ജെറുസലേമിന് പുറത്തു ക്രൈസ്തവ സഭ വളർന്ന ആദ്യ നഗരമാണ് അന്ത്യോക്യ. മാർ തോമ്മാ നസ്രാണികൾകളുടെ ചരിത്രത്തിൽ അന്ത്യോക്യയിലെ സഭാ പാരമ്പര്യങ്ങൾ ചെലുത്തിയ അടയാളങ്ങളാണ് കേരളത്തിലെ യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമ്മാ, മലങ്കര കത്തോലിക്കാ സഭകൾ. അതിനാൽ തന്നെ അന്ത്യോക്യ പാരമ്പര്യത്തിൽ നിന്നും ഉത്ഭവിച്ച സഭകളെ കുറിച്ച് ഒരു ലഘു വിവരണം ഉണ്ടാക്കാൻ ആഗ്രഹം തോന്നി.
അന്ത്യോക്യ
മിശിഹായുടെ കാലത്തു, റോമാ സാമ്രാജ്യത്തിലെ മൂന്നാമത്തെ പ്രധാനപ്പെട്ട നഗരം ആയിരുന്നു അന്ത്യോക്യ. ശക്‌തമായ ഗ്രീക്ക് സംസ്കാരത്തിൽ വളർന്ന ഒരു തുറമുഖ പട്ടണം ആയിരുന്നു അന്ത്യോക്യ. ഗ്രീക്ക്, സിറിയൻ, അനറ്റോളിയൻ, യഹൂദ വംശജർ അവിടെ ജീവിച്ചിരുന്നു. മിശിഹാ മാർഗ്ഗത്തിൽ വിശ്വസിച്ചിരുന്നവർക്ക്, ആദ്യമായി 'ക്രിസ്ത്യാനി' എന്ന ഗ്രീക്ക് നാമം ലഭിക്കുന്നത് ഇവിടെയാണ്.
അന്ത്യോക്യൻ സഭ
AD 34 ലെ മാർ എസ്തഫാനോസിന്റെ (Stephen) രക്‌തസാക്ഷ്യത്തോടെ ജറുസലേമിൽ നിന്നും വിശ്വാസികൾ ചിതറിക്കപ്പെട്ടു. അവരിൽ ഒരു വലിയ വിഭാഗം വന്നെത്തിയത്, തുറന്ന മനസ്സോടെ ആശയങ്ങൾ സ്വീകരിച്ചിരുന്നവർ വസിച്ച അന്ത്യോക്യയിൽ ആയിരുന്നു. പേര് പോലും അറിയാത്ത ഇവരാണ് അന്ത്യോക്യയിൽ സഭ സ്ഥാപിച്ചത്. അത് വരെ യഹൂദർക്ക് മാത്രമായിരുന്ന സുവിശേഷം, ഇവർ ഗ്രീക്കുകാർക്കും സൈപ്രസ്സ്‌കാർക്കും പകർന്നു നൽകി. വിശ്വാസം സ്വീകരിച്ച, അന്ത്യോക്യയിലെ ഗ്രീക്കുകാർ, മിശിഹായെ അവരുടെ ഗ്രീക്ക് ഭാഷയിൽ, 'ക്രിസ്തു (Christos)' എന്ന് വിളിച്ചു. അങ്ങനെ ക്രിസ്തുവിന്റെ അനുയായികൾ ആദ്യമായി ക്രിസ്ത്യാനികൾ (Christians) എന്ന് വിളിക്കപ്പെടാൻ തുടങ്ങി (Acts 11:19-26).
അന്ത്യോക്യൻ സഭക്ക് ഒരു സ്ഥാപകന്റെ നാമം ആവശ്യമുണ്ടെങ്കിൽ, അതിന് ഏറ്റവും അർഹൻ മാർ ബർണബാസ് ആണ്. അന്ത്യോക്യൻ സഭയുടെ വളർച്ചയുടെ വാർത്ത ജറുസലേമിൽ എത്തിയപ്പോൾ, മാർ ബർണബാസ് അവിടേക്ക് നിയോഗിക്കപ്പെട്ടു. മാർ പൗലോസ് ശ്ലീഹായുടെ മാനസാന്തരത്തിന് ശേഷമായതിനാൽ, AD 36 ൽ ആയിരിക്കണം അദ്ദേഹം അവിടെ എത്തിയത്. മാർ പൗലോസും മാർ ബർണബാസും അന്ത്യോക്യൻ സഭയെ ക്രൈസ്‌തവ വിശ്വാസത്തിൽ ഉഴുതുമറിച്ചു എന്ന് പറയുന്നതാവും ശരി.
അന്ത്യോക്യൻ പാത്രിയാർക്കേറ്റു
AD 50 ലെ ജറുസലേം സുനഹദോസിന് ശേഷം ആണ് മാർ ശിമയോൻ കേപ്പാ (St. Peter), അന്ത്യോക്യൻ സഭയുടെ നേതൃത്വം ഏറ്റെടുത്തത്. മാർ പൗലോസും മാർ ബർണബാസും ക്രൈസ്‌തവ വിശ്വാസത്തിൽ ഉഴുതുമറിച്ചു, നട്ടു വളർത്തിയ അന്ത്യോക്യൻ സഭയെ, മാർ കേപ്പാ ഫലഭൂയിഷ്ടമാക്കി എന്ന് കരുതിയാൽ മതി. അതിനാൽ മാർ കേപ്പായെ, അന്ത്യോക്യൻ സഭയുടെ ആദ്യ മെത്രാനായി കണക്കാക്കുന്നു.
മൂന്നാം നൂറ്റാണ്ടോടു കൂടി, മാർ കേപ്പായുടെ പിൻഗാമികൾ എന്ന അവകാശപ്പെടുന്ന റോമാ സാമ്രാജ്യത്തിലെ മൂന്ന് പ്രധാന പട്ടണങ്ങളിലെ സഭകളായ റോമായും, അലക്സാൻഡ്രിയയും, അന്ത്യോക്യയും പാത്രിയാർക്കേറ്റുകൾ എന്നറിയപ്പെടാനും, അവിടുത്തെ മെത്രാന്മാർ പാത്രിയാർക്കീസ് എന്ന് വിളിക്കപ്പെടാനും തുടങ്ങി. മാർ ശിമയോൻ കേപ്പായുടെ ശുശ്രൂഷയെ കുറിച്ച് എഴുതിയ ബ്ലോഗ് click here. ജെറുസലേം മുതൽ സിറിയ, അനറ്റോളിയ (ഇന്നത്തെ തുർക്കി), ഗ്രീക്ക് പ്രദേശങ്ങൾ പൂർണമായും അന്ത്യോക്യൻ പാത്രിയാർക്കേറ്റിന്റെ കീഴിലായിരുന്നു. നിഖ്യാ സുനഹദോസിൽ പൗരസ്ത്യ സുറിയാനി സഭ സ്വയം ഭരണാധികാര സഭയായി ഉയർന്നു. കോൺസ്റ്റാന്റിനോപ്പിൾ സുനഹദോസോടു കൂടി, ഗ്രീക്കും, അനറ്റോളിയയിലെ വലിയ പ്രദേശങ്ങളും, പുതുതായി രുപം കൊണ്ട കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കേറ്റിലേക്ക് ചേർത്തു. അതോടെ മൂന്നാം സ്ഥാനത്തു നിന്നും, നാലാം സ്‌ഥാനത്തേക്ക് അന്ത്യോക്യൻ പാത്രിയാർക്കേറ്റു, കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കേറ്റിന് വഴി മാറി. കൽക്കദോൻ സുന്നഹദോസിൽ ജറുസലേം പാത്രിയാർക്കേറ്റു രൂപീകൃതമായതോടെ, അന്ത്യോക്യൻ പാത്രിയാർക്കേറ്റു വീണ്ടും ചുരുങ്ങി.
ആദിമ സഭയിലെ പ്രധാനപ്പെട്ട ക്രൈസ്‌തവ വീക്ഷണങ്ങളിൽ ഒന്നാണ് അന്ത്യോക്യൻ മിശിഹാ വീക്ഷണം. ഈ വീക്ഷണത്തിന്റെ സന്താനങ്ങൾ ആണ് മഹാന്മാരായ മാർ നെസ്റ്റോറിയസ്, മാർ തെയോഫിലസ്, മാർ തിയോഡോർ, മാർ ക്രിസോസ്റ്റോം തുടങ്ങിയവർ.
അന്ത്യോക്യൻ പാത്രിയാർക്കേറ്റു സഭകൾ
അഞ്ചാം നൂറ്റാണ്ടോടു കൂടെ അതിർത്തികൾ ചുരുങ്ങിയ അന്ത്യോക്യൻ പാത്രിയാർക്കേറ്റിൽ, പ്രധാനമായും ഉണ്ടായിരുന്നത് അന്ത്യോക്യയും അനറ്റോളിയയും കേന്ദ്രീകരിച്ചുള്ള ഗ്രീക്ക് വംശജരും, ഇന്നത്തെ സിറിയ, തുർക്കിയുടെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള പാശ്ചാത്യ സുറിയാനി വംശജരും ആയിരുന്നു. ഇവർ തമ്മിൽ പരോക്ഷമായ അധികാര വടംവലി ഉണ്ടായിരുന്നെങ്കിലും, അന്ത്യോക്യൻ സഭ എന്നും ഗ്രീക്ക് വംശജരുടെ നിയന്ത്രണത്തിൽ ആയിരുന്നു. ഇന്ന് അന്ത്യോക്യൻ പാത്രിയാർക്കേറ്റിനു, പിൻഗാമിത്വം അവകാശപ്പെടുന്ന അഞ്ചു പാത്രിയാർക്കേറ്റു സഭകളും, അഞ്ചു പാത്രിയാർക്കീസുമാരും ഉണ്ട്. കഴിവുന്നതും പക്ഷം പിടിക്കാതെ അവരുടെ ചരിത്രം പറയാനാണ് ഞാൻ ഇനി ശ്രമിക്കുക.
മൽക്കയോ (Melkite) വിഭാഗവും, യാക്കോബായ (Jacobite) വിഭാഗവും
ഈ അഞ്ചു പാത്രിയാർക്കേറ്റുകളേയും രണ്ടു പക്ഷങ്ങളായി തിരിക്കാം. A) മൽക്കയോ (Melkite), B) യാക്കോബായ (Jacobite). AD 451 ൽ നടന്ന കൽക്കദോൻ (Council of Chalcedon) സൂനഹദോസിൽ വച്ചാണ് ഈ രണ്ടു പക്ഷങ്ങൾ ഉണ്ടാകാൻ ഉള്ള സാഹചര്യം ഉണ്ടായത്. ഈശോ മിശിഹായുടെ മനുഷ്യാവതാരത്തിലുള്ള പ്രകൃതത്തെ അടിസ്ഥാനമാക്കി, സൂനഹദോസ് തീരുമാനത്തെ അംഗീകരിക്കുന്ന ഒരു വിഭാഗവും, അംഗീകരിക്കാത്ത ഒരു വിഭാഗവും ആഗോള കത്തോലിക്കാ സഭയിൽ ഉണ്ടായി. റോമൻ, കോൺസ്റ്റാന്റിനോപ്പിൾ പക്ഷം സൂനഹദോസ് തീരുമാനം അംഗീകരിച്ചപ്പോൾ, അലക്സാൻഡ്രിയൻ പക്ഷം എതിർത്ത് പുറത്തു പോയി. ഗ്രീക്ക് സ്വാധീനത്തിൽ നിന്ന അന്ത്യോക്യൻ സഭ, സുനഹദോസിനെ അംഗീകരിക്കുന്ന നിലപാട് ആണ് സ്വീകരിച്ചത്.
എങ്കിലും അന്ത്യോക്യൻ സഭയിലെ പാശ്ചാത്യ സുറിയാനി വംശജർക്കിടയിൽ സുനഹദോസിന് എതിരായി ചില ശബ്‌ദങ്ങൾ ഉണ്ടായി. എങ്കിലും സുനഹദോസിനെ അംഗീകരിക്കുന്നവരും അല്ലാത്തവരും, മാറി മാറി അന്ത്യോക്യൻ സഭയെ നയിച്ചു. എന്നാൽ AD 518 ൽ, കിഴക്കൻ റോമൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്ന ജസ്റ്റിൻ ഒന്നാമൻ, അന്ത്യോക്യൻ പാത്രിയാർക്കീസ് ആയിരുന്ന ഗ്രീക്ക് വംശജനും കൽക്കദോൻ സൂനഹദോസ് വിരുദ്ധനുമായ മാർ സേവേര്സിനെ പുറത്താക്കുകയും, പകരം യഹൂദ വംശജനായ മാർ പൗലോസ് ഒന്നാമനെ പാത്രിയാർക്കീസ് ആയി നിയമിക്കുകയും ചെയ്‌തു.
ചക്രവർത്തി നിയമിച്ച പാത്രിയാർക്കീസിനെ, ഗ്രീക്ക് വംശജർ അംഗീകരിച്ചു. ചക്രവർത്തിയുടെ പാത്രിയാർക്കീസിനെ അംഗീകരിച്ചവർ, രാജാവിന്റെ ആൾകാർ എന്ന് സുറിയാനിയിൽ അർത്ഥമുള്ള ഗ്രീക്ക് മൽക്കയോ (Melkite) എന്ന് വിളിക്കപ്പെടാൻ തുടങ്ങി. മാർ സേവേര്സ്, അലക്സാൻഡ്രിയയിലേക്കു രക്ഷപ്പെട്ടെങ്കിലും, സിറിയൻ വംശജർക്കിടയിൽ കൽക്കദോൻ സൂനഹദോസിനോടുള്ള എതിർപ്പ് കൂടിയതേ ഒള്ളു. അവരുടെ നേതൃത്വം ഏറ്റെടുത്തു മാർ യാക്കോബ് ബാർ അദ്ദായി എന്ന സന്യാസി രംഗത്തെത്തി. മാർ സേവേര്സിന്റെ മരണത്തിനു ശേഷം, മാർ സെർഗിസിനെ പാത്രിയാർക്കീസായി അഭിഷേകം ചെയ്‌ത്, അദ്ദേഹം മറ്റൊരു അന്ത്യോക്യൻ സഭ ശാഖാ ഉണ്ടാക്കി. AD 553 ലെ രണ്ടാം കോൺസ്റ്റാന്റിനോപ്പിൾ സുനഹദോസിലെ അനുരഞ്ജന ശ്രമം പരാജയപ്പെട്ടതോടെ, അന്ത്യോക്യൻ സഭയുടെ വിഭജനം പൂർണമായി. മാർ യാക്കോബിന്റെ കൂടെ, കൽക്കദോൻ സൂനഹദോസിന് എതിരായി നിന്ന സിറിയൻ വംശജരുടെ സഭ പിന്നീട് യാക്കോബായ സഭ (Jacobite) അല്ലേൽ സിറിയൻ സഭ എന്ന് അറിയപ്പെട്ടു. ചക്രവർത്തിക്ക് എതിരായതിനാൽ തന്നെ, വളരെ പീഡനം ഏൽക്കേണ്ടി വന്നു.
A) ഗ്രീക്ക് മൽക്കയോ (Melkite) വിഭാഗം
ഗ്രീക്ക് മൽക്കയോ വിഭാഗത്തിൽ ഇന്ന് മൂന്നു പാത്രിയാർക്കേറ്റു സഭകൾ ഉണ്ട്.
1. മാറോണീത കത്തോലിക്കാ സഭ (Maronite Catholic Church)
മാറോണീത സഭ, മാർ മറോൺ എന്ന വ്യക്‌തിയെ ചുറ്റി ഉണ്ടായ ഒരു വിശ്വാസ സമൂഹത്തിൽ നിന്നും ഉണ്ടായ സഭയാണ്. നാലാം നൂറ്റാണ്ടിൽ അന്ത്യോക്യക്കു സമീപം, സന്യാസജീവിതം നയിച്ച ഒരു സിറിയൻ വംശജനായിരുന്നു മാർ മറോൺ. ധാരാളം ആൾക്കാർക്ക് വിശ്വാസം പകർന്നു കൊടുത്ത അദ്ദേഹത്തിന് ചുറ്റും ഒരു വലിയ വിശ്വാസ സമൂഹം രൂപം കൊണ്ടു. AD 410, അദ്ദേഹം മരണമടഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ ആശ്രമത്തെ ചുറ്റി പറ്റി ആ വിശ്വാസസമൂഹം വളർന്നു. സിറിയൻ വംശജരാണെങ്കിലും, കൽക്കദോൻ വിഷയത്തിൽ, അവർ ഗ്രീക്കുകാർക്കൊപ്പം നിന്നു. അതിനാൽ തന്നെ സിറിയൻ സഭയിൽ നിന്നും പീഡനം ഏൽക്കുകയും, ലെബനോനിലെ മലനിരകളിൽ അവർ താമസമാക്കുകയും ചെയ്തു. AD 685 ൽ, ഇസ്‌ലാമിക അധിനിവേശത്തെ തുടർന്ന്, ഗ്രീക്ക് അന്ത്യോക്യൻ പാത്രിയാർക്കേസുമാർ, കോൺസ്റ്റാന്റിനോപ്പിളിൽ കഴിഞ്ഞിരുന്ന വേളയിൽ, ഈ മാറോണീത വിഭാഗം, മാർ ജോൺ മറോണിനെ അവരുടെ പാത്രിയാർക്കേസ് ആയി, അന്ത്യോക്യയുടെ പാത്രിയാർക്കേസ് ആയി വാഴിച്ചു. അവരുടെ പരമ്പര ഇന്നും തുടരുന്നു. എന്നാൽ ഇതിനെ ഗ്രീക്ക്, സിറിയൻ അന്ത്യോക്യൻ സഭകൾ അംഗീകരിച്ചില്ല. കുരിശുയുദ്ധങ്ങളുടെ കാലത്തു, സംരക്ഷണത്തിനായി, ഇവർ റോമൻ സഭയുമായി അടുക്കുകയും, റോമൻ മാർപാപ്പയുമായി കൂട്ടായ്മയിൽ ആവുകയും ചെയ്‌തു. എന്നാൽ തങ്ങൾ ഒരിക്കലും റോമൻ സഭയുമായി വിശ്വാസത്തിൽ നിന്നും വ്യതിചലിച്ചിട്ടില്ല എന്നാണ് അവർ അവകാശപ്പെടുന്നത്. ഇന്ന് ഈ സഭ, കത്തോലിക്കാ സഭയിലെ ഒരു വ്യക്തി സഭയാണ്.
2. മൽക്കയോ ഗ്രീക്ക് കത്തോലിക്കാ സഭ (Melkite Greek Catholic Church of Antioch)
ഇസ്ലാമിക അധിനിവേശത്തോടെ, ബൈസാൻന്റെൻ സാമ്രാജ്യത്തിന്റെ സംരക്ഷണം, ഗ്രീക്ക് അന്ത്യോക്യൻ സഭക്ക് നഷ്‌ടമായി. നൂറ്റാണ്ടുകളോളം ഉള്ള അറബ് ഭരണം, അവരെ വലിയ തോതിൽ ഉള്ള അറബ് വൽക്കരണത്തിലേക്ക് നയിച്ചു. കുരിശ് യുദ്ധ കാലത്തു റോമൻ സഭയുമായി അവർ ചെറിയ തോതിലുള്ള സമ്പർക്കം ആരംഭിച്ചു. എങ്കിലും ഒട്ടോമൻ സാമ്രാജ്യത്തിന് കീഴിൽ വന്നതോടെ, കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കേസിന്റെ സ്വാധീനം ഇവരിൽ വർദ്ധിച്ചു. AD 1724 മാർ സിറിൽ ആറാമൻ, മൽക്കയോ ഗ്രീക്ക് അന്ത്യോക്യൻ സഭയുടെ പാത്രിയാർക്കേസായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ റോമൻസഭയുമായുള്ള ബന്ധത്തിൽ, അസ്വസ്ഥനായ കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കേസ് മാർ ജറെമിയാസ് മൂന്നാമൻ അദ്ദേഹത്തെ തൽസ്ഥാനത്തു നിന്നും പുറത്താക്കി. പകരം മാർ സിൽവെസ്റ്ററിനെ അന്ത്യോക്യയുടെ പാത്രിയാർക്കേസ് ആയി വാഴിച്ചു. കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കേസിന്റെ, അന്ത്യോക്യൻ സഭയുടെ ആഭ്യന്തര കാര്യത്തിലുള്ള ഇടപെടലിൽ ജനങ്ങൾ അസ്വസ്ഥരായി. AD 1729 ൽ, റോമൻ മാർപാപ്പ ബെനഡിക്ട് പതിമൂന്നാമൻ, മാർ സിറിളിനെ, അന്ത്യോക്യൻ സഭയുടെ പാത്രിയാർക്കേസായി അംഗീകരിച്ചു. ഒട്ടോമൻ പിന്തുണ ഉണ്ടായിരുന്ന മാർ സിൽവെസ്റ്റിൽ നിന്നും ഒട്ടോമൻ പടയുടെ സഹായത്താൽ, കടുത്ത പീഡനം മാർ സിറിളിനും അനുയായികൾക്കും ഏൽക്കേണ്ടി വന്നു. അറബി ഭാഷ സംസാരിക്കുന്നവർ കൂടുതലും സിറിലിനൊപ്പമാണ് നിന്നത്. റോമൻ സഭയുമായി കൂട്ടായ്മയിൽ വന്ന ഈ സഭ പിന്നീട് അന്ത്യോക്യയുടെ മൽക്കയോ ഗ്രീക്ക് കത്തോലിക്കാ സഭ (Melkite Greek Catholic Church of Antioch) എന്ന വ്യക്തിസഭയായി അറിയപ്പെടുന്നു.
3. അന്ത്യോക്യയുടെ ഗ്രീക്ക് ഓർത്തഡോക്സ് സഭ (Greek Orthodox Church of Antioch)
അറബ് വൽക്കരിക്കപ്പെട്ടെങ്കിലും, ഗ്രീക്ക് സംസ്കാരത്തോട് താല്പര്യമുള്ള ജനങ്ങൾ മാർ സിൽവെസ്റ്ററിനൊപ്പമാണ് നിന്നത്. അദ്ദേഹത്തിനൊപ്പം നിന്നവർ, മൽക്കയോ (Melkite) എന്ന പേര് ഉപേക്ഷിച്ചു അന്ത്യോക്യയുടെ ഗ്രീക്ക് ഓർത്തഡോക്സ് സഭ (Greek Orthodox Church of Antioch) എന്ന് ഇന്ന് അറിയപ്പെടുന്നു. കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കേസിന്റെ നിയന്ത്രണത്തിൽ നിന്ന ഈ സഭ രണ്ടു നൂറ്റാണ്ടോളം ഗ്രീക്ക് വംശജരാണ് നയിച്ചത്. ഇന്ന് സിറിയൻ അറബ് വംശജർ സഭ നയിക്കുന്നു. പൗരസ്ത്യ ഓർത്തഡോക്സ് വിശ്വാസ സമൂഹത്തിൽ ആണ് ഇവർ ഉൾപ്പെടുന്നത്.
B) സുറിയാനി അന്ത്യോക്യൻ സഭ (യാക്കോബായ) വിഭാഗം
സുറിയാനി അന്ത്യോക്യൻ സഭ വിഭാഗത്തിൽ രണ്ടു പാത്രിയാർക്കേറ്റുകൾ ആണുള്ളത്.
4. സിറിയൻ കത്തോലിക്കാ സഭ (Syrian Catholic Church of Antioch)
17 ആം നൂറ്റാണ്ടോടു കൂടി, റോമൻ സഭയിൽ നിന്നും മിഷനറിമാർ, സിറിയൻ അന്ത്യോക്യൻ സഭാ വിശ്വാസികൾക്കിടയിൽ പ്രവർത്തനം ആരംഭിച്ചു. ഏതാനും പതിറ്റാണ്ടുകൾ കൊണ്ട്, കത്തോലിക്കാ സഭയുമായി ഐക്യപ്പെടാൻ ആഗ്രഹമുള്ള ഒരു വലിയ സമൂഹത്തെ സുറിയാനി അന്ത്യോക്യൻ സഭയിൽ വളർത്തി എടുത്തു. ഈ കത്തോലിക്കാ പക്ഷത്തിന്റെ സ്വാധീനത്തിന്റെ ഫലമായി, റോമൻ സഭയുമായി അടുപ്പമുണ്ടായിരുന്ന മാർ ആൻഡ്രൂ അഖീദജാൻ, AD 1662 ൽ സുറിയാനി അന്ത്യോക്യൻ സഭയുടെ പാത്രിയാർക്കേസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. കത്തോലിക്കാ വിരുദ്ധപക്ഷം, ഈ തീരുമാനത്തെ എതിർത്തെങ്കിലും, ഒട്ടോമൻ ചക്രവർത്തി തിരഞ്ഞെടുപ്പ് അംഗീകരിച്ചതിനാൽ, രഹസ്യമായി മാർ അബ്ദുൽ മസീഹിനെ പാത്രിയാർക്കേസ് ആയി തിരഞ്ഞെടുത്തു. പാത്രിയാർക്കേസ് മാർ ആൻഡ്രൂവിന്റെ കാലശേഷം, വിമത പാത്രിയാർക്കേസ് മാർ അബ്ദുൽ മസീഹ് താൻ കത്തോലിക്കാ വിശ്വാസി ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു പാത്രിയാർക്കേസ് ആയി. എന്നാൽ ഒട്ടോമൻ ചക്രവർത്തിയുടെ അംഗീകാരത്തിന്റെ ഫിർമൻ കയ്യിൽ വന്ന നിമിഷം അദ്ദേഹം, കത്തോലിക്കാ വിശ്വാസം തള്ളിപറഞ്ഞു. ചതി മനസിലാക്കിയ കത്തോലിക്കാ പക്ഷം പകരം മാർ ഗ്രിഗറി ഷഹബാദിനെ പാത്രിയാർക്കേസ് ആയി വാഴിച്ചു (AD 1667). അതോടെ അബ്ദുൽ മസീഹ് പക്ഷം ഒട്ടോമൻ സഹായത്തോടെ, കത്തോലിക്കാ പക്ഷത്തെ കഠിനമായി പീഡിപ്പിച്ചു. മാർ ഷഹബാദിൻ ദുരുഹസാഹചര്യത്തിൽ മരണം അടയുകയും (AD 1702), പ്രമുഖ കത്തോലിക്കാ പക്ഷക്കാർ തടവറയിൽ ആകുകയോ, നാടുവിടുകയോ ചെയ്തതിനാൽ, കത്തോലിക്കാ വിശ്വാസികൾ നിശബ്ദരായി.
AD 1782 ൽ, മാർ മിഖായേൽ ഗർവാഹിനെ, പാത്രിയാർക്കേസ് ആയി സുറിയാനി അന്ത്യോക്യൻ സഭ സിനഡ് തിരഞ്ഞെടുത്തു. അടുത്ത വർഷം നടന്ന സ്ഥാനാരോഹണ ചടങ്ങിൽ, അദ്ദേഹം തന്റെ കത്തോലിക്കാ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചു. ഇതിൽ അസ്വസ്ഥരായ രണ്ടു മെത്രാന്മാർ, കുറച്ചു സന്യാസിമാരെ മെത്രാന്മാരായി വാഴിച്ച ശേഷം പുതിയ ഒരു തിരഞ്ഞെടുപ്പു നടത്തുകയും, തങ്ങളിൽ ഒരാളെ (മാർ മത്താ സാലബ്) പാത്രിയാർക്കേസ് ആയി വാഴിക്കുകയും ചെയ്‌തു (AD 1783). കുർദുകളുടെ സഹായത്തോടെ മാർ ഗർവാഹിനെയും കൂട്ടരെയും ആക്രമിച്ച മാർ സാലബ്, കവർച്ച നടത്തിയ പണവുമായി ആദ്യം ഒട്ടോമൻ ചക്രവർത്തിയുടെ അടുത്തെത്തി ഫിർമൻ വാങ്ങി. അതിനാൽ ഒട്ടോമൻ സർക്കാർ, മാർ ഗർവാഹിനെ വിമതനായി കണക്കാക്കി തടങ്കലിൽ ആക്കി. മോചനദ്രവ്യം നൽകിയ അദ്ദേഹം വേഷപ്രഛന്നനായി, ലെബനോനിൽ എത്തി താമസമാക്കി. അദ്ദേഹത്തെ സുറിയാനി അന്ത്യോക്യൻ സഭയുടെ പാത്രിയാർക്കേസ് ആയി റോമൻ മാർപാപ്പ അംഗീകരിക്കുകയും, പാലിയം നൽകുകയും ചെയ്‌തു. അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരാണ് ഇന്ന് കത്തോലിക്കാ സഭയിലെ ഒരു വ്യക്തി സഭയായ സിറിയൻ കത്തോലിക്കാ സഭ (Syrian Catholic Church of Antioch) എന്ന് അറിയപ്പെടുന്നത്. സിറിയൻ കത്തോലിക്കാ സഭയുടെ പാത്രിയാർക്കേസ് ആണ് ഈ വർഷം, സിറോ മലങ്കര സഭയുടെ ക്ഷണപ്രകാരം കേരളം സന്ദർശിച്ചത്.
5. സിറിയൻ ഓർത്തഡോൿസ് സഭ (Syriac Orthodox Church of Antioch)
AD 1783ലെ കത്തോലിക്കാ, കത്തോലിക്കാ വിരുദ്ധ പക്ഷങ്ങൾ തമ്മിലുള്ള പിളർപ്പിന് ശേഷം, ഒട്ടോമൻ സഹായത്തോടെ കത്തോലിക്കാ വിരുദ്ധ പക്ഷത്തിൽ മാർ മത്താ സാലബ് പാത്രിയാർക്കേസ് ആയി. ഒട്ടോമൻ പിന്തുണ ഉള്ളതുമൂലം, ഭൂരിപക്ഷം ദൈവാലയങ്ങളും, സന്യാസ ആശ്രമങ്ങളും ഈ പക്ഷം പിടിച്ചെടുത്തു. ഈ കത്തോലിക്കാ വിരുദ്ധ പക്ഷത്തിൽ നിന്നും വളർന്ന സഭയാണ് ഇന്നത്തെ സിറിയൻ ഓർത്തഡോൿസ് സഭ (Syriac Orthodox Church of Antioch). ഓറിയന്റൽ ഓർത്തഡോൿസ് എന്ന വിശ്വാസം സൂക്ഷിക്കുന്ന ഇവർ, പണ്ടത്തെ യാക്കോബായ എന്ന പേരിലും അറിയപ്പെടുന്നു.
അന്ത്യോക്യൻ പാരമ്പര്യമുള്ള മലബാർ/മലങ്കരയിലെ സഭകൾ
അന്ത്യോക്യൻ സഭകളെ കുറിച്ച് പറയുമ്പോൾ, കേരളത്തിലെ പ്രധാന അന്ത്യോക്യൻ പാരമ്പര്യമുള്ള സഭകളെക്കുറിച്ചു ചെറിയ ഒരാമുഖം എഴുതാതെ വയ്യ. AD 1665 ൽ ആണ്, പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ഉള്ള, കത്തോലിക്കാ വിശ്വാസത്തിൽ ആയിരുന്ന മാർ തോമ്മാ നസ്രാണികൾക്കിടയിലെ പുത്തൻകൂർ വിഭാഗം, കൂനൻ കുരിശ് സത്യത്തെ തുടർന്നുള്ള ആഭ്യന്തര പ്രശനങ്ങൾക്കിടയിൽ പാശ്ചാത്യ സുറിയാനി പാരമ്പര്യമുള്ള, സുറിയാനി അന്ത്യോക്യൻ (യാക്കോബായ) സഭയിൽ ലയിക്കുന്നത്.
- മാർ തോമ്മാ സഭ (Malankara Mar Thomma Syrian Church) - ബ്രിട്ടീഷ് മിഷനറിമാരുടെ പ്രവർത്തനം മൂലം, പുത്തൻകൂർ വിഭാഗത്തിനിടയിൽ നവീകരണ ആശയങ്ങൾ ഉടലെടുക്കാൻ തുടങ്ങി. അതിനു നേതൃത്വം വഹിച്ച അബ്രഹാം മല്‌പാൻ, തന്റെ ബന്ധുവായ മാർ മത്തായി അത്തനേഷ്യസിനെ പുത്തൻകൂർ മെത്രനായി, സിറിയൻ ഓർത്തഡോൿസ് പാത്രിയാർക്കേസിനെ കൊണ്ട് വാഴിച്ചു (AD 1852). നവീകരണത്തെ എതിർത്ത വിഭാഗങ്ങൾ, AD 1865 ൽ മാർ ദിയോന്യസിസ് അഞ്ചാമനെ സിറിയൻ ഓർത്തഡോൿസ് പാത്രിയാർക്കേസിനെ കൊണ്ട് മെത്രാനായി വാഴിച്ചു. മാർ മത്തായിയുടെ പിൻഗാമയിയായ മാർ തോമ്മാ അത്തനേഷ്യസും (AD 1887) നവീകരണ ആശയവുമായി മുന്നോട്ടു പോയതിനാൽ, മാർ ദിയോന്യസിസും അനുയായികളും കേസ് നടത്തുകയും വിജയിക്കുകയും, മാർ തോമ്മായെ പുറത്താക്കുകയും ചെയ്‌തു (AD 1889). നവീകരണ ആശയത്തോടെ മാർ തോമ്മാ അത്തനേഷ്യസിന്റെ നേതൃത്വത്തിൽ രൂപീകൃതമായ സഭയാണ് ഇന്നത്തെ മാർ തോമ്മാ സഭ (Malankara Mar Thomma Syrian Church)
- സീറോ മലങ്കര കത്തോലിക്കാ സഭ (Syro Malankara Catholic Church) - യാക്കോബായ സഭയുമായി ലയിച്ച അന്നുമുതൽ, ഒളിഞ്ഞും തെളിഞ്ഞും പുത്തൻകൂർ പഴയകൂർ ലയനത്തിനോ, കത്തോലിക്കാ കൂട്ടായ്മയിലേക്കുള്ള തിരിച്ചു വരവിനോ ആയുള്ള ചർച്ചകൾ നടന്നിരുന്നു. 19 ആം നൂറ്റാണ്ടോടു കൂടി, പുത്തൻകൂർ വിഭാഗം പൂർണ്ണമായും പാശ്ചാത്യ സുറിയാനിവൽക്കരിക്കപ്പെട്ടിരുന്നു. AD 1912 മുതൽ, പുത്തൻകൂറിലെ ഒരു വിഭാഗം, സിറിയൻ ഓർത്തഡോൿസ് സഭയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു. ആ വിഭാഗത്തിലെ ഒരു മെത്രാൻ ആയിരുന്ന മാർ ഇവാനിയോസ്, AD 1930 ൽ കത്തോലിക്കാ സഭയുമായി പുനരൈക്യം പ്രഖ്യാപിച്ചു, പുറത്തു വന്നു. ഒരു വ്യക്തി സഭയായി വളർന്ന (AD 1932) കത്തോലിക്കാ വിശ്വാസത്തിൽ ഉള്ള, അന്ത്യോക്യൻ പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിലുള്ള ഈ സഭയാണ് സീറോ മലങ്കര കത്തോലിക്കാ സഭ (Syro Malankara Catholic Church).
- മലങ്കര ഓർത്തഡോക്സ് സഭ (Indian Orthodox Church, മെത്രാൻ കക്ഷി) - സിറിയൻ ഓർത്തഡോൿസ് സഭയിലെ ആഭ്യന്തരപ്രശ്നങ്ങൾ മൂലം AD 1903 ൽ, പാത്രിയാർക്കേസ് ആയിരുന്ന മാർ അബ്ദെഡ് മ്ശിഹോ രണ്ടാമൻ പുറത്താക്കപ്പെടുകയും, മാർ അബ്ദെഡ് ആലോഹൊ രണ്ടാമൻ പാത്രിയാർക്കേസ് ആയി നിയമിക്കുകയും ചെയ്യപ്പെട്ടു. യാക്കോബായ പാത്രിയാർക്കേസിൽ നിന്നും സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന വലിയ ഒരു വിഭാഗം പുത്തൻകൂറിൽ ഉണ്ടായിരുന്നു. അവർ അവസരം മുതലാക്കി, പുറത്താക്കപ്പെട്ട, മാർ മ്ശിഹോയെ ഭാരതത്തിൽ എത്തിച്ചു (AD 1912), നൂറ്റാണ്ടുകൾക്ക് മുൻപ് ബാബിലോണിൽ ഇല്ലാതായ യാക്കോബായ സഭയുടെ മഫ്രിയാൻ, മലങ്കരയിൽ കാതോലിക്കേറ്റായി പുനർജീവിപ്പിച്ചു. മാർ ബസേലിയസ് പൗലോസ് ഒന്നാമൻ കാതോലിക്കോസ് ആയി നിയമിക്കപ്പെട്ടു. അതോടെ പുത്തൻകൂർ രണ്ടു പക്ഷമായി പിളർന്നു. AD 1958 ൽ, ഐക്യശ്രമം നടന്നെങ്കിലും AD 1975 ൽ പിളർപ്പ് പൂർത്തിയായി. ഓറിയന്റൽ ഓർത്തഡോക്സ് വിശ്വാസത്തിൽ, അന്ത്യോക്യൻ പാശ്ചാത്യ സുറിയാനി പാരമ്പര്യമുള്ള ഈ സഭ, ഇന്ന് മലങ്കര ഓർത്തഡോക്സ് സഭ (Indian Orthodox Church, മെത്രാൻ കക്ഷി) എന്നറിയപ്പെടുന്നു.
- മലങ്കര യാക്കോബായ സഭ (Malankara Jacobite Syrian Church, പാത്രിയാർക്കേസ് കക്ഷി) - സിറിയൻ ഓർത്തഡോൿസ് സഭയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗവും പുത്തൻകൂറിൽ ഉണ്ടായിരുന്നു. അവർ മാർ അബ്ദെഡ് മ്ശിഹോയെ വ്യാജ പാത്രിയാർക്കേസ് ആയി കണക്കാക്കുകയും, മാർ അബ്ദെഡ് ആലോഹൊയുടെ പിന്നിൽ ഉറച്ചു നിൽക്കുകയും ചെയ്‌തു. AD 1975 ൽ മാർ ബസേലിയോസ് പൗലോസ് രണ്ടാമനെ, സിറിയൻ ഓർത്തഡോൿസ് സഭ കാതോലിക്കോസ് ആയി ഉയർത്തിയതോടെ, ഈ വിഭാഗവും കാതോലിക്കേറ്റ് ആയി. സിറിയൻ ഓർത്തഡോൿസ് സഭയിൽ (യാക്കോബായ), അതിലെ പാത്രിയാർക്കേസിന് പിന്നിൽ ഉറച്ചു നിൽക്കുന്ന ഈ വിഭാഗം ഇന്ന് മലങ്കര യാക്കോബായ സഭ ( Malankara Jacobite Syrian Church, പാത്രിയാർക്കേസ് കക്ഷി) എന്നറിയപ്പെടുന്നു.
സ്വന്തം സഭയായ സീറോ മലബാർ സഭയെയോ, അതിന്റെ പൗരസ്ത്യ സുറിയാനി പാരമ്പര്യത്തെയോ കുറിച്ച് പോലും ഒരു വ്യക്തത ഇല്ലാത്ത ഇന്നത്തെ നമ്മുടെ സഭയിൽ, സഹോദര സഭാ കുടുംബമായ അന്ത്യോക്യൻ സഭയെകുറിച്ചുള്ള പഠനത്തിന് എന്ത് അർത്ഥം എന്ന് തുടക്കത്തിൽ ചിന്തിച്ചായിരുന്നു. എങ്കിലും അറിവ് വേണ്ടവർ അറിയട്ടെ!!!
നന്ദി...
Very Nice Article. Thanks
ReplyDeleteവളരെ വ്യക്തമായും ലളിതമായും വിവരിച്ചിരിക്കുന്നു... Thanks.
ReplyDelete