ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സീറോ മലബാർ സഭയിലെ യുവതികൾ ഏറ്റവും കൂടുതൽ തൊഴിൽ ചെയ്യുന്ന മേഖല ഏതാണെന്നു അന്വേഷിച്ചാൽ, ആരോഗൃമേഖലയിൽ പ്രത്യേകിച്ചും നഴ്‌സിംഗ് മേഖല ആണെന്ന് കാണാൻ കഴിയും. അതു കൊണ്ട് തന്നെ സഭ ഏറ്റവും കരുതലോടെ വേണം ആ തൊഴിലിനേയും തൊഴിലാളികളെയും കാണാൻ. നഴ്‌സുമാർ അനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ച് മനസിലാക്കുന്നതിന് മുൻപ്, സഭയിലെ യുവതികൾ എങ്ങനെ കൂടുതലായി ഈ മേഖലയിലേക്ക് കടന്നു വന്നു എന്ന് ചിന്തിക്കാം.
സംസ്ഥാന രൂപീകരണത്തിന് ശേഷം, കേരളം ഏറ്റവും മുന്നേറ്റം നേടിയ രണ്ടു മേഖലകൾ ആണ് വിദ്യാഭ്യാസ രംഗവും, ആരോഗ്യ രംഗവും. ഇന്ന് കേരളം നേടിയിട്ടുള്ള എല്ലാ സാംസ്‌കാരിക, സാമ്പത്തീക നേട്ടങ്ങളുടെയും മൂല കാരണം ഈ രണ്ടു മേഖലകളിൽ ഉണ്ടായ വളർച്ചയാണ്. കേരളത്തിലെ കത്തോലിക്കാ സഭ, പ്രത്യേകിച്ചും സീറോ മലബാർ സഭയാണ്, മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത ഈ നേട്ടം കേരളത്തിന് നേടി കൊടുത്തതെന്ന് പറഞ്ഞാൽ ആരും എതിര് പറയില്ല. സഭയുടെ പള്ളിയോടു ചേർന്നുള്ള പള്ളിക്കൂടങ്ങളും, ആതുരാലയങ്ങളും, കേരളത്തിന്റെയും പിന്നീട് ഭാരതത്തിന്റെയും മുഖച്ഛായ മാറ്റിയത് പകൽ പോലെ വ്യക്തമാണ്. വിദ്യാഭ്യാസവും ആരോഗ്യവും സർക്കാരിന്റെ ഉത്തരവാദിത്വം ആണെന്നിരിക്കെ, സർക്കാരിന് ഒരു കൈത്താങ്ങായി സഭ ഈ മേഖലകളിൽ പ്രവർത്തിച്ചപ്പോൾ, ഇന്ന് കേരളം ഏതൊരു വികസിത രാജ്യത്തേയും താരതമ്യം ചെയ്യാവുന്ന നിലക്ക് വളർന്നു.
എന്നാൽ ഇന്ന് കാലം മാറി. വിദ്യാഭ്യസം മോശം ആണെന്നും, അല്ലേൽ ചില സമൂഹങ്ങൾ വിദ്യക്ക് അർഹരല്ലെന്നും ഉള്ള കാഴ്ചപ്പാടുകൾ കേരള സമൂഹത്തിൽ നിന്നും മാറി. അതിന്റെ ഫലമായി, സഭ കുത്തക പോലെ, അല്ലേൽ സാമൂഹിക ഉത്തരവാദിത്വം പോലെ പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ രണ്ടു മേഖലകളിലും, മറ്റു സമുദായങ്ങളിൽ നിന്നും പ്രസ്ഥാനങ്ങളിൽ നിന്നും ഭാഗഭാഗിത്വം ഉണ്ടായി. NSS, MES, SNDP, അമൃത തുടങ്ങിയ പ്രസ്ഥാനങ്ങളും ഇന്ന് വിദ്യാഭ്യാസ, ആതുരാലയ മേഖലകളിൽ അവരുടെ മുദ്ര പതിപ്പിച്ചു കഴിഞ്ഞു. ഒപ്പം സർക്കാർ വിദ്യാലയങ്ങളും, ആതുരാലയങ്ങളും ഇന്ന് നിലവാരം മെച്ചപ്പെടുത്തി എന്നത് ഈ വർഷം സർക്കാർ സ്കൂളുകളിൽ ഉണ്ടായ കുട്ടികളുടെ വർദ്ധന തന്നെ തെളിവാണ്. അതായത് സഭ എന്ത് സാമൂഹിക ഉത്തരവാദിത്വത്തിന്റെ പുറത്താണോ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ഇറങ്ങിയത്, സാവധാനം ആണെങ്കിലും, ആ അവസ്ഥ ഇല്ലാതായി കൊണ്ടിരിക്കുക ആണ്. സർക്കാരോ, മറ്റു സമുദായങ്ങളോ നിസ്സഹായരായി നിന്നിരുന്ന സമയത്താണ് സഭ ഈ മേഖലയിൽ എല്ലാ ജന വിഭാഗങ്ങളെയും സേവിച്ചത്. എന്നാൽ ഇന്ന് സർക്കാരും മറ്റു സമുദായങ്ങളും വളരെ മുന്നേറി എന്ന് മാത്രമല്ല, സഭയിൽ നിന്നുള്ള സഹായം അവർക്ക് ആവശ്യം ഇല്ല എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. എന്നാൽ സഭ ഇത് ആ രീതിയിൽ അല്ല കാണുന്നതെന്ന് തോന്നുന്നു. തങ്ങളുടെ ത്യാഗത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി ഇന്ന് സർക്കാരും മറ്റു സമുദായങ്ങളും സ്വന്തം കാലിൽ നിക്കാൻ കെൽപ്പായി എന്നാണ് സഭ ഈ അവസരത്തിൽ ചിന്തിക്കേണ്ടതും, ഭാവിയിൽ പ്രവർത്തിക്കേണ്ടതും. എന്നാൽ സഭയിലെ ചില കോണുകൾ നേരെ വിപരീതമായാണ് ചിന്തിക്കുന്നത്. വിദ്യാഭ്യാസ, ആതുര ശുശ്രൂഷയിലും ഈ കൂട്ടർ ഒരു മത്സരം, സർക്കാരുമായും, മറ്റു സമുദായങ്ങളുമായും നടത്തുന്നുണ്ടോ എന്ന് തോന്നി പോകും. പള്ളിക്കു ചുറ്റും സേവനമായി മഹാന്മാരായ നമ്മുടെ പൂർവികർ ആരംഭിച്ച പള്ളിക്കുടങ്ങളും, ആതുരങ്ങളായാലും ഇന്ന് സേവനം മറന്ന് കച്ചവടത്തിന്റെയും മത്സരത്തിന്റെയും ദിശയിലേക്കു വഴി മാറിയോ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു.
അതായത്, ഇന്ന് സഭയുടെ ആശുപത്രികൾ സേവനമാണ് ലക്ഷ്യമാക്കുന്നതെങ്കിലും, അവയുടെ പ്രവർത്തന ലക്ഷ്യങ്ങൾ കച്ചവടവും മത്സരവും ആണ്. ഈ ഒരു അവസ്ഥയിൽ നിന്ന് വേണം നാം നഴ്സുമാരുടെ വേതനത്തെയും കഷ്ടപ്പാടുകളെയും കാണാൻ. ഈ സ്ഥാപനങ്ങൾക്കു ഇന്ന്, തങ്ങളുടെ കച്ചവടം പുഷ്ടിപ്പെടുത്തുന്ന, മറ്റു ആശുപത്രികളോട് കിട പിടിക്കുന്ന നിലയിൽ വളരാൻ ആവശ്യമായ ജീവനക്കാരെ ആണ് വേണ്ടത്. അല്ലാതെ സേവന മനോഭാവത്തോടെ ശുശ്രൂഷ ചെയ്യുന്ന ജീവനക്കാരെ അല്ല. അപ്പോൾ ഏറ്റവും കുറഞ്ഞ കൂലിക്ക് ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന ജീവനക്കാരെ ആണ് അവർക്കു ആവശ്യം.
നഴ്സുമാരുടെ ഇന്നത്തെ അവസ്ഥക്ക് ധാരാളം കാരണം ഉണ്ട്. ആദ്യ കാലങ്ങളിൽ സേവനം മാത്രം ലക്ഷ്യം ആക്കി ആയിരിരുന്നു നഴ്സിംഗ് മേഖലയിൽ സഭയിലെ പെൺകുട്ടികൾ ചേർന്നിരുന്നത്. ഇന്നും ലോകത്തിന്റെ പല ഭാഗത്തും ഈ തൊഴിലിനെ മോശം തൊഴിലായി കാണുന്ന രീതി, കേരളത്തിലും ഉണ്ടായിരുന്നു. ആ ഒരു അവസ്ഥക്ക് മാറ്റം വന്നത്, ഗൾഫ് രാജ്യങ്ങളിലും, പാശ്ചാത്യ രാജ്യങ്ങളിലും അവിടുള്ള ജനങ്ങൾ പുറംതിരിഞ്ഞു നിന്നത് മൂലം ധാരാളം തൊഴിൽ അവസരങ്ങൾ ഉണ്ടായതു ആണ്. ഡോളറും പൗണ്ടും ദിർഹവും കടൽ കടന്നു വരാൻ തുടങ്ങിയപ്പോൾ, വാട്ടു കപ്പയും, ചക്ക പുഴുക്കും കഴിച്ചു ജീവിച്ചു പോന്നിരുന്ന പല അച്ചായന്മാരും റബ്ബർ തോട്ടങ്ങളും ജുബ്ബായും മേടിക്കാൻ തുടങ്ങി. അങ്ങനെ എല്ലാ ജോലികളും തുല്യമായ മാന്യത ഉള്ളതാണെന്ന യാഥാർഥ്യം സഭാ വിശ്വാസികൾ മനസിലാക്കി. അതോടെ തൊണ്ണൂറുകൾക്കു ശേഷം സഭയിലെ പെൺകുട്ടികൾ കൂട്ടമായി നഴ്സിംഗ് എന്ന തൊഴിൽ പരിശീലിക്കാൻ തുടങ്ങി. പിന്നീട് ആൺ കുട്ടികളും ഈ മേഖലയിലേക്ക് കടന്നു വന്നു.
അതായത്, നഴ്സിംഗ് പഠിക്കുന്ന സഭയിലെ ഭൂരിഭാഗം പെൺകുട്ടികളും, അവരുടെ മാതാ പിതാക്കന്മാരും മക്കൾക്ക് വിദേശങ്ങളിൽ തൊഴിൽ ലഭിക്കണം എന്ന ഉദ്ദേശത്തോടെ ആണ് പഠനത്തിന് അയക്കുന്നത്. ഇന്ന് സീറോ മലബാർ സഭ പല രാജ്യങ്ങളിലും വളർന്നെങ്കിൽ, അതിന്റെ പ്രധാന കാരണം തൊഴിൽ തേടി അവിടെ എത്തിയ നഴ്സുമാരും അവരുടെ കുടുംബവും ആണ്. ഇന്ന് കേരളത്തിൽ തൊഴിൽ ചെയ്യുന്ന ഭൂരിഭാഗം നഴ്സുമാരും, വിദേശത്തേക്കു കടക്കാൻ ഉള്ള പ്രവൃത്തി പരിചയത്തിനോ അല്ലേൽ അതിനുള്ള അവസരത്തിനായോ കാത്തിരിക്കുന്നവരാണ്. അത് എല്ലാ മാനേജ്മെന്റുകൾക്കും അറിയാവുന്ന കാര്യമാണ്. പ്രവൃത്തി പരിചയത്തിന്റെ രേഖകൾക്കായി, ശമ്പളം പോലും ഇല്ലാതെ തൊഴിൽ ചെയ്യാൻ ആളെ കിട്ടും എന്ന് അവർക്കറിയാം.
ഒരു വസ്തുവിന്റെ ലഭ്യത കൂടുമ്പോൾ, അതിനുള്ള ആവശ്യകത കുറയും എന്നുള്ളത് ഒരു പ്രപഞ്ച നിയമം ആണ്. സഭയിൽ ഇന്ന് യുവാക്കൾ എല്ലാം എൻജിനീയർ മാരാണെങ്കിൽ, യുവതികൾ ഭൂരിഭാഗവും നഴ്‌സുമാരാണ്. ഇത്രയും ആൾക്കാർക്കുള്ള തൊഴിൽ പ്രസ്തുത മേഖലയിൽ കേരളത്തിൽ ഇല്ല. അതിനാൽ തന്നെ കുറഞ്ഞ ശമ്പളത്തിന് നഴ്‌സിംഗ് തൊഴിൽ ചെയ്യാൻ നിഷ്പ്രയാസം ഇന്ന് കേരളത്തിൽ ആൾക്കാരെ ലഭിക്കും.
നഴ്‌സിംഗ് മേഖലയിലെ ഒരു പ്രധാനപ്പെട്ട കാര്യം ആണ്, തൊഴിലിൽ ഒരു ബ്രേക്ക് ഉണ്ടാകാതിരിക്കേണ്ടത്. അതിനാൽ തന്നെ, ഒരു ശരാശരി നഴ്‌സ് കിട്ടുന്ന ശമ്പളത്തിന്, ബ്രേക്ക്ന ഒഴിവാക്കാൻ നഴ്‌സിംഗ് തൊഴിൽ ചെയ്യും. തൊഴിൽ ചെയ്യാതെ കുറച്ചു വർഷത്തെ ബ്രേക്ക് ഉണ്ടായാൽ, പിന്നീട് ഒരിക്കലും തൊഴിൽ കിട്ടില്ല എന്ന അവസ്ഥ അവരെ ചൂഷണത്തിന് ഇര ആക്കുന്നു.
ഒരു BSC നഴ്‌സിംഗ് പഠന കാലഘട്ടം, bond training ഉൾപ്പെടെ ആറു വർഷത്തോളം എടുക്കും. അതായതു ഒരു നഴ്‌സിംഗ് സ്‌കൂൾ ഉള്ള ആശുപത്രയിൽ എപ്പോഴും ആറു വർഷത്തെ കുട്ടികൾ ഉണ്ടാകും. ഒരു പ്രതിഫലവും ഇല്ലാതെ ആറു വർഷത്തോളം ഈ കുട്ടികളെ, പരിശീലനത്തിന്റെ പേരിൽ അവരുടെ പഠന വർഷത്തിന് അനുസരിച്ചുള്ള ജോലി ചെയ്യിക്കുന്നു. അതായതു തൊഴിലായികളായുള്ള നഴ്‌സുമാർ ഒരു ഹോസ്പിറ്റലിൽ 20 - 30 ശതമാനം മാത്രമേ കാണുകയുള്ളു. ബാക്കി ഉള്ളത് ആറു ബാച്ചുകളിലുള്ള കുട്ടികളാണ്. അതായതു ഭൂരിഭാഗം ഹോസ്പിറ്റലുകളും തൊഴിലാളികളായ നഴ്‌സുമാരെ അവരുടെ നിലനിൽപ്പിനായി ആശ്രയിക്കുന്നില്ല എന്നതാണ് സത്യം. എത്ര വലിയ നഴ്സിംഗ് സമരം ഉണ്ടായാലും, ഈ കുട്ടികളെ വച്ച് ആശുപത്രികൾ മുന്നോട്ടു പോകുക തന്നെ ചെയ്യും. പഠിക്കാൻ ചെന്ന കുട്ടികൾ കുറച്ചു കൂടുതൽ പണി എടുക്കേണ്ടി വരും, അത്രയേ ഉള്ളു. അതിനാൽ തന്നെ ഒരു നഴ്‌സിങ് സമരവും വിജയിക്കാൻ പോകുന്നില്ല. വിജയിക്കണമെങ്കിൽ സർക്കാർ ഇടപെടണം.
മാതാപിതാക്കൾ നഴ്‌സിംഗ് പൊൻ മുട്ട ഇടുന്ന മേഖല ആണെങ്കിലും, കുട്ടികളെ മറ്റു തൊഴിൽ മേഖലകളും തിരിഞ്ഞെടുക്കാൻ പ്രേരിപ്പിക്കണം. നഴ്‌സിംഗ് പഠിച്ച കുട്ടികൾ, കേരളത്തിൽ അവർക്കു ഭാവി ഇല്ല എന്ന വസ്തുത അംഗീകരിച്ചു, ആവശ്യത്തിനുള്ള പ്രവർത്തി പരിചയം ലഭ്യമായതിന് ശേഷം വിദേശ രാജ്യങ്ങളിലേക്ക് ശ്രമിക്കണം. വിദേശത്തു എല്ലാ തൊഴിലിനും അതിന്റേതായ അംഗീകാരതിനൊപ്പം, വേതനവും ലഭിക്കും. അതുമല്ലേൽ സർക്കാർ മേഖലകളിൽ തൊഴിൽ ലഭിക്കാൻ പരിശ്രമിക്കണം.
ഇതൊക്കെയാണെങ്കിലും സഭ, അതിന്റെ ഉത്തവാദിത്വത്തിൽ നിന്നും മാറി നിൽക്കുന്നത് ശരിയല്ല. സഭയിലെ പണത്തിനോട് ആർത്തി പൂണ്ട ചില വൈദീകരുടെ നിയത്രണത്തിലാണ് പല ആശുപത്രികളും. നിങ്ങൾക്ക് വളരെ നിസാരമായി തൊഴിൽ ചൂഷണം ചെയ്യാൻ ഉള്ള സാഹചര്യത്തിലാണ് സഭയിലെ നഴ്‌സുമാർ. നിങ്ങൾ അവരെ ചൂഷണം ചെയ്യുമ്പോൾ, നാളെ അവരും കുടുംബവും സഭയെ തള്ളി പറയില്ല എന്ന് എന്തെങ്കിലും ഉറപ്പുണ്ടോ? സഭ എന്നാൽ, നിങ്ങൾ കുറച്ചു വൈദീകർ മാത്രമല്ല, വിശ്വാസികളും കൂടി ചേർന്നതാണെന്ന് ഓർത്താൽ നല്ലത്. വിശ്വാസികളില്ലാത്ത സഭ, വെറും ചീട്ടു കൊട്ടാരം മാത്രമായിരിക്കും. നിങ്ങൾ സമ്പാദിക്കുന്ന ഈ പണം മുഴുവൻ, ചീട്ടു കൊട്ടാരം പോലെ തകരും, ആ നഴ്‌സുമാരുടെ വിലാപത്തിൽ. മാന്യമായി, കുടുംബം പുലർത്താൻ ഉള്ള ശമ്പളം അവർക്കു നല്കണം. അവർ എല്ലാവരും വിദേശങ്ങളിൽ എത്തിപ്പെടണം എന്നില്ല. പ്രത്യേകിച്ചും, ഇന്ന് വിദേശത്തും തൊഴിൽ കുറഞ്ഞു വരുന്ന സാഹചര്യങ്ങളിൽ. രോഗികളോട് ചെയ്യുന്ന സേവനം, തൊഴിലാളികളോടും, അത് വഴി അവരുടെ കുടുബത്തിനോടും കാണിക്കുമ്പോഴേ സഭ, ക്രൈസ്തവ സഭ ആകുന്നുള്ളു.
നന്ദി.