ പക്ഷത്തിൽ മാർ മത്താ സാലബ് പാത്രിയാർക്കേസ് ആയി. ഒട്ടോമൻ പിന്തുണ ഉള്ളതുമൂലം, ഭൂരിപക്ഷം ദൈവാലയങ്ങളും, സന്യാസ ആശ്രമങ്ങളും ഈ പക്ഷം പിടിച്ചെടുത്തു. ഈ കത്തോലിക്കാ വിരുദ്ധ പക്ഷത്തിൽ നിന്നും വളർന്ന സഭയാണ് ഇന്നത്തെ സിറിയൻ ഓർത്തഡോൿസ് സഭ (Syriac Orthodox Church of Antioch). ഓറിയന്റൽ ഓർത്തഡോൿസ് എന്ന വിശ്വാസം സൂക്ഷിക്കുന്ന ഇവർ, പണ്ടത്തെ യാക്കോബായ എന്ന പേരിലും അറിയപ്പെടുന്നു.

അന്ത്യോക്യൻ പാരമ്പര്യമുള്ള മലബാർ/മലങ്കരയിലെ സഭകൾ

           അന്ത്യോക്യൻ സഭകളെ കുറിച്ച് പറയുമ്പോൾ, കേരളത്തിലെ പ്രധാന അന്ത്യോക്യൻ പാരമ്പര്യമുള്ള സഭകളെക്കുറിച്ചു ചെറിയ ഒരാമുഖം എഴുതാതെ വയ്യ. AD 1665 ൽ ആണ്, പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ഉള്ള, കത്തോലിക്കാ വിശ്വാസത്തിൽ ആയിരുന്ന മാർ തോമ്മാ നസ്രാണികൾക്കിടയിലെ പുത്തൻകൂർ വിഭാഗം, കൂനൻ കുരിശ് സത്യത്തെ തുടർന്നുള്ള ആഭ്യന്തര പ്രശനങ്ങൾക്കിടയിൽ പാശ്ചാത്യ സുറിയാനി പാരമ്പര്യമുള്ള, സുറിയാനി അന്ത്യോക്യൻ (യാക്കോബായ) സഭയിൽ ലയിക്കുന്നത്.

  • മാർ തോമ്മാ സഭ (Malankara Mar Thomma Syrian Church)
    ബ്രിട്ടീഷ് മിഷനറിമാരുടെ പ്രവർത്തനം മൂലം, പുത്തൻകൂർ വിഭാഗത്തിനിടയിൽ നവീകരണ ആശയങ്ങൾ ഉടലെടുക്കാൻ തുടങ്ങി. അതിനു നേതൃത്വം വഹിച്ച അബ്രഹാം മല്‌പാൻ, തന്റെ ബന്ധുവായ മാർ മത്തായി അത്തനേഷ്യസിനെ പുത്തൻകൂർ മെത്രനായി, സിറിയൻ ഓർത്തഡോൿസ് പാത്രിയാർക്കേസിനെ കൊണ്ട് വാഴിച്ചു (AD 1852). നവീകരണത്തെ എതിർത്ത വിഭാഗങ്ങൾ, AD 1865 ൽ മാർ ദിയോന്യസിസ് അഞ്ചാമനെ സിറിയൻ ഓർത്തഡോൿസ് പാത്രിയാർക്കേസിനെ കൊണ്ട് മെത്രാനായി വാഴിച്ചു. മാർ മത്തായിയുടെ പിൻഗാമയിയായ മാർ തോമ്മാ അത്തനേഷ്യസും (AD 1887)  നവീകരണ ആശയവുമായി മുന്നോട്ടു പോയതിനാൽ, മാർ ദിയോന്യസിസും അനുയായികളും കേസ് നടത്തുകയും വിജയിക്കുകയും, മാർ തോമ്മായെ പുറത്താക്കുകയും ചെയ്‌തു (AD 1889). നവീകരണ ആശയത്തോടെ മാർ തോമ്മാ അത്തനേഷ്യസിന്റെ നേതൃത്വത്തിൽ രൂപീകൃതമായ സഭയാണ് ഇന്നത്തെ മാർ തോമ്മാ സഭ (Malankara Mar Thomma Syrian Church)
  • സീറോ മലങ്കര കത്തോലിക്കാ സഭ (Syro Malankara Catholic Church) -
    യാക്കോബായ സഭയുമായി ലയിച്ച അന്നുമുതൽ, ഒളിഞ്ഞും തെളിഞ്ഞും പുത്തൻകൂർ പഴയകൂർ ലയനത്തിനോ, കത്തോലിക്കാ  കൂട്ടായ്മയിലേക്കുള്ള തിരിച്ചു വരവിനോ ആയുള്ള ചർച്ചകൾ നടന്നിരുന്നു. 19 ആം നൂറ്റാണ്ടോടു കൂടി, പുത്തൻകൂർ വിഭാഗം പൂർണ്ണമായും പാശ്ചാത്യ സുറിയാനിവൽക്കരിക്കപ്പെട്ടിരുന്നു. AD 1912 മുതൽ, പുത്തൻകൂറിലെ ഒരു വിഭാഗം, സിറിയൻ ഓർത്തഡോൿസ് സഭയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു. ആ വിഭാഗത്തിലെ ഒരു മെത്രാൻ ആയിരുന്ന മാർ ഇവാനിയോസ്, AD 1930 ൽ കത്തോലിക്കാ സഭയുമായി പുനരൈക്യം പ്രഖ്യാപിച്ചു, പുറത്തു വന്നു. ഒരു വ്യക്തി സഭയായി വളർന്ന (AD 1932) കത്തോലിക്കാ വിശ്വാസത്തിൽ ഉള്ള, അന്ത്യോക്യൻ പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിലുള്ള ഈ സഭയാണ് സീറോ മലങ്കര കത്തോലിക്കാ സഭ (Syro Malankara Catholic Church).
  • മലങ്കര ഓർത്തഡോക്സ്‌ സഭ (Indian Orthodox Church, മെത്രാൻ കക്ഷി) -
    സിറിയൻ ഓർത്തഡോൿസ് സഭയിലെ ആഭ്യന്തരപ്രശ്നങ്ങൾ മൂലം AD 1903 ൽ, പാത്രിയാർക്കേസ് ആയിരുന്ന മാർ  അബ്ദെഡ് മ്ശിഹോ രണ്ടാമൻ പുറത്താക്കപ്പെടുകയും, മാർ അബ്ദെഡ് ആലോഹൊ രണ്ടാമൻ പാത്രിയാർക്കേസ് ആയി നിയമിക്കുകയും ചെയ്യപ്പെട്ടു. യാക്കോബായ പാത്രിയാർക്കേസിൽ നിന്നും സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന വലിയ ഒരു വിഭാഗം പുത്തൻകൂറിൽ ഉണ്ടായിരുന്നു. അവർ അവസരം മുതലാക്കി, പുറത്താക്കപ്പെട്ട, മാർ മ്ശിഹോയെ ഭാരതത്തിൽ എത്തിച്ചു (AD 1912), നൂറ്റാണ്ടുകൾക്ക് മുൻപ് ബാബിലോണിൽ ഇല്ലാതായ യാക്കോബായ സഭയുടെ മഫ്രിയാൻ, മലങ്കരയിൽ കാതോലിക്കേറ്റായി പുനർജീവിപ്പിച്ചു. മാർ ബസേലിയസ് പൗലോസ് ഒന്നാമൻ കാതോലിക്കോസ് ആയി നിയമിക്കപ്പെട്ടു. അതോടെ പുത്തൻകൂർ രണ്ടു പക്ഷമായി പിളർന്നു. AD 1958 ൽ, ഐക്യശ്രമം നടന്നെങ്കിലും AD 1975 ൽ പിളർപ്പ് പൂർത്തിയായി. ഓറിയന്റൽ ഓർത്തഡോക്സ്‌ വിശ്വാസത്തിൽ, അന്ത്യോക്യൻ പാശ്ചാത്യ സുറിയാനി പാരമ്പര്യമുള്ള ഈ സഭ, ഇന്ന് മലങ്കര ഓർത്തഡോക്സ്‌ സഭ (Indian Orthodox Church, മെത്രാൻ കക്ഷി) എന്നറിയപ്പെടുന്നു.
  • മലങ്കര യാക്കോബായ സഭ (Malankara  Jacobite Syrian Church, പാത്രിയാർക്കേസ് കക്ഷി) - സിറിയൻ ഓർത്തഡോൿസ് സഭയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗവും പുത്തൻകൂറിൽ ഉണ്ടായിരുന്നു. അവർ മാർ  അബ്ദെഡ് മ്ശിഹോയെ വ്യാജ പാത്രിയാർക്കേസ് ആയി കണക്കാക്കുകയും, മാർ അബ്ദെഡ് ആലോഹൊയുടെ പിന്നിൽ ഉറച്ചു നിൽക്കുകയും ചെയ്‌തു.  AD 1975 ൽ മാർ ബസേലിയോസ് പൗലോസ് രണ്ടാമനെ, സിറിയൻ ഓർത്തഡോൿസ് സഭ കാതോലിക്കോസ് ആയി ഉയർത്തിയതോടെ, ഈ വിഭാഗവും കാതോലിക്കേറ്റ്‌ ആയി. സിറിയൻ ഓർത്തഡോൿസ് സഭയിൽ (യാക്കോബായ), അതിലെ പാത്രിയാർക്കേസിന് പിന്നിൽ ഉറച്ചു നിൽക്കുന്ന ഈ വിഭാഗം ഇന്ന് മലങ്കര യാക്കോബായ സഭ ( Malankara  Jacobite Syrian Church, പാത്രിയാർക്കേസ് കക്ഷി) എന്നറിയപ്പെടുന്നു.
        സ്വന്തം സഭയായ സീറോ മലബാർ സഭയെയോ, അതിന്റെ പൗരസ്ത്യ സുറിയാനി പാരമ്പര്യത്തെയോ കുറിച്ച് പോലും ഒരു വ്യക്തത ഇല്ലാത്ത ഇന്നത്തെ നമ്മുടെ സഭയിൽ, സഹോദര സഭാ കുടുംബമായ അന്ത്യോക്യൻ സഭയെകുറിച്ചുള്ള പഠനത്തിന് എന്ത് അർത്ഥം എന്ന് തുടക്കത്തിൽ ചിന്തിച്ചായിരുന്നു. എങ്കിലും അറിവ് വേണ്ടവർ അറിയട്ടെ!!!

നന്ദി...

Thursday, September 14, 2017

സീറോ മലബാർ സഭയിലെ സൂനാറ-ഊറാറ അനൈക്യം

       സീറോ മലബാർ സഭ ഒരു സ്ലൈഹീക സഭയാണ്. അതിനാൽ തന്നെ വ്യക്തമായ പൗരോഹിത്യ ശുശ്രൂഷകൾ സഭയിൽ ഉണ്ട്. പൗരോഹിത്യ കർമ്മങ്ങൾ നിർവഹിക്കുമ്പോൾ, ധരിക്കാനായി അതാതു സഭകളിലെ ദൈവശാസ്ത്രത്തിന് അനുസരിച്ചുള്ള വിശുദ്ധ വസ്ത്രങ്ങൾ ഉണ്ടാകാറുണ്ട്. സീറോ മലബാർ സഭയിൽ, പൗരസ്ത്യ സുറിയാനി പാരമ്പര്യപ്രകാരം ഉള്ള വിശുദ്ധ വസ്ത്രങ്ങൾ ആണ് പുരോഹിതർ ഉപയോഗിക്കാറുള്ളത്. വി. കുർബാനയിൽ, പുരോഹിതൻ ഉപയോഗിക്കുന്ന വിശുദ്ധ വസ്ത്രങ്ങളിലെ രണ്ട് ഘടകങ്ങൾ ആണ്, സൂനാറയും ഊറാറയും.

         സീറോ മലബാർ സഭയിൽ രണ്ടു രീതിയിലാണ്, പുരോഹിതർ സൂനാറയും ഊറാറയും ധരിച്ചു കാണുന്നത്. നമ്മൾ അധികം പേരും, ഈ ഞാൻ ഉൾപ്പെടെ ഈ ഒരു വ്യത്യാസം ശ്രദ്ധിച്ചു കാണില്ല. അതിനാൽ തന്നെ എന്റെ വളരെ ചുരുങ്ങിയ സ്രോതസ്സ് വച്ച്, ഇതിനെക്കുറിച്ച് ഒരു ചെറിയ പഠനം നടത്താൻ തീരുമാനിച്ചു. ആദ്യം എന്താണ് സൂനാറയും ഊറാറയും എന്ന് പരിശോധിക്കാം.

സൂനാറ

      പുരോഹിതർ അരയിൽ കെട്ടുന്ന വിശുദ്ധ വസ്ത്രത്തിനാണ് സൂനാറ എന്ന് പറയുന്നത്. കാപ്പ (പൈന) യുടെ അതേ തരത്തിലുള്ള വസ്ത്രത്തിൽ ആണ്, ഇതും നിർമ്മിച്ചിരിക്കുന്നത്. മൂന്ന് ഇഞ്ച് വ്യാസത്തിൽ കൊത്തീനക്ക്‌ മുകളിൽ ഒരു ബെൽറ്റ് പോലെയാണ് ഇത് വൈദീകൻ കെട്ടുന്നത്. സ്ലീവാ, പ്രത്യേകിച്ച് മാർ തോമ്മാ സ്ലീവാ ഇതിൽ ഉണ്ടായിരിക്കും.  പ്രവർത്തന ശക്തിയുടെയും, സേവന മികവിന്റേയും, പുണ്യങ്ങളുടെയും പ്രതീകം ആണ് സൂനാറ. സൂനാറയെ പ്രതിപാദിക്കുന്ന കുറച്ചു വി. ബൈബിളിലെ വാക്യങ്ങൾ നമുക്ക് കുറച്ചൂടെ വ്യക്തത നൽകും.

  1. ഏശയ്യാ 11:5 - "നീതിയും വിശ്വസ്തതയും കൊണ്ട് അവൻ അര മുറുക്കും.
  2. എഫേസൂസ്‌ 6:14 - "അതിനാൽ സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ചു നിങ്ങൾ ഉറച്ചു നിൽക്കുവിൻ"
  3. ലൂക്കാ 12: 35-36 - "നിങ്ങൾ അരമുറുക്കിയും വിളക്കു കത്തിച്ചും ഇരിക്കുവിൻ. തങ്ങളുടെ യജമാനൻ കല്യാണവിരുന്നു കഴിഞ്ഞു മടങ്ങി വന്നു മുട്ടുന്ന ഉടനെ തുറന്നു കൊടുക്കുവാൻ അവന്റെ വരവും കാത്തിരിക്കുന്നവരെ പോലെ ആയിരിക്കുവിൻ."
അതായത്, കൊത്തീന ധരിച്ചതിന് ശേഷം ഡീക്കൻ / പുരോഹിതൻ അരയിൽ സൂനാറ കെട്ടുന്നു.

ഊറാറ

         സൂനാറ ധരിച്ചതിന് ശേഷം ഇടുന്ന വിശുദ്ധ വസ്ത്രമാണ് ഊറാറ. പൈനയുടെ അതേ തരത്തിലുള്ള വസ്ത്രത്തിൽ നിർമ്മിക്കപ്പെട്ട ഊറാറ, നാലാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്നതായി കാണാം. മാലാഖമാർ പറന്നു നിൽക്കുന്നതിനോടാണ് മാർ തിയോഡോർ ഊറാറയെ വിശേഷിപ്പിക്കുന്നത്. ഊറാറയുടെ സ്വതന്ത്രമായി കിടക്കുന്ന രണ്ടറ്റങ്ങളും, മാലാഖമാരുടെ ചിറകുകളോട് ഉപമിക്കാം. ഡീക്കൻ അദ്ദേഹത്തിന്റെ ഇടതു തോളിൽ, മുൻപിലും പുറകിലും തുല്യമായി നീണ്ടുകിടക്കുന്ന രീതിയിൽ ഇത് ധരിക്കുന്നു. ഇടതു തോൾ സേവന മനസ്കതയുടെയും, സേവകന്റെ വിധേയത്വവും സൂചിപ്പിക്കുന്നു. പുരോഹിതൻ രണ്ടു അറ്റവും തുല്യമായി മുന്നോട്ട് നീണ്ടുകിടക്കുന്ന രീതിയിൽ കഴുത്തിൽ അണിയുന്നു. രണ്ടറ്റവും കാൽ മുട്ടിന്  താഴെ എത്തണം. രണ്ട് അറ്റവും തുല്യമായി, സ്വതന്ത്രമായി നീണ്ടു കിടക്കുന്നത്, ഡീക്കന്റെയും പുരോഹിതന്റെയും ശുശ്രൂഷ, അടിമത്വത്തിന്റെയല്ല, സ്വാതന്ത്ര്യത്തിന്റെ ആണെന്ന് സൂചിപ്പിക്കുന്നു. തങ്ങൾ ആസ്വദിക്കുന്ന മിശിഹായിലുള്ള ഈ സ്വാതന്ത്ര്യം, ആരാധനാക്രമത്തിലൂടെ (വി. കുർബാനയും യാമനമസ്കാരങ്ങളും) ദൈവജനത്തിലേക്ക് എത്തിക്കാൻ ഊറാറ ധരിക്കുന്നത് വഴി അവർ യോഗ്യരാകുന്നു. ഒരു കാലത്തു രാജയലങ്കാരവും, ചിഹ്നവും ആയിരുന്ന ഊറാറ മാത്രമായിരുന്നു, പുരോഹിതർ പൗരോഹിത്യ കർമ്മങ്ങൾക്ക് ഉപയോഗിച്ചിരുന്നുള്ളു എന്നത്, ഊറാറയുടെ പ്രാധാന്യം വെളിവാക്കുന്നു.

സീറോ മലബാർ സഭയിൽ സൂനാറ-ഊറാറ ധാരണത്തിൽ കാണുന്ന വ്യത്യാസം 

          ഒരു കൂട്ടം വൈദീകർ ഊറാറ, സൂനാറക്കുള്ളിലൂടെ ഇടുന്നു. അതായത് ഊറാറയുടെ രണ്ട് ആറ്റങ്ങളും അരയിൽ കെട്ടിയ സൂനാറയിലൂടെ കടത്തി വിടുന്നു. മറ്റു പുരോഹിതർ ഊറാറയെ, സൂനാറക്ക് മുകളിൽ സ്വന്തന്ത്രമായി ഇടുന്നു.
       ഈ വ്യത്യസം ഈ അടുത്തകാലത്ത് മാത്രം ശ്രദ്ധിച്ചത് മൂലം എന്താണ് കാരണം എന്ന് അറിയാൻ ഞാൻ ശ്രമിച്ചു. അപ്പോൾ കിട്ടിയ വിശദീകരണം ചുവടെ ചേർക്കുന്നു.

ഊറാറയെ സൂനാറക്കു മുകളിൽ സ്വതന്ത്രമായി ഇടുന്നവർ

  • ഊറാറ, സൂനാറ ഇട്ടതിന് ശേഷം ആണ് ഇടുന്നത്. അതിനാൽ ഊറാറയെ വീണ്ടും സൂനാറക്കുള്ളിൽ ആക്കേണ്ട ആവശ്യമില്ല.
  • ഊറാറ മിശിഹായിലുള്ള സ്വാതന്ത്ര്യത്തിന്റെ പ്രതീകം ആണ്. അതിനാൽ അത് സ്വതന്ത്രമായി കിടക്കണം.
  • ഊറാറയുടെ രണ്ടു ഭാഗങ്ങളും മാലാഖമാരുടെ ചിറകുകളുടെ പ്രതീകം ആണ്. മാലാഖമാരുടെ ചിറകുകൾ ബന്ധിക്കപ്പെടാൻ പാടില്ല.
  • ഡീക്കന്റെയും പുരോഹിതന്റെയും സേവനം, മിശിഹായിലുള്ള സ്വന്തന്ത്ര്യത്തിൽ വേണം ദൈവജനത്തിന് ലഭിക്കാൻ.
  • സേവനത്തിലും വിധേയത്വത്തിലും അടിമത്വത്തിന്റെ ബന്ധനം ഉണ്ടാവാൻ പാടില്ല.


ഊറാറയെ സൂനാറക്കുള്ളിലൂടെ കടത്തി ഇടുന്നവർ

  • സൂനാറക്കുള്ളിലൂടെ ഊറാറ ഇടുന്നതിനാൽ, കഴുത്തിൽ / തോളത്തു നിന്ന് ഊർന്ന് പോകുകയോ, സ്‌ഥാനചലനം സംഭവിക്കുകയോ ഇല്ല.
  • സൂനാറക്കുള്ളിലൂടെ ഊറാറ ഇടുന്നതാണ് കാണാൻ നല്ലതു.

എന്റെ നിഗമനം
      ഈ രണ്ടു വാദങ്ങളിൽ നിന്നും എനിക്ക് തോന്നിയത്, ഊറാറയെ സൂനാറക്കു മുകളിൽ സ്വന്തന്ത്രമായി ഇടുന്നതാണ് ശരി എന്നതാണ്. ചിലപ്പോൾ മറുഭാഗത്തിന് ഉള്ള കൂടുതൽ ന്യായം എനിക്ക് ലഭിച്ചിട്ടുണ്ടാവില്ല (ന്യായങ്ങൾക്ക് സ്വാഗതം). നമ്മുടെ സഭയുടെ തലവൻ, ഊറാറയെ സൂനാറക്കു മുകളിൽ സ്വന്തന്ത്രമായി ഇടുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്. ഇത് വെറും പ്രാദേശിക വാദത്തിൽ നിന്ന് ഉളവായതോ, അല്ലേൽ വിദേശ ഭരണത്തിലൂടെ കടന്നു വന്ന ഒന്നോ ആകാൻ ആണ് സാധ്യത. ഈ വൈവിധ്യം മനോഹരമല്ലേ എന്ന് ഒരാൾ എന്നോട് ചോദിച്ചു. പല വ്യക്തി സഭകൾ തമ്മിലുള്ള ദൈവശാസ്ത്രപരമായ വൈവിധ്യങ്ങൾ തീർച്ചയായും മനോഹരമാണ്. എന്നാൽ ഒരു ദൈവശാസ്ത്രത്തിൽ അടിസ്ഥിതമായ ഒരു വ്യക്തി സഭയിൽ, പ്രാദേശിക അടിസ്ഥാനത്തിൽ വൈവിധ്യം ഉണ്ടെങ്കിൽ, അത് മനോഹരമല്ല, അരോചകം ആണ്. അതും സീറോ മലബാർ സഭ പോലുള്ള ഒരു ചെറിയ സഭയിൽ. ജില്ലാ അടിസ്ഥാനത്തിൽ ചൊല്ലുന്ന കുർബാന തൊട്ട്, ദൈവാലയത്തിന്റെ ഘടനയിൽ പോലും യോജിപ്പില്ലാത്ത നമ്മുടെ സഭയിൽ, ഈ സൂനാറ-ഊറാറ വിഷയം എന്താണ് അല്ലേ.

    വിഘടിച്ചു നിൽക്കുന്ന ഭവനം തകരും. സഭയുടെ ദൈവശാസ്ത്രത്തിന് മാത്രം പ്രാധാന്യം കൊടുത്തു, പ്രാദേശികത ഒട്ടും കണക്കിൽ എടുക്കാതെ, എല്ലാ കാര്യങ്ങളിലും യോജിപ്പോടെ നീങ്ങുന്ന ഒരു സഭക്കായി സ്വപ്‌നം കാണുന്നു. നമ്മുടെ കർത്താവായ ഈശോ മിശിഹാ, അതിന് സഭാ പിതാക്കന്മാരെ സഹായിക്കട്ടെ. ശക്തരായ, നീതിമാന്മാരായ സഭാസ്നേഹികളായ കൂടുതൽ, സഭാ പിതാക്കന്മാർ നമുക്കുണ്ടാകട്ടെ.
നന്ദി.




*** All Pictures used here from internet for representation purpose.
Thanks to Holy Qurbana Pictorial Journey & സീറോ മലബാർ സഭയുടെ കുർബാന ഒരു പഠനം for reference
Thanks to all personals, who have cleared my doubts. ***