Saturday, February 23, 2019

Part 2 - വാർദ്ധക്യം ബാധിക്കുന്ന സുറിയാനി നസ്രാണി ഭവനങ്ങൾ - പരിഹാരങ്ങൾ


"ഈശോ മിശിഹായ്ക്കു സ്തുതി ആയിരിക്കട്ടെ."

വാർദ്ധക്യം ബാധിക്കുന്ന സുറിയാനി നസ്രാണി ഭവനങ്ങൾ (http://chacko-mappila.blogspot.com/2017/07/blog-post_13.html) എന്ന എൻ്റെ ആദ്യ ബ്ലോഗ് വായിച്ചു എന്ന് കരുതുന്നു. ആ ബ്ലോഗ് മൂലം, ഒരു ആത്മാവിന് എങ്കിലും, മനുഷ്യ ശരീരം ലഭിച്ചെങ്കിൽ, ആ നന്മ ഒന്ന് മാത്രം എനിക്ക് ധാരാളം.

വിനാശത്തെ മുൻകൂട്ടി പറയുക മാത്രമല്ലല്ലോ, അതിനു പരിഹാരം നിർദേശിക്കുക എന്നതും നിബ്യൻ്റെ ദൗത്യം ആണല്ലോ. എൻ്റെ സമുദായം വാർദ്ധക്യത്തിൽ നിന്നും ചെറുപ്പത്തിലേക്കു കടക്കുവാൻ, മനസ്സിൽ ഉദിച്ച ചുരുക്കം ചില നിർദ്ദേശങ്ങൾ ഇവിടെ കുറിക്കുക ആണ്. വളരെ ലളിതമായ കാര്യങ്ങൾ ആണ്. അമ്മയുടെ വയറ്റിൽ ഉരുവാകുന്ന മുതൽ കബറിൽ അടക്കപ്പെടുന്നത് വരെ ആണല്ലോ മനുഷ്യ ജീവിതം ഈ മണ്ണിൽ. ഈ കാലയളവിലെ വിവിധ സാഹചര്യങ്ങളെ ഞാൻ പഠനവിഷയം ആക്കുകയാണ്. വിട്ടു പോയ എന്തേലും ഉണ്ടേൽ ഓർമ്മിപ്പിക്കുക.



അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം 

എല്ലാ മാതാപിതാക്കന്മാരും ഏറ്റവും സന്തോഷിക്കുന്ന നിമിഷമാണ്. ഒരു അത്മാവിനു മനുഷ്യ ശരീരം ലഭിക്കുകയും, ജീവിച്ചു പറുദീസാ പുൽകാൻ അവസരം കൊടുക്കുകയും ചെയ്ത ആ മാതാപിതാക്കൾ അനുഗ്രഹീതർ. ഗർഭകാല ഭയങ്ങളും, ആകുലതകളും പ്രസവചിന്തകളും ഒഴിവാക്കുക. ഉരുവാക്കിയ ദൈവം, പ്രജനനവും നടത്തും. ആത്മീയമായി ശക്തിപ്പെടുക, ഒപ്പം ഡോക്‌ടര്‍ കൽപ്പിക്കുന്ന കാര്യങ്ങൾ ചെയ്‌തു ശരീരത്തെയും.

പ്രസവം

പ്രസവത്തിനു തിരഞ്ഞെടുക്കുന്ന ആശുപത്രിയെയും ഡോക്‌ടറേയും കുറിച്ച് ആദ്യമേ ഒരു പഠനം നടത്തണം. അവിടെ ഉള്ള പ്രസവത്തിൽ 25 ശതമാനത്തിൽ കൂടുതൽ C-section ആണെങ്കിൽ (അത് തന്നെ കൂടുതലാണ്), ഉപേക്ഷിക്കുന്നത് ആണ് നല്ലത്. ആശുപത്രികളിൽ അല്ലേൽ ചില പ്രത്യേക ഡോക്‌ടറുടെ കീഴിൽ C-section കൂടുന്നത് എന്തു കൊണ്ടാണെന്നു അറിയാമല്ലോ. അവസാന നിമിഷത്തെ അവരുടെ നാടക സമയത്തു, തരുന്ന കടലാസുകളിൽ ഒപ്പിടാനേ നമുക്ക് സാധിക്കൂ.

C-section സഭ നിയന്ത്രിക്കുക

സഭയുടെ നിയന്ത്രണത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം ധാരാളം ആശുപത്രികൾ ഉണ്ടല്ലോ. സഭയുടെ ആശുപത്രിയിൽ, C-section പരിധിയിൽ കൂടുന്നുണ്ടോ എന്ന് അറിയാൻ ഒരു നിരീക്ഷിണ സംവിധാനം ഉണ്ടാക്കണം. C-section കൂടുന്നിടത്തു, അതിനു ഉത്തരവാദികൾ ആയവരെ വേണ്ട രീതിയിൽ സഭ കൈകാര്യം ചെയ്യണം.

പ്രസവം നിർത്തൽ ശസ്ത്രക്രിയ നിരുത്സാഹപ്പെടുത്തുക

ഇന്ന് രണ്ടു കുട്ടികൾ ഉണ്ടായ ഉടനെ ഉള്ള കാര്യമാണ് പ്രസവം നിർത്തൽ ശസ്ത്രക്രിയ. സിറോ മലബാർ സഭയുടെ ആശുപത്രികളിൽ അത് ചെയ്തു കൊടുക്കുന്നില്ല എന്ന് തോന്നുന്നു. സഭയുടെ എക്യൂമെനിക്കൽ വേദികളിൽ, മറ്റു ക്രൈസ്‌തവ സഭകളുടെ അല്ലേൽ വ്യക്തികളുടെ ആശുപത്രികളിലും പ്രസവം നിർത്തൽ ശസ്ത്രക്രിയ, ജീവൻ രക്ഷിക്കേണ്ട ഘട്ടത്തിൽ അല്ലാതെ ചെയ്യില്ല എന്ന തീരുമാനം ഉണ്ടാക്കാൻ ശ്രമിക്കണം. പ്രസവം നിറുത്താൻ വരുന്നവർക്കു, അതിൻ്റെ ദൂഷ്യഫലങ്ങൾ മനസ്സിലാക്കി കൊടുക്കാൻ ഉള്ള പരിശീലനം സഭയുടെ ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്കും, പഠിക്കുന്നവർക്കും കൊടുക്കണം. പ്രസവം നിർത്താൻ ഉള്ള ശസ്ത്രക്രിയക്കു ശേഷം, മക്കൾ മരിച്ചു അനാഥരായ മാതാപിതാക്കൾ ഇന്ന് നമ്മുടെ ഇടയിൽ ധാരാളം ആണല്ലോ.

മക്കളെ എങ്ങനെ വളർത്തും എന്ന ചിന്ത

ഭാവിയെക്കുറിച്ചു വേവലാതിപ്പെടുന്ന ഏക ജീവി മനുഷ്യനാണ്. വളരെ അനിശ്ചിതമായ ജീവിത സാഹചര്യം ഉള്ള 21 ആം നൂറ്റാണ്ടിൽ ആ വേവലാതി ന്യായവുമാണ്. ഒന്നും ഇല്ലെങ്കിലും സൗജന്യ വിദ്യാഭ്യാസവും, ഭക്ഷണ ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്തുന്ന ശക്‌തിയിലേക്കു നമ്മുടെ രാജ്യം എത്തി തുടങ്ങിട്ടുണ്ട്. അപ്പൊ ആ വേവലാതി അപ്രസക്തമാണ്. ഒരു മുന്നോക്ക സമുദായം എന്ന നിലയിൽ, രാജ്യത്തിന് അങ്ങോട്ടു മാത്രം കൊടുക്കുന്ന സമുദായം ആണ് നമ്മൾ. അങ്ങനെ ഉള്ള നാം, നമുക്ക് ഏതേലും കാരണവശാൽ മോശം സാഹചര്യം ഉണ്ടായാൽ, രാജ്യം തരുന്ന ഈ സേവനങ്ങൾ സ്വീകരിക്കാൻ മടി കാണിക്കേണ്ടതില്ല. അത് മാത്രമല്ല, ലോകത്തിലെ ഏറ്റവും ശക്തമായ അടിത്തറ ഉള്ള, സഭ സംവിധാനത്തിൽ ആണ് നമ്മൾ അംഗമായിരിക്കുന്നത്.

മക്കൾക്ക് എന്ത് ജോലി ലഭിക്കും

ജനിച്ചു പത്തു ദിവസം കഴിഞ്ഞ കൊച്ചു, ആരെ കെട്ടും, എന്ത് ജോലി ചെയ്യും എന്നൊക്കെ ചിന്തിക്കുന്ന ആൾക്കാരെ കണ്ടിട്ടുണ്ട്. ഒരു 25 വർഷം കഴിഞ്ഞു എങ്ങനെ ഉള്ള തൊഴിലുകൾ ആയിരിക്കും ഉണ്ടാവുക എന്ന് പ്രവചിക്കുക അസാധ്യമാണ്. യുദ്ധങ്ങളും ഭൂകമ്പങ്ങളും രാജ്യങ്ങളുടെ വികസനവും എല്ലാം ആയിരിക്കും അന്നത്തെ തൊഴിലുകൾ നിശ്ചയിക്കുക. ഏതു സാഹചര്യത്തിലും സത്യസന്ധതയും, ആത്മാർത്ഥതയും, ശക്തമായ സമുദായ ശക്തിയും ആയിരിക്കും തൊഴിൽ ലഭിക്കുന്നതിൽ നിർണ്ണായകം. അതിൽ മക്കളെ പരിശീലിപ്പിക്കുക.

കുട്ടികളുടെ സഹോദര സ്നേഹവും ആത്മ വിശ്വാസവും വർധിപ്പിക്കുക

ചെറുപ്പത്തിൽ പരിശീലിപ്പിക്കപ്പെടുന്ന സഹോദര സ്നേഹവും, ആത്മവിശ്വാസവും ആണ്, ഒരു കുട്ടിക്കു ഭാവി കുടുംബ ജീവിതവും സാമൂഹിക ജീവിതവും അഭിമുഖീകരിക്കാൻ ഉള്ള ആദ്യ പാഠം നൽകുന്നത്.

ദൈവവിശ്വാസം

ദൈവവിശ്വാസം ഉള്ള വ്യക്തി തകരില്ല. കാരണം ഏതു നല്ല കാലം ഉണ്ടായാലും കഷ്ടകാലം ഉണ്ടായാലും, ഇതും കടന്നു പോകും എന്ന് ചിന്തിക്കാനും അവയെ നേരിടാനും അവരെ പ്രാപ്തരാക്കും. മനുഷ്യ ജീവിതം എളുപ്പം അല്ലല്ലോ. അതാണല്ലോ അതിൻ്റെ ഭംഗിയും.

കുടുംബ സ്നേഹവും, സഭാ സ്നേഹവും, സമുദായ സ്നേഹവും, ദേശസ്നേഹവും 

ഒരു മനുഷ്യൻ്റെ മേൽവിലാസം എന്നാൽ അവൻ സ്‌കൂളിലും കോളേജിലും പഠിച്ച ആയിരം പുസ്തകങ്ങൾ അല്ല. അവൻ്റെ അപ്പൻ, അമ്മ, കുടുംബം, വിശ്വാസം,  പാരമ്പര്യം, സമുദായം, ദേശം എന്നിവയാണ്. എന്നാൽ നിർഭാഗ്യം എന്ന് പറയട്ടെ, ആയിരക്കണക്കിന് പുസ്തകങ്ങളുടെ ഇടയിൽ ഇവ മുങ്ങി പോകുന്നു. മാതാപിതാക്കൾ അവർ ആരെന്നു ഉള്ളു തുറന്നു മക്കൾക്ക് കാണിച്ചു കൊടുക്കണം. അവരുടെ കുടുംബത്തെ കുറിച്ചും ബന്ധുക്കളെ കുറിച്ചും പറഞ്ഞു കൊടുക്കണം. അങ്കിൾ - ആന്റി വിളി കുറച്ചു, ബന്ധങ്ങളുടെ പേരായ അപ്പാപ്പൻ, പേരപ്പൻ, അമ്മായി എന്നൊക്കെ വിളിക്കാൻ പഠിപ്പിക്കണം. സ്വന്തം സഭ, അതായത് സത്വം എന്താണ് എന്ന് പഠിപ്പിക്കണം. സുറിയാനി പാരമ്പര്യത്തിലെ ഇന്ന സഭയാണെന്നും, ഈ സഭയുടെ ചരിത്രം ഇന്നതാണെന്നും, ഇതിലെ സഭാ പിതാക്കന്മാർ ഇന്നവർ ആന്നെന്നും, ഈ സഭയുടെ ദൈവശാസ്ത്രം ഇന്നതാണെന്നും, ഈ സഭയുടെ നൂറ്റാണ്ടുകളയുള്ള പാരമ്പര്യങ്ങൾ ഇന്നതാണെന്നും വ്യക്തമായി കുഞ്ഞുങ്ങൾക്ക് മനസ്സിലാക്കി കൊടുക്കണം. അതിനു മാതാപിതാക്കൾ, സ്വയം ഇവയെകുറിച്ചു ഒരു പഠനം നടത്തണം. സഭ അതിനു സഹായിക്കണം. വർഷം തോറും നടക്കുന്ന ഇടവക ധ്യാനങ്ങളിൽ ഒരു ദിവസം എങ്കിലും സഭാ പഠനങ്ങൾക്കായി സഭ മാറ്റി വയ്ക്കണം. ചെറുപ്പത്തിലേ ഒരു കുട്ടിയിൽ, അതിൻ്റെ സഭാ ബോധവും, ബോധ്യവും അത് വഴി സ്വന്തം അസ്തിത്വം എന്താണെന്ന ബോധവും ലഭിച്ചാൽ, പിന്നെ എവിടെ കൊണ്ട് ഇട്ടാലും അത് സങ്കര ഇനമാകുകയോ, കാണുന്നവരുടെ കൂടെ പോകുകയോ ഇല്ല. സഭാ ബോധം ഉണ്ടായാൽ, സമുദായ ബോധം താനേ ഉണ്ടാകും. സുറിയാനി സമുദായം എന്നാൽ എന്താണെന്നും, എൻ്റെ നിലനിൽപ്പിന് എൻ്റെ സമുദായം ആവശ്യമാണെന്നും, സമുദായത്തിന്റെ നിലനിൽപ്പിനു എൻ്റെ സേവനം ആവശ്യമാണെന്നും ഉള്ള ബോധ്യം കുട്ടികളിൽ ഉണ്ടാക്കണം. സഭയുടെ നേരിട്ടുള്ള സംഘടനകളിൽ മാത്രം കുട്ടികളെ അംഗം (മിഷൻ ലീഗ്, SMYM) ആക്കുക. സഭയുടെ നിയന്ത്രണത്തിൽ അല്ലാത്ത ഭക്ത - കരിസ്മാറ്റിക് സംഘടനകളിൽ, സഭ സ്നേഹവും - സമുദായ സ്നേഹവും ഇല്ലാതാക്കുന്ന പ്രവൃത്തികൾ ഉള്ളത് അറിയാമല്ലോ. നാം ആയിരിക്കുന്ന മണ്ണിന്റെ ശാന്തിയും സമാധാനവും ആണ്, നമ്മുടെ നിലനിൽപ്പിന്റെ മറ്റൊരു പ്രധാന ഘടകം. അതിനാൽ കുട്ടികളെ ചെറുപ്രായത്തിൽ തന്നെ ദേശസ്നേഹം പരിശീലിപ്പിക്കുക. ചുരുക്കത്തിൽ ഉറവിടത്തോട് അടുപ്പിച്ചു നിർത്തുക. അല്ലേൽ നൂല് പൊട്ടിയ പട്ടം പോലെ, എങ്ങോട്ടു പോകുമെന്ന് പറയാൻ പറ്റില്ല.

Quality vs Quantity 

കുടുംബാസൂത്രണത്തിൻ്റെ സൂത്രശാലികൾ സഭയിൽ വിതച്ച കളയാണ് :- Quality ആണ് നോക്കേണ്ടത്, Quantity അല്ല എന്നത്. ഒരു മനുഷ്യന് ഉണ്ടാകുന്ന ആദ്യത്തെ രണ്ടു കുട്ടികൾ ആണ് ജനിതകപരമായും, ബുദ്ധിശക്തിയിലും, സാമർഥ്യത്തിലും, ആരോഗ്യത്തിലും മികച്ചവർ എന്ന് എങ്ങനെ പറയാൻ സാധിക്കും. Sample size കൂടുന്നതിന് അനുസരിച്ചാണ് മികച്ചതു ഉണ്ടാകാൻ ഉള്ള സാധ്യത കൂടുന്നത്. അതായത് Quantity കൂടുമ്പോൾ ആണ് Quality കൂടുന്നത്. അതായത് രണ്ടും എതിർ ദ്രുവങ്ങളിൽ അല്ല, പരസ്പര പൂരകങ്ങൾ ആണ്. ലോകത്തിലെ പല മഹാന്മാരും, ശാസ്ത്രജ്ഞരും രണ്ടിന് മുകളിൽ ഉള്ള കുട്ടികളിൽ നിന്നും ആണ് ഉണ്ടായത്. Quality സിദ്ധാന്തത്തിൽ ആണ് വിശ്വസിക്കുന്നത് എങ്കിൽ, നിങ്ങൾക്ക് രണ്ടിന് മുകളിൽ ഉണ്ടാകുന്ന കുട്ടികൾക്ക് മിച്ചം വരുന്ന വിഭവങ്ങള്‍ നൽകി വളർത്തുക. സഭക്കും സമൂഹത്തിനും നിങ്ങൾക്കും അവർ എന്തായാലും തീർച്ചയായും മുതൽകൂട്ടാവും.

എതിർ ലിംഗങ്ങളുമായി ഉള്ള ഇടപെടലും ലൈംഗിക വിദ്യാഭ്യാസം

കൗമാര പ്രായത്തിൽ കുട്ടികളെ, എതിർ ലിംഗത്തിൽ ഉള്ളവരുമായി സംസാരിക്കാൻ പരിശീലിപ്പിക്കണം. അവരിലെ ആവശ്യമില്ലാത്ത ജിജ്ഞാസയും ഉൽക്കണ്ഠയും ഇല്ലാതാക്കുക. എതിർ ലിംഗം എന്നാൽ എന്താണെന്നും, അവരിൽ നിന്നും ഉണ്ടാകാവുന്ന കാര്യങ്ങളും, ചോദ്യങ്ങളും, ചേഷ്ടകളും, പ്രലോഭങ്ങളും എല്ലാം പറഞ്ഞു കൊടുക്കണം. സ്വന്തം ശരീരത്തെ കുറിച്ചും, ലൈംഗീകതയെ കുറിച്ചും, അതിനു പ്രത്യുല്പ്പാദനത്തിൽ ഉള്ള കടമ എന്തെന്നും മനസ്സിലാക്കി കൊടുക്കുക. നിങ്ങൾ പറഞ്ഞു കൊടുത്തില്ലെങ്കിലും അവർ അത് എവിടുന്നെങ്കിലും അറിയും. നിങ്ങളിൽ നിന്നാകുമ്പോൾ, ശരിയായ രീതിയിൽ സത്യം മാത്രം അവർ അറിയും.


ഭാവിപങ്കാളിയെ കുറിച്ച് അവരോടു സംസാരിക്കുക 

കൗമാരത്തിന്റെ അവസാനത്തോടെ കുട്ടികൾ പൂർണ്ണ വളർച്ചയിൽ എത്തും. ഈ അവസരത്തിൽ അവർ മാതാപിതാക്കളിൽ നിന്നും അകലാനും, ജീവിതപങ്കാളിയെ കണ്ടുപിടിക്കാനും ഉള്ള സ്വാഭാവികമായ പ്രായത്തിലേക്കു കടക്കുക ആണ്. ഈ സമയത്താണ് പ്രണയ ബന്ധങ്ങൾ കൂടുതലായി ഉണ്ടാകുക. പ്രണയം എന്നത് മോശം എന്ന രീതിയിൽ, ആ വിഷയത്തെ കുറിച്ച് സംസാരിക്കാൻ പോലും മാതാപിതാക്കൾ തയ്യാറാവാറില്ല. പ്രണയം മാനുഷ്യൻ്റെ ജനിതക ഘടനയിൽ എഴുതി വച്ചിട്ടുള്ള കാര്യമാണ്. വിലക്കപ്പെട്ട കനി പോലെ അതിനെ കരുതിയാൽ, മക്കൾ അബദ്ധങ്ങളിൽ ചാടാൻ ആയിരിക്കും സാധ്യത. മാതാപിതാക്കൾക്ക് ചെയ്യാവുന്ന കാര്യം എന്താണ് എന്ന് വച്ചാൽ,  ഏതു തരത്തിൽ ഉള്ള മരുമക്കളെ ആണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്ന്, ഓരോ മക്കളോടും അവരുടെ താല്പര്യങ്ങൾ മനസ്സിലാക്കി പറഞ്ഞു കൊടുക്കുക. ഉദാഹരണത്തിന് - എനിക്ക് സുറിയാനി കുടുംബത്തിൽ ഉള്ള ഇന്ന ജില്ലകളിൽ നിന്നുള്ള , ഇന്ന സ്വഭാവം ഉള്ള, ഇന്ന രീതിയിൽ ഉള്ള മരുമക്കളെ ആണ് ഇഷ്ടം എന്നും, നിൻ്റെ സ്വഭാവം അനുസരിച്ചു, ഇങ്ങനത്തെ പങ്കാളി ആയിരിക്കും നിനക്ക് ചേരുക എന്നും, അങ്ങനെ വ്യക്തമായി ഒരു ചിത്രം മക്കൾക്ക് കൊടുക്കുക. ഈ വ്യക്തമായ ചിത്രവുമായി, +2 - കോളേജിൽ പോകുന്ന കുട്ടികൾ, അല്ലാത്ത ബന്ധങ്ങൾ ആദ്യമേ തന്നെ എളുപ്പത്തിൽ വേണ്ട എന്ന് വയ്ക്കും. ഏതേലും ആളെ ഇഷ്ടപെട്ടാൽ, അത് തങ്ങളോട് ആദ്യം പങ്കു വയ്ക്കാൻ അവരെ ശക്തരാക്കുക. അത് വഴി, ശരിയായ നിർദ്ദേശം കൊടുക്കാൻ സാധിക്കും. സന്യാസത്തോട് താല്പര്യമുള്ള മക്കൾ ഉണ്ടെങ്കിൽ, സ്വന്തം സഭയുടെ, സന്യാസ സ്ഥാപനത്തിലെ വിടാവൂ. അതും അവിടെ യഥാർത്ഥമായ സന്യാസത്തിനുള്ള സാഹചര്യം ഉണ്ടോ എന്ന് നല്ല രീതിയിൽ അന്വേഷിച്ചതിനു ശേഷം മാത്രം.

നല്ല പ്രായത്തിൽ മക്കളെ വിവാഹം കഴിപ്പിക്കുക

എന്താണ് നല്ല പ്രായം? എൻ്റെ അഭിപ്രായത്തിൽ ഡിഗ്രി കഴിയുന്ന പ്രായം ആണ് നല്ല പ്രായം. ആൺ കുട്ടികൾ 22-24 വയസ്സിനുളിലോ, പെൺകുട്ടികൾ 20-22 വയസിനുള്ളിലോ വിവാഹം ചെയ്യുന്നത് നല്ലതായിരിക്കും. ഏറ്റവും നല്ല പ്രായത്തിൽ പങ്കാളിയെ ലഭിക്കുന്നത് ചില്ലറ കാര്യമല്ല. മാതാപിതാക്കൾക്ക് സ്വീകാര്യരായ പങ്കാളികളെ സ്വയം കണ്ടെത്താൻ പറ്റിയാൽ നല്ലത്. ഇല്ലെങ്കിൽ മാതാപിതാക്കൾ കണ്ടെത്തി കൊടുക്കണം. നല്ല പ്രായത്തിൽ വിവാഹം കഴിച്ചാൽ, ഇവർക്കുള്ള ആദ്യ കുട്ടികൾ ഇവരുടെ ആരോഗ്യമുള്ള പ്രായത്തിൽ തന്നെ (അൻപതു വയസ്സാകുന്നതിന് മുൻപ്) തൊഴിൽ എടുക്കുന്ന പ്രായം കൈവരിക്കും. മുപ്പതും - മുപ്പത്തഞ്ചും വയസ്സിൽ വിവാഹം കഴിപ്പിച്ചു ഒന്നല്ല പല ജീവിതങ്ങൾ എന്തിനാണ് നശിപ്പിക്കുന്നത്. ജോലി ആയി വീട് ഉണ്ടാക്കിയതിനു ശേഷമേ വിവാഹം ഉള്ളു എന്ന ചിന്ത മാറണം.

23 വയസ്സിൽ വിവാഹം ചെയ്യുന്ന പുരുഷനും - 21 വയസ്സുള്ള പെൺകുട്ടിയും എങ്ങനെ ജീവിക്കും?

സുഹൃത്തുക്കൾ ചോദിക്കുന്ന ചോദ്യം ആണ്. ന്യായമായ ചോദ്യം ആണ്. എനിക്ക് മനസിലാകാത്തത്, വിവാഹം കഴിഞ്ഞാൽ ഉടനെ ദമ്പതികളെ ഭ്രഷ്ട് കൽപ്പിച്ചു, ഇനി സ്വന്തം കാര്യം സ്വയം നോക്കണം എന്ന ചിന്താഗതി എങ്ങനെ ആണ് നമ്മുടെ സമൂഹത്തിൽ ഉണ്ടായതു? അങ്ങനെ ആയിരുന്നില്ലല്ലോ, 1980 കളിൽ വരെ ഉള്ള നമ്മുടെ സമൂഹം. വിവാഹം കഴിഞ്ഞു എന്നും പറഞ്ഞു അവർ കുടുംബത്തിന്റെ ഭാഗം അല്ലാതാവുന്നില്ല. വിവാഹത്തോടെ ഒന്നാകുന്ന ആ ദമ്പതികൾക്ക്, ഒരു ജോഡി മാതാ പിതാക്കളും സഹോദരങ്ങളും അധികം ലഭിക്കുവാണ് ചെയ്യുന്നത്. മാസ്റ്റർ ഡിഗ്രി എടുത്താൽ പോലും, 25 - 26 വയസ്സിൽ ഒരു സ്ഥിര വരുമാനത്തിൽ എത്തേണ്ടതാണ്. അതായത് 2 - 3 വർഷം കൂടി മാതാപിതാക്കൾ കുടുംബത്തിൽ അവർക്കു സംരക്ഷണം കൊടുക്കണം. ദാമ്പത്യ ജീവിതത്തിൻ്റെ, തുടക്കത്തിൽ പക്വതയിലേക്കു നിങ്ങൾക്കു അവരെ നയിക്കാൻ സാധിക്കും.

സ്ത്രീധനം

നമ്മുടെ സമൂഹത്തിൽ കടന്നു വന്ന ഒരു അനാചാരം ആണ് സ്ത്രീധനം. ഒരു പക്ഷെ പെൺകുട്ടികളുടെ മാതാപിതാക്കളെ, അവരുടെ വിവാഹ പ്രായം നീട്ടാൻ പ്രേരിപ്പിക്കുന്നതും ഇതാവാം. പെണ്ണിന് കുടുംബത്തിൽ ഓഹരി കൊടുക്കുന്നത് ആണ് നല്ലത്. അത് പണം ആയി നൽകുകയാണെങ്കിൽ, വിവാഹ ശേഷം ഉള്ള, സ്ഥിര വരുമാനം കിട്ടുന്ന കാലത്തോളം ഉള്ള ചിലവുകൾക്കു അത് ഉപയോഗിക്കാവുന്നതാണ്.

കുട്ടികൾ ഉണ്ടാക്കേണ്ട പ്രായം

21 - 24 വരെ ഉള്ള പ്രായത്തിൽ വിവാഹം കഴിക്കുന്നവർ, 33 വയസ്സിനുള്ളിൽ ആകാവുന്ന അത്ര കുട്ടികൾക്ക് ജന്മം നൽകണം. അതാണ് ഏറ്റവും നല്ല ആരോഗ്യമുള്ള പ്രായം. ആ കാലയളവിൽ 4-5 കുട്ടികൾ ആകാം. കുടുംബത്തിൽ നിൽക്കുന്ന സമയം ആയതിനാൽ, മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സഹായം കുട്ടികളുടെ പരിപാലനത്തിൽ ഉണ്ടാകും. കഴിയുന്നതും, കുടുംബത്തിൽ നിന്നും മാറി, പുതിയ ഭവനം ഉണ്ടാക്കി താമസിക്കേണ്ടത്, അവസാന കുട്ടിയും ഉണ്ടായി കഴിഞ്ഞതിനു ശേഷം ആയിരിക്കണം. അതായത് 30-33 കഴിഞ്ഞുള്ള പ്രായത്തിൽ. അതിനു ശേഷം തൊഴിലിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ സാധിക്കും, ഒപ്പം കുറച്ചൂടെ സ്വയം കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ പഠിക്കും. ഇന്ന് ഈ പ്രായത്തിൽ പലരും പതിയെ വിവാഹം കഴിക്കുന്നതേ ഉള്ളു.

പ്രവാസ ജീവിതം കുടുംബമായി നയിക്കുന്ന ആൾക്കാർക്ക്, മക്കളെ വളർത്താൻ സഹായം ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. അവർ മറ്റു വഴികൾ ആലോചിക്കാവുന്നത് (servants) ആണ്. കാരണം ഈ cycle മറികടന്നില്ലെങ്കിൽ നിങ്ങളുടെ മക്കൾക്കും ഇത് തന്നെ ഗതി.

Pre-Marriage Course & Pre-Baptism Course 

നമ്മുടെ സഭയിൽ ഉള്ള ഒന്നാണ് Pre-Marriage Course. വലിയ കുടുംബങ്ങളുടെ പ്രാധാന്യത്തെ കുറിച്ച്, ചെറിയ ഒരു ക്ലാസ് തരുന്നുണ്ടെങ്കിലും അത് അപര്യാപ്തമാണ്. വലിയ കുടുംബങ്ങൾ എങ്ങനെ ആണ് നയിക്കേണ്ടത് എന്ന്, ആശയങ്ങൾ കൊടുക്കാൻ അവിടെ മറന്നു പോകുന്നു. ഒരു ദിവസം എങ്കിലും ദൈർഖ്യം ഉള്ള Pre-Baptism Course സഭയിൽ ഉണ്ടാകണം. ഈ ഘട്ടത്തിൽ ദമ്പതികൾ കുറച്ചു കൂടെ പക്വത ഉള്ളവർ ആയിരിക്കും. കൂടുതൽ കുട്ടികൾ ഉള്ളതിന്റെ പ്രയോജനവും, എങ്ങനെയാണ് വളർത്തേണ്ടത് എന്നും, വളർത്തുമ്പോൾ ഉണ്ടാകാവുന്ന സാമ്പത്തികം മുതൽ ഉള്ള പ്രശ്നങ്ങൾ എങ്ങനെ നേരിടാം എന്നും വിദഗ്ദ്ധരെ വച്ച് സഭക്ക് പഠിപ്പിക്കാൻ സാധിക്കും.

Palliative Care and Day care Centers

ഇടവക തോറുമോ, സമീപ ഇടവകകൾ ചേർന്നോ Palliative Care and Day care Centers തുടങ്ങണം. പ്രായമുള്ള, അസുഖം ഉള്ള മാതാപിതാക്കളെയും ചെറിയ കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്ന സ്ഥപനങ്ങൾ ഉണ്ടായാൽ തൊഴിലിനു പോകാൻ എളുപ്പം ആകും. പലപ്പോഴും ഇതാണ് തൊഴിലെടുക്കാനും, കുട്ടികൾക്ക് ജന്മം കൊടുക്കാനും പലരേയും പുറകോട്ടു വലിക്കുന്നത്. സഭയുടെ നേതൃത്വത്തിൽ അല്ലേൽ അല്മയർ ശ്രമിച്ചാൽ സാധിക്കുന്ന ഒരു കാര്യമാണ്. മിതമായ നിരക്കിൽ ഇതുപോലുള്ള സ്ഥാപനങ്ങൾ തുടങ്ങുന്നത്, കുറച്ചു തൊഴിൽ അവസരം  കൂടി ആണ് ഉണ്ടാക്കുന്നത്.

45-50 വയസ്സുള്ള കാലം

നല്ല പ്രായത്തിൽ വിവാഹം കഴിച്ചതും - കുട്ടികൾ ഉണ്ടായതും മൂലം, 45-50 ആകുമ്പോഴേക്കും മൂത്ത കുട്ടികൾ സ്വന്തം കാലിൽ നിൽക്കുന്ന പരുവം ആകും. അതായതു, നിങ്ങളുടെ ആരോഗ്യം നശിക്കുന്ന പ്രായത്തോടു അടുക്കുമ്പോൾ, നിങ്ങളുടെ മക്കൾ, സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തി ഉള്ളവർ ആകും. ഇന്ന്, 50 വയസ്സുള്ള പലരുടെയും മക്കൾ, കൂടിയാൽ 10 - +2 ആയി കാണുക ഉള്ളു.

50 -55 വയസ്സുള്ള കാലം

ആരോഗ്യം മിച്ചം ഉള്ള ഈ കാലം തൊഴിലിൽ നിന്നും വിരമിച്ചു, മക്കളുടെ മക്കളുമായി ജീവിക്കാം. മക്കളെ തുണക്കുന്നതിനൊപ്പം, 5-8 കൊച്ചു മക്കളുമായി സന്തോഷത്തോടെ കഴിയാം. നിങ്ങളുടെ കൊച്ചു വീട്, പഴയ കാലത്തെ രീതിയിൽ ഒരു തറവാടു ആയി മാറുന്നത് കാണാം.

65 - 75 വയസ്സുള്ള കാലം

നിങ്ങളുടെ മക്കൾ എല്ലാം ഇന്ന് കുടുംബങ്ങൾ തുടങ്ങി കഴിഞ്ഞു. അവർക്കു, നിങ്ങൾ കടന്നു വന്ന പഴയ വഴികൾ പറഞ്ഞു കൊടുക്കുക. കൊച്ചു മക്കളായി കുറഞ്ഞത് 25 പേരെങ്കിലും കാണും. തറവാട്ടിൽ നിൽക്കുക. എല്ലാ മക്കളുടെ വീട്ടിലും സന്ദർശനം നടത്തുക. പ്രാർത്ഥനയിൽ ജീവിതം കൊണ്ട് പോകുക. കൊച്ചു മക്കൾക്ക് വേണ്ട, ഉപദേശങ്ങളും ജീവിത പാഠങ്ങളും, സഭ - സമുദായ സ്നേഹവും പകർന്നു കൊടുക്കുക.

75-90 വയസ്സുള്ള കാലം

കബറിനായി ഒരുങ്ങുക. ഭാഗ്യമുണ്ടെങ്കിൽ കൊച്ചുമക്കളുടെ, മക്കളെയും കാണാം. നിങ്ങളിൽ നിന്നും 4-5 മക്കളും, 20-25 കൊച്ചു മക്കളും, 50-100 കൊച്ചു കൊച്ചു മക്കളും ഉണ്ടായത് കണ്ടു കണ്ണടക്കാം. അവസാനം ഭൂമിയിൽ അവശേഷിപ്പിച്ചു പോകുന്ന യഥാർത്ഥ സമ്പാദ്യം ഇതും സൽപ്പേരും അല്ലേ?

ഒരു ഉട്ടോപ്യൻ സ്വപ്നം എന്ന് തോന്നാമെങ്കിലും, ഒരു 50 കൊല്ലം മുൻപ് വരെ നമ്മുടെ ഇടയിൽ ഇങ്ങനെ ആയിരുന്നു, അല്ലേൽ ഇതിലും ഗംഭീരം ആയിരുന്നു. ഇത് സാധിക്കാവുന്ന കാര്യമാണ്. പക്ഷെ ഒരു വ്യക്തി തീരുമാനിച്ചാൽ നടക്കില്ല. സമുദായം തീരുമാനിക്കണം. അല്ലേൽ സമുദായത്തിലെ ചങ്കുറപ്പുള്ള കുറച്ചു പേര് തീരുമാനിക്കണം. നസ്രാണി ഭവനങ്ങളിൽ വാർദ്ധക്യം ബാധിക്കാൻ നാം അനുവദിക്കരുത്. അത് സഭക്കും, സമുദായത്തിനും, ദേശത്തിനും രാജ്യത്തിനും, അവസാനം നാം എന്ന വ്യക്തിക്കും നല്ലതായിരിക്കില്ല. ഈ രാജ്യത്തെ ഏറ്റവും നല്ല പൗരന്മാരായ നസ്രാണികൾ ഇല്ലാതാവുന്നത്, ഈ രാജ്യത്തോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ആയിരിക്കും. 

സുറിയാനി നസ്രാണി ഭവനങ്ങൾ - അതു വഴി സമൂഹം യുവത്വം വീണ്ടെടുക്കട്ടെ. കർത്താവും ദൈവവുമായ, ഈശോ മിശിഹാ അതിനു അനുവദിക്കട്ടെ. നന്ദി.