Thursday, August 17, 2017

സീറോ മലബാർ സഭയും കുരിശടയാളവും

    രക്ഷയുടെ അടയാളം ആണ് കുരിശ്. ഇന്ന് ലോകത്തിലെ ഭൂരിഭാഗം ക്രിസ്ത്യാനികളും കുരിശിനെ തങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമായി കരുതുന്നു. സീറോ മലബാർ സഭയിലെ കുരിശടയാളം വരക്കുന്ന രീതിയും ദൈവശാസ്ത്രവും ആണ് ഇവിടെ പരാമർശിക്കാൻ ആഗ്രഹിക്കുത്.

 കുരിശടയാളം ലഖു ചരിത്രം

     അപ്പോസ്തോലിക സഭകളിൽ, വിശുദ്ധീകരണത്തിന്റെ ഭാഗമായി കുരിശടയാളം വരക്കുന്ന രീതി 2-3 നൂറ്റാണ്ടുകളിൽ ഉണ്ടായി. സഭകൾ വളരുന്നതിന് അനുസരിച്ചു, കുരിശടയാളം വരക്കുന്ന രീതിയും, അതിലെ ദൈവശാസ്ത്രവും വളരാൻ തുടങ്ങി. സീറോ മലബാർ  സഭയിൽ, മറ്റു സ്ലൈഹീക സഭയുമായി സാമ്യമുള്ള എന്നാൽ, സഭയുടെ മാത്രം സ്വന്തമായ ശൈലിയിൽ ഉള്ള കുരിശടയാളം ആണ് വളർന്നു വന്നത്. നാല് നൂറ്റാണ്ടോളം ഉള്ള അടിമത്വത്തിനാൽ ഇന്ന് സഭയുടെ ഭൂരിഭാഗം പുരോഹിതന്മാർക്ക് പോലും ഈ ശൈലി അറിയില്ല എന്നത് തികച്ചും അപഹാസ്യമാണ്. പുരോഹിതന്മാരുടെ അവസ്ഥ അങ്ങനെ എങ്കിൽ, വിശ്വാസികളുടെ കാര്യം പിന്നെ ചിന്തിക്കേണ്ടല്ലോ.

കുരിശടയാളത്തിലെ ഘടകങ്ങൾ

കുരിശടയാളത്തിൽ മൂന്ന് ഘടകങ്ങൾ ഉണ്ട്. 1) കൈ വിരലുകൾ പിടിക്കേണ്ട രീതി, 2) അടയാളം വരക്കുമ്പോൾ പറയേണ്ടത് 3) കൈകൾ ചലിപ്പിക്കുന്ന ദിശ.

1) കൈ വിരലുകൾ പിടിക്കേണ്ട രീതി

    കുരിശടയാളം വരക്കുന്നത് വലതു കൈ ഉപയോഗിച്ചാണ് (Right Hand). ഇടതു കൈ വശമുള്ളവരും വലത് കൈയാണ് ഉപയോഗിക്കേണ്ടത്. വലത് കൈക്ക് സ്വാധീനം ഇല്ലാത്തവരോ, അംഗവൈകല്യമുള്ളവരോ അവർക്കു സാധിക്കുന്ന രീതിയിൽ ചെയ്യുക. വലത് കൈ ഉപയോഗിക്കാൻ കാരണം വലത് വിശുദ്ധിയുടെയും ഇടത് അശുദ്ധിയുടേയും പ്രതീകം ആണ്. പ്രതീകം മാത്രം ആണ്, അല്ലാതെ വലതോ ഇടതോ ഒന്നും യാഥാർത്യത്തിൽ മോശം അല്ല.
        വലതു കയ്യിൽ അഞ്ചു വിരലുകൾ ആണല്ലോ ഉള്ളത്. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രത്തിലേക്ക് നോക്കുക. അതിൽ കാണുന്ന പോലെ തള്ള വിരൽ, ചൂണ്ടു വിരൽ, നടുവിരൽ എന്നിവ അറ്റം കൂട്ടി മുട്ടൂന്ന രീതിയിൽ പിടിക്കുക. ഈ ഒന്നിച്ചരിക്കുന്ന മൂന്ന് വിരലുകൾ, സ്നേഹത്തിൽ ഒന്നായിരിക്കുന്ന പരിശുദ്ധ ത്രീത്വത്തിലെ പിതാവായ ദൈവത്തെയും, പുത്രനായ ദൈവത്തെയും, പരിശുദ്ധ റൂഹായെയും സൂചിപ്പിക്കുന്നു. താരതമ്യേന വളയാതെ നിവർന്നു നിൽക്കുന്ന ചൂണ്ടു വിരൽ, ഈ പരിശുദ്ധ ത്രീത്വം ഏക ദൈവം ആണെന്ന് സൂചിപ്പിക്കുന്നു. ഈ അവസരത്തിൽ മോതിര വിരലും ചെറു വിരലും മടക്കി പിടിക്കണം. മടങ്ങി ഇരിക്കുന്ന ഈ രണ്ടു വിരലുകൾ, മനുഷ്യനായി പിറന്ന പുത്രനായ ദൈവത്തിന്റെ (ഈശോ മിശിഹായുടെ), രണ്ടു സ്വഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നു. മോതിര വിരൽ ദൈവീക സ്വഭാവവും, ചെറു വിരൽ മനുഷ്യ സ്വഭാവവും. മടങ്ങി ഇരിക്കുന്ന അവസരത്തിൽ ചെറു വിരലിനെ വച്ച് നോക്കുമ്പോൾ, മോതിരവിരൽ കുറച്ചു ഉയർന്നിരിക്കുന്നത് ദൈവീകത മാനുഷികതയെക്കാളും ഉയർന്നതാണെന്ന് സൂചിപ്പിക്കുന്നു. ഈ രീതിയിൽ വിരലുകൾ പിടിക്കുമ്പോൾ, തള്ള വിരലും, മോതിരവിരലും കുരിശാകൃതിയിൽ വരുന്നത്, മിശിഹായുടെ കുരിശു മരണത്തെ സൂചിപ്പിക്കുന്നു.
**വിരലുകൾ കൂടുതലോ കുറവോ ഉള്ളവർ, ഈ ദൈവ ശാസ്ത്രത്തോട് എത്രയും ചേർന്ന് നിൽക്കാമോ, അത് പോലെ ചെയ്യുക**

 2) കുരിശ് അടയാളം വരക്കുമ്പോൾ പറയേണ്ടത് 

   പിതാവിന്റെയും (ബാവായുടേയും), പുത്രന്റെയും, പരിശുദ്ധ ആത്മാവിന്റെയും (പരിശുദ്ധ റൂഹായുടെയും) നാമത്തിൽ ആമ്മേൻ ...

3) കൈകൾ ചലിപ്പിക്കുന്ന ദിശ

   വലതു കയ്യിലെ വിരലുകൾ പിടിക്കേണ്ട രീതി മുകളിൽ വ്യകത്മാക്കിയതാണല്ലോ. ഇവിടെ ആണ് സീറോ മലബാർ സഭയിൽ, മറ്റുള്ള എല്ലാ സഭകളിൽ നിന്നും വ്യത്യസ്ത കാണുന്നത്. 

         'പിതാവിന്റെയും' എന്ന് ചൊല്ലുമ്പോൾ നെറ്റിൽ നിന്നും നെഞ്ചിനു താഴെ (വയറിന് മുകളിൽ) വരെ മേൽ പറഞ്ഞ രീതിയിൽ ഉള്ള വലതു കൈ വരക്കുന്നു. നെറ്റി സ്വർഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്നു. വയർ ഭൂമിയെയും. സർഗ്ഗത്തിന്റെയും ഭൂമിയുടെയും എല്ലാം അധിപൻ പിതാവാണെന്ന് ഇത് അർത്ഥം ആക്കുന്നു. ലോകം മുഴുവന്റെയും അടിസ്ഥാനവും കേന്ദ്രവും (central point) പിതാവായ ദൈവം ആണെന്ന് വ്യക്തമാക്കുന്നു. പിതാവിന് ഭൂമിയിൽ വസിക്കുന്ന മനുഷ്യരോടുള്ള സ്നേഹത്തേയും ഇത് സൂചിപ്പിക്കുന്നു.

        'പുത്രന്റെയും' എന്ന് പറയുമ്പോൾ, കൈ വലത്തേ തോളത്തു വയ്ക്കണം. കാരണം സർവ്വത്തിന്റെയും അടിസ്ഥാനമായ പിതാവിന്റെ വലതു വശത്താണ് ഇന്ന് പുത്രൻ തമ്പുരാനായ ഈശോ മിശിഹാ ഇരിക്കുന്നത്. വലത് വശം വിശുദ്ധിയുടെ പ്രതീകം ആണ്. ഈശോ മിശിഹാ പരിശുദ്ധനാണ്. അവിടുന്ന് ലോകത്തിന്റെ പ്രകാശമാണ്. അവിടുന്ന് മനുഷ്യന് നിത്യജീവൻ നല്കുന്നവനാണ്. അതിനാൽ പുത്രൻ എന്ന് പറയുമ്പോൾ, ജീവന്റയും പ്രകാശത്തിന്റെയും പ്രതീകമായ മിശിഹാ, പിതാവിന്റെ ഏതു വശത്താണോ ഉപവിഷ്ടനായിരിക്കുന്നത്, ആ വലതു വശത്തു കൈ വയ്ക്കണം.

          'പരിശുദ്ധ ആത്മാവിന്റെയും' എന്ന് പറയുമ്പോൾ ഇടതു വശത്തു കൈ വയ്ക്കണം. കാരണം ഇടതു വശം അന്ധകാരത്തെയും മരണത്തെയും അശുദ്ധിയേയും സൂചിപ്പിക്കുന്നു. 'പരിശുദ്ധ ആത്മാവിന്റെയും' എന്ന് പറഞ്ഞു വലത്തു നിന്നും ഇടത്തേക്ക് കൈ വയ്ക്കുമ്പോൾ, പിതാവിന്റെ വലതു വശത്തിരിക്കുന്ന ലോകത്തിന്റെ വെളിച്ചമായ, ജീവന്റെ നാഥനായ ഈശോ മിശിഹാ, പരിശുദ്ധ റൂഹായുടെ പ്രവർത്തനത്താൽ അന്ധകാരത്തെ നശിപ്പിക്കുകയും, മരണത്തെ പരാജയപ്പെടുത്തുകയും ലോകത്തിന്റെ അശുദ്ധിയെ ഇല്ലാതാക്കി, വിശുദ്ധീകരിക്കുകയും ചെയ്യുന്നു എന്ന നമ്മുടെ വിശ്വാസം ഏറ്റു പറയപ്പെടുക ആണ് ചെയ്യുന്നത്. അതായത് പ്രകാശം അന്ധകാരത്തെ കീഴടക്കി. ജീവൻ മരണത്തെ കീഴടക്കി. വിശുദ്ധി, അശുദ്ധിയെ ഇല്ലാതാക്കി. ഈശോ മിശിഹാ, പാപത്തെ ജയിച്ചു. ഇതെല്ലം പരിശുദ്ധ റൂഹായുടെ പ്രവർത്തനത്താൽ.

         സീറോ മലബാർ സഭയുടെ ദൈവശാസ്ത്രം മിശിഹാ കേന്ദ്രികൃതം ആണ്. മിശിഹാ ആണ് അന്ധകാരത്തെയും, മരണത്തെയും, അശുദ്ധിയേയും കീഴടക്കുന്നത്. മനുഷ്യൻ മിശിഹായുടെ പ്രവർത്തനത്തിൽ പങ്കാളി ആകുക മാത്രം ആണ് ചെയ്യുന്നത്. മിശിഹായെ കൂടാതെ മനുഷ്യന്, ഈ കടമ്പ കടക്കുന്നത് ദുഷ്കരം ആണെന്ന് നമ്മുടെ ദൈവശാസ്ത്രം വ്യക്തമാക്കുന്നു.

           കുരിശടയാളത്തിലൂടെ അർത്ഥമാക്കിയ ഈ കാര്യങ്ങളെ പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തിൽ നാം വിശ്വസിക്കുന്നു എന്നാണ്, 'നാമത്തിൽ ആമ്മേൻ' എന്ന് പറയുന്നതിലൂടെ നാം ഏറ്റു പറയുന്നത്. നാം വിശ്വസിക്കുന്നു എന്നതിന്റെയും, നമ്മുടെ ദൈവത്തോടുള്ള വിധേയത്വത്തേയും സൂചിപ്പിച്ചു കൊണ്ട്, കൈകൾ കൂപ്പി ശിരസ് നമിച്ചു വേണം, 'നാമത്തിൽ ആമ്മേൻ' എന്ന് പറയേണ്ടത്.

കുരിശടയാളം ചെയ്യുന്ന രീതി 

     പിതാവിന്റെയും (നെറ്റിയിൽ നിന്നും, നെഞ്ചിനു താഴെ വരെ), പുത്രന്റെയും (വലത്തേ - right തോളിൽ), പരിശുദ്ധ ആത്മാവിന്റയും (ഇടത്തെ - left തോളിൽ), നാമത്തിൽ ആമ്മേൻ (കൈകൾ കൂപ്പി, ശിരസു വണങ്ങി).

സീറോ മലബാർ സഭയിൽ കുരിശടയാളത്തിന്റെ ഇന്നത്തെ അവസ്ഥ 

        നാല് നൂറ്റാണ്ടോളം ഉള്ള ലത്തീൻ ഭരണം മൂലം, ഇന്ന് ഭൂരിഭാഗം പേരും ലത്തീൻ സഭയുടെ രീതിയിൽ ആണ് കുരിശടയാളം വരക്കുന്നത്. വൈദീകർ ഉൾപ്പെടെ ഉള്ളവർ, സ്വന്തം സഭയുടെ കുരിശടയാളം എങ്ങനെ ആണെന്ന് അറിയാത്ത ഒരു അവസ്ഥയിൽ, സാധാരണ വിശ്വാസികളുടെ കാര്യം പറയാനില്ല. എങ്കിലും ചില രൂപതകളിൽ, അവിടുത്തെ പിതാക്കമാരുടെയും വൈദികരുടെയും ശ്രമഫലമായി ബോധവൽക്കരണം നടന്നു വരുന്നു. പക്ഷെ തെറ്റ് ശീലിച്ച ജനത്തിന് ശരി ബുദ്ദിമുട്ടാണെന്നു പറയുന്നത് പോലത്തെ അവസ്ഥയാണ് കാണുന്നത്. എങ്കിലും യുവാക്കൾക്കിടയിൽ രൂപത വിത്യാസം ഇല്ലാതെ ശരിയെ പുൽകാൻ ഉള്ള ആഗ്രഹം കാണുന്നുണ്ട്. ചില കരിസ്മാറ്റിക് സംഘങ്ങൾ ആണ് അവരുടെ പതിവ് സീറോ മലബാർ വിരുദ്ധ നിലാപാട് മൂലം ഒരു വിലങ്ങു തടിയായി നിൽക്കുന്നത്. എങ്കിലും സഭ ഈ വിലങ്ങുകൾ തകർത്തെറിയും എന്ന് എനിക്ക് വിശ്വാസം ഉണ്ട്. ഇനി സഭാ സ്നേഹം ഉള്ള യുവജനത്തിന്റെ കാലം ആണ്.

     നന്ദി....

**** സീറോ മലബാർ രീതിയിൽ വരച്ചാലേ സ്വർഗ്ഗത്തിൽ പോകത്തൊള്ളോ എന്നും ചോദിച്ചു കരിസ്മാറ്റിക്കുകാർ വരുമെന്ന് അറിയാം. മാമോദീസ സ്വീകരിച്ചാൽ പോലും സ്വർഗ്ഗത്തിൽ പോകുമെന്ന് ഒരു ഉറപ്പും ഇല്ല. അത് ദൈവത്തിന്റെ കാരുണ്യമാണ്. പക്ഷെ താൻ ആയിരിക്കുന്ന, തന്നെ മിശിഹാ ഏൽപ്പിച്ച സഭയെ സ്നേഹിക്കാത്തവരുടെ കാര്യവും എനിക്കറിയില്ല ****



4 comments:

  1. വിശുദ്ധ കുരിശിന്റെ അടയാളത്താലെ... എന്ന് തുടങ്ങുന്നത് syro Malabar ൽ ഇല്ലേ?

    ReplyDelete
    Replies
    1. വിശുദ്ധ കുരിശിന്റെ അടയാളത്താലെ എന്നത് ഒരു പ്രാർത്ഥന ആണ്. അത് sign of cross അല്ല. ആഗോള ലത്തീൻ സഭയിൽ പോലും ഇത് വ്യാപകം അല്ല. കൊളോണിവലക്കാരത്തിനു പോയ ലത്തീൻ സഭയിലെ ഒരു പ്രോപഗണ്ട ടീമിന്റെ പ്രാർത്ഥന ആണ് ഇത്. അവർ ആരെയൊക്കെ കോളനി വൽക്കരിച്ചോ അവിടെ മാത്രമേ ഈ പ്രാർത്ഥന ഉള്ളു. അങ്ങനെ കേരളക്കരയിലെ എത്തി.

      Delete
  2. Replies
    1. നന്ദി പറയേണ്ടത് മിശിഹായോടാണ്. നമുക്ക് മാർ തോമ്മാ സ്ലീഹായെ സാമ്മാനിക്കുകയും അത് വഴി സ്വന്തമായ പാരമ്പര്യങ്ങൾ നൽകിയതിന്. ഒപ്പം ഈ പാരമ്പര്യങ്ങൾ നൂറ്റാണ്ടുകളോളം പല കഷ്ടതയിലും സംരക്ഷിച്ച നമ്മുടെ പൂർവ്വികരോടും. നമുക്ക് ഇത് ശീലിക്കുകയും, അടുത്ത തലമുറയിലേക്ക് കൈ മാറുകയും ചെയ്യുക എന്ന ദൗത്യം മാത്രമേ ഉള്ളു.

      Delete