Monday, November 5, 2018

സകല വിശുദ്ധരുടെയും (All Saint's Day), മരിച്ച വിശ്വാസികളുടെയും (All Soul's Day) തിരുന്നാൾ ദിവസം - കത്തോലിക്കാ സഭയിൽ


      

     ആഗോള കത്തോലിക്കാ സഭയിൽ സകല വിശുദ്ധരുടെയും (All Saint's Day), മരിച്ച വിശ്വാസികളുടെയും (All Soul's Day) തിരുന്നാൾ ദിവസം നവംബർ 1, 2 തിയതികളിൽ ആണെന്നുള്ള പ്രചാരണം ശ്രദ്ധിക്കാൻ ഇടയായി. 'കത്തോലിക്കാ' എന്ന വാക്കിൻ്റെ അർത്ഥം 'ആഗോള' എന്നായിരിക്കെ, ഈ ആഗോള കത്തോലിക്ക എന്താണോ ആവോ? അത് പോലെ തന്നെ ആണ്, കത്തോലിക്കാരോട് നിങ്ങൾ ഓർത്തഡോൿസ് ആണോ എന്ന് ചോദിച്ചാൽ, ഹേയ് അല്ല എന്ന മറുപടി. 'ഓർത്തഡോൿസ്' എന്ന ഗ്രീക്ക് പദത്തിൻ്റെ അർത്ഥം 'സത്യവിശ്വാസം' എന്നാണ്. അപ്പോൾ ഞാൻ ഓർത്തഡോൿസ് അല്ല എന്ന് ആരേലും പറഞ്ഞാൽ, അതിൻ്റെ അർത്ഥം, അയാൾ സത്യവിശ്വാസി അല്ല എന്നാണ്. എല്ലാ അപ്പോസ്തോലിക സഭകളും കത്തോലിക്കയും (universal), ഓർത്തോഡോക്സും (true faith) ആണ്. വിഷയത്തിൽ നിന്നും മാറുന്നില്ല. താഴെ കത്തോലിക്കാ സഭയിലെ 24 വ്യക്തിസഭകൾ എന്നാണ് സകല വിശുദ്ധരുടെയും (All Saint's Day), മരിച്ച വിശ്വാസികളുടെയും (All Soul's Day) തിരുന്നാൾ ദിവസം ആചരിക്കുന്നത് എന്നതിൻ്റെ പട്ടിക ആണ്. നുണപ്രചാരണങ്ങൾ കേട്ട് മടുത്ത കൊണ്ടാണ് ഇങ്ങനെ ഒരു പട്ടിക ഞാൻ തയ്യാറാക്കിയത്.





സകല വിശുദ്ധരുടെയും തിരുന്നാൾ

     സകല വിശുദ്ധരുടെയും തിരുന്നാൾ സഭയുടെ ആദ്യകാലം മുതലേ ഉള്ള ഒരു തിരുന്നാൾ ആണ്. ആദ്യ കാലങ്ങളിൽ ധാരാളം രക്തസാക്ഷികൾ ഉണ്ടായിരുന്നതിനാൽ, എല്ലാവരേയും ഓർമ്മിക്കാൻ ഒരു ദിവസം എന്ന രീതിയിൽ ആണ് സകല വിശുദ്ധരുടെയും തിരുന്നാൾ ഉണ്ടായത്.

    AD 411 ലെ മാർ തോമ്മാ നസ്രാണികൾ ഉൾപ്പെടുന്ന പൗരസ്ത്യ സുറിയാനി സഭാ കലണ്ടറിൽ, ഉയർപ്പുഞായർ കഴിഞ്ഞുള്ള ആദ്യ വെള്ളിയാഴ്ച "Commemoratio Confessorum" എന്ന പേരിൽ സകല വിശുദ്ധരുടെയും തിരുന്നാൾ ആഘോഷിച്ചതായി രേഖയുണ്ട്. ഇന്നും പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ഉള്ള സിറോ മലബാർ ഉൾപ്പെടുന്ന സഭകൾ, സകല വിശുദ്ധരുടെയും തിരുന്നാൾ ഉയർപ്പുഞായർ കഴിഞ്ഞുള്ള ആദ്യ വെള്ളിയാഴ്ച ആചരിക്കുന്നു.

    റോമാ സാമ്രാജ്യത്തിൽ ഉള്ള സഭകൾ സകല വിശുദ്ധരുടെയും തിരുന്നാൾ, പെന്തക്കോസ്തക്കു ശേഷം ഉള്ള ഞായറാഴ്ച ആചരിച്ചിരുന്നതായി മാർ John Chrysostom (AD 407) രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആദിമ കാലഘട്ടങ്ങൾക്ക് ശേഷം സഭകൾ സ്വതന്ത്രമായി വളരുകയും, അവരുടേതായ തനിമയിൽ ദൈവശാസ്ത്രങ്ങൾ വളരുകയും ചെയ്‌തു. അതിനനുസരിച്ചു, സകല വിശുദ്ധരുടെയും തിരുന്നാൾ പല സഭകളിലും പല തിയതികൾ ഉരുവായി. ഉദാഹരണത്തിന് ആദ്യ എട്ടു നൂറ്റാണ്ടു റോമൻ സഭയിൽ, സകല വിശുദ്ധരുടെയും തിരുന്നാൾ പെന്തക്കോസ്തക്കു ശേഷം ഉള്ള ഞായറാഴ്ച ആണ് ആചരിച്ചിരുന്നത്. Pope Gregory III (731–741) ൻ്റെ കാലത്തു, നവംബർ ഒന്നിലേക്ക് റോമൻ സഭ ആ തിരുന്നാൾ മാറ്റി. ഒരു വ്യക്തി സഭ എന്ന നിലക്ക് അതിന് അവർക്ക് അവകാശം ഉണ്ട്. 

     നൂറ്റാണ്ടുകളോളം ഭാരതത്തിലെ മാർ തോമ്മാ നസ്രാണികൾ സകല വിശുദ്ധരുടെയും തിരുന്നാൾ, ഉയർപ്പുഞായർ കഴിഞ്ഞുള്ള ആദ്യ വെള്ളിയാഴ്ച ആചരിച്ചു പോരുന്നു. ഇന്ന് ചിലയിടങ്ങളിൽ ലത്തീൻ സഭയെ അനുകരിക്കാനായി നവംബർ ഒന്നിന് ആചരിക്കുന്നത്, ആത്മാഭിമാനം ഇല്ലാത്തത് കൊണ്ടാണോ, അതോ വാശി പുറത്താണോ?

മരിച്ച വിശ്വാസികളുടെ തിരുന്നാൾ 

    മാർ തോമ്മാ നസ്രാണികൾ മരിച്ച വിശ്വാസികളുടെ തിരുന്നാൾ, ദനഹാക്കാലത്തിൻ്റെ അവസാന വെള്ളിയാഴ്ച, അതായത് നോമ്പുകാലത്തിന് മുൻപുള്ള വെള്ളിയാഴ്ച ആചരിക്കുന്നു.

    റോമാ സാമ്രാജ്യത്തിൽ ഉള്ള സഭകൾ ശനിയാഴ്ചകളിൽ ആണ്, മരിച്ച വിശ്വാസികളുടെ തിരുന്നാൾ ആചരിച്ചിരുന്നത്. അതിന് കാരണം മിശിഹാ ദുഃഖ ശനി കബറിടത്തിൽ വിശ്രമിച്ചു എന്നതാണ്. റോമാ സഭയിൽ മാത്രം, പിന്നീട് അത് നവംബർ 2 എന്ന തിയതിയിലേക്ക് മാറ്റി.

     വർഷം ഒരു ദിവസം മാത്രമേ, മരിച്ച വിശ്വാസികളേയും വിശുദ്ധരെയും ഓർമ്മിക്കാൻ ഉള്ളോ എന്ന് പരിതപിക്കുന്ന സിറോ മലബാർ വിശ്വാസികൾ ഉണ്ടാകും. പൗരസ്ത്യ സുറിയാനി ആരാധനാക്രമ പ്രകാരം, വർഷം മുഴുവൻ ഉള്ള വെള്ളിയാഴ്ചകൾ, മരിച്ച വിശ്വാസികളേയും വിശുദ്ധരെയും ഓർമ്മിക്കാൻ അവസരം ഉണ്ട്. മിശിഹാ സ്ലീവായിൽ തറക്കപ്പെട്ടതും മരിച്ചതും, വെള്ളിയാഴ്ച ആയതിനാൽ ആണ് അത്. മിശിഹായുടെ അമ്മയായ മർത്തു മറിയത്തെ പൗരസ്ത്യ സുറിയാനി ആരധനാക്രമ പ്രകാരം എല്ലാ ബുധനാഴ്ചകളും ഓർമ്മിക്കുന്നു എന്നും കൂടെ കൂട്ടിച്ചേർക്കുന്നു. 

     വർഷം മുഴുവനും എല്ലാ വെള്ളിയാഴ്ചയും, ദനഹാക്കാലം അവസാന വെള്ളിയും, ഉയർപ്പുകാലം ആദ്യ വെള്ളിയും മരിച്ച വിശ്വാസികളേയും വിശുദ്ധരെയും ഓർമ്മിക്കാൻ സിറോ മലബാർ സഭ, തൻ്റെ മക്കൾക്ക് അവസരം തരുന്നു. എന്നാലും ലത്തീൻ രീതി ആണ് പലർക്കും പ്രിയം. അപ്പുറത്തെ വീട്ടിലെ അമ്മയുടെ പത്രത്തിലെ ചോറിന്, സ്വന്തം അമ്മയുടെ പത്രത്തിലെ ചോറിനെക്കാളും രുചി കൂടുതൽ ഇവർക്ക് തോന്നുന്നു. കാരണം സ്വന്തം അമ്മ, തൻ്റെതല്ലാത്ത കാരണത്താൽ  കുറച്ചു മെലിഞ്ഞു പോയി. എത്ര മെലിഞ്ഞതെങ്കിലും അമ്മയില്ലാതാകുമ്പോഴേ, സ്വന്തം അമ്മയുടെ വില മനസിലാകൂ എന്ന് ഓർമ്മിപ്പിച്ചു നിർത്തുന്നു.


ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ.



Reference
  • Syro-Malabar Catholic Church - http://www.syromalabarchurch.in/pdf/Liturgy%20Calendar_Malayalam_2017-18.pdf
  • Chaldean Catholic Church - https://kaldu.org/01-jan18/
  • Syro-Malankara Catholic Church - http://syromalankarausa.org/sites/default/files/epl/Panchangom%202017-18%20English.pdf
  • Syriac Catholic Church - http://syrianorthodoxchurch.org/wp-content/uploads/2018/01/2018-calander-.pdf
  • Maronite Church - http://stsharbel.org/wp-content/uploads/2016/11/2016-2019-Liturgical-Calendar-qourbono.pdf
  • Latin Church - http://www.romcal.net/output/2018.htm
  • Byzantine Catholic Churches - http://calendar.lenacom.spb.ru/orthodox_calendar_2018_en#Days_of_the_remembrance_of_the_departed
  • Armenian Catholic Church - https://en.wikipedia.org/wiki/Calendar_of_saints_(Armenian_Apostolic_Church)#November
  • Alexandrian Catholic Churches - https://en.m.wikipedia.org/wiki/Nayrouz

    മുകളിൽ കൊടുത്തിട്ടുള്ള ഏതേലും തിയതി തെറ്റിയിട്ടുണ്ടെങ്കിൽ, comment ചെയ്യുക. തിരുത്തുന്നതായിരിക്കും.