മാർ ശിമയോൻ കേപ്പായിലെ, കേപ്പായുടെ പ്രാധാന്യം
മാർ ശിമയോൻ കേപ്പ (പത്രോസ്) യുടെ പ്രധാനപ്പെട്ട സഭാ കേന്ദ്രങ്ങളിൽ ഉള്ള ശുശ്രൂഷ, ശ്ലൈഹീക സഭകൾ വളരെ പ്രധാന്യത്തോടെ ആണ് കാണുന്നത്. "നീ (യോനായുടെ പുത്രനായ ശിമയോൻ) കേപ്പ (പാറ) യാണ്, ഈ കേപ്പമേൽ ഞാൻ എന്റെ സഭ സ്ഥാപിക്കും" (മത്തായി 16:18), എന്ന വചനം ശ്ലൈഹീക സഭകൾ പല തരത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. എങ്കിലും സമന്മാരായ ശ്ലീഹന്മാർക്കിടയിൽ, ശിമയോന് ഒരു നേതൃ സ്ഥാനം മിശിഹായുടെ ഈ പ്രവചനം കൽപ്പിച്ചു നൽകുന്നുണ്ട്. അതിനാൽ തന്നെ എല്ലാ ശ്ലൈഹീക സഭകളും, ശിമയോൻ കേപ്പയുമായും, അദ്ദേഹത്തിന്റെ ശുശ്രൂഷകളുമായും തങ്ങളുടെ സഭകളെ ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത് ചരിത്രത്തിൽ ഉടനീളം വ്യക്തമാണ്. വിശ്വാസപരമായ കാര്യങ്ങളെ മുൻനിർത്തി ആണ്, ശ്ലൈഹീക സഭകൾ വേർപെട്ടതെങ്കിലും, ഒരോ വേർപെടലിന്റെയും പിന്നാമ്പുറം നോക്കിയാൽ, കേപ്പയിലൂടെ ലഭിച്ച അപ്രമാദിത്യം ഊട്ടി ഉറപ്പിക്കാൻ ആണെന്ന് മനസിലാക്കാം. ഈ ലേഖനത്തിൽ ശിമയോൻ കേപ്പായും, ആദ്യ നൂറ്റാണ്ടുകളിലെ പ്രധാന സഭാ കേന്ദ്രങ്ങളുമായുള്ള ബന്ധത്തെ കുറിച്ച് അവലോകനം ചെയ്യാൻ ആഗ്രഹിക്കുന്നു.
ആദിമ സഭയിലെ സഭാ കേന്ദ്രങ്ങൾ
ആദിമ സഭയിലെ, പ്രധാനപ്പെട്ട സഭ കേന്ദ്രങ്ങൾ, വിശുദ്ധ നഗരമായ ജറുസലേം, റോമൻ സാമ്രാജ്യത്തിലെ പ്രധാനപ്പെട്ട നഗരങ്ങളായ റോമാ, അലക്സാൻഡ്രിയ, അന്തിയോക്യ, കോൺസ്റ്റാന്റിനോപ്പിൾ, പാർഥ്യൻ (പേർഷ്യ) സാമ്രാജ്യത്തിന്റെ തലസ്ഥാനമായ സെലൂഷ്യ-ടിസ്‌ഫോൺ (Selucia-Ctesiphon) എന്നിവ ആയിരുന്നു. ഈ സ്ഥലങ്ങൾ അല്ലാതെ, ഇന്ത്യൻ ഉപഭൂഖണ്ടത്തിന്റെ പല പ്രദേശങ്ങളിലും, അർമേനിയയിലും, എത്യോപിയയിലും സഭ വളർന്നു തുടങ്ങിയിരുന്നു. എങ്കിലും സാമ്രാജ്യ ആസ്ഥാനങ്ങൾ ആയ നഗരങ്ങളിൽ വിശ്വാസം ശക്‌തമായി വളരുകയും, ഈ നഗരങ്ങൾ, ആദ്യ നൂറ്റാണ്ടുകളിൽ സഭാ കേന്ദ്രങ്ങൾ ആയി തീരുകയും ചെയ്തു. ഈ സഭാ കേന്ദ്രങ്ങളായ നഗരത്തിന്റെ മെത്രാന്മാർ, തങ്ങളുടെ നഗരത്തിൽ ശുശ്രൂഷ ചെയ്ത ശ്ലീഹന്മാരുടെ പിന്തുർച്ച അവകാശപ്പെടുകയും ചെയ്തു. കേപ്പാ ആയ മാർ ശിമയോൻ ആയിരുന്നു, ന്യായമായും ഭൂരിഭാഗം സഭകളും അവകാശം ഉന്നയിച്ച ശ്ലീഹാ. അതിനാൽ തന്നെ മാർ ശിമയോൻ കേപ്പാക്ക് ഈ നഗരങ്ങളുമായുള്ള ബന്ധം എന്തായിരുന്നു എന്ന് ചിന്തിക്കാം.
- ജറുസലേം (JERUSALEM)
ദൈവം ഇസ്രായേൽ ജനത്തിന് നൽകിയ വിശുദ്ധ നഗരം. മിശിഹായുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച നഗരം. പെന്തോകോസ്തക്കു ശേഷം, ശ്ലീഹന്മാർ സുവിശേഷം അറിയിച്ച ആദ്യത്തെ നഗരം. അതിനാൽ തന്നെ ലോകം മുഴുവൻ ഉള്ള ക്രൈസ്തവർ വളരെ വൈകാരികതയോടെ, വീക്ഷിക്കുന്ന നഗരം ആണ് ജറുസലേം. ഈ നഗരത്തിന് മാർ കേപ്പായുമായി എന്തു ബന്ധം ആണുള്ളത്? പെന്തോക്കോസ്ത് ദിവസം പരിശുദ്ധ റൂഹായിൽ നിറഞ്ഞു, ജെറുസലേമിൽ ലോകം മുഴുവനും നിന്ന് തിരുന്നാൾ ആഘോഷിക്കാൻ വന്ന യഹൂദരുടെ മുന്നിൽ, തന്റെ സഹ ശ്ലീഹരോപ്പം, നിന്ന് സുവിശേഷം പ്രസംഗിച്ചത് മാർ ശിമയോൻ ആണ്. അദ്ദേഹത്തിൽ നിന്ന് സുവിശേഷം കേട്ട്, ഹൃദയം നുറുങ്ങി, അന്ന് മാമോദീസ സ്വീകരിച്ചത് മൂവായിരത്തോളം ആളുകളാണ്. ഈ ആദിമ ക്രൈസ്തവ സമൂഹത്തിന്റെ സ്ഥാപകൻ (സ്ഥാപകൻ എന്ന വാക്ക് എത്രത്തോളം ശരി എന്നത് മറ്റൊരു വിഷയം) മാർ കേപ്പാ ആയിരുന്നു. അങ്ങനെ എങ്കിൽ ജറുസലേമിലെ സഭയുടെ സ്ഥാപകൻ മാർ ശിമയോൻ കേപ്പായാണ്. അദ്ദേഹത്തിന്റെ സഭാ ശുശ്രൂഷയുടെ ആദ്യ വർഷങ്ങൾ അദ്ദേഹം ജറുസലേമിലുള്ള സഭയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ചു. ജറുസലേമിൽ ആയിരുന്ന അവസരത്തിൽ രണ്ടു പ്രവശ്യം അദ്ദേഹം കാരാഗൃഹത്തിൽ അടക്കപ്പെട്ടു. ഈ അവസരത്തിൽ തന്നെ സഭാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡീക്കന്മാരെ നിയമിച്ചു. ജറുസലേമിൽ ആയിരുന്നപ്പോൾ തന്നെ സമരിയായിലും അദ്ദേഹം സുവിശേഷം എത്തിച്ചു.
യോപ്പാ
മാർ പൗലോസ് ശ്ലീഹാ ആയ സാവൂൾ സഭയെ പീഡിപ്പിക്കുന്ന കാലത്താണ്, മാർ കേപ്പാ ജറുസലേമിൽ നിന്ന് ലിദായിലേക്ക് പ്രവർത്തന മേഖല മാറ്റുന്നത്. പാരമ്പര്യ പ്രകാരം ഈശോ മിശിഹായുടെ ബന്ധുവായ മാർ യാക്കോബ് ശ്ലീഹായെ, ജറുസലേമിലെ സഭ ഭരം ഏൽപ്പിച്ചതിന് ശേഷം ആണ്, അദ്ദേഹം ലിദായിലേക്ക് പോയത്. യോപ്പായിലെ തബിത്തയെ കാണുവാൻ അദ്ദേഹം ലിദായിൽ നിന്ന് യോപ്പയിലേക്ക് പോവുകയും കുറച്ചു വർഷങ്ങൾ അവിടെ ശുശ്രൂഷ ചെയ്യുകയും ചെയ്തു. ഈ യോപ്പായാണ് യോനാ പ്രവാചകൻ കപ്പൽ കേറിയ സ്ഥലം. ഇന്ന് ടെൽ അവീവ് എന്ന നഗരം പുരാതന യോപ്പായോട് ചേർന്ന് കിടക്കുന്നു. എന്നാൽ റോമൻ സാമ്രാജ്യത്തിൽ, ഈ നഗരത്തിന് അത്ര പ്രാധാന്യം ഇല്ലാതിരുന്നത് മൂലം, ഇത് കേപ്പാ സ്ഥാപിച്ച സഭാ കേന്ദ്രങ്ങളിൽ ഒന്നായി അറിയപ്പെടാതെ പോയി. വിജാതീയരും സുവിശേഷത്തിനും മാമ്മോദീസയ്ക്കും അർഹരാണെന്ന ദൈവീക വെളിപാട് കേപ്പായ്ക്കു ലഭിക്കുന്നത്, യോപ്പായിൽ വച്ചാണ്.
മാർ പൗലോസ് ശ്ലീഹായുടെ മനസാന്തരത്തോടെ ജറുസലേമിലെ സഭയിൽ സമാധാനം ഉണ്ടായി. പിന്നീട് യോപ്പായിൽ നിന്ന് മാർ കേപ്പാ, ജറുസലേമിൽ തിരികെ എത്തി. AD 44 ൽ ഹേറോദോസ് രാജാവ്, ജറുസലേം സഭയെ പീഡിപ്പിക്കുകയും, വലിയ യാക്കോബ് ശ്ലീഹായെ വാളിനിരയാക്കുകയും, മാർ കേപ്പായെ കാരാഗൃഹത്തിൽ അടക്കുകയും ചെയ്തു. ഇവിടെ നിന്ന് അത്ഭുതകരമായി അദ്ദേഹം രക്ഷപെടുകയും, ജറുസലേമിൽ നിന്ന് യാത്ര തിരിക്കുകയും ചെയ്തു. പിന്നീട് AD 50 ൽ ചെറിയ യാക്കോബ് ശ്ലീഹായുടെ അധ്യക്ഷതയിൽ നടന്ന ജെറുസലേം സൂനഹദോസിൽ പങ്കെടുക്കുവാൻ ആണ് അദ്ദേഹം ജറുസലേമിൽ വന്നത്.
2. അന്ത്യോക്യാ (ANTIOCH)
കിഴക്കൻ റോമാ സാമ്രാജയത്തിലെ, ഗ്രീക്ക് സ്വാധീനം ഉണ്ടായിരുന്ന ഒരു പ്രമുഖ നഗരം ആയിരുന്നു അന്തിയോക്യ. ഗ്രീക്ക് തത്വശാസ്ത്രത്തിൽ വിദ്യാഭ്യാസം ലഭിച്ച യഹൂദരുടെ ഒരു കേന്ദ്രം കൂടിയായിരുന്നു ആ നഗരം. അന്ത്യോക്യൻ സഭ സ്ഥാപിച്ചത് മാർ ശിമയോൻ കേപ്പാ ആണെന്നാണ് സഭാ പാരമ്പര്യം. അന്ത്യോക്യയിൽ അദ്ദേഹം ഏഴ് വർഷത്തോളം സഭയെ നയിച്ചു. അദ്ദേഹം അന്തിയോക്യയിൽ എത്തിയത് ജെറുസലേം സൂനഹദോസിനു ശേഷം ആയിരിക്കാൻ ആണ് സാധ്യത. അതിനാൽ തന്നെ, അന്ത്യോക്യയിൽ യഥാർത്ഥത്തിൽ, സഭ സ്ഥാപിച്ചത് അദ്ദേഹം ആകാൻ സാധ്യത ഇല്ല. AD 36 ൽ, ഡീക്കനായ മാർ എസ്തഫാനോസിന്റെ രക്തസാക്ഷ്യത്തോടെ ചിതറിയ വിശ്വാസികളാണ് അന്ത്യോക്യയിൽ സഭ സ്ഥാപിച്ചത് (Acts 11:19). മാർ പൗലോസും മാർ ബർണബാസും, മാർ കേപ്പാക്കു മുൻപ് അന്ത്യോക്യൻ സഭയിൽ ശുശ്രൂഷ ചെയ്തിരുന്നു. ഈ ഒരു കാലത്താണ് 'ക്രിസ്ത്യാനികൾ' എന്ന നാമം വിജാതീയരും ഉൾക്കൊള്ളുന്ന അന്ത്യോക്യൻ സഭയിൽ ഉടലെടുക്കുന്നത്. AD 50 നു ശേഷം, അന്ത്യോക്യയിൽ എത്തുന്ന മാർ കേപ്പാക്ക്, വളരെ ശക്തമായ അടിത്തറ ഉള്ള ഒരു സഭയെ ആണ് നയിക്കാനായി ലഭിക്കുന്നത്. മറ്റു പല ശ്ലീഹന്മാരും അന്ത്യോക്യയിൽ ശുശ്രൂഷ ചെയ്‌തെങ്കിലും, മാർ ശിമയോനിലെ 'കേപ്പാ' മൂലം, അദ്ദേഹം അവിടെ ശുശ്രൂഷ ചെയ്ത ഏഴ് വർഷത്തെ പ്രതി, അദ്ദേഹത്തെ അവിടുത്തെ ആദ്യ മെത്രാനായി കരുതി പോകുന്നു. മാർ പൗലോസ് ശ്ലീഹാ രണ്ടാമത് അന്ത്യോക്യയിൽ എത്തിയപ്പോൾ (AD 55, മാർ കേപ്പായോട് വിയോജിപ്പു പ്രകടിപ്പിക്കുന്ന രംഗം (Gal 2:11), മാർ കേപ്പാ, അന്ത്യോക്യയിൽ ശുശ്രൂഷ ചെയ്തിരുന്നു എന്നതിന്റെ തെളിവാണ്.
3. സെലൂഷ്യ-ടിസ്‌ഫോൺ (SELUCIA-CTESIPHON)
റോമാ സാമ്രാജ്യത്തിനു പുറത്തുള്ള, ഏറ്റവും വലിയ ക്രൈസ്തവ കേന്ദ്രം, പാർഥ്യൻ (പേർഷ്യ) സാമ്രാജ്യത്തിന്റെ തലസ്ഥാനമായ സെലൂഷ്യ-ടിസ്‌ഫോൺ (Selucia-Ctesiphon) ആയിരുന്നു. ടൈഗ്രിസ് നദിയുടെ തീരത്തുള്ള ആ നഗരം, പുരാതന ബാബിലോണായ, ഇന്നത്തെ ബാഗ്ദാദിൽ ആണ്. ഏറ്റവും കൂടുതൽ പ്രവാസികളായുള്ള യഹൂദർ ഉണ്ടായിരുന്ന രണ്ടാമത്തെ നഗരം ആയിരുന്നു ബാബിലോൺ അന്ന്. പൗരസ്ത്യ ദേശങ്ങളിൽ ശുശ്രൂഷ ചെയ്ത ശ്ലീഹന്മാരായ മാർ തോമ്മായും, യൂദായും, നഥാനിയേലും ഇവിടെ ഉള്ള യഹൂദരുടെ ഇടയിൽ സുവിശേഷം പ്രചരിപ്പിച്ചിട്ടുണ്ടാകാം. ഒരു കാലത്തു ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സഭയായ, ഭാരതത്തിലെ മാർ തോമ്മാ നസ്രാണികളും ഉൾപ്പെടുന്ന സഭാ കുടുംബമായ, പൗരസ്ത്യ സുറിയാനി സഭയുടെ ആസ്ഥാനം ഈ നഗരമായിരുന്നു. മിശിഹായിലുള്ള വിശ്വാസം നിമിത്തം ഉത്ഭവ കാലം മുതൽ ഇന്നും പീഡനം ഏൽക്കുന്ന മറ്റൊരു സഭ ഉണ്ടാകുമോ എന്ന് അറിയില്ല. ജറുസലേമിൽ നിന്ന് പുറപ്പെട്ടതിനു ശേഷം മാർ കേപ്പായുടെ, പ്രവർത്തനങ്ങളെ കുറിച്ചോ, അദ്ദേഹം ശുശ്രൂഷ ചെയ്യുന്ന സ്ഥലങ്ങളെ കുറിച്ചോ വ്യക്തമായ ഒരു വിവരണം ബൈബിളിൽ ഇല്ല.
അദ്ദേഹത്തിന്റെ ഒന്നാം ലേഖനം ബാബിലോണിൽ വച്ചാണ് എഴുതുന്നത് എന്ന് വേണം കരുതാൻ. കാരണം പീഡനം ഏറ്റുകൊണ്ടിരുന്ന ഏഷ്യാ മൈനറിലെ സഭയെ ആശ്വസിപ്പിക്കാൻ, അദ്ദേഹം ആ സമയം ആയിരുന്ന ബാബിലോണിലെ സഭയുടെ വന്ദനം അറിയിക്കുന്നത് അദ്ദേഹത്തിന്റെ ലേഖനത്തിൽ കാണാം (1 Peter 5:13). ബാബിലോൺ, സെലൂഷ്യയുടെ പുരാതന, പ്രസിദ്ധമായ നാമം ആണ്. എന്നാൽ ലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ള ബാബിലോൺ, റോമാ നഗരം ആണെന്നും, അല്ല ഈജിപ്തിലെ മറ്റൊരു ബാബിലോൺ ആണെന്നും വാദിക്കുന്നവർ ഉണ്ട്.
ഈ ലേഖനത്തിലെ ബാബിലോൺ, റോമാ നഗരം ആണോ എന്ന് പരിശോദിക്കാം. ആ കാലത്തു ചില യഹൂദർ വെറുപ്പോടെ, റോമാ നഗരത്തെ ബാബിലോൺ എന്ന് വിളിച്ചിരുന്നു. ഏഷ്യാ മൈനറിലെ സഭക്ക് എഴുതിയ ഈ ലേഖനം, വളരെ വ്യക്തത ഉള്ള ഒന്നാണ്, അല്ലാതെ വെളിപാട് ലേഖനം അല്ല. ഇത്ര വ്യക്തത ഉള്ള ലേഖനത്തിൽ, ഭയം നിമിത്തം മാർ കേപ്പാ റോമാ നഗരത്തെ, അപരനാമമായ ബാബിലോൺ എന്ന് വിളിക്കുന്നു എന്ന് വാദിക്കുന്നത്, അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ലേഖനത്തിന്റെ ഈ ഭാഗത്തു, റോമയെ ബാബിലോൺ എന്ന് കോഡ് ഭാഷയിലൂടെ വിളിക്കുന്നത് മൂലം പ്രത്യേകിച്ച് ഒരു കാര്യവും ഇല്ലെന്ന്, ലേഖനം വായിക്കുന്നവർക്ക് മനസിലാക്കാവുന്നതേ ഉള്ളു.
മറ്റൊരു വാദം, വെളിപാട് ഗ്രന്ഥം ആയ വെളിപാട് പുസ്തകത്തിന്റെ 17:9 ൽ, ഏഴ് മലകളുടെ മുകളിൽ ഇരിക്കുന്ന മഹാബാബിലോൺ, റോമാ നഗരം ആണെന്നുള്ള വ്യാഖ്യാനം ആണ്. ആ കാലത്തു ഏഴ് കുന്നുകളുടെ മുകളിൽ ഇരിക്കുന്ന സ്ത്രീയുടെ ചിത്രം ഉള്ള നാണയം റോമാ സാമ്രാജ്യത്തിൽ ഇറങ്ങി ഇരുന്നു. ഈ സാമ്യത നിമിത്തം, വെളിപാടിലെ ബാബിലോൺ റോമാ നഗരം ആണെങ്കിൽ, ലേഖനത്തിലെ ബാബിലോണും റോമാ ആണെന്ന് ചിലർ വാദിക്കുന്നു. എന്നാൽ വെളിപാടിലെ ബാബിലോൺ റോമാ നഗരം ആണെന്നുള്ള വ്യാഖ്യാനം, ഒരു ശ്ലൈഹീക സഭയും നടത്തിയിട്ടില്ല എന്നതാണ് വാസ്തവം. മാർ കേപ്പയുടെയും, മാർ പൗലോസിന്റെയും രക്‌തസാക്ഷ്യത്താൽ പുണ്യ ഭൂമിയായി മാറിയ റോമാ നഗരത്തെ ബാബിലോൺ ആക്കേണ്ടതും, അവിടുത്തെ സഭയുടെ അധ്യക്ഷനായ മാർപാപ്പയെ അന്തി ക്രിസ്തു ആയി ചിത്രീകരിക്കേണ്ടതും ചില പെന്തക്കോസ്തു സഭകളുടെ ആവശ്യമാണ്. അതിനാൽ തന്നെ മഹാബാബിലോൺ, റോമാ നഗരം ആണെന്ന് വിശ്വസിക്കുന്ന കത്തോലിക്കർ ഉണ്ടെങ്കിൽ, ഹാ കഷ്ടം, നിങ്ങൾ ശത്രുവിന്റെ കെണിയിൽ വീണു പോയിരിക്കുന്നു. വെളിപാടിലുള്ള മഹാബാബിലോൺ, ഈ നിമിഷം വരെയും എന്റെ അറിവിൽ വെളിപ്പെട്ടിട്ടില്ല.
മറ്റൊരു വാദമായ, ഈജിപ്തിലെ ബാബിലോൺ ആണ് അത് എന്ന വാദം പരിശോധിക്കാം. ഈജിപ്തിലെ സഭ, മാർ കേപ്പയുടെ ശിഷ്യനായ മാർ മർക്കോസ് ആണ് സ്ഥാപിച്ചത് എന്നാണ് അവിടുത്തെ സഭ വിശ്വസിക്കുന്നത്. മാർ കേപ്പാ ആ സഭയിൽ ശുശ്രൂഷ ചെയ്തിരുന്നെങ്കിൽ, ഈജിപ്തുകാർ അദ്ദേഹത്തെ സഭയുടെ സ്ഥാപകൻ ആയി കരുതുമായിരുന്നു. പുരാതന കാലത്തു, അന്ത്യോക്യയിൽ നിന്ന് സെലൂഷ്യയിലേക്കു, ചുരുങ്ങിയ ദിവസങ്ങൾ മാത്രം കര മാർഗം യാത്ര ചെയ്താൽ മതിയായിരുന്നു. അദ്ദേഹം ആ ലേഖനം എഴുതിയ കാലഘട്ടത്തിൽ ബാബിലോണിലെ പ്രവാസികളായ യഹൂദരെയും, അവരുടെ ഇടയിലുള്ള വിശ്വാസികളെയും സന്ദർശിച്ചിട്ടുണ്ടാകും.
4. റോമാ (ROME)
റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായ നീറോയുടെ കാലത്താണ് മാർ ശിമയോൻ കേപ്പാ, റോമയിൽ എത്തിയത് എന്നാണ് വിശ്വസിക്കുന്നത്. സുവിശേഷങ്ങളിലോ, ലേഖനങ്ങളിലോ ഒന്നും അദ്ദേഹം റോമയിൽ എത്തിയതിനെ പറ്റിയോ, അദ്ദേഹത്തിന്റെ രക്‌ത സാക്ഷ്യത്തെ കുറിച്ചോ പ്രതിപാദിക്കുന്നില്ല. നീറോ ഏറ്റവും വെറുത്തിരുന്നു ക്രൈസ്‌തവരുടെ നേതാവായ മാർ കേപ്പായെ, അന്ത്യോക്യയിൽ നിന്നോ ജറുസലേമിൽ നിന്നോ തടവുകാരനായി ആയിരിക്കാം റോമയിൽ എത്തിച്ചത്. അദ്ദേഹം റോമായിൽ എത്തിയപ്പോൾ, മാർ പൗലോസിന്റെ ശ്രമ ഫലമായി ഒരു വലിയ സഭ റോമായിൽ ഉണ്ടായിരുന്നു. അതിനാൽ തന്നെ റോമായിലെ സഭ മാർ കേപ്പാ സ്ഥാപിച്ചു എന്ന് പറയുന്നത്, അന്ത്യോക്യയുടെ കാര്യം പോലെ അതിശയോക്തി ആണ്. AD 60 കളിൽ അദ്ദേഹം റോമയിൽ എത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ മാർ പൗലോസ് രക്‌തസാക്ഷി ആയി. തടവറയിൽ ആയിരുന്നു കൊണ്ട് തന്നെ അദ്ദേഹം റോമയിലെ സഭയെ നയിക്കുകയും, സുവിശേഷം ഉറക്കെ പ്രഘോഷിക്കുകയും ചെയ്തു. റോമാ നഗരത്തെ വിഴുങ്ങിയ തീയുടെ പേരിൽ രക്ത സാക്ഷിയായവരുടെ കൂടെ മാർ ശിമയോൻ കേപ്പായും ഉണ്ടായിരുന്നു (AD 64).
അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ചുരുങ്ങിയ, അപ്രധാനമായ കാലം മാത്രമേ റോമയിൽ അദ്ദേഹം കഴിഞ്ഞുള്ളു, അതും തടവുകാരനായി. യോപ്പായിൽ പോലും അതിലും കൂടുതൽ കാലം അദ്ദേഹം ശുശ്രൂഷ ചെയ്തു. എങ്കിലും അദ്ദേഹത്തോടുള്ള ആദരം നിമിത്തം, അദ്ദേഹത്തിന്റെ ശരീരം അലിഞ്ഞു ചേർന്ന റോമായുടെ മണ്ണിലെ സഭയുടെ അധ്യക്ഷനെ, സമന്മാരിൽ ഒന്നാമനായി, എല്ലാ സഭാ പിതാക്കന്മാരും ബഹുമാനിച്ചു, ഇന്നും ബഹുമാനിക്കുന്നു.
5. അലക്സാൻഡ്രിയ (ALEXANDRIA)
ജറുസലേമിന് പുറത്തു ഏറ്റവും കൂടുതൽ യഹൂദർ ഉണ്ടായിരുന്ന നഗരം ആയിരുന്നു അന്ന് അലക്സാൻഡ്രിയ. റോമാ സാമ്രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്ന്. സാമ്രാജ്യത്തിന് ആവശ്യമായ ധനവും ധാന്യവും ഉൽപാദിപ്പിച്ചു കൊണ്ടിരുന്ന മഹാ നഗരം. മർക്കോസ് എന്ന അപരനാമത്തിൽ അറിയപ്പെട്ട മറിയത്തിന്റെ മകനായ യോഹന്നാൻ ആണ് അലക്സാൻഡ്രിയൻ സഭയുടെ സ്ഥാപകൻ ആയി കരുതപ്പെടുന്നത്. ഈശോയുടെ 70 ശിഷ്യന്മാരിൽ ഒരുവനും, മാർ കേപ്പാ തന്റെ സ്വന്തം മകനെ പോലെ സ്നേഹിച്ച അദ്ദേഹത്തിന്റെ ശിഷ്യനുമാണ്, സുവിശേഷകനായ മാർ മർക്കോസ്. മാർ കേപ്പായുടെ ഓർമ്മ കുറിപ്പുകളാണ്, മാർക്കോസിന്റെ സുവിശേഷം. മാർ മത്തായി ശ്ലീഹായും, ഈജിപ്തിലെ സഭയിൽ ശുശ്രൂഷ ചെയ്‌തെങ്കിലും, മാർ കേപ്പായുടെ ശിഷ്യനെ സഭാ സ്ഥാപകൻ ആയി ഈജിപ്തിലെ സഭ കരുതുന്നതിന്റെ കാരണം, മാർ ശിമയോനിലെ കേപ്പാ ആണോ എന്ന് ചിന്തിക്കാവുന്നതാണ്. എന്തായാലും തന്റെ ശിഷ്യൻ വഴി മാർ കേപ്പാ, അലക്സാൻഡ്രിയൻ സഭയിൽ ശുശ്രൂഷ നടത്തി.
6. കോൺസ്റ്റാന്റിനോപ്പിൾ (CONSTANTINOPLE / BYZANTIUM)
ശ്ലീഹന്മാരുടെ ശുശ്രൂഷയുടെ കാലഘട്ടത്തിൽ ബൈസാന്റിയം എന്നറിപ്പെട്ടിരുന്ന ഈ നഗരം, ഒരു സാധാരണ ഗ്രീക്ക് തുറമുഖ നഗരം മാത്രമായിരുന്നു. ഗ്രീക്ക് പ്രദേശങ്ങളിൽ ശ്ലീഹന്മാരായ മാർ യോഹന്നാൻ, മാർ പൗലോസ്, മാർ അന്ത്രയോസ് തുടങ്ങിയവർ സുവിശേഷവൽക്കരണം നടത്തിയിരുന്നു. എങ്കിലും റഷ്യയുടെ ക്രീമിയ വരെ യാത്ര ചെയ്തു എന്ന് കരുതപ്പെടുന്ന മാർ അന്ത്രയോസ് ആണ് കോൺസ്റ്റാന്റിനോപ്പിൾ സഭയുടെ സ്ഥാപകൻ ആയി കരുതപ്പെടുന്നത്. മാർ ശിമയോൻ കേപ്പായുടെ സഹോദരൻ എന്ന കാരണം ആണോ മാർ അന്ത്രയോസിന് മറ്റു ശ്ലീഹന്മാരെക്കാൾ സഭാ സ്ഥാപകൻ എന്ന വിശേഷണം ലഭിക്കാൻ കാരണം എന്നത് ചിന്തിക്കാവുന്നതാണ്. അതായത് മാർ ശിമയോനിലെ കേപ്പായുടെ പ്രാധാന്യം വ്യക്തമാണ്. കോൺസ്റ്റാന്റിനോപ്പിൾ ഒരു പ്രധാന ക്രൈസ്തവ കേന്ദ്രം ആകുന്നത്, AD 324 ൽ കോൺസ്റ്റന്റൈൻ ചക്രവർത്തി, തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനം റോമാ നഗരത്തിൽ നിന്ന് ബൈസാന്റിയത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത് മുതലാണ്. അദ്ദേഹം തന്റെ നാമം, ആ നഗരത്തിനു നൽകുകയും ചെയ്തു. റോമാ സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമായി, ഈ നഗരം വളരാൻ അധിക കാലം വേണ്ടി വന്നില്ല. അതിനൊപ്പം നഗരത്തിലെ, ക്രൈസ്തവ സമൂഹത്തിന്റെ മെത്രാൻ, മറ്റുള്ള സഭാ കേന്ദ്രങ്ങളിലെ മെത്രാന്മാർക്കൊപ്പം സ്ഥാനം ലഭിക്കാൻ തുടങ്ങി. ഈ നഗരത്തിന്റെ വളർച്ചയോടെ, മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമോ എന്ന ഭീതിയല്ലേ, ഇല്ലാത്ത ഒരു പാഷാണ്ടത ആരോപിച്ചു, കോൺസ്റ്റാന്റിനോപ്പിൾ ബിഷപ്പ് ആയിരുന്ന മാർ നെസ്‌റ്റോറിയസിനെ, അലക്സാൻഡ്രിയൻ ബിഷപ്പ് മാർ സിറിൽ, എഫേസൂസ് സൂനഹദോസിലൂടെ നാടു കടത്തിയത് എന്ന് ന്യായമായും ചിന്തിക്കാവുന്നതാണ്. തൻ്റെ സഹോദരനായ അന്ത്രയോസ് വഴി, മാർ ശിമയോൻ, കോൺസ്റ്റാന്റിനോപ്പിൾ (ബൈസാന്റിയം ) സഭയിൽ ശുശ്രൂഷ ചെയ്തു എന്ന് കരുതാവുന്നതാണ്.
ഇത്രയും വിശകലനം ചെയ്തതിൽ നിന്ന് മറ്റൊരു ശ്ലീഹാക്കും അവകാശപ്പെടാൻ സാധിക്കാത്ത ഒരു ഭാഗ്യം മിശിഹാ മാർ ശിമയോൻ കേപ്പാക്ക് നൽകിയാതായി മനസിലാക്കാം. എല്ലാ ശ്ലൈഹീക സഭകളും ഈ കേപ്പായിൽ, ഈ പാറയിൽ ആണ് മിശിഹാ പണിതത്, അല്ലേൽ സ്ഥാപിച്ചത്. മാർ ശിമയോനെ കർത്താവ് വിളിച്ച 'കേപ്പാ' എന്ന് പോലും വിളിക്കാൻ മടിക്കുന്ന ആൾക്കാർ, അദ്ദേഹത്തെ തങ്ങളുടേത് മാത്രം ആക്കാൻ ശ്രമിക്കുന്നത്, വിമർശന വിധേയം ആകേണ്ടതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ആറ് സഭാ കുടുംബങ്ങളിൽ ആണ്, ഇന്ന് എല്ലാ ശ്ലൈഹീക സഭകളും ഭാഗം ആയിരിക്കുന്നത്. മാർ തോമ്മാ നസ്രാണി സഭയുടെ ഇന്നത്തെ പ്രതിനിധി ആയ, സീറോ മലബാർ സഭാംഗങ്ങൾ ആയ നാം പൗരസ്ത്യ സുറിയാനി സഭാ കുടുംബത്തിൽ പെടുന്നവരാണ്. ബാബിലോണിലെ സഭയിൽ ശുശ്രൂഷ ചെയ്യുക വഴി, പൗരസ്ത്യ സുറിയാനി സഭയിൽ മാർ കേപ്പായുടെ ആശീവാദവും, അനുഗ്രഹവും ഉണ്ട്. അത് വഴി, നമ്മുടെ സഭയായ സീറോ മലബാർ സഭയിലും, നമ്മിലും.
നമ്മുടെ ദൈവവും കർത്താവും ആയ ഈശോ മിശിഹായ്ക്കു നന്ദി പറയാം.