ബേത്ലെഹെം
ബേത്ലെഹെം, ജറുസലേമിന് 9 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന ഒരു പട്ടണം ആണ്. മാറൻ ഈശോ മിശിഹായുടെ ജനനം നടന്നതായി സുവിശേഷം സാക്ഷ്യപ്പെടുത്തുന്ന സ്ഥലം ആണ് ബേത്ലെഹെം. അതിനാൽ ബേത്ലെഹെമിനെ കുറിച്ചും ആ സ്ഥലത്തിന്, പൂർവ്വ പിതാക്കന്മാരുമായും മിശിഹായുമായും ഉള്ള ബന്ധവും പഠിക്കാൻ തീരുമാനിച്ചു.
ബേത്ലെഹെം എന്ന പേര്
ജോഷ്വായുടെ നേതൃത്വത്തിൽ ഇസ്രേയേൽ ജനം കാനാൻദേശം കൈയ്യടക്കുന്നതിന് മുൻപ്, വിവിധ കാനാൻ വംശജർ ആണ് ബേത്ലെഹെമിൽ വസിച്ചിരുന്നത്. കനാന്യരുടെ കാലം മുതലേ ഈ പട്ടണത്തെ ബേത് ലഹെം എന്നാണ് വിളിച്ചിരുന്നത്. അതിനു കാരണം ഈശോ ജനിച്ച ഗുഹ ഉള്ള കുന്നിൽ, അതിനും ആയിരത്തഞ്ഞൂർ വർഷം മുൻപ് ലഹെം എന്ന കാനാൻ ദൈവത്തിൻ്റെ അമ്പലം ഉണ്ടായിരുന്നു. ബേത് എന്നാൽ ഭവനം എന്നാണ് സെമിറ്റിക് ഭാഷയിൽ അർത്ഥം. ലഹെം എന്ന ദൈവത്തിൻ്റെ ഭവനമുള്ള സ്ഥലം എന്ന രീതിയിൽ ആണ് ബേത്ലെഹെമിന് ആ പേര് വന്നത്.
എന്നാൽ ജോഷ്വായുടെ നേതൃത്വത്തിൽ ബേത്ലെഹെം ഇസ്രായേൽ ജനത്തിൻ്റെ കയ്യിൽ വന്നപ്പോൾ, കാനാൻകാരെ അവിടുന്ന് പുറത്താക്കി. ലഹെം എന്നാൽ അപ്പം എന്ന ഒരു അർത്ഥം ഹീബ്രു-അരമായ ഭാഷയിൽ ഉണ്ടായിരുന്നു. അതിനാൽ 'അപ്പത്തിൻ്റെ ഭവനം' എന്ന അർത്ഥത്തിൽ ബെത്ലെഹേം അറിയാൻ തുടങ്ങി.
ഏഴാം നൂറ്റാണ്ടിൽ അറബികൾ ബെത്ലെഹേം കീഴടക്കി. അറബി ഭാഷയിൽ ഹെം എന്നാൽ മാംസം എന്നാണ് അർത്ഥം. അതിനാൽ 'മാംസത്തിൻ്റെ ഭവനം' എന്ന അർത്ഥവും ബെത്ലെഹേമിന് ഉണ്ട്.
ബേത്ലെഹെം പുരാതന പ്രദേശമായ എഫ്രാത്തായിൽ ആണ് സ്ഥിതി ചെയ്യുന്നത്. 'ഫലം പുറപ്പെടുവിക്കുന്ന' എന്നാണ് എഫ്രാത്തായുടെ അർത്ഥം.
ബേത്ലെഹെം ചരിത്രവഴികളിലൂടെ
പൂർവ്വ പിതാവായ അബ്രഹാമിൻ്റെ കാലത്തു് എഫ്രാത്താ എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തൂടെ ആണ്, അദ്ദേഹം ഈജിപ്തിലോട്ടും ഹെബ്രോണിലേക്കും ഒക്കെ യാത്ര ചെയ്തത്. യാക്കോബിൻ്റെ പ്രിയ പത്നിയായ റാഹേൽ, ബെഞ്ചമിനെ പ്രസവിച്ച വേളയിൽ മരണം അടഞ്ഞതും, കബർ അടക്കപ്പെട്ടതും എഫ്രാത്തായിലാണ്.
ബെത്ലെഹേം ജോഷ്വായുടെ കാലത്തു്
ജോഷ്വായുടെ കാലത്താണ് ഇസ്രായേൽ ജനം മരുഭൂമിയിലൂടെ ഉള്ള നാൽപതു വർഷത്തെ അലച്ചിലിനു ശേഷം കാനാൻ ദേശത്തു് കയറുന്നത്. കാനാൻ ദേശം കീഴടക്കിയ ശേഷം ജോഷ്വാ കാനാൻ ദേശം ഇസ്രേയലിൻ്റെ 12 ഗോത്രങ്ങൾക്കുമായി വീതിച്ചു നൽകി.
യാക്കോബിൻ്റെ നാലാമത്തെ മകൻ ആണ് യഹൂദാ. യഹൂദയുടെ പരമ്പരയിൽ ഉണ്ടായ ഗോത്രം ആണ് യൂദാ ഗോത്രം. ജോഷ്വാ കാനാൻ ദേശം വീതം വച്ചപ്പോൾ ജറുസലേമിന് തെക്കുള്ള പ്രദേശം ആണ് യൂദാ ഗോത്രത്തിന് നൽകിയത്. യൂദാ ഗോത്രം ഓരോ പട്ടണവും ഗോത്രത്തിലെ ഓരോ കുടുംബങ്ങൾക്കുമായി വീതം വച്ചു. ഇസ്രയേലിന് മോശ നൽകിയ നിയമപ്രകാരം, ഒരോ കുടുംബത്തിനും വീതമായി കിട്ടിയ പ്രദേശം എന്നേക്കുമായി ആ കുടുംബത്തിൻ്റെ സന്തതികൾക്ക് ഉള്ളതായിരിക്കും. സെപ്റ്റര്ജന്റ് ബൈബിളിന്റെ ജോഷ്വാ 15:57 യിൽ (മറ്റു ബൈബിളുകളിൽ ഇല്ല), മലമ്പ്രദേശങ്ങളിൽ ബേത്ലെഹെം യൂദാ ഗോത്രത്തിൻ്റെ അവകാശം ആയി രേഖപ്പെടുത്തിയിരിക്കുന്നു.
ബോവാസ് മുതൽ ദാവീദ് രാജാവ് വരെ ഉള്ള കാലം
യൂദായുടെ പരമ്പരയിൽ ഉള്ള ബോവാസിൻ്റെ കുടുംബം ആണ് ബേത്ലെഹെം അവകാശമായി വച്ചതായി ബൈബിളിൽ കാണുന്നത്. യൂദയായിൽ ഉണ്ടായ ക്ഷാമത്തിന് ശേഷം ബോവാസ് നേരിട്ട് കൃഷി കാര്യങ്ങൾ നോക്കുന്നത് റൂത്തിൻ്റെ പുസ്തകത്തിൽ നമുക്ക് കാണാൻ സാധിക്കും. നവോമിയുടെ മരുമകളായ മൊവാബ്യ ആയ റൂത്തു, ബേത്ലെഹെമിലുള്ള ബോവസിന്റെ കൃഷി ഇടത്തിൽ ആണ് പണിക്ക് പോകുന്നതും, പിന്നീട് ബോവസിനെ വിവാഹം ചെയ്യുന്നതും.
ബോവസിന്റെയും റൂത്തിന്റെയും പുത്രനായ ഒബൈദ് ബേത്ലെഹെമിലാണ് ജനിച്ചതും, ബേത്ലെഹെമിന്റെ അവകാശി ആയതും. ഒബൈദിന്റെ പുത്രനായ ജെസ്സെ പിന്നീട് ബേത്ലെഹെമിന്റെ അവകാശി ആയി. ജെസ്സെയും തൻ്റെ പിതാക്കന്മാരെ പോലെ കൃഷിയും ആടുകളുടെ മേയിക്കലും ആയി ബേത്ലെഹെമിൽ ജീവിച്ചു. ജെസ്സെയുടെ മകനായ ദാവീദും ചെറുപ്പത്തിൽ തൻ്റെ പിതാവിൻ്റെ ആടുകളെ മേയിച്ചു ജീവിച്ചു. ദാവീദിന്റെ കാലം മുതൽ ബേത്ലെഹെം, ദാവീദിന്റെ പട്ടണം എന്നാണ് അറിയപ്പെട്ടത്. അതായത് യൂദയായിൽ യൂദാ ഗോത്രത്തിൽ പരമ്പരയായി ബേത്ലെഹെം ദാവീദിനാണ് ലഭിച്ചത്.
ദാവീദ് രാജാവ് മുതൽ ബാബിലോൺ പ്രവാസം വരെ
ദാവീദ് രാജാവിന്റെ കാലത്തു ജെബുസ്യരെ കീഴടക്കി, ഇസ്രായേൽ ജനം ജറുസലേം സ്വന്തം ആക്കി. ബെഞ്ചമിൻ ഗോത്രത്തിൻ്റെ അവകാശം ആയിരുന്ന ജറുസലേമിൽ ദാവീദ് രാജാവ് തൻ്റെ തലസ്ഥാനം സ്ഥാപിച്ചു. അതോടെ ജറുസലേം വളരുകയും, ബേത്ലെഹെമിന് യൂദയായിൽ ഉണ്ടായിരുന്ന പ്രാധാന്യം കുറയുകയും ചെയ്തു. ബാബിലോൺ പ്രവാസം വരെ ഉള്ള യൂദയായിലെ രാജാക്കന്മാർ, അവരുടെ അവകാശം ബേത്ലെഹെം ആയിരുന്നെങ്കിലും ജറുസലേമിൽ ആണ് വസിച്ചത്. ഈ ഒരു കാലഘട്ടത്തിൽ ആണ്, മിക്കാ പ്രവാചകൻ "ബേത്ലെഹെം - എഫ്രാത്താ, യൂദാ ഭവനങ്ങളിൽ നീ ചെറുതാണെങ്കിലും ഇസ്രയേലിനെ ഭരിക്കേണ്ടവൻ എനിക്കായി നിന്നിൽ നിന്നും പുറപ്പെടും" (മിക്കാ 5:12) എന്ന് പ്രവചിച്ചത്. ഈശോ മിശിഹായുടെ വംശാവലിയിൽ ഉള്ള യാക്കോണിയ ആണ് യൂദാ രാജ്യത്തെ, യൂദാ ഗോത്രത്തിൽ നിന്നും ഉള്ള അവസാന രാജാവ്. ബാബിലോൺ രാജാവുമായുള്ള യുദ്ധത്തിൽ പരാജിതനായ യാക്കോണിയയും (597 BC) ഭൂരിഭാഗം യഹൂദരും ബാബിലോണിലേക്ക് കടത്തപെട്ടു. രാജപരമ്പരയുടെ കുടുംബവേരുള്ള ബേത്ലെഹെമിൽ നിന്നുള്ള സകലരും കടത്തപ്പെട്ടു. 70 വർഷം നീണ്ടു നിന്ന ബാബിലോൺ പ്രവാസകാലത്തു, ബേത്ലെഹെം ജനവാസം ഇല്ലാത്ത മേഖലയായി.
ബാബിലോൺ പ്രവാസം മുതൽ മാർ ഔസേഫ് പിതാവ് വരെ ഉള്ള കാലം
ദാവീദിന്റെ വംശജനും, ഈശോ മിശിഹായുടെ വംശാവലിയിൽ ഉള്ള സെറുബാബേലിന്റെ നേതൃത്വത്തിൽ ആണ് യഹൂദർ ബാബിലോൺ പ്രവാസം അവസാനിപ്പിച്ച് യൂദായിൽ തിരിച്ചു എത്തിയത് (538 BCE). ബേത്ലെഹെമിലേക്ക് തിരിച്ചു വന്ന ആൾക്കാരുടെ കണക്ക് നെഹെമിയ പറയുന്നത് - "ബേത്ലെഹെമിലെയും നെത്തോഫഹിലെയും പുരുഷന്മാർ 188" (നെഹെമിയ 7:26). എസ്റയുടെ കണക്കു പ്രകാരം "ബേത്ലെഹെമിലെ ആളുകൾ 123" (എസ്രാ 2:21). അതായത് ദാവീദിന്റെ കുടുംബത്തിൽ നിന്നും നൂറ്റമ്പതോളം ആൾക്കാർ മാത്രമേ യുദ്ധത്തിനും പ്രവാസത്തിനും ശേഷം തങ്ങളുടെ കുടുംബത്തിൻ്റെ അവകാശമായ ബേത്ലെഹെമിൽ BC 500 കളിൽ ഉള്ളു. BC 333 യിൽ മഹാനായ അലക്സാണ്ടർ ചക്രവർത്തി, പലസ്തിന തൻ്റെ ഗ്രീക്ക് സാമ്രാജ്യത്തിൽ ലയിപ്പിക്കുന്നിടത്തോളം പേർഷ്യയുടെ ഒരു പ്രവിശ്യ ആയി യൂദയാ നിലനിന്നു. പുരോഹിതർ അക്കാലത്തു് ഭരണ കാര്യങ്ങൾ നിർവഹിച്ചു. ദാവീദിന്റെ കുടുംബം എണ്ണത്തിലും അധികാരത്തിലും കുറവെങ്കിലും ബേത്ലെഹെമിൽ കഴിഞ്ഞു.
BC 167 യിൽ യൂദാ മക്കാബി എന്ന ലേവി ഗോത്രജൻ വിപ്ലവം നടത്തുന്നത് വരെ യൂദാ, ഗ്രീക്ക് നിയന്ത്രണത്തിൽ കഴിഞ്ഞു. ദാവീദിന്റെ കുടുംബം ബേത്ലെഹെമിൽ കഴിഞ്ഞു. BC 37 യിൽ മക്കബായ ഭരണം തന്ത്രപൂർവ്വം എദോമ്യനായ ഹേറോദ് കൈക്കലാക്കി. ഹേറോദിന്റെ കാലത്തു് യൂദായിൽ വളരെ അധികം കൊട്ടാരങ്ങളും മറ്റും പണികഴിപ്പിച്ചിരുന്നു. ജറുസലേം ദൈവാലയം പോലും പുതുക്കി പണികഴിപ്പിക്കുന്നത് ഹേറോദിന്റെ കാലത്താണ്. ഹേറോദിന്റെ കാലത്താണ് യൂദാ വിട്ട്, യഹൂദ കുടിയേറ്റം ഗലീലിയയിലേക്ക് കൂടുതലായി ഉണ്ടാകുന്നത്. നമ്മുടെ നസ്രാണികളുടെ തിരുകൊച്ചി വിട്ട്, മലബാറിലേക്ക് ഉള്ള കുടിയേറ്റം പോലെ ഒന്ന്. ഈ കാലഘട്ടത്തിൽ ബേത്ലെഹെമിലെ ദാവീദിന്റെ കുടുംബത്തിൽ നിന്നും കുറച്ചു പേർ ഗലീലിയയിലേക്ക് കുടിയേറി
BC 167 യിൽ യൂദാ മക്കാബി എന്ന ലേവി ഗോത്രജൻ വിപ്ലവം നടത്തുന്നത് വരെ യൂദാ, ഗ്രീക്ക് നിയന്ത്രണത്തിൽ കഴിഞ്ഞു. ദാവീദിന്റെ കുടുംബം ബേത്ലെഹെമിൽ കഴിഞ്ഞു. BC 37 യിൽ മക്കബായ ഭരണം തന്ത്രപൂർവ്വം എദോമ്യനായ ഹേറോദ് കൈക്കലാക്കി. ഹേറോദിന്റെ കാലത്തു് യൂദായിൽ വളരെ അധികം കൊട്ടാരങ്ങളും മറ്റും പണികഴിപ്പിച്ചിരുന്നു. ജറുസലേം ദൈവാലയം പോലും പുതുക്കി പണികഴിപ്പിക്കുന്നത് ഹേറോദിന്റെ കാലത്താണ്. ഹേറോദിന്റെ കാലത്താണ് യൂദാ വിട്ട്, യഹൂദ കുടിയേറ്റം ഗലീലിയയിലേക്ക് കൂടുതലായി ഉണ്ടാകുന്നത്. നമ്മുടെ നസ്രാണികളുടെ തിരുകൊച്ചി വിട്ട്, മലബാറിലേക്ക് ഉള്ള കുടിയേറ്റം പോലെ ഒന്ന്. ഈ കാലഘട്ടത്തിൽ ബേത്ലെഹെമിലെ ദാവീദിന്റെ കുടുംബത്തിൽ നിന്നും കുറച്ചു പേർ ഗലീലിയയിലേക്ക് കുടിയേറി
മാർ ഔസേഫ് പിതാവിൻ്റെ ഗലീലിയയിലേക്ക് ഉള്ള കുടിയേറ്റം
ദാവീദിന്റെ കുടുംബത്തിന്റെ പ്രധാന ജീവിത മാർഗ്ഗം ബേത്ലെഹെമിലെ കൃഷിഭൂമിയും, ബേത്ലെഹെമിന് കിഴക്കുള്ള പ്രദേശങ്ങളിൽ ഉള്ള ആട് മേയിക്കലും ആയിരുന്നു. എന്നാൽ ഹേറോദിന്റെ കാലത്തോടെ വലിയ കെട്ടിടം, ആരാധനാലയങ്ങൾ, കൊട്ടാരങ്ങൾ തുടങ്ങിയവയുടെ പണികൾ കൂടി. സമൂഹത്തിലെ മേൽത്തട്ടിൽ ഉള്ള കുടുംബങ്ങൾ കൂടുതൽ പണം സമ്പാദിക്കാവുന്ന ഈ മേഖലകളിൽ ജോലി പഠിക്കുവാനും, കണ്ടെത്താനും, ചെയ്യാനും തുടങ്ങി. ദാവീദിന്റെ അവകാശമായ ബേത്ലെഹെമിന്റെ അന്നത്തെ അവകാശികളിൽ ഒരാളായ ഔസേഫ് എന്ന ചെറുപ്പക്കാരനും പരമ്പരാഗതമായ തൊഴിൽ ഉപേക്ഷിച്ചു, തച്ചൻ അല്ലേൽ കെട്ടിടം പണിയിൽ സമർത്ഥനായി. ഹെരോദിന്റെ കൊട്ടാരങ്ങൾ, ബേത്ലെഹെമിലെ അടക്കം ഉള്ളതിൽ ഔസേഫ് ജോലി ചെയ്തിട്ടുണ്ടാകും. സുവിശേഷത്തിൽ തച്ചൻ എന്നുള്ളത് ഒരു ഗ്രീക്ക് വിവർത്തനത്തിൽ ഉണ്ടായ പ്രശ്നം ആണ്. Tekton എന്നാണ് ഗ്രീക്കിൽ പറയുന്നത്. അതിന് സാങ്കേതികമായ തൊഴിലുകളിൽ ജ്ഞാനം ഉള്ളവൻ (Engineer) എന്നാണ് അർത്ഥം. യഹൂദ താൾമൂടുകളിൽ 'തച്ചൻ അല്ലേൽ തച്ചന്റെ മകൻ' എന്ന് പറയുന്നത് വളരെ അറിവ് ഉള്ളവൻ എന്ന് അർത്ഥമാക്കിയാണ്. എന്നാൽ ഇന്ന് ഇതിന് നേർ വിപരീതം ആണ് നമുക്ക് പള്ളികളിൽ കേൾക്കാൻ സാധിക്കുന്നത്.
നസ്രത്തിന് അടുത്തുള്ള ഒരു യഹൂദ പട്ടണം ആയിരുന്നു സെപ്ഫോറിസ്. ഔസേഫിന്റെ കാലത്തും ഈശോ മിശിഹായുടെ കാലത്തും ധാരാളം വികസന പ്രവർത്തനം ഉണ്ടായ സ്ഥലം. ഇവിടെ പണി എടുക്കാൻ ആണ് ഔസെഫ് പിതാവ് ബേത്ലെഹെം വിടുന്നത്.
ഈ ദാവീദിന്റെ നേരിട്ടുള്ള സന്തതിയായ, ബേത്ലെഹെം കുടുംബപരമായി അവകാശം, ഉള്ള സാങ്കേതിക തൊഴിലിൽ വിദഗ്ധൻ ആയ മാർ ഔസേഫ് പിതാവ്, ജറുസലേമിൽ വസിക്കുന്ന ദാവീദിന്റെ മറ്റൊരു വംശാവലിയിൽ ഉള്ള എന്നാൽ അഹറോന്റെ കുടുംബവുമായി അമ്മ വഴി ബന്ധം ഉള്ള പരിശുദ്ധ കന്യകാ മറിയം എന്ന യുവതിയെ വിവാഹം ചെയ്ത്, താൻ പ്രവാസി ആയി കഴിഞ്ഞിരുന്ന ഗലീലിയയിലെ നസ്രത്തിലേക്ക് കൊണ്ട് പോയി. ഇന്നത്തെ കാലത്തു എഞ്ചിനീയറിംഗ്-നഴ്സിംഗ് ജോലി ഒക്കെ ഉള്ള യുവാക്കൾ വിവാഹം ചെയ്യുന്ന യുവതിയുമായി ഗൾഫിലോട്ടും യൂറോപ്പിലോട്ടും പോകുന്നത് സങ്കല്പിച്ചാൽ മതി.
ഔസേഫ് പിതാവും പരിശുദ്ധ മറിയവും ബേത്ലെഹെമിലേക്ക് യാത്ര ചെയ്യുന്നു
റോമാ സാമ്രാജ്യത്തിലെ എന്തോ കണക്കെടുപ്പ്, അല്ലേൽ ആധാരരേഖ (ഇന്നത്തെ ആധാർ കാർഡ് പോലെ എന്തോ) ശരിയാക്കേണ്ട ആവശ്യപ്രകാരം ഔസേഫ് തൻ്റെ പത്നിയുമായി നസ്രത്തിൽ നിന്നും തൻ്റെ നാടായ ബേത്ലെഹെമിലേക്ക് പുറപ്പെട്ടു. 8 മാസം ഗർഭിണിയായ യുവതിയെയും കൊണ്ട് 2-3 ദിവസം കുറഞ്ഞത് നിർത്താതെ ഉള്ള യാത്ര എന്ത് കൊണ്ട് ഔസേഫ് പിതാവ് ചെയ്തു എന്നത് ചിന്തിക്കേണ്ട കാര്യമാണ്. നമ്മൾ ആരേലും അങ്ങനെ ചെയ്യുമോ? അതിനെ കുറിച്ച് മറ്റെപ്പോഴേലും പഠിക്കാം.
ഔസേഫ് പിതാവിന്റെ കാലത്തു് ബേത്ലെഹെം ജനവാസം കുറഞ്ഞ ഒരു പ്രദേശം ആയി മാറിയിരുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിലെ പലരും സഹോദരന്മാർ ഉൾപ്പെടെ നസ്രത്തിലേക്ക് കുടിയേറിയിരുന്നു. സഹോദരന്മാരുടെ മക്കളായ യൂദായും, ചെറിയ യാക്കോബും എല്ലാം പിന്നീട് ഈശോയുടെ ശിഷ്യന്മാരായി ബൈബിളിൽ കാണാവുന്നതാണ്. ഈ ഒരു അവസ്ഥയിൽ വേണം ഗർഭിണിയായ പരിശുദ്ധ മറിയവുമായി ബേത്ലെഹെമിലേക്ക് അദ്ദേഹം കടക്കുന്നത് എന്ന് മനസ്സിലാക്കണം. ബേത്ലെഹെമിന്റെ കവാടത്തിലാണ് പ്രസവസമയം മരണം അടഞ്ഞ റാഹേലിന്റെ കബറിടം. ഇത് വഴിയാണ് ആണ് പ്രസവ സമയം അടുത്ത പരിശുദ്ധ മറിയത്തോടൊപ്പം, രാഹേലുമായി വന്ന യാക്കോബിനെ പോലെ അദ്ദേഹം കടന്നത്.
ബേത്ലെഹെമും ആട്ടിടയന്മാരും
ബേത്ലെഹെമിലെ ആട്ടിടയന്മാരെയും, അവർ വെറും സാധാരണക്കാർ ആണെന്നും പറഞ്ഞുള്ള എത്ര എത്ര കഥകൾ എല്ലാ ക്രിസ്തുമസ് കാലത്തു കേൾക്കാറുണ്ട് അല്ലേ? എന്നാൽ ആരാണ് ആ ആട്ടിടയന്മാർ എന്നും, അവർ അത്ര നിസാരക്കാരല്ല എന്നും നാം മനസിലാക്കേണ്ടതുണ്ട്.
ജറുസലേം ദൈവാലയത്തിൽ ഉള്ള ആടുകളുടെ ബലിയെക്കുറിച്ചു നമുക്ക് അറിവുള്ളതാണല്ലോ. സംഖ്യ 28:3 - "നിങ്ങൾ ദഹനബലിക്കായി ഒരു വയസ്സുള്ള ഊനമറ്റ രണ്ട് ആട്ടിൻ കുട്ടികളെ അനുദിനം കർത്താവിന് അർപ്പിക്കണം". അതല്ലാതെ ജനത്തിന്റെ പാപപരിഹാരത്തിനായും പെസഹാ ദിവസം രണ്ടു ആടുകളെ ജറുസലേം ദൈവാലയത്തിൽ ഏൽപ്പിക്കണം (ലേവ്യർ 16:8). യഹൂദരുടെ മിസ്നഹയിൽ രേഖപ്പെടുത്തിയത് പ്രകാരം, ബേത്ലെഹെമിൽ വളർന്ന ഒരു വയസ്സുള്ള ഒരു കുറവും ഇല്ലാത്ത ആടുകളെയാണ് ദൈവാലയത്തിൽ കൊണ്ട് വരുന്നത്.
ബേത്ലെഹെമിലെ ആട്ടിടയന്മാർ, ജറുസലേം ദൈവാലയത്തിലേക്കുള്ള ഒരു കുറവും ഇല്ലാത്ത ആടുകളെ വളർത്തുന്ന എത്തിച്ചു കൊടുക്കുന്ന പുരോഹിതരായ ആട്ടിടയർ ആണ്. അവർ ചെറുപ്പത്തിൽ തന്നെ, ദൈവാലയത്തിലേക്കു വേണ്ട ആടുകളുടെ പ്രാധാന്യത്തെ കുറിച്ചും, അവയെ എങ്ങനെ ഒക്കെ സംരക്ഷിക്കണം എന്നും, യഹൂദ നിയമങ്ങളും തോറയും പഠിച്ചവർ ആണ്. പ്രത്യേകിച്ചും പെസഹാക്കായി ഉള്ള രണ്ടു ആട്ടിൻ കുട്ടികളുടെ തിരഞ്ഞെടുപ്പും അവയുടെ ജനനം മുതൽ ഉള്ള ശുശ്രൂഷയും വളരെ പ്രധാനപ്പെട്ടതാണ് അവർക്ക്. ബേത്ലെഹെമിൻ്റെ പടിഞ്ഞാറേ ഭാഗം കൃഷി സ്ഥലവും, കിഴക്കേ ഭാഗം ആടുകളുടെ മേച്ചിൽ സ്ഥലവും ആണ്. കൃഷി കഴിയുന്ന കാലത്താണ് ആട്ടിടയന്മാർ ആടുകളെയുമായി കൃഷി സ്ഥലത്തു് മേയാൻ വരുന്നത്. ആടുകൾ പ്രസവിക്കേണ്ട കാലം ആകുമ്പോൾ മേച്ചിൽ സ്ഥലത്തു നിന്നും, അവർ പതിയെ വയലുകൾ ഉള്ള സ്ഥലത്തു് എത്തും. അവിടെ പ്രസവിക്കുന്ന ആടുകൾക്കായി ഉള്ള മാടത്തിൽ ആണ് അവയുടെ പ്രസവം നടക്കുക. ഇവിടെ പ്രസവിക്കുന്ന രണ്ടു ആട്ടിന്കുട്ടികളെ തിരഞ്ഞെടുത്തു, വൃത്തി ആക്കി, കുമ്മായക്കല്ലിൽ (Manger) പിള്ളക്കച്ച വച്ച് മുറുക്കെ പൊതിഞ്ഞു കുറച്ചു സമയം കിടത്തും. കാരണം ഒരു വിധത്തിലും ഉള്ള പരിക്കുകൾ ജനിച്ചു കഴിഞ്ഞു അതിന് ഉണ്ടാകാൻ പാടില്ല. ഇവയെ ഒരു വയസ്സ് ആകുന്നവരെ 24 മണിക്കൂറും മതപരമായ നിഷ്ഠയോടെ ഈ ആട്ടിടയന്മാർ സംരക്ഷിക്കും. അതായത് അത്യാവശ്യം മതപരമായ വിദ്യാഭ്യാസം ഉള്ള, തങ്ങൾ ചെയ്യുന്ന കാര്യത്തിന്റെ ഗൗരവ്വവും പവിത്രതയും അർത്ഥവും മനസ്സിലാക്കിയ പുരോഹിതരായ ആട്ടിടയന്മാരാണ് ബേത്ലെഹെമിലെ ആട്ടിടയന്മാർ.
ബേത്ലെഹെമിലെ ഈശോ മിശിഹായുടെ ജനനം
ബേത്ലെഹെമിലെത്തിയ ഔസേഫ് പിതാവ് തൻ്റെ ചാർച്ചക്കാരുടെ ഭവനത്തിൽ താമസിക്കാൻ ആണ് ശ്രമിച്ചത്. തൻ്റെ ചാർച്ചക്കാർ ഉള്ള ധൈര്യത്തിൽ തന്നെ ആണ്, പരിശുദ്ധ മറിയത്തിന്റെ ഈ അവസ്ഥയിലും അവർ ബേത്ലെഹെമിലെത്തിയത്. സത്രത്തിൽ ഇടം കിട്ടിയില്ല എന്ന വിവർത്തനം ആണ് മലയാളം ബൈബിളിൽ കാണുന്നത്. എന്നാൽ ഗ്രീക്കിലെ 'kataluma' എന്ന ആ മൂലവാക്കിന് അഥിതികൾക്കുള്ള മുറിയെന്ന അർത്ഥം കൂടിയുണ്ട്. അതായത് ഔസേഫ് പിതാവിന്, തൻ്റെ ചാർച്ചക്കാരുടെ ഭവനത്തിലെ, അഥിതികൾക്കുള്ള മുറി ലഭിച്ചില്ല. എന്താവും കാരണം? രണ്ടു കാരണങ്ങൾ ആകാം.
1) ഔസേഫ് പിതാവ് അംഗീകരിച്ചെങ്കിലും, അദ്ദേഹത്തിൻ്റെ ചർച്ചക്കാർക്ക് പരിശുദ്ധ മറിയത്തിന്റെ ഗർഭം അംഗീകരിക്കാൻ സാധിച്ചിരിക്കില്ല. വളരെ യാഥാസ്ഥിധികരായ ദാവീദിന്റെ കുടുംബക്കാർ ആണ് അവർ.
2) യഹൂദ നിയമപ്രകാരം രക്തസ്രാവം ഒരു സ്ത്രീയിൽ ഉണ്ടായാൽ, അവൾ ഏഴു ദിവസത്തേക്ക് അശുദ്ധ ആകും. ആചാരപ്രകാരം അശുദ്ധ ആയാൽ. അവൾ മറ്റുളവരിൽ നിന്നും കുറച്ചു മാറി താമസിക്കണം. ഏഴ് ദിവസം കഴിഞ്ഞാൽ കുളിച്ചു ശുദ്ധ ആയി ഒരു പുരോഹിതന്റെ സാക്ഷ്യം വേണം. ഉണ്ണിയെ ദൈവാലയത്തിൽ കാഴ്ച വയ്ക്കാൻ പോകുമ്പോൾ ഈ നിയമം ആണ് പൂർത്തിയാക്കുന്നത്. പ്രസവം സംബന്ധിച്ചു, രക്തം വരുമെന്നതിനാൽ ഔസേഫിന്റെ ചർച്ചക്കാർ അഥിതികൾക്കുള്ള മുറിയിൽ തങ്ങാൻ അനുവദിച്ചു കാണില്ല.
ഈ അവസരത്തിൽ ആണ്, ദൈവത്തിന്റെ പദ്ധതി പ്രകാരം, ദൈവാലയത്തിലേക്കുള്ള ആടുകൾ പ്രസവിക്കാറുള്ള സ്ഥലം ഔസേഫ് പിതാവ് തിരഞ്ഞെടുത്തത്. ബേത്ലെഹെം കാരനായ ഔസേഫിന്, ആ സ്ഥലത്തിൻ്റെ പ്രാധാന്യം നന്നായി അറിയാം. മിഖാ പ്രവാചകൻ 600 വർഷം മുൻപ് നടത്തിയ പ്രവചനത്തിന്റെ പൂർത്തീകരണമായി, ബേത്ലെഹെമിൽ അനാദിയിൽ ഉത്ഭവിച്ചവന്റെ തിരുപിറവി നടന്നു. പിറന്ന മിശിഹായെ, പിള്ളകച്ച വച്ച് പൊതിഞ്ഞു, കുമ്മായക്കല്ലിൽ (Manger) കിടത്തി.
വയലിൽ യഹൂദരുടെ പാപങ്ങളുടെ പരിഹാരത്തിനായി ഉള്ള ആട്ടിൻകുട്ടികളെ, ഉറക്കം ഇളച്ചു കാവൽ നിന്നിരുന്ന ആട്ടിടയന്മാർക്ക് മാലാഖയുടെ ദർശനം ഉണ്ടായി. ലോകത്തിന്റെ പാപങ്ങളുടെ പരിഹാരമായ മിശിഹാ ഇതാ ജനിച്ചിരിക്കുന്നു. പിള്ളകച്ചയിൽ പൊതിഞ്ഞു, കുമ്മായക്കല്ലിൽ കിടത്തിയിരിക്കുന്ന കുഞ്ഞാണ് മിശിഹാ എന്നേ ആട്ടിടയന്മാർക്ക് അടയാളമായി മാലാഖ കൊടുത്തുള്ളൂ. പിള്ളകച്ചയിൽ പൊതിഞ്ഞു, കുമ്മായക്കല്ലിൽ ആണ് മിശിഹാ കിടക്കുന്നത് എന്ന് കേൾക്കുമ്പോൾ, ജീവിതം മുഴുവൻ അവർ ചെയ്തിരുന്ന കാര്യം അവരുടെ മനസ്സിൽ വന്നു. ബേത്ലെഹെമിൽ അത് എവിടെ ആണ് എന്ന് അറിയാൻ അവർക്ക് ഒരു നക്ഷത്രത്തിന്റെയും ആവശ്യം ഇല്ലായിരുന്നു.
ഈ അവസരത്തിൽ ആണ്, ദൈവത്തിന്റെ പദ്ധതി പ്രകാരം, ദൈവാലയത്തിലേക്കുള്ള ആടുകൾ പ്രസവിക്കാറുള്ള സ്ഥലം ഔസേഫ് പിതാവ് തിരഞ്ഞെടുത്തത്. ബേത്ലെഹെം കാരനായ ഔസേഫിന്, ആ സ്ഥലത്തിൻ്റെ പ്രാധാന്യം നന്നായി അറിയാം. മിഖാ പ്രവാചകൻ 600 വർഷം മുൻപ് നടത്തിയ പ്രവചനത്തിന്റെ പൂർത്തീകരണമായി, ബേത്ലെഹെമിൽ അനാദിയിൽ ഉത്ഭവിച്ചവന്റെ തിരുപിറവി നടന്നു. പിറന്ന മിശിഹായെ, പിള്ളകച്ച വച്ച് പൊതിഞ്ഞു, കുമ്മായക്കല്ലിൽ (Manger) കിടത്തി.
വയലിൽ യഹൂദരുടെ പാപങ്ങളുടെ പരിഹാരത്തിനായി ഉള്ള ആട്ടിൻകുട്ടികളെ, ഉറക്കം ഇളച്ചു കാവൽ നിന്നിരുന്ന ആട്ടിടയന്മാർക്ക് മാലാഖയുടെ ദർശനം ഉണ്ടായി. ലോകത്തിന്റെ പാപങ്ങളുടെ പരിഹാരമായ മിശിഹാ ഇതാ ജനിച്ചിരിക്കുന്നു. പിള്ളകച്ചയിൽ പൊതിഞ്ഞു, കുമ്മായക്കല്ലിൽ കിടത്തിയിരിക്കുന്ന കുഞ്ഞാണ് മിശിഹാ എന്നേ ആട്ടിടയന്മാർക്ക് അടയാളമായി മാലാഖ കൊടുത്തുള്ളൂ. പിള്ളകച്ചയിൽ പൊതിഞ്ഞു, കുമ്മായക്കല്ലിൽ ആണ് മിശിഹാ കിടക്കുന്നത് എന്ന് കേൾക്കുമ്പോൾ, ജീവിതം മുഴുവൻ അവർ ചെയ്തിരുന്ന കാര്യം അവരുടെ മനസ്സിൽ വന്നു. ബേത്ലെഹെമിൽ അത് എവിടെ ആണ് എന്ന് അറിയാൻ അവർക്ക് ഒരു നക്ഷത്രത്തിന്റെയും ആവശ്യം ഇല്ലായിരുന്നു.
ബേത്ലെഹെമിലെ നിഷ്കളങ്ക കുഞ്ഞുങ്ങളുടെ കൊലപാതകം
ഈശോ മിശിഹായുടെ ജനത്തിന് ശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ ദാവീദിന്റെ നക്ഷത്രം കണ്ട ജ്ഞാനികൾ, ബാബിലോണിൽ നിന്നും ബേത്ലെഹെമിലെത്തി. ജെറുസലേമിലോ, ബേത്ലെഹെമിലോ ഉള്ള ഹേറോദിന്റെ കൊട്ടാരത്തിൽ മിശിഹായെ കണ്ട വാർത്ത അറിയിക്കാതെ ജ്ഞാനികൾ പോയതറിഞ്ഞ ഹേരോദ്, ദാവീദിന്റെ കുടുംബത്തിൽ പിറന്ന ഇസ്രയേലിന്റെ യഥാർത്ഥ കിരീടാവകാശിയെ കൊല്ലാൻ തീരുമാനിച്ചു. രണ്ടു വയസ്സിനു താഴെ ഉള്ള, കൂടിയാൽ 10 കുട്ടികളേ, ദാവീദിന്റെ കുടുംബത്തിൽ അന്ന് തീരെ ജനസാന്ദ്രത ഇല്ലാത്ത ബേത്ലെഹെമിൽ ഉണ്ടാകൂ. അത് കൊണ്ട് തന്നെ, ചരിത്രകാരന്മാർ പ്രാധാന്യം കൊടുക്കാത്ത ഹേറോദിന്റെ ഈ നീച കൃത്യം സുവിശേഷകന്മാർ മാത്രമേ കുറിച്ചുള്ളു.
ബേത്ലെഹെം ആദിമ നൂറ്റാണ്ടുകളിൽ
ആദിമ നൂറ്റാണ്ടിൽ കർത്താവായ ഈശോ മിശിഹായുടെ ജന്മ സ്ഥലം വളരെ പാവനമായി ആണ് യഹൂദ നസ്രാണികൾ കണ്ടിരുന്നത്. എന്നാൽ AD 132 യിൽ നടന്ന ബർ കോബ്ബാ വിപ്ലവത്തിനെ തുടർന്ന് റോമാ ചക്രവർത്തിയായ ഹാഡ്രിയൻ, അഡോനിസ് എന്ന ഗ്രീക്ക് ദേവൻ്റെ ആരാധനാലയം അവിടെ നിർമ്മിച്ചു. തമ്മൂസ് ദേവൻ്റെ കീർത്തനങ്ങൾ താൻ മിശിഹാ ജനിച്ച ഗുഹയിൽ കേട്ടതായി വി. ജെറോം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ അഡോനിസും, തമ്മൂസും, ആദ്യം ഉണ്ടായിരുന്ന ലാഹേമും, ബാലും, ഈജിപ്തിലെ ഐസിസിൻ്റെ (Isis) ഭർത്താവായ ഒസീരിസും (Osiris) എല്ലാം ഒരേ ദൈവം ആണെന്ന് മനസ്സിലാകുമ്പോഴേ, ബേത്ലെഹെമിന് വേണ്ടി 'നുണയൻ' പെടുന്ന പാട് നമുക്ക് മനസ്സിലാക്കാൻ സാധിക്കൂ.
ബേത്ലെഹെം കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കാലം മുതൽ
കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയായ ഹെലേന രാജ്ഞിയുടെ ശ്രമഫലമായി, ബേത്ലെഹെമിൽ ഒരു പള്ളി പണിയപ്പെട്ടു. അന്ന് മുതൽ ഇന്ന് വരെ ബേത്ലെഹെമിൽ മിശിഹാ ജനിച്ച സ്ഥലത്തു് പള്ളി ഉണ്ട്.
ബേത്ലെഹെമിലെ മിശിഹായുടെ പിറവി സ്ഥലത്തെ പള്ളിയുടെ ഭരണം
വിശുദ്ധ നാടുകൾ സ്ഥിതി ചെയ്യുന്നത് കണക്കിൽ എടുത്തു്, കൽക്കദോൻ സുനഹദോസിൽ (AD 451), ജറുസലേമിനെ സ്വതന്ത്ര പാത്രിയർക്കറ്റ് ആയി പ്രഖ്യാപിച്ചു. അന്ന് മുതൽ യൂദായിൽ ഉള്ള എല്ലാ പള്ളികളുടെയും ഭരണം ജെറുസലേം സഭയുടെ കീഴിൽ ആണ്. എന്നാൽ കുരിശു യുദ്ധ കാലത്തു്, ലത്തീൻ സഭ, യൂദായും അവിടെ ഉള്ള പള്ളികളും പിടിച്ചടക്കി. പിന്നീട് പരസ്പരം ഉള്ള ബലാബലത്തിൽ ഓരോരുത്തരും മാറി മാറി ഭരിച്ചു. ഇന്ന് എല്ലാ സഭകളും ബെത്ലെഹേം ഉൾപ്പെടെ ഉള്ള വിശുദ്ധ നാടുകളിലെ പള്ളികൾ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ ഭരിക്കുന്നു.
എന്നാൽ നിഷ്പക്ഷമായി ചിന്തിക്കുകയാണെങ്കിൽ, വിശുദ്ധനാട് ജെറുസലേം പാത്രിയർക്കേസിന് കൽക്കദോൻ സൂനഹദോസ് നൽകിയതാണ്. അതിനാൽ തന്നെ അവിടെ ഉള്ള എല്ലാ പള്ളികൾക്കു മേലും അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ സഭക്കും ആണ് ഭരണ അവകാശം ഉണ്ടായിരിക്കേണ്ടത്. റോമിലെ പള്ളികളിൽ ലത്തീൻ സഭക്കും, കോൺസ്റ്റാന്റിനോപ്പിളിലെ പാളികളിൽ അവിടുത്തെ സഭക്കും അധികാരം ഉള്ള പോലെ, ജറുസലേമിലെ എല്ലാ പള്ളികളുടെയും അധികാരം ജറുസലേം പാത്രിയാർക്കേസിനാണ് ഉണ്ടാകേണ്ടത്. ലത്തീൻ സഭയും മറ്റു സഭകളും വിശുദ്ധ നാട്ടിലെ നാണക്കേട് ഉണ്ടാക്കുന്ന ഈ അധികാരവടം വലി ഉപേക്ഷിച്ചു, ജറുസലേം പാത്രിയാർക്കേസിന് പള്ളികൾ വിട്ടുകൊടുക്കും എന്ന് ആഗ്രഹിക്കുന്നു. മിശിഹായുടെ പിറവി നടന്ന പള്ളിയിലെങ്കിലും ക്രൈസ്തവ സ്നേഹവും സാഹോദര്യവും എളിമയും പ്രകാശിപ്പിക്കാൻ കഴിയില്ലെങ്കിൽ, എത്ര വലിയ സഭയാണെന്ന് പറഞ്ഞിട്ടും കാര്യമില്ല.
ബേത്ലെഹെമിലും വിശുദ്ധ നാട്ടിലും ശാന്തിയും സമാധാനവും പുലരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ തിരുപ്പിറവി തിരുന്നാൾ ആശംസകൾ...
ബേത്ലെഹെമിലും വിശുദ്ധ നാട്ടിലും ശാന്തിയും സമാധാനവും പുലരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ തിരുപ്പിറവി തിരുന്നാൾ ആശംസകൾ...
Chacko Chan