സീറോ മലബാർ സഭയും പിതാക്കന്മാരും ഏറ്റവും ശക്തമായി പ്രത്യക്ഷത്തിൽ സർക്കാരുകളുമായി ഏറ്റു മുട്ടുന്ന വിഷയമാണ് മദ്യ വ്യവസായം. മാറി മാറി വരുന്ന സർക്കാരുകൾ അവരുടെ വോട്ടു ബാങ്കുകളുടെയും, ധന സ്രോതസുകളുടെയും താല്പര്യം മുൻനിർത്തി, മദ്യ വ്യവസായത്തിന് അനുകൂലവും പ്രതികൂലവും ആയ നിലപാടെടുക്കാറുണ്ട്. സീറോ മലബാർ സഭ, ഈ വിഷയം ഏറ്റെടുക്കേണ്ട ആവശ്യം ഉണ്ടോ? അഥവാ ഉണ്ടെങ്കിൽ ഈ വിഷയം ഏറ്റെടുക്കുന്നതിന് മുൻപ് സഭ ഉള്ളിൽ എന്തെങ്കിലും തിരുത്തൽ നടത്തേണ്ടതുണ്ടോ?
സീറോ മലബാർ സഭ, മദ്യ വ്യവസായത്തെയും, മദ്യപാനത്തെയും ഇത്ര ശക്തമായി എതിർക്കേണ്ട ആവശ്യം ഉണ്ടോ എന്ന ചോദ്യം വിശ്വാസികളിൽ നിന്ന് തന്നെ ഉയർന്നു വന്നു കൊണ്ടിരിക്കുന്ന ഒരു ചോദ്യം ആണ്. പ്രത്യേകിച്ചും മദ്യ വ്യവസായത്തിലും, മദ്യപാനത്തിലും ഇരുപതാം നൂറ്റാണ്ടോടു കൂടി, സഭാ വിശ്വാസികൾ ഇതര സമുദായങ്ങളെ തുലനം ചെയ്താൽ, വളരെ മുന്നേറ്റം നടത്തിയ സാഹചര്യത്തിൽ. ഭാരതത്തിലെ നസ്രാണികൾ യൂറോപ്യൻ കൊളോണിയൽ ശക്തികളുടെ ആഗമനം വരെ മദ്യപാന ശീലം ഇല്ലാതിരുന്ന, ഒരു ജനവിഭാഗം ആയിരുന്നു. ആ അവസ്ഥയിൽ നിന്നും, ഇന്ന് മാമ്മോദീസ നടക്കുന്ന ഭവനം മുതൽ മരണ വീട്ടിൽ പോലും നസ്രാണിക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മദ്യം മാറി. അതിനു ചരിത്രപരമായി തന്നെ ധാരാളം കാരണങ്ങൾ ഉണ്ട്. ആധുനീക കാലഘട്ടത്തിൽ യൂറോപ്യൻ സംസ്കാരത്തിൽ, ശാസ്ത്രം മുതൽ സാമൂഹിക അവസ്ഥയിൽ വരെ ഉണ്ടായ മുന്നേറ്റം, ആധുനീക നസ്രാണിയെ അവരുടെ സംസ്കാരം അനുകരിക്കാൻ പ്രേരിപ്പിച്ചു. യൂറോപ്യർ ക്രൈസ്തവർ ആണെന്നത് ഈ അനുകരണത്തിന് നസ്രാണികൾക്കിടയിൽ വേഗത നൽകി. പലതും പകർത്തുന്നതിന് ഇടയിൽ, വിദേശ മദ്യം കഴിക്കുന്ന ശീലം നസ്രാണികൾക്കിടയിൽ ഉണ്ടായി. അത് ഒരു ആഡംബരത്തിന്റെ, പ്രൗഢിയുടെ തലം അവർക്കു പ്രദാനം ചെയ്തു. എഴുപതുകളിലാണ് ഇത് സംഭവിക്കുന്നതെങ്കിലും, തൊണ്ണൂറുകളോടെ വിദേശ മദ്യം സുലഭം ആവുകയും, പ്രൗഢിയുടെ തലം വിട്ട്, ലഹരിയുടെ തലത്തിലേക്ക് അത് കടന്നു.
രണ്ടോ മൂന്നോ തലമുറ കൊണ്ട് ഉണ്ടായ ഈ മാറ്റം ഉൾക്കൊള്ളാനോ, പ്രതിരോധിക്കാനോ സഭക്ക് സാധിച്ചില്ല. അതിനു കാരണം, സഭ തന്നെ പാശ്ചാത്യവൽക്കരിക്കപ്പെട്ട അവസ്ഥയിലായിരുന്നു. ബവേറിയൻ ബിയർ നുണയുന്ന മാർപാപ്പാമാരുടെയും, വെള്ളത്തെ തന്നെ മദ്യമാക്കി മാറ്റി, കൂട്ടുകാർക്കൊപ്പം മദ്യപിക്കുന്ന മിശിഹയെയും പറ്റി ഉള്ള തെറ്റായ കാഴ്ചപ്പാടുകളേയും സഭ വേണ്ട വിധത്തിൽ സമൂഹത്തിൽ തിരുത്തിയില്ല. അതിനാൽ തന്നെ മദ്യപാനത്തിന് വിശുദ്ധ ഗ്രന്ഥത്തിന്റെ മറവ് പിടിക്കുന്ന അവസ്ഥ നസ്രാണികൾക്കിടയിൽ സംജാതമാവുകയും, സഭ നോക്കു കുത്തിയുടെ അവസ്ഥയിലേക്ക് തരം താഴുകയും ചെയ്തു.
മദ്യപാനം ശരിയാണോ തെറ്റാണോ എന്ന ചോദ്യത്തിനു പോലും വ്യക്തമായ ഉത്തരം തരാൻ സഭക്ക് കഴിയാതെ ആയി. മിതമായി കുടിച്ചാൽ മദ്യം (വീഞ്ഞ്) നല്ലതാണെന്ന് ഒരു വൈദീകൻ പറഞ്ഞത് ഞാൻ എന്റെ ചെവി കൊണ്ട് കേട്ടിട്ടുള്ളതാണ്. അതിനാൽ തന്നെ മദ്യപാനം ശരിയോ, തെറ്റോ എന്നതിനിലേക്ക് ഞാൻ കടക്കുന്നില്ല (പഠനത്തിലാണ്). പക്ഷെ നസ്രാണികളായ മദ്യപാനികൾ, ഒരു വലിയ പങ്കും മദ്യം ആസ്വദിക്കുന്നതിനേക്കാളും, ഒരു കുപ്പി തീരുന്ന കണക്കോ, അല്ലേൽ ബോധം നശിക്കുന്ന കണക്കിലോ കുടിക്കുന്ന ആൾക്കാരാണ്. അവരിൽ പലരും, മക്കൾ ഉണ്ടില്ലേലും, വീട് ജപ്തിയാലൂം, അതൊന്നും ഒരു വിഷയമല്ലാതെ മദ്യ സേവ നടത്തുന്നവരാണ്. ഈ ഒരു അവസരത്തിലാണ് കേരളത്തിലെ അല്ലേൽ ഭാരതത്തിലെ സഭയുടെ ഇപ്പോഴുള്ള മദ്യത്തിനോടുള്ള സമീപനത്തെ നാം വിലയിരുത്തേണ്ടത്. ഭൂരിഭാഗവും മാന്യമായി മദ്യപിക്കുന്ന, പാശ്ചാത്യ ലോകത്തെ സഭയുടെ കാഴ്ചപ്പാടായിരിക്കില്ല, ആരോഗ്യവും കുടുംബവും നശിപ്പിച്ചു കൊണ്ട് മദ്യപിക്കുന്ന നസ്രാണി സമൂഹത്തിലെ സഭ പ്രതികരിക്കുക. സഭ വൈകി ആണെങ്കിലും ഒരു ശബ്‍ദം ഉയർത്തുന്നത് പ്രതീക്ഷ നൽകുന്നതാണ്.
എന്നാൽ സമൂഹത്തിൽ ശബ്ദം ഉയർത്തുന്നതിന് മുൻപ്, സമൂഹത്തിന് വിശ്വാസം ആർജിക്കാൻ ഉതകുന്ന നടപടികൾ സഭക്കുള്ളിൽ ആദ്യം സ്വീകരിക്കേണ്ടി ഇരുന്നു. റോമയിലെയോ, ഫ്രാൻസിലെയോ സഭക്കില്ലാത്ത പ്രശ്നം സീറോ മലബാർ സഭക്കുണ്ടെങ്കിൽ സീറോ മലബാർ സഭ അതിന് ചേർന്ന ചരിത്രപരമായോ, ദൈവശാസ്ത്രപരമായോ ഉള്ള നടപടികൾ സ്വീകരിക്കണം.
1) 16 ആം നൂറ്റാണ്ടു വരെ ഭാരത്തിലെ സഭയിൽ വി. കുർബാനയിൽ ഉണക്ക മുന്തിരി പിഴിഞ്ഞ ചാർ ആയിരുന്നു ഉപയോഗിച്ചിരുന്നതെന്നും, വീഞ്ഞ് ഒരു പാശ്‌ചാത്യ ഇറക്കുമതി ആണെന്നും, ഇന്ന് എല്ലാവർക്കും അറിയാവുന്ന വസ്തുത ആണ്. സഭ മദ്യ നിരോധനത്തെ കുറിച്ച് സംസാരിക്കുമ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിൽ ആദ്യം ചർച്ചക്ക് വരുന്ന വിഷയമാണ് വി. കുർബാനയിൽ വീഞ്ഞിന്റെ കാര്യം. അതിലെ മദ്യത്തിന്റെ ശതമാന കണക്കും, ഉപ്പിട്ടെന്നും, പഞ്ചാര ഇട്ടെന്നും ഒക്കെ ന്യായീകരണങ്ങളും ഇന്ന് സഭാ മക്കൾ തന്നെ പുച്ഛിക്കാൻ തുടങ്ങി. പാശ്ചാത്യ സഭകളിൽ വീഞ്ഞ് ഉപയോഗിക്കുന്നുണ്ടെങ്കിൽ, അതിനു അവരുടേതായ ദൈവശാസ്ത്ര വീക്ഷണങ്ങൾ ഉണ്ടാകാം. എന്നാൽ 1500 ഓളം വർഷം നമ്മുടെ പൂർവികർ അനുഷ്ടിച്ചു പോന്നിരുന്ന ഒരു വസ്തുതയാണ്, കുർബാനയിലെ ഉണക്ക മുന്തിരി ചാർ. ഇനി അത് ദൈവ ശാസ്‌ത്രപരമായി തെറ്റാണെന്നു ആരേലും വാദിച്ചാൽ, 1500 വർഷങ്ങൾ അവരുടെ പൂർവികർ ആചരിച്ച വി. കുർബാന തെറ്റായിരുന്നു എന്ന് അവർ സമ്മതിക്കേണ്ടി വരും. കേരളത്തിലെ സഭകൾ ഒന്നായി, അല്ലേൽ സീറോ മലബാർ സഭ എങ്കിലും, ഉണക്ക മുന്തിരിച്ചാർ വീഞ്ഞിനു പകരമായി വി. കുർബാനക്ക് ഉപയോഗിക്കാൻ വീണ്ടും തുടങ്ങിയാൽ അത് ചരിത്രപരമായ വിപ്ലവം ആയിരിക്കും. ആ ഒരു ദൃഢമായ തീരുമാനത്തിന് ശേഷം, മദ്യ വിരുദ്ധ പ്രവർത്തനവുമായി സഭ മുന്നോട്ടിറങ്ങിയാൽ, ജാതി മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും സഭയെ ബഹുമാനത്തോടെ കാണും.
2) ഈശോ മിശിഹയെ ഒരു മദ്യപാനിയും, വീഞ്ഞ് ഉല്പാദകനും ആക്കിയുള്ള സഭയുടെ തെറ്റായ പഠനങ്ങളെ മാറ്റി എഴുതുക, പഠിപ്പിക്കുക. വർഷങ്ങൾക്കു മുൻപ്, ഒരു മുസ്ലിം സുഹൃത്തുമായി മദ്യത്തെ കുറിച്ച് സംസാരിക്കാൻ ഇടയായി. എന്റെ ഭാഗം ന്യായികരിക്കാൻ, ഈശോ വീഞ്ഞ് ഉണ്ടാക്കിയ കഥയും, അന്ത്യ അത്താഴ വേളയിൽ വീഞ്ഞ് കുടിച്ച കാര്യവും ഞാൻ പറഞ്ഞു. അവന്റെ ഉത്തരം, ഒന്നുകിൽ ആ ബൈബിൾ ഭാഗം തെറ്റായിരിക്കും എന്നും, അല്ലേൽ പകർത്തി എഴുതിയപ്പോൾ വന്ന തെറ്റാവാം എന്നും ആയിരുന്നു. ഒരു പ്രവാചകൻ മാത്രമായ ഈശോ വീഞ്ഞ് കുടിക്കുന്നത് ആ മുസ്ലിം സുഹൃത്തിന് അംഗീകരിക്കാൻ സാധിക്കാത്തപ്പോൾ, മിശിഹായും ദൈവവുമായ ഈശോയെ മദ്യപാനി ആയി ചിത്രീകരിക്കുന്ന ചില പുരോഹിതരോട് എനിക്ക് പുച്ഛം തോന്നി. എന്നാൽ ഈശോ മിശിഹായെ മദ്യപാനി ആയി ചിത്രീകരിക്കുന്ന ഈ പുരോഹിത ഗണത്തിന്റെ പിതാക്കന്മാരെ മത്തായിയുടെ സുവിശേഷം 11:19 ൽ കാണാം. മിശിഹായെ വീഞ്ഞ് കുടിയനായി വ്യാജ ആരോപണം ഉയർത്തിയവരെ, അവിടുന്ന് പരിഹസിക്കുന്നത് ഇവർക്കും ബാധകം ആണ്. ഈശോയെ നസ്രായൻ എന്ന് വിളിക്കുന്നതിന് നസ്രത്തിൽ നിന്ന് ഉള്ളവൻ എന്നും, നാസീർ വൃതക്കാരൻ (Acts 24:5) എന്നും രണ്ട് അഭിപ്രായം ഉണ്ട്.
3) സഭ വിശുദ്ധ ഗ്രന്ഥം, മൂല ഗ്രന്ഥമായ പെഷിത്തായിൽ നിന്ന് യഥാർത്ഥമായ വിവർത്തങ്ങൾ ഉൾക്കൊണ്ട് പരിഷ്കരിക്കണം. 'മെറിസ്സ' യും 'ഹമാറ' യും പോലുള്ള നിസാരം എന്ന് തോന്നാവുന്നതും എന്നാൽ അർത്ഥവും ഉദ്ദേശ ശുദ്ധിയും പോലും മാറി പോകുന്നതുമായ ധാരാളം തെറ്റുകളും, പഠനങ്ങളും ഇത് വഴി ഒഴിവാക്കാൻ ആകും. മിശിഹാ കാനായിലെ വിരുന്നിൽ മദ്യ അംശം ഉള്ള വീഞ്ഞ് അല്ല, മേൽ തരം നശിക്കാത്ത, കേടു വരാത്ത മുന്തിരി ചാർ ആണ് ഉണ്ടാക്കിയതെന്ന വ്യാഖ്യാനം പലരുടെയും കണ്ണ് ചിലപ്പോൾ തുറപ്പിച്ചേക്കാം. മദ്യപന്മാർ ഏറ്റവും ഇഷ്ടപ്പെടുന്ന അത്ഭുതം അതാണല്ലോ. അതുപോലെ തന്നെ കലവറക്കാരൻ ഉദ്ദേശിച്ച 'ആൾക്കാർ ലഹരി പിടിച്ചു കഴിയുമ്പോൾ' എന്നത് 'മത്തു പിടിച്ചു കഴിയുമ്പോൾ' എന്നല്ലേ ശരി എന്ന് ചിന്തിക്കാവുന്നതാണ്.
4) സഭയിൽ മദ്യത്തെ കുറിച്ച് ആധികാരികമായ ഒരു പഠനം നടത്തുകയും, ദൈവശാസ്ത്രപരമായും, സാമൂഹികപരമായും അതിനെ നിർവചിക്കുകയും ചെയ്യണം. സെമിനാരികളിലും ദയറകളിലും നിന്നും ഉയർന്നു വരുന്ന ഈ പഠനങ്ങൾ സാധാരണ ജനങ്ങളിൽ എത്തിക്കണം. വേദ പാഠ ക്ലാസ്സുകളിൽ ഇവ പഠിപ്പിക്കുകയും, അതിനു വേണ്ട പരിശീലനം അദ്യാപകർക്കു നൽകുകയും വേണം.
5) മഹാ പാപിയായ ഒരാളെ പോലും അയാളുടെ ആത്മാവിനെ പ്രതി സഭയിൽ ഒറ്റപ്പെടുത്താൻ നമ്മുക്ക് അധികാരം ഇല്ല. അങ്ങനെ ഉള്ള അവസരത്തിൽ മദ്യം ഉപയോഗിക്കുകയോ, വിൽക്കുകയോ ചെയ്യുന്ന ആൾക്കാരെ സഭയിൽ ഒറ്റപ്പെടുത്താൻ സഭക്ക് സാധിക്കും എന്ന് തോന്നുന്നില്ല. എങ്കിലും ഇങ്ങനെ ഉള്ള ആൾക്കാരെ വൈദീകർ വ്യക്തിപരമായി ഉപദേശിച്ചാൽ ചിലപ്പോൾ ഫലം കണ്ടെന്നു വരാം. കൂദാശകൾ പരികർമ്മം ചെയ്യുന്ന ഭവനങ്ങളിൽ, ആ അവസരങ്ങളിൽ ആഘോഷത്തിന്റെ ഭാഗമായി മദ്യം ഉപയോഗിക്കാൻ പാടില്ല എന്ന് പള്ളിയോഗങ്ങൾ തീരുമാനം എടുക്കുകയും, ഇടവകളിൽ അറിയിപ്പ് നൽകുകയും, വൈദീകനോ പള്ളി യോഗമോ അതിനു വേണ്ട ക്രമീകരണങ്ങൾ നടത്തുകയോ ചെയ്യുന്നത് നല്ലതായിരിക്കും.
മദ്യത്തിന് പുറമെ മറ്റനേകം ഭക്ഷണ ലഹരി വസ്തുക്കളിലും സഭ ശ്രദ്ധ കേന്ദ്രികരിക്കണം. ഇന്നത്തെ യുവത്വം മദ്യം വിട്ട് കഞ്ചാവിലും, സിറിഞ്ചിലും എത്തി നിൽക്കുന്ന ഈ കാലഘട്ടത്തിൽ സഭ ദീർഘ വീക്ഷണത്തോടെ പ്രവർത്തിക്കണം. അവസാനമായി സഭ ഉള്ളിലുള്ള സഭാംഗങ്ങളെ ബോധവാന്മാരാക്കിയാൽ, ക്രമേണ സമൂഹം മുഴുവൻ നന്നാകും. സർക്കാരുകളെ കടന്നാക്രമിച്ചാൽ വിപരീത ഫലം ആവാം ഉണ്ടാകുക. സഭ ആദ്യം നന്നാവട്ടെ, അത് വഴി നമുക്ക് ചുറ്റുമുള്ള മറ്റു സമൂഹങ്ങളും. അതല്ലേ ക്രൈസ്തവ മാർഗം.
No comments:
Post a Comment