Tuesday, January 15, 2019

മിശിഹായെ കണ്ടു മുട്ടുന്നതിനു മുൻപുള്ള ശ്ലീഹന്മാർ



        കർത്താവായ ഈശോ മിശിഹായും മാതാവും കഴിഞ്ഞാൽ, സഭാ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഏറ്റവും പ്രിയപ്പെട്ട ആൾക്കാർ ശ്ലീഹന്മാർ ആണ്. എന്താണെന്ന് അറിയില്ല, ക്രിസ്ത്യാനികൾക്ക് വിനയം അങ്ങ് പ്രകടിപ്പിക്കണം എന്ന് നിർബന്ധം ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു, സ്നേഹം കൂടി ഈ ശ്ലീഹന്മാരെ വെറും സാധാ മീൻപിടിത്തക്കാർ എന്നും ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവർ എന്നും ഒക്കെ നമ്മൾ തന്നെ അങ്ങ് പുകഴ്ത്താറുണ്ട്. കരിസ്മാറ്റികാർ കൂടി പെന്തകോസ്ത് മതത്തിൽ നിന്നും കത്തോലിക്കാ സഭയിൽ എത്തിയതോടെ, ശ്ലീഹന്മാർക്ക് പെന്തക്കൂസ്താക്ക് ശേഷം ആണ് ബുദ്ധിയും വിവരവും വച്ചത് എന്ന പ്രചാരണം ശക്തമായി. ഈശോ മിശിഹായുടെ കൂടെ കൂടുന്നതിന് മുൻപ് ഒന്നിനും കൊള്ളാത്ത, ഒരു പണിയും ഇല്ലാത്ത ദരിദ്രവാസികളായ ഗലീലയാക്കാർ ആയിരുന്നോ ശ്ലീഹന്മാർ? എന്നാ പിന്നെ അതൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം എന്ന് തീരുമാനിച്ചു. 

        ശ്ലീഹന്മാരുടെ പശ്ചാത്തലം പഠിക്കാൻ ആണ് ഞാൻ ഇവിടെ ശ്രമിക്കുന്നത്. പശ്ചാത്തലം എന്നാൽ ഈശോ മിശിഹാ ശ്ലീഹന്മാരെ തിരഞ്ഞെടുക്കുമ്പോൾ ഉള്ള അവരുടെ പ്രദേശം, രാജ്യം, പ്രായം, തൊഴിൽ എന്നതൊക്കെയാണ് ഉദ്ദേശിക്കുന്നത്. അതിനായി ആദ്യം ഈശോ മിശിഹായുടെ പരസ്യ ജീവിത സമയത്തു ഇസ്രായേലിൽ ഉണ്ടായിരുന്ന രാജ്യങ്ങൾ, യഹൂദന്മാർക്കിടയിലെ മത (ആശയ) വിഭാഗങ്ങൾ ഏതൊക്കെ എന്ന് ആദ്യം പരിചയപ്പെടാം.

ഇസ്രായേലിൽ ഉണ്ടായിരുന്ന രാജ്യങ്ങൾ


ഇസ്രായേലിലെ പ്രധാന രാജ്യങ്ങൾ അല്ലേൽ പ്രദേശങ്ങൾ യൂദയാ, സമരിയ,  എദോം, ഗലീലിയ, ജോർദാൻ നടിക്ക് അക്കരെ (കിഴക്കുള്ള) ഉള്ള പ്രദേശങ്ങൾ എന്നിവയാണ്. ഈശോയുടെ ജനനസമയത്തു ഇസ്രായേൽ ഭരിച്ചിരുന്ന ഹെരോദ്‌ രാജാവിന്റെ മക്കൾക്കായി, അദ്ദേഹത്തിന്റെ മരണശേഷം ഈ പ്രദേശങ്ങൾ വിഭജിച്ചു കൊടുത്തിരുന്നു. അതിൽ 



1) ഗലീലിയ പ്രദേശം ഹെരോദ് അന്തിപ്പായാണ് ഭരിച്ചിരുന്നത്. ഈ ഹെരോദ് അന്തിപ്പായാണ് സ്നാപക യോഹന്നാനെ വധിച്ചതും, ഈശോയെ പീലാത്തോസിന്റെ അടുത്തേക്ക് മടക്കി അയച്ചതും. സിനിമകളിൽ ചെറുപ്പക്കാരൻ ആയി കാണപ്പെടാറുള്ള അന്തിപ്പാക്ക് അന്ന് പ്രായം 55 അടുത്ത് ഉണ്ട്.

2) യൂദയാ - സമരിയ - എദോം എന്നിവ ഹെരോദിന്റെ മകനായ ഹെരോദ് ആർച്ചലൗസിനാണ് ലഭിച്ചത്. എന്നാൽ കഴിവില്ലാത്തവൻ എന്ന കാരണം പറഞ്ഞു, റോമാ സാമ്രാജ്യം അവിടെ അവരുടെ ഗവർണ്ണർ ഭരണം (Prefect) ഏർപ്പെടുത്തി. പന്തിയോസ് പീലാത്തോസ് ആണ് ഈശോയുടെ കാലത്തുള്ള റോമൻ ഗവർണ്ണർ.

3) ജോർദാൻ നദിക്ക് അക്കരെ ഉള്ള പ്രദേശങ്ങൾ ഹെരോദിന്റെ മറ്റൊരു മകനായ ഫിലിപ്പിനാണ്. ലഭിച്ചത്. ഈ പ്രദേശം ഇന്ന് ഗോലാൻ കുന്നുകൾ എന്ന് അറിയപ്പെടുന്ന പ്രദേശം ആണ്. ഗലീലിയയോട് ചേർന്നാണ് കിടക്കുന്നത് എങ്കിലും, ജോർദാൻ നദിക്ക് അക്കരെ ഉള്ള പ്രദേശം ആണ്. ഈശോ മിശിഹാ ഏറ്റവും കൂടുതൽ വിശ്രമിക്കാനും, ഹെരോദ് അന്തിപ്പായിൽ നിന്നും അകലം പാലിക്കാനും (മത്തായി 14:13) ഒക്കെ തിരഞ്ഞെടുത്തത് ഈ പ്രദേശം ആണ്. ശ്ലീഹന്മാരിലെ ഏറ്റവും വലിയ പങ്കും ഈ പ്രദേശത്തു നിന്നും ആണ്. ശിമയോൻ കേപ്പായും യോഹന്നാനും എല്ലാം ഈ രാജ്യത്തെ തീരപട്ടണമായ, ബെത്‌സൈദാക്കാർ ആണെന്ന് സുവിശേഷം പറയുന്നു. അതായത് ഗലീലിയക്കാർ അല്ല, ബെത്‌സൈദാക്കാർ ആണ്.

ഗലീലിയ, ജോർദാൻ നദി പ്രദേശങ്ങളിലെ ഈശോ മിശിഹായുടെ കാലത്തുള്ള പട്ടണങ്ങൾ താഴെയുള്ള ചിത്രത്തിൽ പരിചയപ്പെടാം. ശിമയോൻ കേപ്പയുടെ (St. Peter) പട്ടണമായ ബെത്‌സൈദാ ജോർദ്ദാന്റെ അക്കരെ, ഫിലിപ്പിന്റെ രാജ്യത്താണ്.


4) അനുജത്തിയായ സലോമിക്ക് ബാക്കിയുള്ള ചെറു പട്ടണങ്ങൾ ഹെരോദ് നൽകി.

പ്രധാന യഹൂദ വിഭാഗങ്ങൾ


ഈശോ മിശിഹായുടെ കാലത്തു പ്രധാനമായും നാല് പ്രത്യാശാസ്ത്രത്തിൽ വിശ്വസിക്കുന്ന വിഭാഗങ്ങൾ ആണ് യഹൂദരിൽ ഉണ്ടായിരുന്നത്. അതിൽ ശക്തർ
1) സദുക്കായർ - പുരോഹിത വർഗ്ഗം; പ്രധാന പുരോഹിതനായ സാദോക്കിന്റെ വംശത്തിൽ ഉള്ളവർ; യഹൂദ ജീവിതത്തിൽ യവനരീതികൾ പകർത്താൻ ആഗ്രഹിച്ചവർ. എഴുതപ്പെട്ട നിയമങ്ങൾക്കു മാത്രം പ്രാധാന്യം കൊടുക്കുന്നവർ.
2) ഫരിസേയർ  - മോശയുടെ പാരമ്പര്യങ്ങളിൽ കഠിനമായി വിശ്വസിച്ചവർ; സാധാരണ സിനഗോഗുകളിൽ പഠിപ്പിച്ചിരുന്നവർ; നിയമങ്ങൾ അനുഷ്ഠിക്കുന്ന സാധാരണക്കാരൻ ആണ് വിവരം ഇല്ലാത്ത പുരോഹിതനെക്കാൾ മെച്ചം എന്ന് വിശ്വസിക്കുന്നവർ; എഴുതപ്പെട്ട നിയമങ്ങൾക്ക് ഒപ്പം എഴുതപ്പെടാത്ത നിയമങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നവർ.
3) എസ്സെനികൾ - പരസ്പര സാഹോദര്യം പ്രധാനം ആയി കാണുന്നു; ദാരിദ്രം, സന്യാസം സ്വയം തിരഞ്ഞെടുക്കുന്നു; സംഖ്യയിൽ കുറവെങ്കിലും എല്ലായിടത്തും പടർന്നു കിടക്കുന്നു; അവരിൽ ബ്രഹ്മചാരികൾ ഉണ്ടായിരുന്നു; മക്കബായ-ഹെരോദ് ഭരണം അംഗീകരിക്കാതെ - ദാവീദിന്റെ കുടുംബം ആണ് ഭരിക്കേണ്ടത് എന്ന് കരുതിയിരുന്നവർ; രണ്ടാം നൂറ്റാണ്ടിൽ എഴുതപെട്ട മണിമേഖലൈ എന്ന തമിഴ് പുസ്തകത്തിൽ കേരളത്തിൽ എസ്സെനികൾ ഉണ്ടായിരുന്നതായി കാണാം; എസ്സെനികളുടെ പല രീതികളും മിശിഹായും സ്നാപക യോഹന്നാനും പിന്തുടർന്നതിനാൽ കുടംബത്തിൽ എസ്സെനികൾ ഉണ്ടാകാം.
4) ക്നാനായി (Zealots) അല്ലേൽ തീക്ഷണമതികൾ - യൂദയായിൽ റോമൻ ഗവർണ്ണർ ഭരണം ആരംഭച്ചതിന് എതിരെ ഉണ്ടായത്; അക്രമത്തിലൂടെ റോമൻ ഭരണം അവസാനിപ്പിക്കണം എന്ന് ആഗ്രഹിച്ചവർ; മതപരമായി ഫരിസേയരുടെ രീതിയിൽ താല്പര്യം; ഇവരിൽ കഠിനമായ തീവ്രവാദികളും ഉണ്ടായിരുന്നു. ജറുസലേം ദൈവാലയം തകർക്കപെടാൻ കാരണം ഇവരാണ്.


ശ്ലീഹന്മാർ 


ഈശോ മിശിഹായും കുടുംബവും ഗലീലിയ രാജ്യത്തെ സെഫോറീസ് പട്ടണത്തിന് അടുത്തുള്ള നസ്രത്തിൽ  ആണ് ജീവിച്ചത്. നസ്രത്തിൽ നിന്നും 50 കിലോമീറ്റർ അധികം ദൂരം ഉള്ള കഫെർണാമിലും ബെത്‌സൈദായിലും ചെന്നാണ് മിശിഹാ തൻ്റെ ആദ്യ ശിഷ്യഗണത്തെ തിരഞ്ഞെടുക്കുന്നത്. ഓരോ ശ്ലീഹന്മാരെ പരിചയപ്പെടാം.

1) മാർ ശിമയോൻ കേപ്പാ (പത്രോസ്)

ഫിലിപ്പിന്റെ രാജ്യത്തെ ബെത്‌സൈദാക്കാരൻ ആണ്, മാർ ശിമയോൻ കേപ്പാ. യോനായുടെ പുത്രനായ ശിമയോൻ, വിവാഹം കഴിച്ചത് ഗലീലിയ രാജ്യത്തെ കഫെർണാമിൽ നിന്നാണ്. കഫെർണാമിൽ വച്ചാണ് ശിമയോൻ മിശിഹായെ പരിചയപ്പെടുന്നത്. ഫിലിപ്പോസും, അന്ത്രയോസും, ശിമയോനും ബെത്‌സൈദാക്കാർ ആണെന്ന് യോഹന്നാൻ 1:44 പറയുന്നു. സ്വന്തമായി വഞ്ചികൾ ഉള്ള ആൾ ആയാണ് ശിമയോനെ സുവിശേഷം പരിചയപ്പെടുത്തുന്നത്‌.  ശിമയോന്റെ വഞ്ചിയിൽ കയറി നിന്നാണ് മിശിഹാ, ആദ്യമായി പൊതുജനത്തോട് പ്രസംഗിച്ചത്. ഈശോയേക്കാൾ ഒന്നോ രണ്ടോ വയസ്സ് കുറവുള്ള, ശ്ലീഹന്മാരിൽ മൂത്ത ആൾ ആണ് ശിമയോൻ. അന്നത്തെ കാലത്തു (ഇന്നത്തെ കാലത്തും) സ്വന്തമായി മൽസ്യ ബന്ധന വഞ്ചി ഉള്ളവർ അത്യാവശ്യം ധനികർ ആണ്. സുവിശേഷം വ്യക്‌തമായി പറയുന്നില്ലെങ്കിലും ഫരിസേയ വിഭാഗക്കാരൻ ആകാൻ ആണ് സാധ്യത കൂടുതൽ. അനുജനായ അന്ത്രയോസ്, സ്നാപക യോഹന്നാന്റെ ശിഷ്യനായതിനാൽ എസ്സെനി വിഭാഗവും ആകാൻ സാധ്യത ഉണ്ട്.

2) മാർ അന്ത്രയോസ് ശ്ലീഹാ

മാർ ശിമയോൻ കേപ്പായുടെ ഇളയ സഹോദരൻ ആണ്. കുടുംബത്തിന്റെ വഞ്ചികളിൽ ജേഷ്ഠനെ സഹായിച്ചിരുന്നെങ്കിലും, സ്നാപകയോഹന്നാന്റെ ശിഷ്യനായി, ആത്മീയതയിൽ ആയിരുന്നു താല്പര്യം (യോഹന്നാൻ 1:35-42). യോഹന്നാൻ ശ്ലീഹായുടെ സുഹൃത്തും സാമ്യപ്രായക്കാരനും (ഏകദേശം 18-20) ആയിരുന്നു. മാർ അന്ത്രയോസ് ആണ് മിശിഹാ ആദ്യമായി വിളിച്ച ശ്ലീഹാ. ഒരു ദിവസം ഈശോയോടു കൂടെ താമസിച്ചു മനസ്സിലാക്കിയതിന് ശേഷം ശിമയോൻ കേപ്പയ്ക്ക് മിശിഹായെ പരിചയപ്പെടുത്തുന്നത് മാർ അന്ത്രയോസ് ആണ്. Andrew എന്നത് ധൈര്യശാലി എന്ന് അർത്ഥം ഉള്ള ഗ്രീക്ക് വിളിപ്പേര് ആണ്. യാഥാർഥാ പേര് അറിയില്ല.

3) മാർ യാക്കോബ് ശ്ലീഹ (വലിയ യാക്കോബ്)

സെബദിയുടെയും സലോമിയുടെയും പുത്രനായ മാർ യാക്കോബും ബെത്‌സൈദാക്കാരൻ ആണ്. ശിമയോൻ കേപ്പയുടെ സുഹൃത്തും ആവശ്യഘട്ടങ്ങളിൽ സഹായിയും ആയിരുന്നു വലിയ യാക്കോബ്. ചെറിയ യാക്കോബിനെക്കാളും പ്രായം ഉണ്ടായിരുന്നത് കൊണ്ട് (28 അടുത്ത്), തിരിച്ചറിയാൻ ആണ് വലിയ യാക്കോബ് എന്ന് വിളിപ്പേര് വന്നത്. അത്യാവശ്യം മൽസ്യ ബന്ധന വഞ്ചികളും ജോലിക്കാരും സ്വന്തമായി ഉള്ളവർ ആണ് സെബദി കുടുംബം എന്നത് ലൂക്കാ 1:20 യിൽ വ്യക്തമാണ്. ഇടിമുഴക്കത്തിന്റെ സന്തതികൾ എന്നാണ് സെബദി പുത്രന്മാരെ മിശിഹാ വിളിച്ചിരുന്നത്. ഇവരിലെ തീവ്രസ്വഭാവം കാണുമ്പോൾ, ക്നാനായി (Zealots) ആണോ എന്ന് സംശയിക്കാം. അല്ലെങ്കിൽ കേപ്പയെയും അന്ത്രയോസിനേയും പോലെ ഫരിസേയ വിഭാഗം ആകാം. അനുജനായ യോഹന്നാൻ, സ്നാപക യോഹന്നാന്റെ ശിഷ്യനായതിനാൽ എസ്സെനി വിഭാഗവും ആകാൻ സാധ്യത ഉണ്ട്.

4) മാർ യോഹന്നാൻ ശ്ലീഹാ

സെബദിയുടെയും സലോമിയുടെയും ഇളയ പുത്രനാണ് മാർ യോഹന്നാൻ. വളരെ ചെറിയ പ്രായത്തിൽ തന്നെ സ്നാപക യോഹന്നാന്റെ ശിഷ്യനായ മാർ യോഹന്നാൻ, മിശിഹായെ പരിചയപ്പെട്ട അന്ന്, മാർ അന്ത്രയോസിനൊപ്പം മിശിഹായുടെ ശിഷ്യനായി. ജേഷ്ഠനായ വലിയ യാക്കോബിന് മിശിഹായെ കുറിച്ചുള്ള അറിവ് കൊടുത്തത് മാർ യോഹന്നാൻ ആണ്. ജേഷ്ഠനായ വലിയ യാക്കോബിനെ വഞ്ചിയിൽ മീൻ പിടിക്കാൻ സഹായിച്ചിരുന്നതായി കാണാം (മത്തായി 4:21). ശ്ലീഹന്മാരിൽ ഏറ്റവും പ്രായം കുറഞ്ഞതും (16-18) മിശിഹായ്ക്ക് ഏറ്റവും വാത്സല്യവും ഉള്ള ശിഷ്യൻ ആയിരുന്നു അദ്ദേഹം. 

5) മാർ ഫിലിപ്പോസ് ശ്ലീഹാ.

മാർ ഫിലിപ്പോസ് ബെത്‌സൈദാക്കാരൻ ആണെന്ന് ബൈബിൾ രേഖപ്പെടുത്തിയിരിക്കുന്നു. Philip എന്ന ഗ്രീക്ക് പേരിൽ അറിയപ്പെട്ടിരുന്ന അദ്ധേഹത്തിന്റെ, യഹൂദ നാമം ഇന്ന് അറിയില്ല. ഗ്രീക്കുകാരുമായി ഉള്ള അദ്ദേഹത്തിന്റെ ബന്ധം യോഹന്നാൻ 12:21 യിൽ കാണാം. ഫിലിപ്പോസിനെ മിശിഹാ വിളിക്കുന്ന ഭാഗം യോഹന്നാൻ 1:43-51 യിൽ കാണാം. അദ്ദേഹവും നഥാനിയേലും സുഹൃത്തുക്കളും, മോശയുടെ നിയമങ്ങളും പ്രവചനങ്ങളും സിനഗോഗിൽ പഠിക്കുന്നവർ ആണെന്ന് മനസ്സിലാക്കാം. അതിൽ നിന്നും അവർ ഫരിസേയ വിഭാഗത്തിൽ നിന്നും ഉള്ളവർ ആണെന്ന് മനസ്സിലാക്കാം. അദ്ദേഹത്തിന്റെ പഴയനിയമ ജ്ഞാനവും, ഗ്രീക്കുകാരുമായുള്ള ഇടപെടലിൽ നിന്നും, ഏകദേശം 25-28 വരെ പ്രായം ഉണ്ടാകണം..

6) മാർ നഥാനിയേൽ ശ്ലീഹ (ബർത്തലോമിയോ)

മാർ നഥാനിയേൽ ഗലീലിയ രാജ്യത്തെ കാനാൻകാരൻ ആണ് (യോഹന്നാൻ 21:2). ബർത്തലോമിയോ എന്ന വിളിപ്പേരും അദ്ദേഹത്തിന് ഉണ്ട്. തലോമ്യോ എന്ന ആളുടെ മകൻ എന്നോ അല്ലേൽ അങ്ങനെ പേരുള്ള ഒരു ഗ്രാമത്തിൽ നിന്നും ഉള്ളവൻ എന്നാണ് അർത്ഥം. മാർ ഫിലിപ്പോസിന്റെ സുഹൃത്തും നിയമപുസ്തകങ്ങളുടെ സഹപാഠിയും സമപ്രായനും ഫരിസേയ വിഭാഗത്തിൽ പെട്ടവനും ആണ് അദ്ദേഹം. കാനാൻ നസ്രത്തിന്റെ അടുത്തുള്ള പട്ടണം ആണ്. മിശിഹായ്ക്കു ധാരാളം ബന്ധുക്കളും സുഹൃത്തുക്കളും ഉള്ള സ്ഥലം. നഥാനിയേലിനെ മിശിഹാ നേരത്തെ നോക്കി വച്ചിരുന്നു എന്ന് - "നീ അത്തിമരത്തിനു ചുവട്ടിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു" (യോഹന്നാൻ 1:48) എന്നത് അതിൻ്റെ സൂചനയാണ്. അത്തിമരത്തിനു ചുവട്ടിൽ ആയിരിക്കുമ്പോഴേ എന്നത് - തോറ പഠനത്തിലും ധ്യാനത്തിൽ ആയിരിക്കുമ്പോഴേ നിന്നെ എനിക്ക് അറിയാം - എന്നാണ് മിശിഹാ ഉദ്ദേശിച്ചത്. തോറയിൽ നസ്രത്തിൽ നിന്നും മിശിഹാ വരുമെന്ന് കാണാത്ത നഥാനിയേൽ, അത് ഫിലിപ്പിനോട് ചോദിക്കുന്നുമുണ്ട്. എങ്കിലും മിശിഹായുടെ വിളിയിൽ അദ്ദേഹം മിശിഹായെ തിരിച്ചറിഞ്ഞു. 

7) മാർ മത്തായി ശ്ലീഹ (ലേവി)

ഹൽപ്പൈയുടെ പുത്രനാണ് മാർ മത്തായി. ഗലീലിയ രാജ്യത്തെ ഒരു തീരദേശ പട്ടണത്തിൽ ഹെരോദ് അന്തിപ്പായ്ക്കായി ചുങ്കം പിരിക്കുന്നത് ആയിരുന്നു അദ്ദേഹത്തിൻ്റെ ജോലി. ഇന്നത്തെ കാലത്തെ ഭാഷയിൽ പറഞ്ഞാൽ Income Tax Collector, സർക്കാർ ഉദ്യോഗം. അത്യാവശ്യം സെക്കുലർ വിദ്യാഭ്യാസം ഉണ്ടെങ്കിലേ, ഈ ജോലി ലഭിക്കൂ. ലേവി എന്ന പേരും ഉണ്ട്. 28-30 വരെ പ്രായം ഉണ്ട്. ഹീബ്രു ഭാഷയിൽ അദ്ദേഹം എഴുതിയ സുവിശേഷത്തിൽ മിശിഹാ യഹൂദരുടെ രാജാവ് അല്ലേൽ മോശയുടെ പ്രവചനങ്ങളുടെ പൂർത്തീകരണം എന്ന രീതിയാണ് കാണുന്നത്. അതിനാൽ അദ്ദേഹം ഫരിസേയ വിഭാഗത്തിൽ നിന്നും ഉള്ള വ്യക്തി ആകാൻ ആണ് സാധ്യത. വയസ്സ് ഏകദേശം 28-30.

8) മാർ തോമ്മാ ശ്ലീഹ (യൂദാ തോമ്മാ, ദിദിമോസ്)

മുകളിൽ ഉള്ള ഏഴ് ശ്ലീഹന്മാരെയും മിശിഹാ വിളിച്ചതായാണ് സുവിശേഷം രേഖപ്പെടുത്തുന്നത്. എന്നാൽ ബാക്കി ഉള്ളവർ മിശിഹാക്ക് ഒപ്പം ചേരുകയാണ് ചെയ്തത്. കാരണം അവർ മിശിഹാക്ക് ഒപ്പം ഉണ്ടായിരുന്ന കുടുംബക്കാരോ, മിശിഹായെ തേടി വന്നവരോ ആണ്. മാർ തോമ്മായുടെ യഥാർത്ഥ പേര് യൂദാ എന്നാണ്. മാർ തോമ്മാ രൂപത്തിൽ ഈശോയെ പോലെ ആയിരുന്നതിനാൽ, ഇരട്ട എന്ന് അരമായ/സുറിയാനിയിൽ അർത്ഥം ഉള്ള തോമ്മാ എന്ന് വിളിക്കപ്പെട്ടു. ഇരട്ടയുടെ ഗ്രീക്ക് പദം ആണ് ദിദിമോസ്. തോമ്മാ പരിശുദ്ധ മറിയം വഴി മിശിഹായുടെ രക്ത ബന്ധു ആണ്. പരിശുദ്ധ മറിയവും തോമ്മായും, തമ്മിൽ ഉള്ള 'അമ്മ-മകൻ' സ്നേഹത്തെകുറിച്ചു ധാരാളം പാരമ്പര്യങ്ങൾ നമുക്കറിയാമല്ലോ. തോമ്മായുടെ നടപടി പുസ്തക പ്രകാരം, മിശിഹായുടെ കുടുംബക്കാരുടെ തൊഴിലായ തച്ചൻ (Engineer) പണി തന്നെയാണ് തോമ്മായും ചെയ്തത്. ഗലീലിയ രാജ്യത്തെ നസ്രത്തു തന്നെ ആകാം, തോമ്മായുടെ നാട്. മിശിഹായേക്കാൾ ഒന്നോ രണ്ടോ വയസ്സ് കുറവായിരിക്കും അദ്ദേഹത്തിന്. എസ്സെനി വിഭാഗക്കാരൻ ആകാൻ ആണ് സാധ്യത. അതിനാൽ ആവണം അദ്ദേഹം മലബാറിലും എത്തിയത്.

9) മാർ യാക്കോബ് ശ്ലീഹ (ചെറിയ യാക്കോബ്)

ഹൽപ്പൈയുടെയും മറിയത്തിന്റെയും മകൻ ആണ് ചെറിയ യാക്കോബ്. ഹൽപ്പൈ, മാർ ഔസെഫ് പിതാവിൻ്റെ സഹോദരൻ ആണെന്നും, അതല്ല ചെറിയ യാക്കോബ് പരിശുദ്ധ മറിയത്തിന്റെ ഇളയമ്മയുടെ മകളുടെ മകൻ ആണെന്നും രണ്ടു പാരമ്പര്യം കാണുന്നുണ്ട്. ഒന്നാമത്തേത് ആകാൻ ആണ് സാധ്യത. മിശിഹായുടെ കുടുംബം ആയതിനാൽ തച്ചൻ (Engineer) പണി തന്നെയാവാം അദ്ദേഹവും ചെയ്തത്. എസ്സെനി അല്ലേൽ ഫരിസേയ വിഭാഗം ആവാം അദ്ദേഹം. വലിയ യാക്കോബിനെക്കാളും ചെറുപ്പം ആയ അദ്ദേഹം 20-25 വരെ വയസ്സുള്ള ആൾ ആവണം. ഗലീലിയ രാജ്യത്തെ നസ്രത്തു തന്നെ ആകാം നാട്.

10) മാർ യൂദാ തദേവൂസ്

ചെറിയ യാക്കോബിന്റെ ഇളയ സഹോദരൻ ആണ് മാർ യൂദാ ശ്ലീഹാ. അദ്ദേഹം 20-25 വരെ വയസ്സുള്ള ആൾ ആവണം. ഗലീലിയ രാജ്യത്തെ നസ്രത്തു തന്നെ ആകാം നാട്. മിശിഹായുടെ കുടുംബം ആയതിനാൽ തച്ചൻ (Engineer) പണി തന്നെയാവാം അദ്ദേഹവും ചെയ്തത്.

11) ക്നാനായി ആയ ശിമയോൻ (വിപ്ലവകാരിയായ ശിമയോൻ)

യഹൂദരിലെ നാലാം വിഭാഗമായ ക്നാനായി അഥവാ Zealot വിഭാഗക്കാരൻ ആണ് വിപ്ലവകാരിയായ ശിമയോൻ. യൂദാ രാജ്യക്കാരൻ ആവാൻ ആണ് സാധ്യത. ഈശോ മിശിഹാ ആണെന്ന് അറിഞ്ഞു, റോമക്കാർക്ക് എതിരെ വിപ്ലവം ഉണ്ടാക്കാം എന്ന പ്രതീക്ഷയിൽ ശിഷ്യത്വം സ്വീകരിച്ചതാവാം. എന്നാൽ പിന്നീട് മിശിഹായുടെ യഥാർത്ഥ ലക്‌ഷ്യം മനസ്സിലാക്കിയ അദ്ദേഹം, സുവിശേഷത്തിനു വേണ്ടി സഹദാ ആയി. തൊഴിൽ - വിപ്ലവകാരി എന്ന് കരുതാം. മിശിഹാ ഒരു ചെഗുവേര ആയിരുന്നെങ്കിൽ, ഭാവിയിൽ ഒരു ഫിഡൽ കാസ്ട്രോ ആകേണ്ട ടീം ആയിരുന്നു. എന്നാൽ മിശിഹാ സമാധാനത്തിന്റെ രാജാവ് ആണല്ലോ. അവിടുത്തെ രാജ്യം ഐഹികം അല്ലല്ലോ. 20-25 വരെ വയസ്സുള്ള ചെറുപ്പക്കാരൻ ആയിരിക്കണം അദ്ദേഹം.

12) യൂദാസ് സ്കറിയോത്ത 

ശിമയോൻ സ്കറിയോത്തയുടെ മകൻ ആണ് യൂദാസ് സ്കറിയോത്ത. യൂദയാ രാജ്യത്തെ കറിയോത്ത എന്ന സ്ഥലക്കാരൻ ആണ് അദ്ദേഹം. യഹൂദരിലെ നാലാം വിഭാഗമായ ക്നാനായി അഥവാ Zealot വിഭാഗക്കാരൻ ആണ് യൂദാസ് എന്നൊരു പാരമ്പര്യം ഉണ്ട്. ശ്ലീഹന്മാരിലെ കാര്യസ്ഥനും പണസഞ്ചി സൂക്ഷിക്കുന്നവനും ആയിരുന്നു യൂദാസ് എന്ന് സുവിശേഷം പറയുന്നു. മിശിഹായിലൂടെ വിപ്ലവം ഉണ്ടാക്കാം എന്ന ആഗ്രഹത്താൽ എത്തിയ, പണപരമായ ഇടപാടുകൾ (accountant) നടത്തുന്നതിൽ വിദഗ്ധൻ ആയിരുന്നു യൂദാസ് സ്കറിയോത്ത. 22 - 28 വരെ വയസ്സുള്ള ചെറുപ്പക്കാരൻ ആയിരിക്കണം അദ്ദേഹം.

13) മാർ മത്തിയാസ് ശ്ലീഹ

ഒറ്റുകാരനായ യൂദാസ് സ്കറിയോത്തക്കു പകരം പന്ത്രണ്ടാമനായി തിരഞ്ഞെടുക്കപ്പെട്ടവർ ആണ് മാർ മത്തിയാസ്. മിശിഹായുടെ ജീവിതത്തിലെ ആദ്യം മുതൽ ഉള്ള ആൾ ആയതിനാൽ (acts 1:22) ഗലീലിയക്കാരൻ അല്ലേൽ ബെത്‌സൈദാക്കാരൻ ആകണം. 22 - 28 വരെ വയസ്സുള്ള ചെറുപ്പക്കാരൻ ആയിരിക്കണം അദ്ദേഹം. തൊഴിൽ വ്യക്തമല്ല.

മറ്റു പ്രധാന വ്യക്തികൾ 


1) മാർ പൗലോസ് ശ്ലീഹാ (സാവൂൾ)

റോമാ സാമ്രാജ്യത്തിലെ അന്ത്യോക്യക്ക് അടുത്തുള്ള ടാർസസ് എന്ന ഗ്രീക്ക് പട്ടണത്തിൽ നിന്നുള്ള യഹൂദൻ ആണ് മാർ പൗലോസ്. അദ്ദേഹം,ചെറുപ്പം മുതൽ മഹാനായ ഫരിസേയ ഗുരുവായ ഗമാലിയേലിന്റെ ശിക്ഷണത്തിൽ വളർന്ന ഫരിസേയനാണ്. അദ്ദേഹത്തിന്റെ കുടുംബപരമായ തൊഴിൽ കൂടാര നിർമ്മാണം ആയിരുന്നു. മിശിഹായുടെ കാലത്തു 25 - 28 വരെ വയസ്സുള്ള ചെറുപ്പക്കാരൻ ആയിരിക്കണം അദ്ദേഹം. 

2) മാർ മാർക്കോസ് സുവിശേഷകൻ (യോഹന്നാൻ)

മറിയത്തിന്റെ മകനായ യോഹന്നാൻ എന്നാണ് മാർക്കോസ് ശ്ലീഹായുടെ യഥാർത്ഥ പേര് (Acts 12:12). യൂദാ രാജ്യത്തെ ജറുസലേം ആണ് നാട്. കാരാഗൃഹത്തിൽ നിന്നും രക്ഷപെട്ട മാർ ശിമയോൻ കേപ്പ രക്ഷപെട്ടു ചെല്ലുന്നത് അദ്ദേഹത്തിന്റെ വലിയ ഭവനത്തിലേക്കാണ്. അദ്ദേഹം മിശിഹായുടെ എഴുപത് ശിഷ്യന്മാരിൽ ഒരാൾ ആണ്. ജറുസലേമിലെ സമ്പന്ന യഹൂദ കുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹം, ആദ്യം ശിമയോൻ കേപ്പയ്ക്ക് ഒപ്പവും, പിന്നീട് പൗലോസ് ശ്ലീഹാക്കു ഒപ്പവും , പിന്നീട് മാർ ബർണ്ണബാസിനൊപ്പവും യാത്രകൾ ചെയ്‌തു. മിശിഹായുടെ കാലത്തു അദ്ദേഹത്തിന് 15 - 20 വയസ്സ് ഉണ്ടാകാം.

3) മാർ ലൂക്കാ സുവിശേഷകൻ 

ലത്തീൻ പേരായ ലൂസിയാസിൽ നിന്നാണ് ലൂക്കാ എന്ന പേര് ഉണ്ടായത്. അദ്ദേഹം അന്ത്യോക്യയിൽ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് യഹൂദനാണ്. മിശിഹായുടെ കാലത്തു 5-10 വയസ്സുള്ള ബാലൻ ആയിരിക്കണം അദ്ദേഹം. ഭിഷഗ്വരൻ (Doctor) ആയിരുന്നു അദ്ദേഹം. മാർ പൗലോസിന്റെ ശിഷ്യനായിരുന്നു അദ്ദേഹം.



ഉപസംഹാരം 


കഴിഞ്ഞ 16 വ്യക്തികളുടെ വിവരണത്തിൽ നിന്നും മിശിഹായുടെ ശ്ലീഹന്മാർ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവർ ആണെന്നുള്ള തെറ്റിദ്ധാരണ മാറിയിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു. സ്വന്തമായി വഞ്ചികൾ ഉണ്ടായിരുന്നവർ മുതൽ, സിനഗോഗുകളിൽ പഠിച്ചിരുന്നവരും, സ്നാപകയോഹന്നാനെ പോലെയും മഹാനായ ഗമാലിയേലിനെ പോലുള്ളവരുടെയും കീഴിൽ പഠിച്ചവരും, നികുതി പിരിവുകാരും, വൈദ്യന്മാരും, വിപ്ലവകാരികളും, കണക്കെഴുത്തുകാരും, തച്ചന്മാരും, എഞ്ചിനീയർമാരും അടങ്ങുന്ന ഒരു വലിയ സമൂഹം ആയിരുന്നു മിശിഹായുടെ ശിഷ്യഗണം. അതും നല്ല ചെറുപ്പക്കാർ. ഗലീലിയ മാത്രം അല്ല, യൂദയാ, അന്ത്യോക്യ, ജോർദാൻ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഉള്ളവർ മിശിഹായുടെ ശിഷ്യഗണത്തിൽ ഉണ്ടായിരുന്നു. എളിമ കാണിക്കാൻ ശ്ലീഹന്മാരെ വിലകുറച്ചു കാണിക്കുന്ന പരിപാടി ഇനി ഉണ്ടാകരുതെന്ന് അപേക്ഷിക്കുന്നു.

നന്ദി 
ചാക്കോ മാപ്പിള